Wednesday, November 10, 2010

സമവായത്തിനു വഴങ്ങരുത് (അറബിക്കവിത)


(അറേബ്യന്‍ കുതിര - ഖാലിദ് ജബ്ബാറിന്റെ വര)

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:


സമവായത്തിനു വഴങ്ങരുത്
അമൽ ദൻഖൽ (ഈജിപ്ത്‌)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത്

ഞാൻ നിന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുത്ത്
അതിന്റെ സ്ഥാനത്ത് രണ്ടു രത്നങ്ങൾ വച്ചു തന്നാൽ
നിനക്ക് കാണാൻ കഴിയുമോ?

പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതാണോ അതൊക്കെ?

നീയും നിന്റെ സഹോദരനും,
നിങ്ങളുടെ ബാല്യകാല സ്മരണകളും…

പൗരുഷത്തിലേക്കുള്ള നിന്റെ
ധൃത വികാരങ്ങൾ,
അവനെ ആലിംഗനം ചെയ്യുമ്പോഴുള്ള
അടിച്ചമർത്തപ്പെട്ട സ്നേഹത്തിന്റെ നാണം,
മാതാവ് വഴക്കു പറയുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടുള്ള മൌനം...

നിങ്ങളിപ്പോഴും ബാലന്മാരെപ്പോലെയിരിക്കുന്നു.

നിങ്ങൾക്കിടയിലെ ആ അനശ്വര ശാന്തത പറയുന്നു:
ആ രണ്ടു വാളുകളും നിന്റേതു തന്നെ,
ആ രണ്ടു ശബ്ദങ്ങളും നിന്റേതു മാത്രം.

നീ മരണപ്പെട്ടാലും
വീട്ടിനൊരു നാഥനും
കുട്ടിക്കൊരു പിതാവും ഉണ്ടായിരിക്കും.

എന്റെ രക്തം നിന്റെ കണ്ണീരായി മാറുന്നില്ലേ?

ചോര പുരണ്ട എന്റെ വസ്ത്രം നീ എടുക്കാൻ മറന്നോ?
അലങ്കരിച്ച ഒരു വസ്ത്രമെടുത്ത്
ചോരയിൽ കുളിച്ച എന്റെ ശരീരത്തിൽ മൂടുക.
ഇതാകുന്നു യുദ്ധം.
ചിലപ്പോൽ നിന്റെ മനസ്സിനെ അതു മഥിച്ചേക്കാം..
എന്നാലും അറബികളുടെ അപമാനം
പിന്നിലുണ്ടാകുമെന്ന് നീ മറക്കരുത്.

അതു കൊണ്ട് സമവായത്തിൽ ഏർപ്പെടരുത്
ഓടിയൊളിക്കുകയും ചെയ്യരുത്

(2)
നീ ഒരിക്കലും വഴങ്ങരുത്;
ചോരയ്ക്കു സമവായം ചോര മാത്രം.
തലയ്ക്കു തല എന്നു സമ്മതിച്ചാലും വിട്ടു കൊടുക്കരുത്
എല്ലാ തലയും ഒരു പോലെയാണോ?.

അന്യന്റെ ഹൃദയവും
നിന്റെ സഹോദരന്റെ ഹൃദയവും ഒന്നാണോ?
അവന്റെ കണ്ണുകൾ നിന്റെ സഹോദരന്റെ കണ്ണുകളാണോ?

നിന്റെ വാളു കൈവശം വെച്ചവനും
നിന്റെ വാൾ അപഹരിച്ചവനും തുല്യരാണോ?

അവർ പറയും:
ഞങ്ങൾ വന്നത് രക്തം സംരക്ഷിക്കാനാണെന്ന്,
അവർ വന്നു വിളിക്കും
ഓ, മഹാ രാജാവേ എന്ന്,

അവർ സമർത്ഥിക്കും:
‘ഞങ്ങൾ സഹോദര പുത്രരല്ലോ!’
അവരോടു പറഞ്ഞേക്കൂ
‘കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നിങ്ങൾ
ആ കുടുംബ ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ലല്ലോ!’ എന്ന്

അതിനാൽ
മരുഭൂമിയുടെ നെറ്റിത്തടത്തിൽ
നിന്റെ വാൾ ആഴ്ന്നിറങ്ങട്ടെ;
അപ്പോൾ ഒരശരീരി ഇങ്ങനെ പറയും
‘ഞാൻ നിന്റെ നിന്റെ അശ്വ ഭടനായിരുന്നു,
നിന്റെ സഹോദരൻ,
നിന്റെ പിതാവ്,
നിന്റെ രാജാവും‘.

(3)

മനസ്സാക്ഷിയുടെ നിലവിളി
നിന്റെ ഉറക്കം കെടുത്തിയാലും
നീ സമവായത്തിനു വഴങ്ങരുത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും
പുഞ്ചിരികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും
നിന്റെ മനസ്സിനെ അലിയിക്കുന്നുണ്ടെങ്കിൽ നീ അറിയണം,
നിന്റെ സഹോദര പുത്രി ‘യമാമ’
വിലാപ വസ്ത്രം എടുത്തു ചുറ്റിയ പുഷ്പമാകുന്നു എന്ന്.

ഞാൻ തിരിച്ചു വരുമ്പോൾ
അവൾ കൊട്ടാരത്തിന്റെ ചവിട്ടു പടികളിലൂടെ
ഇറങ്ങി ഓടി വരാറുണ്ടായിരുന്നു.

ഞാനിറങ്ങുമ്പോൾ അവളെന്റെ കാലിൽ പിടിക്കാറുണ്ടായിരുന്നു,
പാൽപുഞ്ചിരി തൂകുന്ന അവളെ
എടുത്ത് ഞാൻ കുതിരപ്പുറത്തിരിത്താറുണ്ടായിരുന്നു,

ഇന്നവൾ മൌന വ്രതത്തിലാണ്‌.

സ്വന്തം പിതാവിന്റെ ശബ്ദം കേൾക്കുക
പുതിയ വസ്ത്രങ്ങളണിയുക,
ഒരു സഹോദരനുണ്ടാവുക,
കല്യാണ നാളിൽ നിറഞ്ഞ പുഞ്ചിരിയോടെ
പിതാവ് സന്നിഹിതനാവുക,
ഭർത്താവുമായി പിണങ്ങുമ്പോൾ
തിരിച്ചു സ്വന്തം വീട്ടിലേക്കു തന്നെ വരിക,
പിതാവിനെ സന്ദർശിക്കാൻ വരുന്ന
പേരക്കിടാങ്ങളെ അണച്ചു കൂട്ടാൻ ധൃതി കാണിക്കുക,
അവർക്ക് സമ്മാനങ്ങൾ കൊടുക്കുക,
കുട്ടികൾ മുത്തച്ഛന്റെ താടി പിടിച്ചു കളിക്കുക,
അയാളുടെ തലപ്പാവ് അഴിച്ചെടുത്ത് കെട്ടിക്കൊടുക്കുക...
എന്നിവയിൽ നിന്നെല്ലാം
ഒറ്റുകാരന്റെ കൈ അവളെ തടഞ്ഞു വെച്ചിരിക്കുന്നു.

അതു കൊണ്ടെല്ലാം നീ
സമവായത്തിനു വഴങ്ങരുത്,

പുല്ക്കൂടുകൾ കത്തിക്കരിഞ്ഞ്,
ചാരത്തിനു മുകളിൽ ചമ്രം പടിഞ്ഞിരിക്കാൻ
എന്താണ്‌ ‘യമാമ’ എന്ന പെൺകൊച്ച് ചെയ്ത തെറ്റ്?

4
അധികാരത്തിന്റെ കിരീടം
നിന്റെ തലയിൽ വെച്ചു തന്നാലും
നീ സമവായത്തിനു കൂട്ടു നില്ക്കരുത്,
നിന്റെ സഹോദരന്റെ ജഢത്തിനു മുകളിൽ ചവിട്ടി
നിനക്കെങ്ങനെ മുന്നോട്ടു പോകാൻ കഴിയും?
കപടമായ മുഖങ്ങൾക്കു മുമ്പിൽ
നീ എങ്ങനെ രാജാവായി വാഴും?

നിനക്കു ഹസ്തദാനം തരുന്ന കൈകളെ നീ നോക്കുന്നില്ലേ?
അതിൽ നീ രക്തം കാണുന്നില്ലേ?

എന്റെ പിൻഭാഗത്തു കൂടെ വന്ന അമ്പ്
ആയിരം ഭാഗങ്ങളിലൂടെ നിന്നെ സമീപിക്കും
അതിനാൽ രക്തം ഇപ്പോൾ
അന്തസിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.

അധികാരത്തിന്റെ തൊപ്പി അണിയിച്ചാലും
നീ വഴങ്ങരുത്.

വാളിന്റെ വായ്ത്തലകളെ
പ്രതാപം കൊണ്ട് മിനുക്കിയിട്ടില്ലെങ്കിൽ
നിന്റെ സിംഹാസനം ഖഡ്ഗമാകുന്നു,
നിന്റെ ഖഡ്ഗമോ കപടവും.

5

ഏറ്റുമുട്ടുന്നതിനിടയിൽ അടിപതടുന്നവൻ
‘വാളുകളെ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെന്ന്’
നിലവിളിച്ചാലും
നീ സമവായത്തിനു വഴങ്ങരുത്.

നിന്റെ ഹൃദയത്തിൽ സത്യം വന്നു നിറഞ്ഞാൽ
നിശ്വാസങ്ങളിൽ തീ പടരും
രാജ്യദ്രോഹത്തിന്റെ നാവുകൾ ഊമയാകും.

സമാധാനത്തെക്കുറിച്ച്
വാതോരാതെ പറഞ്ഞാലും
നീ സമവായത്തിനു വഴങ്ങരുത്.

വായു മലിനമായാൽ
നിന്റെ ഹൃദയ ധമനികൾ തുടിക്കുന്നതെങ്ങനെയാണ്‌?

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ
എങ്ങനെയാണ്‌ നിനക്കവളുടെ മുഖത്തേക്കു നോക്കാൻ കഴിയുക?

നിനക്കെങ്ങനെ അനുരാഗത്തിൽ
അവളുടെ അശ്വാരൂഢനാവാൻ സാധിക്കും?

ഉറങ്ങുന്ന കിടാവെങ്ങിനെ
നല്ല പുലരിയെ പ്രതീക്ഷിക്കും?

ആ കുഞ്ഞ് നിന്റെ മുമ്പിൽ
തകർന്ന ഹൃദയവുമായി വളരുമ്പോൾ
നിങ്ങക്കെങ്ങിനെ
അവന്റെ ഭാവിക്കു വേണ്ടി സ്വപ്നം കാണാനും
പാട്ടു പാടാനും കഴിയും?

അതു കൊണ്ട് സമവായം വേണ്ടേ വേണ്ട.

നിന്റെ കൊലയാളികളുടെ കൂടെ നീ ഭക്ഷണം കഴിക്കരുത്,
രക്തം കൊണ്ട് നിന്റെ ഹൃദയത്തിന്റെ ദാഹം തീർക്കുക,
വിശുദ്ധമായ മണ്ണിന്റെ ദാഹം തീർക്കുക,
ഉയർത്തെഴുന്നേല്പ്പിന്റെ നാളു വരേ
ഉറങ്ങിക്കിടക്കുന്ന നിന്റെ പൂർവ്വികരുടെ
ദാഹവും തീർത്തു കൊടുക്കുക.

6

സമവായത്തിനു വഴങ്ങരുത്,
ഗോത്രങ്ങൾ തന്ത്രങ്ങൾ മെനയാനും
നിന്നെ സമീപിക്കുന്നവർക്കു മുമ്പിൽ സന്നദ്ധത പ്രകടിപ്പിക്കാനും
‘പരിപാവനമായ ദു:ഖ’ത്തിന്റെ പേരിൽ
നിന്നോടു കെഞ്ചിയാലും
വഴങ്ങരുത്.

അവർ പറയും:
‘താങ്കൾ സുദീർഘമായ ഒരു പ്രതികാരം തേടുന്നു,
അതിനാൽ താങ്കൾക്കു കഴിയുന്നത് സ്വീകരിച്ചാലും
അതായത് – ഇക്കഴിഞ്ഞ വർഷങ്ങൾക്കായി
നാമ മാത്രമായ അവകാശം’.

ഓർക്കുക, ഇതു നിന്റെ മാത്രം പ്രതികാരമല്ല;
ഇത് നാളെ വരാൻ പോകുന്ന തലമുറയുടെയും കൂടി
പ്രതികാരമാകുന്നു.

മുഴുനീളൻ പടയങ്കിയണിഞ്ഞ ഒരുത്തൻ
നാളെ പിറന്നേക്കാം
അവൻ മൊത്തവും തീ കൊളുത്തി
പ്രതികാരം വീട്ടിയേക്കാം
അപ്പോൾ അസാധ്യമാണെന്നു കരുതിയ
വാരിയെല്ലുകൾക്കിടയിൽ നിന്നും
സത്യം ജന്മം കൊണ്ടേക്കാം...

വഴങ്ങരുത്,
അതൊരുപായമാണെന്നവർ പറഞ്ഞാലും.
അത് പകരം വീട്ടലാകുന്നു.
ഋതു ഭേതങ്ങൾ മാറി വരുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ നിന്നും
അതിന്റെ അടയാളങ്ങൾ മാഞ്ഞു പോകും.
എന്നാൽ അപ്പോഴും
നിന്ദ്യതയുടെ കപോലങ്ങളിൽ
അഞ്ചു വിരലും പതിഞ്ഞ കൈയ്യടയാളം
എന്നെത്തേക്കുമായി അവശേഷിക്കും.

7.

നക്ഷത്രങ്ങൾ നിന്നെ ഭീഷണിപ്പെടുത്തിയാലും
ജ്യോത്സ്യന്മാർ പ്രവചനങ്ങൾ പുറപ്പെടുവിച്ചാലും
നീ വിഴങ്ങരുത്.
സത്യാസത്യ വിവേചനങ്ങൾക്കിടെയാണ് ഞാൻ മരിച്ചതെങ്കിൽ
ഞാൻ പൊറുത്തു കൊടുക്കുമായിരുന്നു.

ഞാൻ അവരോട് യുദ്ധം ചെയ്യാൻ പോയിരുന്നില്ല,
അവരുടെ പാളയത്തിലേക്ക് നുഴഞ്ഞു കയറിയിരുന്നില്ല,
അവരുടെ അതിരുകൾക്കരികെ ചുറ്റി നടന്നിരുന്നില്ല,
അവരുടെ മുന്തിരിപ്പടർപ്പിലേക്ക് കൈ നീട്ടിയിരുന്നില്ല,
അവരുടെ തോട്ടത്തിൽ കാലു കുത്തുക പോലും ചെയ്തിട്ടില്ല.

എന്റെ കൊലയാളി എന്നോട് ‘ശ്രദ്ധിക്കൂ’
എന്നൊരു വാക്കു പോലും പറഞ്ഞിരുന്നില്ല.
അവൻ എന്റെ കൂടെ നടന്നു,
എനിക്കു ഹസ്ത ദാനം തന്നു,
പിന്നെ കുറച്ചു ദൂരം നടന്നു,
ശേഷം കുറ്റിക്കാട്ടിൽ മറഞ്ഞു....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു,
ഒരു തരിപ്പ് എന്റെ ഉദരത്തിലൂടെ തുളച്ചു കയറുകയും
ഒരു കുമിള പോലെ എന്റെ ഹൃദയം തകരുകയും ചെയ്തു.
ഞാൻ രണ്ടു കൈയിൽ താങ്ങിപ്പിടിച്ചെഴുന്നേറ്റ്
തലയുയർത്തി നോക്കിയപ്പോൾ -
ശപിക്കപ്പെട്ട മുഖവുമായി
അതാ നിൽക്കുന്നു എന്റെ പിതൃ സഹോദര പുത്രൻ!.

എന്റെ കയ്യിൽ കുന്തമോ
പഴയ പടക്കോപ്പോ ഉണ്ടായിരുന്നില്ല.
കുടിനീരിനു വേണ്ടി ദാഹിക്കുന്ന
ക്രോധം മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ..

8.

സമവായത്തിനു വഴങ്ങരുത്,
പ്രപഞ്ചം അതിന്റെ ഭ്രമണപഥത്തിലേക്കു മടങ്ങും വരേ
താരകങ്ങൾ വന്ന വഴിയേ പോകും വരേ,
പറവകൾക്ക് തങ്ങളുടെ ശബ്ദം തിരിച്ചു കിട്ടും വരേ,
ധാന്യങ്ങൾക്കു മണ്ണ് ലഭിക്കും വരേ,
തുറിച്ചു നോക്കുന്ന കുഞ്ഞിന്
കൊലചെയ്യപ്പെട്ടവനെ മടക്കിക്കൊടുക്കും വരേ,
നീ സമവായത്തിനു വഴങ്ങരുത്.
എല്ലാം ഒരു നിമിഷം കൊണ്ടാണു തകർന്നു തരിപ്പണമായത്
ബാല്യം – കുടുംബത്തിന്റെ സന്തോഷം – കുതിരയുടെ കുളമ്പടികൾ –
ആതിഥ്യം – പൂന്തോട്ടത്തിൽ ഒരു പൂവു വിരിയുമ്പോഴുള്ള മർമ്മരം –
മഴപെയ്യിക്കുന്ന പ്രാർത്ഥന -
കഠിനമായ പോരാട്ടത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും
മൃത്യുവിന്റെ കഴുകനു മുമ്പിൽ ഒഴിഞ്ഞു മാറുന്ന ഹൃദയം....
നിന്ദ്യമായൊരു വീഴ്ചയിൽ എല്ലാം തകർന്നു തരിപ്പണമായി.

സ്വന്തം തീരുമാനത്താൽ എന്നെ വധിക്കാൻ
എന്റെ ഘാതകൻ എന്റെ ദൈവമൊന്നുമല്ല.
സ്വന്തം കത്തിയൂരി കൊല്ലാൻ
അവൻ എന്നെക്കാൾ കുലീനനുമല്ല.
കപടമായ തന്ത്രങ്ങളാൽ എന്നെ വക വരുത്താൻ
അവൻ എന്നെക്കാൾ സമർത്ഥനുമല്ല.

വഴങ്ങിക്കൊടുക്കരുത്,
സമവായം എന്നാൽ
തുല്യശക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാകുന്നു.
കുലീന മാനസർ അതു ലംഘിക്കാറുമില്ല.

എന്നെ വധിച്ചവൻ വെറും ഒരു തസ്കരനാകുന്നു,
എന്റെ കണ്മുമ്പിൽ വെച്ച് എന്റെ നിലം അവൻ കട്ടെടുത്തു,
അപഹാസ്യമായ ഒരു ചിരി മൌനത്തെ തകർത്തു കളഞ്ഞു.

9.

സമവായത്തിനു വഴങ്ങരുത്,
എല്ലാ നേതാക്കന്മാരുടേയും
തെമ്മാടികളായ ചെറുപ്പക്കാരുടെയും വാളുകൾ
നിനക്കെതിരിൽ നിലയുറപ്പിച്ചാലും നീ വഴങ്ങരുത്;
അവർ നനഞ്ഞ റൊട്ടിയും
വലം വെക്കുന്ന ഭൃത്യന്മാരെയും
ഇഷ്ടപ്പെടുന്നവരാണ്.
അവർ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്നവരാണ്.
അവരുടെ അറേബ്യൻ ഖഡ്ഗങ്ങൾ
എല്ലാ ‘ക്ഷത്രിയ മര്യാദകളും‘ മറന്നു പോയിരിക്കുന്നു.
അവരുമായി സമവായം വേണ്ട.

ഇനിയെല്ലാം നിന്റെ തീരുമാനം.
നീ യുഗത്തിന്റെ ഒരേയൊരശ്വ ഭടൻ!
മറ്റുള്ളവരെല്ലാം കപടന്മാരും.

10.
സമവായത്തിനു വഴങ്ങരുത്...
സമവായത്തിനു വഴങ്ങരുത്...

Monday, November 8, 2010

ഒബാമയ്ക്ക് (അറബിക്കവിത)

ലാ തുസാലിഹ് - പത്തു കല്പ്പനകൾ (രണ്ടു നാൾക്കു ശേഷം പ്രതീക്ഷിക്കുക. ഇപ്പോൾ ഒരു ഒബാമക്കവിത പുന:പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം ഈജിപ്ത് സന്ദർശിപ്പോൾ മുഹമ്മദ് റഹാൽ എന്ന അറബിക്കവി എഴുതിയതാണ്‌ ഈ കാവ്യം)


തു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?

മുഹമ്മദ്‌ റഹാൽ - സ്വീഡൻ.

മിസ്റ്റർ. ബാറാഖ്‌,
ഒരു നിമിഷം നില്‌ക്കൂ.
ദൈവം സാക്ഷി,
താങ്കൾ ധൃതി കൂട്ടുകയാണ്‌.

കാര്യങ്ങളൊക്കെ നന്നായി വരാൻ
താങ്കൾ ആഗ്രഹിക്കുന്നുണ്ട്‌
പക്ഷേ,
താങ്കളുടെ നിലപാടുകളിലൊന്നിലും
സത്യ സന്ധതയില്ല.
അതിന്‌ ഈ ഗാസ സാക്ഷിയാണ്‌.
താങ്കളിന്നും കളവു പറഞ്ഞു.
ഗാസയുടെ അവസ്ഥ
പാറകളെപ്പോലും കരയിച്ചിട്ടുണ്ട്‌
പക്ഷേ, താങ്കൾ മാത്രം നീതി കാണിച്ചിട്ടില്ല.

ഇന്നത്തെ ഇറാഖ്‌ ബന്ധനസ്ഥയാണ്‌.
താങ്കൾ വാദിക്കുന്നതു പോലെ സ്വതന്ത്രയല്ല.
ഇറാഖിന്റെ ഒരു ഭാഗം പിഴുതെറിയപ്പെട്ടിരിക്കുകയാണ്‌.
എന്താണ്‌ നിങ്ങൾ ആ നാട്ടിനു വേണ്ടി ചെയ്തത്‌?
എൽ.എഫ്‌. വിമാനങ്ങൾ ബോംബു വർഷിച്ച
കിണറുകളാണെങ്ങും.
അതു നിങ്ങളുടെ സംഭാവന, കർമ്മ ഫലം.

ഏത്‌ ചേരികളിലാണ്‌ നിങ്ങൾ കടന്നു ചെന്നത്‌?
ഫറോവമാരുമായി താങ്കൾ ഹസ്ത ദാനം നടത്തി.
ഏത്‌ ഒറ്റുകാരനെയാണ്‌ താങ്കൾക്കു കിട്ടിയത്‌?
ഭൂമി മുഴുവൻ നിങ്ങൾ ബോംബ്‌ വിതക്കുന്നു
എന്നിട്ട്‌ സമാധാന ദൂതുമായി ചെല്ലുന്നു?

ഞങ്ങളിൽ താങ്കൾ കതിരുകൾ പ്രതീക്ഷിക്കുന്നു.
ഏത്‌ കോതമ്പുകളാണ്‌ താങ്കൾ വിതച്ചത്‌?
* * *

മി. ബാറാഖ്‌,
സ്വാഗതം.
താങ്കൾ സൈന്യ വ്യൂഹങ്ങൾക്കൊപ്പം
കൂടകളിൽ പരിഹാരങ്ങളുമായാണ്‌ വന്നത്‌.

എന്നാൽ ഒരു മനുഷ്യൻ എന്ന നിലക്ക്‌
എനിക്കു പറയാനുള്ളത്‌ കേൾക്കുക.
താങ്കൾ ഞങ്ങൾക്കു നല്ലതു വരണമെന്നും,
ആളുകളുടെ ഹൃദയം കീഴടക്കണമെന്നും
ഉദ്ദേശിക്കുന്നുവെങ്കിൽ
എളിമയോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

ഞങ്ങളുടെ മുഴുവൻ വേദനകൾക്കും കാരണമായ,
നിങ്ങളുടെ കൈകളാൽ നിർമ്മിച്ച
ഞങ്ങളുടെ ഭരണാധികാരിയെ
ഇന്നു തന്നെ തിരിച്ചു കൊണ്ടു പോവുക,
അങ്ങനെ ചെയ്താൽ ഒരു വലിയ ജന സമൂഹം
താങ്കൾക്കായി സിന്ദാബാദ്‌ വിളിക്കും
അവരെ ഞങ്ങളിൽ തന്നെ വിട്ടേച്ചു പോവുകയാണെങ്കിലോ,
അവർ നിങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും.

വിനയത്തോടെ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,
ഒരേ ഒരഭ്യർത്ഥന
ഇവരെ ഇന്നു തന്നെ നിങ്ങൾ തിരിച്ചു വിളിക്കുക.

Sunday, November 7, 2010

ലാ തുസാലിഹ് - പത്തു കല്പ്പനകൾ (അറബിക്കവിത)



“ലാ തുസാലിഹ്”
കുലൈബ് വധം അതായത് പത്തു കല്പ്പനകൾ!

അമൽ ദൻഖൽ (ഈജിപ്ത്) (1940-1983)

മക്കയിൽ പ്രവാചകൻ ആഗതമാകുന്നതിന്റെ ഏകദേശം നൂറു വർഷം മുമ്പ് നടന്ന ഒരു ഗോത്ര യുദ്ധമാണ്‌ ‘അൽ ബസൂസ് യുദ്ധം’. ബസൂസ് എന്ന സ്ത്രീയുടെ ഒട്ടകത്തെ കൊന്ന കാരണത്താൽ ബകർ, തഅലബ് എന്നീ ഗോത്രങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം നാല്പ്പതു വർഷത്തോളം നീണ്ടു നിന്നു.
തഅലബ് ഗോത്രത്തിലെ നേതാവ് കുലൈബിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ജുലൈലയുടെയും ഇടയിൽ ഒരു തർക്കമുണ്ടായി.
ഒരിക്കൽ അവർ തന്റെ സഹോദരൻ ജസാസിനെക്കുറിച്ച് അമിതമായി പ്രശംസിച്ചു. അത് കുലൈബിന്‌ പിടിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ജസാസിന്റെ സഹോദരിയുടെ മകൾ ബസൂസ് ജസാസിന്റെ ഒട്ടകവുമായി അവിടേക്കു വന്നു. സമ്മതമില്ലാതെ തന്റെ സ്ഥലത്ത് ബസൂസ് ജസാസിന്റെ ഒട്ടകത്തെ മേയ്ക്കുന്നതു കണ്ടപ്പോൾ കുലൈബിനത് ഇഷ്ടപ്പെട്ടില്ല. കുലൈബ് ഇതാരുടെ ഒട്ടകമാണെന്നു ചോദിച്ചപ്പോൾ ഇതു ജസാസിന്റേതാണെന്ന് മറുപടി പറഞ്ഞു. ഉടനെ കുലൈബ് വില്ലെടുത്ത് ഒട്ടകത്തിന്റെ അകിടു ലക്ഷ്യമാക്കി അമ്പെയ്തു. ചോര വാർന്നൊഴുകുന്ന ഒട്ടകം ഓടി വന്ന് ബസൂസിന്റെ മുമ്പിൽ മുട്ടു കുത്തി. ബസൂസ് നിലവിളിച്ചു കൊണ്ടലറി. ഇതറിഞ്ഞ ഒട്ടകത്തിന്റെ ഉടമ ജസാസ് വന്ന് അമ്പെയ്ത കുലൈബിനെ കൊന്നു. ഉടനെ കുലൈബിന്റെ സഹോദരൻ മുഹൽഹിൽ(സെയിർ സാലിം) പ്രതികാരം ചെയ്യുമെന്നു പറഞ്ഞ് രംഗത്തെത്തി. അതോടം യുദ്ധം തുടങ്ങി.
ബസൂസ് യുദ്ധവും അതിലെ കഥാ പാത്രങ്ങളും പിന്നീടു വന്ന കവികളെയും സാഹിത്യകാരന്മാരെയും വല്ലാതെ സ്വാധീനിച്ചു. കുലൈബും അദ്ദേഹത്തിന്റെ മരണ ശേഷം ദു:ഖം കടിച്ചമർത്തി അലഞ്ഞു നടന്ന ജുലൈലയും മകൾ യമാമയും സഹോദരനും കവിയുമായ മുഹൽഹിലും മറ്റും പിന്നീട് അറേബ്യൻ സാഹിത്യത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്ത പ്രതീകങ്ങളായി മാറി.

വീണു കിടക്കുന്ന കുലൈബ് മരിക്കുന്നതിനു മുമ്പേ സ്വന്തം ചോര കുണ്ട് മണ്ണിൽ എഴുതിയ വാക്കാണത്രെ ‘ലാ തുസാലിഹ്‘ (സമവായത്തിനു വഴങ്ങരുത്) എന്ന്.
ഇതേ പദം ഈജിപ്ത്യൻ കവി അമൽ ദൻഖൽ കുലൈബ് വധം - പത്തു കല്പ്പനകൾ എന്ന തന്റെ കവിതയിൽ ഇരുപത് പ്രാവശ്യം ആവർത്തിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഈ കവിതയ്ക്ക് ‘ലാ തുസാലിഹ്’ എന്നും പേരുണ്ട്.

അവസാന നിമിഷങ്ങളിൽ കുലൈബും സഹോദരൻ മുഹൽഹിലിന്‌ (സാലിം അൽ സൈർ) പത്തു കല്പ്പനകൾ വസിയ്യത്തായി നല്കുന്നുണ്ട്. ഉപദേശങ്ങൾ ഇവയിലെല്ലാം വ്യത്യസ്തമാണെങ്കിലും ഈ പത്തു കല്പ്പനകളുടെ ചുവടു പിടിച്ചാണ്‌ അമൽ ദങ്കൽ 1976 നവംബറിൽ തന്റെ കവിത എഴുതുന്നത്. ചില നിരൂപകന്മാർ ബൈബിളിലെ പത്തു കല്പ്പനകളോടും ഈ പേരിനെ സമരസപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ കവിതയുടെ സന്ദേശത്തിൽ ഒരസിഹ്ഷ്ണുതയുണ്ടെങ്കിലും എഴുപതുകളുടെ അറേബ്യൻ സാഹചര്യത്തിൽ നിന്നു നോക്കുമ്പോൾ അതൊരു വിപ്ളവത്തിന്റെ കാഹളമായിരുന്നു. 1973-ലെ ഒക്ടോബർ സംഘർഷങ്ങൾക്കു ശേഷം ഉണ്ടായ ഉടമ്പടിയിൽ ഈജിപ്തും അറബു രാഷ്ട്രങ്ങളും പാശ്ചാത്യൻ താല്പ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന സാഹചര്യത്തിലുണ്ടായ അറബികളുടെ ആത്മ രോഷമാണ്‌ അമൽ ദൻഖൽ തന്റെ കവിതയിലൂടെ പ്രകടിപ്പിക്കുന്നത്. 1976-ലെ കേമ്പ് ഡേവിഡ് ഉടമ്പടിയുടെ മുമ്പും ശേഷവും ഈ കവിത അറബ് ലോകത്ത് വലിയ ചലനങ്ങളുണ്ടാക്കി.

ഈ കവിതയെഴുതിയ കാരണത്താൽ അന്നത്തെ ഈജിപ്ത്യൻ പ്രസിഡന്റ് അൻവർ സാദത്ത് അമലിനെ ജയിലിലടച്ചു. കടുത്ത പീഠനവും പട്ടിണിയും രോഗവുമൊക്കെ കവിയെ ജീവച്ഛവമാക്കി മാറ്റി. 1983-ൽ തന്റെ നാല്പ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:

സമവായത്തിനു വഴങ്ങരുത്

അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത് ......
(കവിതയുടെ പൂർണ്ണ രൂപം അടുത്ത പോസ്റ്റിൽ:)

Thursday, November 4, 2010

ക്രൂശിതനായ യേശു - ഖലീൽ ജിബ്രാൻ


Gibran's Picture -divine-world

ക്രൂശിതനായ
യേശു.

ജിബ്രാൻ ഖലീൽ ജിബ്രാൻ

ഇന്ന് - എല്ലാ വർഷവും ഇതു പോലൊരു ദിവസം - മനുഷ്യത്വം ഗാഢ നിദ്രയിൽ നിന്നെഴുന്നേറ്റ് തലമുറകളുടെ ആത്മാവുകൾക്കു മുമ്പിൽ ചെന്നു നിന്ന് ജൽജൽ പർവ്വതത്തിൽ മരക്കുരിശിൽ ക്രൂശിക്കപ്പെട്ട നസ്രേത്തിലെ യേശുവിന്റെ നേർക്ക് നിറകണ്ണുകളുമായി നോക്കി നിൽക്കുന്നു.... പകലിന്റെ കുഴിമാടത്തിൽ പോയി ദിനകരൻ അപ്രത്യക്ഷമാകുന്ന സമയം മനുഷ്യത്വം തിരിച്ചു വന്ന് ഓരോ കുന്നിൻ മുകളിലും താഴ്വരകളിലും പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾക്കു മുമ്പിലെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്തെമ്പാടുമുള്ള നസ്രാണിമാരുടെ ആത്മാവുകളുടെ ഓർമ്മകൾ ജെറൂസലേം പട്ടണത്തിന്റെ സമീപത്തെത്തി തുടിക്കുന്ന ഹൃദയവുമായി നിരനിരയായി നില്ക്കും. എന്നിട്ട് മൃത്യുവിന്റെ മൂടുപടത്തിനു പിന്നിൽ നിന്ന് ജീവിതത്തിന്റെ അഗാധതയിലേക്കു കണ്ണും നട്ടിരിക്കുകയും അനന്തതയിലേക്ക് കൈകൾ വിരിച്ചു നില്ക്കുകയും ചെയ്യുന്ന മുൾകിരീടം ചൂടിയ ആ ഭീമാകാര രൂപത്തിലേക്ക് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും.

ക്രിസ്ത്യാനികൾ മടങ്ങി വന്ന് വിസ്മൃതിയുടെ നിഴലിൽ മരവിപ്പിന്റെയും വിഡ്ഢിത്തത്തിന്റെയും പുതപ്പിനടിയിൽ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്നതു വരേയ്ക്കും പകലിന്റെ അരങ്ങിനു മുമ്പിൽ രാത്രി തന്റെ തിരശ്ശീല താഴ്ത്തിയിടാറില്ല.

ഓരോ വർഷവും ഈ ദിവസം എല്ലാ തത്വ ചിന്തകരും അവരുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്നും ബുദ്ധിജീവികൾ അവരുടെ തണുത്ത പർണ്ണ ശാലയിൽ നിന്നും കവികൾ അവരുടെ സാങ്കല്പ്പിക താഴ്വരയിൽ നിന്നും പുറത്തു വന്ന് ഒരുമിച്ച് ആ വലിയ മലയുടെ മുകളിൽ കയറിനിന്ന്, ദൂരെ നിന്നും ഒരു യുവാവ് തന്റെ ഘാതകനോട് വിളിച്ചു പറയുന്ന വാക്കുകളിലേക്ക് ചെവികൂർപ്പിച്ചു നില്ക്കുന്നു. ആ യുവാവ് പറയുന്നു: ‘എന്റെ പിതാവേ, നീ ഇവർക്കു പൊറുത്തു കൊടുക്കണം. ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല’... പക്ഷേ, തത്വചിന്തകരും കവികളും മടങ്ങി വന്ന് പഴകി ദ്രവിച്ച പുസ്തകത്താളുകളിൽ അവരുടെ ആത്മാവുകളെ മറവു ചെയ്യുന്നതു വരേ ദീപ്തിയുടെ ആരവങ്ങളെ മൌനം അനാവരണം ചെയ്യാതെയിരിക്കുന്നു.

ജീവിതത്തിന്റെ മനോഹാരിതയിൽ നിമഗ്നരായ സ്ത്രീകൾ ആടയാഭരണങ്ങളെടുത്തണിഞ്ഞ് സ്വന്തം ഭവനത്തിൽ നിന്നുമിറങ്ങി, കുരിശിനു താഴെ ശീതക്കാറ്റേറ്റ് ദുർബ്ബലമായ വൃക്ഷത്തെപ്പോലെ ഖിന്നയായി നിൽക്കുന്ന ഒരു സ്ത്രീയെക്കാണാൻ, വന്നു നിന്നു. അവളുടെ നോവുന്ന ദുഖങ്ങളും അഗാധമായ രോദനവും കേൾക്കാൻ അവർ കൂടുതൽ അടുത്തു ചെന്നു.

ആ സമയം കാലത്തിന്റെ വിദ്യുത്പ്രവാഹത്തിൽ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരും കുട്ടികളും, ആകാശത്തിനും ഭൂമിക്കുമിടയിൽ കെട്ടിത്തൂക്കിയ ഒരാളുടെ രണ്ടു പാദങ്ങളിൽ നിന്നും രക്ത കണങ്ങൾ കണ്ണീരു കൊണ്ടു കഴുകിക്കളയുന്ന മുടിമെടഞ്ഞിട്ട പെൺകുട്ടിയെ കാണാൻ പിന്നിലേക്ക് തല തിരിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം നിശ്ചലരായി. ഈ രംഗം കണ്ടു മടുക്കുമ്പോൾ അവർ വീണ്ടും മുഖം തിരിച്ച് ചിരിയിലും കളിയിലും മുഴുകി.

ഓരോ വർഷവും ഇതേ ദിവസം മനുഷ്യത്വം വസന്തത്തിന്റെ ഉന്മേഷത്തോടെ ഉണർന്നെഴുന്നേറ്റ് നസ്രേത്തുകാരന്റെ നോവുകൾക്കു മുമ്പിൽ വന്നു നിന്ന് ഏറെ നേരം കരഞ്ഞ ശേഷം കൺപോളകൾ മുറുക്കെയടച്ച് അഗാധമായ നിദ്രയിലേക്ക് കൂപ്പു കുത്തുന്നു. ആ സമയം വസന്തം സുസ്മേര വദനനയായി എഴുന്നേൽക്കുകയും പൊന്നിൻ കസവണിഞ്ഞ, ചേലകളിൽ സുഗന്ധം പൂശിയ വേനലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു .

തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു.

കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌.

കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുകയും ദുർബ്ബലനെപ്പോലെ നിന്ദിക്കപ്പെടുകയും ദരിദ്രനെപ്പോലെ ജീവിക്കുകയും പാവപ്പെട്ടവനായി പിറക്കുകയും ചെയ്ത നസ്രേത്തിലെ യേശുവിനെ കാണുമ്പോൾ മനുഷ്യത്വം കരയുകയും വിലപിക്കുകയും അനുശോചിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹത്തോടുള്ള ആദരവു കൊണ്ടാണ്‌.

പത്തൊമ്പതു തലമുറകളായി മാനവ സമൂഹം യേശുവിന്റെ ദൗർബ്ബല്യത്തെ ആരാധിച്ചു കൊണ്ടിരിക്കുന്നു. യേശുവാണെങ്കിലോ അതിശക്തനും. എന്നാൽ എന്താണ്‌ യഥാർത്ഥ ശക്തി എന്ന് അവർക്കാർക്കുമറിയില്ല.

യേശു ഭീരുവും ദരിദ്രനുമായിട്ടല്ല ജീവിച്ചത്, വേദനിക്കുന്നവനും വേവലാതിക്കാരനുമായിട്ടുമല്ല മരിച്ചത്, അദ്ദേഹം വിപ്ലവകാരിയും ശക്തനും കരുത്തനുമായിട്ടാണ്‌ ജീവിച്ചത്. തന്റേടിയായിട്ടാണ്‌ മരിച്ചത്.

ചിറകുകളൊടിഞ്ഞ പക്ഷിയായിരുന്നില്ല യേശു; മറിച്ച് എല്ലാ വളഞ്ഞ പക്ഷങ്ങളെയും ഒടിച്ചു കളയുന്ന കൊടുങ്കാറ്റായിരുന്നു.

വേദനയെ ജീവിതത്തിന്റെ ചിഹ്നമാക്കി മാറ്റാൻ നീലമേഘങ്ങൾക്കിടയിലൂടെ വന്നവനല്ല യേശു. ജീവിതത്തെ സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടയാളമായികാണിക്കാൻ ആഗതനായവനായിരുന്നു.

തന്റെ അക്രമികളെ യേശു ഭയപ്പെട്ടിരുന്നില്ല. തന്റെ ശത്രുക്കളെ പേടിച്ചിരുന്നില്ല. തന്റെ കൊലയാളികൾക്കു മുമ്പിൽ വേദനിച്ചിരുന്നില്ല. പ്രത്യുത അദ്ദേഹം സ്വതന്ത്രനും സാക്ഷികളുടെ മുമ്പിൽ ധീരനായി നില കൊണ്ടവനും അക്രമത്തിനും ഉന്മൂലനത്തിനും നേരെ നിർഭയനായി പോരാടിയവനുമായിരുന്നു. നാറുന്ന വ്രണങ്ങളെ അദ്ദേഹം വെറുത്തു, ദുഷിച്ച സംസാരം കേൾക്കുമ്പോൾ നിശബ്ദനായി. അഹങ്കാരത്തെ കണ്ടു മുട്ടിയാൽ അതിനെ തല്ലിത്താഴെയിട്ടു.

നിലം പൊത്തിയ കല്ലുകൾ കൊണ്ട് സന്യാസ മഠങ്ങളും ആശ്രമങ്ങളും ഉണ്ടാക്കാൻ അത്യുന്നതമായ പ്രകാശ ഗോപുരത്തിന്റെ മുകളിൽ നിന്നും താഴോട്ട് ഇറങ്ങി വന്നവനല്ല യേശു. പുരോഹിതന്മാരും പാതിരിമാരുമാക്കി നേതൃത്വത്തിലവരോധിക്കാനായി കരുത്തരായ പുരുഷന്മാരെ അദ്ദേഹം തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച്, തലയോട്ടികളിൽ പടുത്തുയർത്തിയ സിംഹാസനങ്ങളുടെ അടിവേരറുക്കാനും കുഴിമാടങ്ങൾക്കു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെ പൊളിച്ചു മാറ്റാനും ദുർബ്ബലരായ പാവങ്ങളുടെ ശരീരത്തിനു മീതെ നാട്ടിയ ബിംബങ്ങളെ തച്ചുടയ്ക്കാനും ശേഷിയുള്ള ശക്തമായ ഒരു പുതു ജീവൻ ഈ ലോകത്തിന്റെ വിഹായസ്സിലേക്ക് പ്രക്ഷേപണം ചെയ്യാനാണ്‌ യഥാർത്ഥത്തിൽ യേശു സമാഗതനായത്.

ഇരുട്ടും തണുപ്പും നിറഞ്ഞ ഭവനങ്ങൾക്കും വൃത്തികെട്ട ചേരികൾക്കും സമീപം അംബര ചുംബികളായ പള്ളികളും ഭീമാകാരങ്ങളായ ആരാധനാലയങ്ങളും നിർമ്മിക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിക്കാനല്ല യേശു വന്നത്. പിന്നെ മനുഷ്യ ഹൃദയം എങ്ങിനെ ഒരു കോവിലാക്കാമെന്നും അവന്റെ ശരീരം എങ്ങിനെ ഒരു അൾത്താരയാക്കാമെന്നും അവന്റെ ബുദ്ധിയെ എങ്ങിനെ ഒരു വിദൂഷകനാക്കാമെന്നും പഠിപ്പിക്കാനാണ്‌ യേശു ആഗതനായത്.

ഇതാണ്‌ നസ്രേത്തിലെ യേശു ചെയ്തത്. വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ കുരിശിലേറ്റാനുള്ള അടിസ്ഥാന കാരണവും ഇതാണ്‌. മനുഷ്യനു ബുദ്ധിയുണ്ടെങ്കിൽ ഇന്നേ ദിവസം അവൻ വിജയത്തിന്റെയും ഹർഷാരവങ്ങളുടെയും സംഗീതങ്ങളാലപിച്ച് ആഹ്ലാദിക്കുമായിരുന്നു.

ഓ, ക്രൂശിതനും തന്റേടിയുമായ പ്രഭോ, താങ്കൾ ജൽജലാ പർവ്വതത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ നിന്നു കൊണ്ട് തലമുറകളുടെ പരേഡുകൾ വീശ്ചിക്കുന്നു, സമൂഹങ്ങളുടെ ഇരമ്പൽ കേൾക്കുന്നു, അനശ്വര സ്വപ്നങ്ങളെ മനസ്സിലാക്കുന്നു.

ചോരയിൽ കുളിച്ച മരക്കുരിശിൽ കിടയ്ക്കുന്ന അങ്ങേയ്ക്ക് ആയിരം സാമ്രാജ്യങ്ങളിലെ ആയിരം സിംഹാസനങ്ങളിലെ ആയിരം രാജാക്കന്മാരേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട്.
ഈ നൊമ്പരങ്ങളെല്ലാമുണ്ടായിട്ടും താങ്കൾ പൂക്കൾ വിരിഞ്ഞ വസന്തത്തേക്കാൾ ഉന്മേഷവാനായിരിക്കുന്നു. ഈ വേദനകൾക്കു നടുവിലും ആകാശത്തിലെ മാലാഖമാരെക്കാൾ ശാന്തനായിരിക്കുന്നു. ആരാച്ചാരുമാർക്കു നടുവിലും സൂര്യപ്രകാശത്തേക്കാൾ സ്വതന്ത്രനുമായിരിക്കുന്നു.

അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്.