Monday, May 21, 2012

ദൈവ നിന്ദ (അറബിക്കവിത)













ദൈവ നിന്ദ
(അബുൽ അലാ‍‌അ് അൽ മ‌അ്‌രിയുടെ ശരീഅത് വിമർശനവും 
അതിനു ഇമാം ശാഫിഈ(റ)യുടെ മറുപടിയും)

അബുൽ അലാ‍‌അ് അൽ മ‌അ്‌രി ഒരിക്കൽ പറഞ്ഞു:

ഒരു കൈയ്ക്കുള്ള ദിയാ ധനം
(കൈ വെട്ടിയാലുള്ള പിഴ)
അഞ്ഞൂറ് സ്വർണ്ണ നാണയമാകുന്നു.

എന്നാൽ നാലിലൊരു ദീനാർ (കാൽ കാശ്)
ഒരാൾ മോഷ്ടിച്ചാൽ
(ഇസ്‌ലാകിക ശരീഅത്ത്)
അവന്റെ കൈ വെട്ടിക്കളയുന്നു.

ഇവിടെ ഒരു വൈരുദ്ധ്യമില്ലേ?
(കൈ മുറിക്കണമെങ്കിൽ അഞ്ഞൂറ് സ്വർണ്ണ നാണയമെങ്കിലും മോഷ്ടിക്കേണ്ടേ?)

മൌനം പാലിക്കുകയും
തമ്പുരാനോട് നരക ശിക്ഷയിൽ നിന്നും
അഭയം തരണമെന്നു പ്രാർത്ഥിക്കുകയുമേ നമുക്ക് തരമുള്ളൂ.


ഇമാം ശാഫിഈ(റ)യുടെ മറുപടി:

അവിടെ ഒരു കൈ അക്രമിക്കപ്പെട്ടു.
അതു കൊണ്ട് അതിന്റെ വില (നഷ്ട പരിഹാരം)
ഉയർന്നതായി.

ഇവിടെ ഒരു കൈ
അക്രമം കാണിച്ചു;
(തുക കുറച്ചാണെങ്കിൽ പോലും)
ഈ കൈ യഥാർത്ഥത്തിൽ
സ്രഷ്ടാവിനെ അപമാനിക്കുകയാണു ചെയ്തത്.
(അതു കൊണ്ടാണ് ശിക്ഷ കടുത്തതായത്).

Monday, March 26, 2012

വിസ. (അറബി കവിത)



വിസ.

നിസാർ ഖബ്ബാനി

ഒരു വികസ്വര രാഷ്ട്രത്തിലെ
സെക്ക്യൂരിറ്റി പോസ്റ്റിൽ
അനുവാദവും കാത്ത്
ഞാൻ നിൽക്കുകയായിരുന്നു.

എനിക്കു കൂട്ടിനായി
സങ്കടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

അവിടെ നിന്നും
എന്റെ പിറന്ന ദേശത്തേക്കുള്ള ദൂരം
കേവലം ഒരു മൈൽ മാത്രം.
ദാഹജലത്തിനായി കെഞ്ചുന്ന മാടപ്പിറാവിനെ പോലെ
വാരിയെല്ലുകൾക്കുള്ളിൽ ഹൃദയം
പിടയുന്നുണ്ടായിരുന്നു.

എന്റെ കൈയ്യിലുണ്ടായിരുന്ന പാസ്പോർട്ട്
കളിച്ചു വളർന്ന ആ നാടിനെക്കുറിച്ച്
സ്വപ്നം കാണുകയായിരുന്നു.
അവിടുത്തെ ഗോതമ്പും അക്രോട്ടും അത്തിപ്പഴവും
തിന്നു കൊണ്ടാണ് അതു വളർന്നത്.

ഞാൻ ക്യൂവിൽ നിന്നു;
ജനങ്ങൾ ഇപ്പോഴും കായകളും
കിഴങ്ങുകളുമാണ് ഭക്ഷിക്കുന്നത്
ഫറോവയുടെ കാലം മുതൽ ഇന്നുവരേ
അവർ കന്നുകാലികളെ പോലെയാണ് മൂത്രമൊഴിക്കുന്നത്.

ഇപ്പോഴും ഇവിടെ
താന്തോന്നിയായി ഭരണം നടത്തുന്ന ഒരു ഭരണാധികാരിയും
മൃഗങ്ങളെ പോലെ സ്വന്തം ശരീരത്തിലേക്ക്
മുള്ളുന്ന പ്രജകളുമുണ്ട്.

കോംഗോയിലും താൻസാനിയയിലുമല്ല
എന്റെ നാട്ടിലെ സെക്യൂരിറ്റി പോസ്റ്റിൽ
സൂര്യൻ പോലും കാക്കിയാണു ധരിച്ചിരിക്കുന്നത്.
പൂവുകൾ പോലും (പട്ടാളക്കാരുടെ) പുള്ളിക്കുത്തുള്ള
വസ്ത്രങ്ങളാണ് ഉടുത്തിരിക്കുന്നത്.

ഞങ്ങളുടെ മുമ്പിലും പിന്നിലും
ഭയം തളം കെട്ടിയിരിക്കുന്നു.

ചുമലിൽ അഞ്ചു നക്ഷത്രങ്ങളുള്ള പോലീസുകാരൻ
മുഴുവൻ പുച്ഛത്തോടും കൂടി
ആടുകളെ പോലെ ഞങ്ങളെ കെട്ടി വലിക്കുകയാണ്.

കാബേലിന്റെ കാലം മുതൽ ഇന്നുവരേ
ഇവിടെ പ്രൊഫഷനൽ കൊലയാളികൾ നിലയുറപ്പിച്ചിട്ടുണ്ട്.

സൂര്യസഞ്ചാരങ്ങളില്ലാത്ത,
സമയങ്ങൾ മാറിമറയാത്ത
ശിക്ഷാ മുറികളിൽ
അറവുമാടുകളെ പോലെ തോലുരിയപ്പെടുന്ന
പ്രജകളെയും ഇവിടെ നിങ്ങൾക്കു കാണാം.

ഞാൻ എവിടെയാകുന്നു?
എല്ലാ ചിഹ്നങ്ങളും പറയുന്നു:
‘അതാ ഒരു കാട്ടറബി’ എന്ന്.
ഞങ്ങൾ കേൾക്കുന്ന എല്ലാ പരിഹാസങ്ങളും
ആ പഴയ പല്ലവി തന്നെയാകുന്നു
(കാടൻ അറബി എന്ന്)

എല്ലാ പാതകളും ചെന്നവസാനിക്കുന്നത്
അക്രമിയായ ഭരണാധികാരിയുടെ വാളിൻ ചുവട്ടിലേക്കാണ്.

ഞാനിപ്പോൾ എവിടെയാണ്?
ഓരോ റോഡുകൾക്കിടയിലും
ഓരോ രാഷ്ടം!.

ഓരോ ഈത്തപ്പനകൾക്കും
അവയുടെ നിഴലുകൾക്കുമിടയിൽ
ഓരോ ഭരണകൂടം!.

ഭ്രാന്താലയത്തിലും
തലവേദനയും ചുമയും ജ്വരവും
പടർന്നു പിടിച്ച ആതുരാലയത്തിലും
ഓരോ ഭരണ കൂടം!.

പോകാനുള്ള അനുവാദത്തിനായി കെഞ്ചിക്കൊണ്ട്,
ബാല്യകാല ഭവനത്തിനും
അവിടുത്തെ പൂക്കൾക്കും വേണ്ടി കേണപേക്ഷിച്ചു കൊണ്ട്
ഒരു മാസം മുഴുവൻ,
ഒരു വർഷം മുഴുവൻ,
ഒരു കാലം മുഴുവൻ,
മാഫിയാ തലവനു മുമ്പിൽ ഞാൻ കാത്തു കിടന്നു.

ഒരായുസ്സു മുഴുവൻ ഞാൻ കാത്തു നിന്നു.

മൂത്തു നരച്ചപ്പോൾ
എന്റെ നാട്ടിലേക്കു പ്രവേശിക്കാൻ
അവരെനിക്കു സമ്മതം തന്നു

അപ്പോഴാണു ഞാനറിയുന്നത്
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന
എന്റെ പ്രിയപ്പെട്ട രാജ്യം
ഭൂപടത്തിലേ ഇല്ല എന്ന്.

Sunday, February 26, 2012

അറബിക്കവിത: ഒരു കണക്കിലെ കളി



കവിതയിൽ ഒരു കണക്കിലെ കളി

സർഖാഉൽ യമാമ എന്ന അറബി വനിതയെക്കുറിച്ച് മുമ്പ് ഈ ബ്ലോഗിൽ പറഞ്ഞിരുന്നു. അപാരമായ കാഴ്ച ശക്തി കൊണ്ട് പേരു കേട്ടവരായിരുന്നു അവർ. അവർ ഒരിക്കൽ ഒരിക്കൽ വീട്ടു മുറ്റത്തിരിക്കുമ്പോൾ ജലാശയത്തിലേക്ക് പറന്നു പോകുന്ന കുറേ പ്രാവുകളെ കണ്ടു. അപ്പോൾ ഇങ്ങനെ പാടി:

മാടപ്പിറാവുകൾ എന്റെ മാടപ്പിറാവുകളുടെ കൂടെ കൂടുകയും
അവയുടെ പകുതിയും കൂടി ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ കൈവശമുള്ള പ്രാവുകളുടെ എണ്ണം നൂറു തികയുമായിരുന്നു


അപ്പോൾ അവരുടെ കൈവശമുള്ളതെത്ര?
പറന്നു പോകുന്ന പ്രാവുകളെത്ര?
---------------------------------------------------------------------------------

ഉത്തരം:
-
-
-
-
-
പറന്നു പോകുന്നവ: 66
അവരുടെ കൈവശമുള്ളത് : 1
66+33+1 = 100

Monday, February 13, 2012

മരക്കൊമ്പിലിരിക്കുന്ന ഒരു കിളി (അറബിക്കവിത)

ഫെബ്രുവരി 14 (പൂ)വാലന്റൈൻ ഡേ. ഞാൻ ഈ ദിനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും എനിക്ക് കവിതകൾ തർജ്ജമ ചെയ്യാതിരിക്കാൻ കഴിയില്ല. നിസാർ ഖബ്ബാനിയുടെ ‘വാലന്റൈൻ ദിനം’ വായിക്കാൻ ഇവിടെ ക്ലിക്കുക.
http://www.kattayad.co.cc/2010/02/blog-post_14.html



മരക്കൊമ്പിലിരിക്കുന്ന ഒരു കിളിയാണ്
കയ്യിലിരിക്കുന്ന പത്തെണ്ണത്തേക്കാൾ നല്ലത്

---------------------------------------------------------
ഗാദ അൽ സമാൻ
(സിറിയൻ കവയത്രി, ജനനം: 1942)

‘കൈയ്യിലിരിക്കുന്ന ഒരു കിളിയാണ്‌
മരക്കൊമ്പിലിരിക്കുന്ന
പത്തു കിളികളേക്കാൾ നല്ലത്’ എന്ന്
എന്നെ ബോധ്യപ്പെടുത്താൻ
കുഞ്ഞുന്നാളിലേ
അവർ ശ്രമിച്ചു കൊണ്ടിരുന്നു.

ആ മഹാ നുണ വിശ്വസിക്കാൻ
തയ്യാറല്ലാത്തതു കൊണ്ട്
അവരെന്നെ സമൂഹ വൈരത്തിന്റെ
ചാട്ടവാറു കൊണ്ടു പ്രഹരിച്ചു;
അപമാനത്തിന്റെ വൃക്ഷത്തിൽ കെട്ടിയിട്ടു.
അവർ പറഞ്ഞു:
‘നീ പിശാചിന്റെ അനുയായികളിൽ പെട്ട
ദുർ മന്ത്ര വാദിനിയാകുന്നു’ എന്ന്
‘ഡെൽഫിയുടെ വിദൂഷകയെ പോലെ
തിന്മയുടെ കയത്തിൽ ഒളിച്ചിരിക്കുന്നവളാകുന്നു’ എന്നും

കൈയ്യിലിരിക്കുന്ന ഒരു കിളി
മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളേക്കാൾ
നല്ലതാണെന്നു വിശ്വസിക്കുന്ന
കുരുന്നുകളെ പോലെ ഞാൻ
നല്ല കുട്ടിയായിരുന്നില്ല.
അവരെല്ലാം സന്തോഷത്തിന്റെ ഉന്മാദത്തിലാണ്‌.

ഓ, പഥികാ..
കൈയ്യിലിരിക്കുന്ന ഒന്നാണ്‌
മരത്തിലിരിക്കുന്ന പത്തിനേക്കാൾ
നല്ലതെന്ന് ഞാനെങ്ങനെ വിശ്വസിക്കും?

കൈയ്യിലുള്ള ഒരു കിളി എന്നത്
വെറും ഒരു കുടന്ന ചാരത്തിന്റെ ഉടമാവകാശം !!

മരത്തിനു മുകളിലെ കിളിയോ
അനന്തമായ സ്വപ്നങ്ങളുമായി
പാറിപ്പറക്കുന്ന നക്ഷത്രങ്ങളും !!.

മരത്തിനു മുകളിലെ ഓരോ കിളിയും
ഏതോ മായാലോകത്തേക്കുള്ള ക്ഷണമാകുന്നു,
ഭ്രാന്തമായ ആവേശത്താൽ
കുത്തിയൊഴുകുന്ന ജലപ്രവാഹത്തിലൂടെ
നീന്തിത്തുടിക്കാനുള്ള
ആഹ്വാനമാകുന്നു.

കൈയ്യിലെ ഒരു കിളി
വിരസതയുടെ ചതുപ്പുനിലത്തിലെ മയക്കമാകുന്നു.
ശ്മശാന നഗരത്തിലെ കുടികിടപ്പാകുന്നു.
കൂർക്കം വലി പോലെ
ഒരേ സ്വരത്തിലെ സംഭാഷണമാകുന്നു.

ഇനിയും നിറം മങ്ങിയിട്ടില്ലാത്ത
ഇളം പ്രയക്കാരായ അനുരാഗികളേ
കൈയ്യിലിരിക്കുന്ന ഒരു കിളി
മരത്തിലിരിക്കുന്ന പത്തെണ്ണെത്തേക്കാൾ
നല്ലതാണെന്ന വാക്കുകൾ
നിങ്ങൾ വിശ്വസിക്കരുത്.

എന്റെ കണ്ഠ നാളത്തിന്റെ
ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ പറയുന്നു
‘മരത്തിലിരിക്കുന്ന ഒരു കിളിയാണ്‌
കൈയ്യിലിരിക്കുന്ന പത്തു കിളികളേക്കാൾ മെച്ചം’.

മരത്തിനു മുകളിലെ കിളി
ഒരു തുടക്കമാകുന്നു.
ആത്മ സത്തയുടെ ലോകത്തേക്ക്
മാരിവില്ലിന്റെ പുറത്തേറി
കുതിച്ചു പായാനുള്ള ക്ഷണമാകുന്നു,
കാട്ടുകുതിരയുടെ പുറത്തു കയറിയുള്ള
സവാരിയാകുന്നു.

കൈയ്യിലിരിക്കുന്ന ഒരു കിളി
ഒരവസാന വാക്കാകുന്നു;
ഭാവനകളുടേയും നിഗമനങ്ങളുടേയും
വാതിലുകളെ പൂട്ടിയിട്ട താഴാകുന്നു,
ആമകളുടെയും ഉറുമ്പുകളുടെയും
കൂടെയുള്ള ജീവിതമാകുന്നു,
ഉത്കൃഷ്ടവും അത്യുത്തമവുമായ
എല്ലാത്തിനെയും തടവിൽ പാർപ്പിക്കാൻ
നേരത്തേ ഉണ്ടാക്കി വെച്ച അച്ചുകളാകുന്നു.


ആരാണു പറഞ്ഞത്
‘കാറ്റിൽ പാറിക്കളിക്കുന്ന ഒരു തൂവൽ
കെട്ടി നിൽക്കുന്ന പുഴയ്ക്കടിയിരിക്കുന്ന
ചരൽക്കല്ലിനേക്കാൾ നല്ലതല്ലെന്ന്’?

ഭ്രമണ പഥത്തെയും വിട്ടകന്ന്
കാറ്റിൽ അന്തിമയങ്ങി,
ചില്ലകളെപ്പോലും അവഗണിച്ച്
കവരുന്ന കൈകളെ നിരസിച്ച്
വസന്തങ്ങൾക്കു നേരെ നിറയൊഴിച്ച്
ഉലകം മുഴുവനും ചുറ്റി നടക്കുന്ന
ബുൾബുളിനെ പോലെ
ഭൂഖണ്ഡങ്ങൾക്കിടയിൽ പറന്നു നടക്കുന്ന
ഭവന രഹിതനായ പഥികാ..
ഞാൻ നിന്നെ സ്നേഹിക്കുന്നു.

Thursday, February 2, 2012



ഉത്തരീയം
ഇമാം ബൂസുരി (1211-1294)
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമാണ്‌ ബുർദ: പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച് എന്റെ ബുർദാ വ്യാഖ്യാനത്തിൽ നിന്നെടുത്ത ബുർദയിൽ പ്രധാനപ്പെട്ട വരികളുടെ മൊഴിമാറ്റം താഴെ വായിക്കുക)


നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാണയാളതു തൃണവൽഗണിച്ചു പോൽ

അവതൻ ത്യാഗത്തേക്കാൾ ശക്തമെന്നാലുമേവ-
മവഗണിക്കുമെല്ലാ യോഗിമാരുമാവശ്യം

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മാനവർക്കുമദൃശ്യ ജിന്നുകൾക്കുമറേബ്യൻ
മാനിതർക്കുമന്യർക്കും മന്നരപ്രവാചകൻ

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ജ്ഞാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംസകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം, ബഹു-
മന്യമായതെതൊക്കെയും നിൻ മനം ചൊല്ലുന്നതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞു പോം

സ്വപ്നവുമായ് സംതൃപ്തിയടയും സമൂഹമാ
സത്തയെയുലകിൽ നിന്നറിയുന്നതെങ്ങനെ!.

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?

Sunday, December 11, 2011

കാലം - ഇമാം ശാഫി



നാം കാലത്തെ കുറ്റപ്പെടുത്തുന്നു.
(യഥാർത്ഥത്തിൽ) കുറ്റം നമ്മൾക്കാണ്.
കാലത്തിനുള്ള ഒരേ ഒരു കുറവ്
നാമതിൽ ജീവിക്കുന്നു എന്നതാണ്.

ഒരു തെറ്റും ചെയ്യാത്ത കാലത്തെ
നാം അധിക്ഷേപിക്കുന്നു.
കാലം സംസാരിക്കുമായിരുന്നെങ്കിൽ
അതു നമ്മെ വഴക്കു പറയുമായിരുന്നു.

ഒരു ചെന്നായ ഒരിക്കലും
മറ്റൊരു ചെന്നായയെ തിന്നാറില്ല.
എന്നാൽ നമ്മിൽ ചിലർ ചിലരെ
പരസ്യമായി ഭക്ഷിക്കുന്നു.

വഞ്ചിക്കാൻ നാം
ആട്ടിൻ തോലണിയുന്നു.
പിടിച്ചു പറിക്കാനായി
നമ്മെ സമീപിക്കുന്നവനു നാശം!.

നമ്മുടെ മതം വച്ചുകെട്ടലും
കെട്ടു കാഴ്ചയുമാണ്.
കണ്ടു മുട്ടുന്നവരെയെല്ലാം
നാം അതിന്റെ പേരിൽ പറ്റിക്കുന്നു.

Wednesday, November 16, 2011

ഒരു പ്രേമത്തിന്റെ പര്യവസാനം - അറബിക്കവിത

(ക്ഷമിക്കുക, രണ്ടു മാസത്തോളമായി ബ്ലോഗിൽ നിന്നും വിട്ടു നിന്നിട്ട്. രണ്ടു പുസ്തകങ്ങളുടെ തിരക്കിട്ട പണിയിലായിരുന്നു. ഇമാം ശാഫിഈ(റ)യുടെ കവിതാ സമാഹാരവും (400 പേജുകൾ) ഖലീൽ ജിബ്രാന്റെ നോവലിന്റെ പരിഭാഷയും (കൊടുങ്കാറ്റ്- പേജ് 250) രണ്ടും ഈ മാസം പൂർത്തിയായി. ഇനി പ്രസാധകരെ കിട്ടണം. അതിനുള്ള ശ്രമത്തിലാണ്.

a painting by Kahlil Gibran


ഒരു പ്രേമത്തിന്റെ പര്യവസാനം

(എന്റെ പുസ്തകത്തിൽ നിന്നു തന്നെ)

ഒരിക്കൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ അസ്മഈ
ഹിജാസിലെ ഒരു ഗ്രാമത്തിലൂടെ നടന്നുപോകുമ്പോൾ
ഒരു പാറയിൽ ഇങ്ങനെ എഴുതിവെച്ചതു കണ്ടു

(അനുരാഗികകളേ,
ഒരാൾക്കു പ്രേമം കലശലാ യാൽ അയാളെന്താണു ചെയ്യുക?)

(يامعشر العشاق بالله خبروا * إذا حل عشق بالفتى كيف يصنع)

ഉടനെ അസ്മഈ അതിനു താഴെ ഇങ്ങനെ എഴുതി:

(പ്രേമത്തെ പ്രതിരോധിക്കുക, സഹിച്ച് കീഴടങ്ങുക).
(يداري هواه ثم يكتم سره ويخشع في كل الأمور ويخضع)

രണ്ടാംനാളും അതുവഴിയെ പോകുമ്പോൾ അവിടെ ഇങ്ങനെ ഒരു വരിയും കൂടി കണ്ടു.

(പ്രേമം യുവാവിനെ കൊല്ലാ കൊല ചെയ്യുമ്പോൾ
എങ്ങിനെ പ്രതിരോധിക്കും?
ഓരോ ദിവസവും അയാളുടെ ഹൃദയം മുറിഞ്ഞു വീഴുകയാണ്).

(وكيف يداري والهوى قاتل الفتى وفي كل يوم قلبه يتقطع)

അപ്പോൾ അസ്മഈ അതിനു താഴെ എഴുതി:

(എങ്കിൽ അയാൾക്കു മരണമേ രക്ഷയുള്ളൂ)

(إذ لم يجد صبراً لكتمان سره فليس له شيء سوى الموت ينفع)

മൂന്നാം പക്കം അതേ വഴിയേ പോകുമ്പോൾ
ആ പാറയ്ക്കു സമീപം ഒരു യുവാവ് മരിച്ചു കിടക്കുന്നതു കണ്ടു.
അയാൾക്കു സമീപം വീണുകിടക്കുന്ന ഒരു തോലിൽ
ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു:

(കേട്ടു. അനുസരിച്ചു.
കൂടി ച്ചേരാൻ അനുവദിക്കാത്തവന് (അവളുടെ തന്തക്കു)
എന്റെ സലാം കൊടുത്തയക്കൂ.
സമ്പന്നർ അനുഗ്രഹങ്ങൾ കൊണ്ട് സുഖിക്കട്ടെ.
അനുരാഗിക്കെപ്പോഴും കടിച്ചിറക്കാനുള്ളത് നോവു മാത്രം)

(سمعنا أطعنا ثم متنا فبلغوا * سلامي الى من كان للوصل يمنع
هنيئاً لأرباب النعيم نعيمهم * وللعاشق المسكين ما يتجرع )

Wednesday, September 7, 2011

സ്വപ്നം - ഖലീൽ ജിബ്രാൻ


സ്വപ്നം.
ജിബ്രാൻ ഖലീൽ ജിബ്രാൻ.
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


രാത്രി കടന്നു വരികയും ഇരുട്ടിന്റെ മൂടുപടം ഭൂമുഖത്തെ ആവരണം ചെയ്യുകയും ചെയ്തപ്പോൾ ഞാനെന്റെ വിരിപ്പിൽ നിന്നെഴുന്നേറ്റ് കടലിനെ ലക്ഷ്യം വെച്ചു നടന്നു. നടക്കുമ്പോൾ ഞാനിങ്ങനെ ഉരുവിടുന്നുണ്ടായിരുന്നു.
‘കടൽ ഉറങ്ങാറില്ല. കടലിന്റെ ഉണർവ്വിൽ ഉറങ്ങാത്ത ആത്മാവുകൾക്കു ശാന്തി ലഭിക്കാറുണ്ട്’.

കടൽ തീരത്തെത്തിയപ്പോൾ കോടമഞ്ഞ് മലമുകളിൽ നിന്നിറങ്ങി വന്ന് ആ പ്രദേശങ്ങളെയാകെ മൂടിക്കളഞ്ഞിട്ടുണ്ടായിരുന്നു. സുന്ദരിയായ പെൺകുട്ടിയുടെ വദനം മൂടിയ നരച്ച മുഖപടം പോലെ തോന്നിച്ചു അത്. പട്ടാളച്ചിട്ടയുള്ള തിരമാലകളെ ഞാൻ നോക്കി. അവയുടെ മുദ്രാവാക്യങ്ങൾക്കു ചെവികൊടുത്തു. പിന്നിൽ മറഞ്ഞിരിക്കുന്ന അജയ്യമായ ശക്തിയെ കുറിച്ച് ചിന്തിച്ചു. ആ ശക്തിയാകുന്നു കൊടുങ്കാറ്റുകൾക്കൊപ്പം നൃത്തം വെക്കുന്നത്. അഗ്നി പർവ്വതങ്ങളുടെ കൂടെ തിളച്ചു മറിയുന്നത്. പൂവുകളുടെ ദന്തങ്ങളിലൂടെ പുഞ്ചിരിക്കുന്നത്. കാട്ടുചോലകൾക്കൊപ്പം പാട്ടു പാടുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. അടുത്തു തന്നെയുള്ള പാറപ്പുറത്ത് മൂന്നു പ്രേതങ്ങൾ വന്ന് സ്ഥാനം പിടിച്ചിരിക്കുന്നു. കോട അവരെ മൂടിയിട്ടുണ്ട്. എന്നാലും എനിക്കവരെ കാണാം. ഞാൻ സാവധാനം അടുത്തേക്കു നടന്നു. എന്റെ ഉൾക്കരുത്തിനെ അവരിലേക്ക് അടുപ്പിക്കാൻ പാകത്തിൽ എന്തോ ഒരാകർഷണ ശക്തി ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

ഏതാനും ചുവടുകൾ മാത്രം അകലെതെത്തിയപ്പോൾ എന്റെ മനോധൈര്യത്തെ ശീതീകരിക്കുകയും എന്റെ ആത്മാവിന്റെ ഭാവനകളെ തട്ടിയുണർത്തുകയും ചെയ്യുന്ന ഒരു മാന്ത്രിക പ്രഭാവം അനുഭവപ്പെട്ടതു പോലെ ഒരു നിമിഷം ഞാൻ നിൽക്കുകയും അവരെ തുറിച്ചു നോക്കുകയും ചെയ്തു.
ഞാൻ മെല്ലെ ഒരു പ്രേതത്തിന്റെ തൊട്ടടുത്തു ചെന്നു നിന്നു. ആഴിയുടെ അടിത്തട്ടിൽ നിന്നു വരുന്നതു പോലെയുള്ള ശബ്ദത്തിൽ അത് അലറി വിളിച്ചു:
“സ്നേഹ ശൂന്യമായ ജീവിതം പൂക്കളും കായകളുമില്ലാത്ത വൃക്ഷം പോലെയാണ്. സൌന്ദര്യമില്ലാത്ത സ്നേഹം സുഗന്ധമില്ലാത്ത പൂവു പോലെയും വിത്തുകളില്ലാത്ത പഴം പോലെയുമാണ്. ജീവിതവും സ്നേഹവും സൌന്ദര്യവും മാറ്റത്തേയും വിഭജനത്തെയും സ്വീകരിക്കാത്ത സ്വതന്ത്രമായ ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

പിന്നെ രണ്ടാമത്തെ പ്രേതം എഴുന്നേറ്റു നിന്നു. കുത്തിയൊഴുകുന്ന ജലപ്രവാഹം പോലെ അത് ഇരമ്പി. “നിഷേധങ്ങളില്ലാത്ത ജീവിതം വസന്തങ്ങളില്ലാത്ത കാലം പോലെയാണ്. സത്യത്തെ കൂട്ടു പിടിക്കാത്ത നിഷേധം വരണ്ട മരുഭൂമിയിൽ വിരിയുന്ന വസന്തം പോലെയാണ്. ജീവിതവും നിഷേധവും സത്യവും മാറ്റത്തേയും വിഭജനത്തേയും സ്വീകരിക്കാത്ത ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

അടുത്ത ഊഴം മൂന്നാമന്റേതായിരുന്നു. മൂന്നാമത്തെ പ്രേതം എഴുന്നേറ്റു നിന്നു. ഇടിനാദം പോലെയുള്ള ശബ്ദത്തിൽ അലറി:
“സ്വാതന്ത്ര്യമില്ലാത്ത ജീവിതം ജീവനില്ലാത്ത ശരീരം പോലെയാണ്. ചിന്തകളില്ലാത്ത സ്വാതന്ത്ര്യം കെണിയിലകപ്പെട്ട ആത്മാവിനെ പോലെയാണ്. ജീവിതവും സ്വാതന്ത്ര്യവും ചിന്തയും മങ്ങിമറയാത്തതും അനന്തവുമായ ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

അതിനു ശേഷം മൂന്നു പ്രേതങ്ങളും ഒന്നിച്ചെഴുന്നേറ്റു നിന്ന് ഇങ്ങനെ പ്രസ്താവിച്ചു;
“സ്നേഹവും അതിന്റെ ഉത്പന്നവും നിഷേധവും അതിന്റെ പുരോഗതിയും ദൈവത്തിന്റെ മൂന്നു മുഖങ്ങളാവുന്നു. ദൈവമാണെങ്കിലോ ബുദ്ധിമാനായ ജ്ഞാനിയുടെ ഹൃദയവും”.

പിന്നീട് അസാധാരണമായ ചിറകടികളുടെ മൂളക്കവും ദിവ്യമായ ശരീരങ്ങളുടെ നടുക്കവും മൂലം ഉരുവപ്പെട്ട സർവ്വ വ്യാപിയായ ഒരു മൌനം പരിസരങ്ങളെയാകെ മൂടിപ്പുതച്ചു. അല്പം മുമ്പ് കേട്ട അശരീരികളുടെ ഇരമ്പലുകൾക്ക് ചെവി കൊടുത്ത് ഞാനെന്റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചു. ശേഷം കണ്ണു തുറന്നപ്പോൾ കോട മൂടിയ കടലിനെയല്ലാതെ മറ്റൊന്നും കണ്ടില്ല. മൂന്നു പ്രേതങ്ങളും സ്ഥാനം പിടിച്ചിരുന്ന പാറക്കെട്ടിനടുത്തേക്ക് ചെന്നപ്പോൾ ധൂമ പടലങ്ങളുടെ ഒരു സ്തൂപം ആകാശത്തിലേക്ക് ഉയർന്നു പോകുന്നുണ്ടായിരുന്നു.

Saturday, July 30, 2011

റമളാനു സ്വാഗതം (അറബിക്കവിത)



ഉൽബുദ്ധരായ ജനങ്ങളേ;
ഇതാ റമളാൻ കടന്നു വരുന്നു;
നീണ്ട നാളുകൾക്കു ശേഷം വരുന്ന (അതിഥിയെ)
നിങ്ങൾ സ്വീകരിച്ചാനയിക്കുക.

ഒരു വർഷം അശ്രദ്ധമായി നാം കഴിഞ്ഞു കൂടി.
ഇനി ഉണരൂ..
ആയുസ്സെന്നാൽ
മേഘത്തിന്റെ തണൽ പോലെയാണ്.

പ്രയാസങ്ങൾ സഹിക്കാനായി തയ്യാറാവൂ,
ക്ഷമിക്കുന്നവനു കിട്ടുന്ന പ്രതിഫലത്തിന്
കയ്യും കണക്കുമില്ല.

അല്ലാഹുവാകുന്നു നോമ്പുകാരന്
പ്രതിഫലം കൊടുക്കുന്നത്;
അവനു വേണ്ടിയാണല്ലോ
എല്ലാ പ്രയാസങ്ങളേയും അവൻ
തോൽ‌പ്പിക്കുന്നത്.

റയ്യാൻ കവാടത്തിലൂടെ
നോമ്പുകാരൻ മാത്രമേ ഉള്ളിൽ കടക്കൂ..
കവാടങ്ങളിൽ നോമ്പിന്റെ കവാടത്തെ
പ്രത്യേകം ഗൌനിക്കണം.

റമളാനിലെ പകലിലെ ചൂടിനു പകരം
നരകത്തിലെ തീക്കാറ്റടക്കം
മുഴുവൻ ശിക്ഷകളിൽ നിന്നും
അല്ലാഹു നിങ്ങൾക്കു സംരക്ഷണം തരുന്നു.

എല്ലാ പാനീയങ്ങളേക്കാൾ മുന്തിയ
ഇഞ്ചിനീർ കലർത്തിയ സൽസബീൽ പാനീയം
അല്ലാഹു അവർക്കു കുടിക്കാൻ
കൊടുക്കുന്നതുമായിരിക്കും.

ഇതൊക്കെയാകുന്നു
അല്ലാഹുവിന്റെ പക്കലുള്ള പ്രതിഫലങ്ങൾ.

അങ്ങനെ ആദരവിന്റെയും സൗഹൃദത്തിന്റെയും
പുണ്യം നേടി അവർ ഉന്നതങ്ങളിൽ സ്ഥാനം പിടിക്കുന്നു.

എല്ലാ തിന്മകളിൽ നിന്നുമുള്ള ഒരു പരിചയാകുന്നു വ്രതം.
അത് തെറ്റിനേയും നാശത്തേയും ഉന്മൂലനം ചെയ്യുന്നു.

നോമ്പ് എല്ലാ അധമ വികാരങ്ങളെയും ചങ്ങലക്കിടും.
പിരടികളിൽ പിടിമുറുക്കിയ
അടിമത്തത്തിൽ നിന്നും മോചനം തരും.

അയൽപക്കം,സാഹോദര്യം കുടുംബം, സൗഹൃദം
എന്നീ ബന്ധങ്ങളുടെ അവകാശങ്ങൾ
വക വെച്ചു കൊടുക്കാത്തവൻ
നോമ്പ് അനുഷ്ഠിച്ചിട്ടിച്ചവനല്ല.

പരദൂഷണം വഴിയുള്ള മാംസ ഭോജിയും
തോന്നിവാസം പറയുന്നവനും
കുഴപ്പങ്ങൾക്കു വേണ്ടി ശ്രമിക്കുന്നവനും
നോമ്പ് എടുത്തവനല്ല.

കള്ള സാക്ഷി പറയുന്നവനും
സ്വഭാവത്തിലും പെരുമാറ്റത്തിലും
വീഴ്ച വരുത്തുന്നവനും
നോമ്പ് ഏടുത്തിട്ടില്ല.

പാതിവൃത്യം, ഭക്തി,
അകന്നവരോടും അപരിചതരോടും അടുപ്പം സ്ഥാപിക്കുക
എന്നിവയുടെയൊക്കെ പാഠ ശാലയാകുന്നു നോമ്പ്.

സാഹോദര്യത്തെ വരിഞ്ഞു മുറുക്കുന്ന
അരപ്പട്ടയാകുന്നു നോമ്പ്;
കുടുംബം സുഹൃത്തുക്കൽ എന്നിവരുമായി
ബന്ധിപ്പിക്കുന്ന നല്ല പാശവുമാകുന്നു നോമ്പ്.

ആതിഥേയത്വം, സമർപ്പണം, ദാനം
എന്നിവയെല്ലാം മേളിക്കുന്ന സാഹോദര്യത്തിന്റെ
അധ്യായം തന്നെയാകുന്നു റമളാൻ.

ദൃഢ നിശ്ചയം, ക്ഷമ, നിരാസം,
ആത്മ ശുദ്ധീകരണം, ത്യാഗം
എന്നിവയുടെയും മാസമാകുന്നു റമളാൻ.

നോമ്പു കൊണ്ട് ദാഹവും വിശപ്പും ക്ഷീണവുമല്ലാതെ
മറ്റൊരു ഫലവും സിദ്ധിക്കാത്ത എത്ര നോമ്പുകാരാണുള്ളത്!!.

ഭക്ഷണം ഉപേക്ഷിച്ചവരെല്ലാം വ്രതമെടുത്തവരല്ല.
അഭിലാഷങ്ങളും പാനീയങ്ങളും വർജ്ജിച്ചവനും തഥൈവ.

പ്രവാചകന്മാരും അവരുടെ സഖാക്കളും നേടിയ
നോമ്പിന്റെ അത്യുന്നത ലക്ഷ്യങ്ങൾ
ഇവരെപൊലെയുള്ള ആളുകൾ കൈ വരിക്കുകയില്ല.

വ്രതത്തെ തെറ്റു കൊണ്ട് മലീമസമാക്കാത്തെ
പ്രവാചകന്മാരും അനുചരരും വിശുദ്ധി കാത്തു സൂക്ഷിച്ചു.

അവർ പ്രജാപതികൾ!,
അല്ലെങ്കിൽ അവരെപ്പോലെ കഴിഞ്ഞവർ!
നീയാണെങ്കിലോ മുണ്ടിട്ട് മൂടി, തിന്നു നടക്കുന്നു,

വ്രതം അവരുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ചു.
അങ്ങനെയവർ കാലത്തിന്റെ
സംസാര വിഷയങ്ങളായിത്തീർന്നു.

ദുനിയാവിൽ നിന്നും അതിന്റെ പ്രലോപനങ്ങളിൽ നിന്നും
അവർ ഉണ്ണാവൃതമെടുത്തു,
അഭിലാഷങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും വ്രതമെടുത്തു.

നോമ്പ് പിടിച്ചു കൊണ്ടു തന്നെ അവർ
ശത്രുക്കൾക്കെതിരെ പൊരുതി;
വ്രത മാസം കൊണ്ട് വലിയ വിജയം
നേടുകയും ചെയ്തു.

നോമ്പെടുത്തെന്നു കരുതി
നിസ്കരിക്കാനോ വിശുദ്ധ വേദം പാരായണം ചെയ്യാനോ
അവർ മറന്നു പോയില്ല.

പകൽ സമയത്ത് അവർ കുതിച്ചു മുന്നേറുന്ന സിംഹങ്ങൾ,
ഇടിനാദങ്ങളും പോരാട്ടത്തിന്റെ മിന്നൽ പിണരുകളും
അവരിൽ നിന്നും കേൾക്കാം.

എന്നാൽ രാത്രി ഇരുളുമ്പോൾ മിഹ്റാബുകൾക്കുള്ളിൽ
ഒളിച്ചിരുന്നു കരയുന്ന പുരോഹിതന്മാരാണവർ.

അവരുടെ കൂടെച്ചേർന്ന് വ്രതമെടുക്കുന്നവർക്ക് ആശംസകൾ!.
വേട്ടയുടെ മാസം!,
മാന്യന്മാരുടെ മാസം,...
ഇതാ വരുന്നു..
നമോവാകം!!.
(Author unknown. Text available in the 'Arabic Texts' page)

Wednesday, July 13, 2011

അറേബ്യൻ ഭരണാധികാരിയുടെ ബയോഡാറ്റ.



രക്ത ദാഹിയായ അറേബ്യൻ ഭരണാധികാരിയുടെ ബയോഡാറ്റ
.
നിസാർ ഖബ്ബാനി / സിറിയ (21 March 1923 – 30 April 1998)
---------------------------------------

മാന്യ മഹാ ജനങ്ങളേ:
ഞാൻ നിങ്ങളുടെ സുൽത്താനായി
അവരേധിക്കപ്പെട്ടിരിക്കുന്നു
നിങ്ങൾ ദുർമ്മാർഗ്ഗത്തിലായിരുന്നു,
നിങ്ങളുടെ വിഗ്രഹങ്ങൾ നിങ്ങൾ തന്നെ തച്ചുടക്കുക,
ഇനിമേൽ എന്നെ മാത്രം ആരാധിക്കുക...

ഞാൻ എപ്പോഴും നിങ്ങളെ മുഖം കാണിക്കില്ല..
സംയമനത്തിന്റെ നടപ്പാതയിൽ
നിങ്ങളെന്നെ കാത്തിരിക്കുക
എങ്കിൽ നിങ്ങൾക്കെന്നെ കാണാം.

റൊട്ടിയില്ലാതെ കുട്ടികളെ ഉപേക്ഷിച്ചേക്കൂ..
ഭർത്താക്കന്മാരില്ലാതെ സ്ത്രീകളെയും ഒഴിവാക്കിയേക്കൂ..
എന്നിട്ട് എന്നെ ശ്രദ്ധിക്കൂ..
എനിക്കു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക്
നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുവിൻ!,
അവൻ എന്നെ നിയോഗിച്ചത്
ചരിത്രം എഴുതി വെക്കാനാണ്.
ഞാനില്ലാതെ ചരിത്രവും ഇല്ല.

സൌന്ദര്യത്തിൽ ഞാൻ യൂസുഫാകുന്നു,
എന്റേതു പോലെയുള്ള സ്വർണ്ണകേശങ്ങൾ
പടച്ചവൻ വേറെ സൃഷ്ടിച്ചിട്ടില്ല.
പ്രവാചകന്റേതു പോലുള്ള
ഈ കപോലങ്ങളും മറ്റാർക്കുമില്ല.
എന്റെ കണ്ണുകൾ ഒലിവിന്റെയും
അക്രോട്ടിന്റെയും കാടുകളാകുന്നു,
എന്റെ കണ്ണുകളെ കാത്തു സംരക്ഷിക്കാൻ
നിങ്ങൾ അല്ലാഹുവിനോടു പ്രാർത്ഥിക്കുക,

മാന്യമഹാ ജനങ്ങളേ,
ഞാൻ മജ്നൂൻ ലൈല!.
നിങ്ങളുടെ ഭാര്യമാരെ എന്റെയടുത്തേക്കു പറഞ്ഞയക്കൂ;
അവർ എന്നിൽ നിന്നും ഗർഭം ധരിക്കട്ടെ.
നിങ്ങളുടെ ഭർത്താക്കന്മാരെ എന്റെയടുത്തേക്കു വിടൂ
അവർ എനിക്കു നന്ദി പ്രകടിപ്പിക്കട്ടെ.

എന്റെ ശരീരത്തിൽ നിന്നുൽപ്പാദിപ്പിക്കുന്ന
ദാന്യം ഭക്ഷിക്കുന്നതിൽ
നിങ്ങൾ അഭിമാനം കൊള്ളണം.
എന്റെ ബദാം കായും എന്റെ അത്തിപ്പഴവും
പറിച്ചെടുക്കുന്നതിൽ നിങ്ങൾ അഭിമാനം കൊള്ളണം.
നിങ്ങൾ എന്നെപ്പോലെയായാൽ അതിലും നിങ്ങൾക്ക്
അഭിമാനത്തിനു വകയുണ്ട്.
ഞാൻ ആയിരമായിരം വർഷങ്ങൾക്കു മുമ്പ്
ഉത്ഭൂതനായവനാണ്.

2

മാന്യ മഹാ ജനങ്ങളേ,
ഞാൻ അനാദി !
നീതിമാൻ !
മറ്റെല്ലാ ഭരണാധികാരികളേക്കാൾ സുന്ദരൻ !,
ഞാൻ പൌർണ്ണമി !,
മുല്ലപ്പൂ പോലെ വെളുത്തവൻ !,
ആദ്യത്തെ കഴുമരം കണ്ടു പിടിച്ചവൻ ഞാൻ !,
മഹാനായ പ്രവാചകനും ഞാൻ !!.

അധികാരവും വലിച്ചെറിഞ്ഞു പലായനം ചെയ്യാൻ
ഞാൻ ആലോചിക്കുമ്പോഴൊക്കെ
എന്റെ മനസ്സ് എന്നെ തടഞ്ഞു നിർത്തി ചോദിക്കും:
‘നിങ്ങൾ പോയാൽ ഈ നല്ല മനുഷ്യരെ ആരു ഭരിക്കും?
മുടന്തന്മാരെയും പാണ്ടുള്ളവരെയും അന്ധരെയും
ആരു ശുശ്രൂഷിക്കും?
മരിച്ച എല്ലുകൾക്ക് ആരു ജീവൻ നൽകും?
കോട്ടിനുള്ളിൽ നിന്നും ആരു ചന്ദ്രികയുടെ വെട്ടം
പുറത്തെടുക്കും?
ആരു ജനങ്ങൾക്കു വേണ്ടി മഴ പെയ്യിക്കും?
ആര് എഴുപത് ചാട്ടവറടി നടപ്പിൽ വരുത്തും?
ആരു അവരെ മരക്കുരിശിൽ തറയ്ക്കും?
പശുവിനെപ്പോലെ ജീവിക്കാനും
പശുവിനെ പ്പോലെ ചാവാനും
ആര് അവരെ പ്രേരിപ്പിക്കും?...’

ഇവരെ ഉപേക്ഷിച്ചു പോകാൻ
ഞാൻ ചിന്തിക്കുമ്പോഴൊക്കെ
എന്റെ കണ്ണുകൾ കാർമേഘങ്ങൾ കണക്കെ നിറയുന്നു,
അങ്ങനെ ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ച്
ഇന്നു മുതൽ ഒടുക്കത്തെ ദിനം വരേ
പൊതുജനത്തിന്റെ പുറത്തു കയറി സവാരി ചെയ്യാൻ
തീരുമാനിക്കുന്നു,

3

മാന്യ മഹാ ജനങ്ങളേ,
ഞാൻ നിങ്ങളിൽ വെച്ചേറ്റവും വലിയ സമ്പന്നൻ!,
എനിക്കു കുതിരകളുണ്ട്, അടിമകളുണ്ട്.
എന്റെ കൊട്ടാരത്തിലെ പരവതാനിയിൽ
നടക്കുന്നതു പോലെ
ഞാൻ നിങ്ങളുടെ കൂടെ നടക്കുന്നു.
ഞാൻ എഴുന്നേൽക്കുമ്പോൾ
നിങ്ങൾ തല കുനിക്കുക,
ഞാൻ ഇരിക്കുമ്പോൾ
നിങ്ങൾ തല കുനിക്കുക.
എന്റെ പിതാക്കന്മാരുടെ താളിയോലകളിൽ വച്ചല്ലേ
ഞാൻ നിങ്ങളെ കണ്ടു മുട്ടിയത്?

ഒരു പുസ്തകവും നിങ്ങൾ വായിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നിങ്ങൾക്കു വേണ്ടി ഞാൻ വായിക്കാം.
ഒരു വരിയും എഴുതാതിരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം.
നിങ്ങൾക്കു വേണ്ടി ഞാൻ എഴുതാം.
രഹസ്യ വൈഡൂര്യത്തിന്റെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ട.
നിങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എനിക്കു നന്നായറിയാം
കബറിൽ പോലും എന്റെ സമ്മതമില്ലാതെ
നിങ്ങൾ പ്രവേശിക്കരുത്.
നമ്മുടെ പക്കൽ അങ്ങനെ ചെയ്യുന്നത്
കൊടും പാതകമാണ്.
നിങ്ങൾ എപ്പോഴും മൌനം പാലിക്കുക
ഞാൻ നിങ്ങളോടു സംസാരിക്കുമ്പോൾ
എന്റെ വാക്കുകൾ വേദവാക്യങ്ങളായിരിക്കും.

4

മാന്യ മഹാ ജനങ്ങളേ,
ഞാൻ നിങ്ങളുടെ ‘വാഗ്ദത്ത മഹ്ദി’യാകുന്നു;
എന്നെ നിങ്ങൾ കാത്തിരിക്കുക,
എന്റെ ഹൃദയ ധമനികളിൽ നിന്നും നിർഗ്ഗളിക്കുന്ന രക്തം
നിങ്ങൾ പാനം ചെയ്യുക,
കുട്ടികൾ ആലപിക്കാറുള്ള എല്ല ദേശീയ ഗാനങ്ങളും
നിർത്തിക്കളയുക,
ഞാൻ തന്നെയാകുന്നു ദേശം.
പ്രപഞ്ചത്തിൽ അനശ്വരനായിട്ടുള്ളത്
ഞാൻ മാത്രമാകുന്നു.
ആപ്പിളിന്റെയും ഓടക്കുഴലിന്റെയും ഓർമ്മകളിൽ
സൂക്ഷിക്കപ്പെട്ടവൻ ഞാൻ.
സംഗീതങ്ങളുടെ അന്നം ഞാൻ.
മൈതാനങ്ങളിൽ എന്റെ ചിത്രം ഉയർത്തിക്കെട്ടുക
വാക്കുകളുടെ മുകിലുകൾ കൊണ്ട് എന്നെ മൂടുക.
ഏറ്റവും പ്രായം കുറഞ്ഞ പെണ്ണിനെ
എനിക്കു വേണ്ടി കല്ല്യാണാലോചന നടത്തുക.
ഞാൻ അത്രക്കു വൃദ്ധനല്ല
എന്റെ ശരീരത്തിനു വാർദ്ധക്യം ബാധിക്കില്ല,
എന്റെ സാമ്രാജ്യത്തിലെ ഗോതമ്പു കതിരുകൾക്കും
വാർദ്ധക്യമില്ല.

മാന്യ മഹാ ജനങ്ങളേ,
ഞാൻ ‘ഹജ്ജാജ് ’
എന്റെ മുഖംമൂടി അഴിച്ചു നോക്കൂ..
ഞാൻ ചെങ്കിസ് ഖാൻ
ഉടനെ ഞാനെത്തും.

എന്റെ പടയാളികൾക്കും
എന്റെ വേട്ടനായ്ക്കൾക്കും വേണ്ടി
നിങ്ങൾ വലയം തീർക്കുക,
എന്റെ അടിച്ചമർത്തലിൽ നിങ്ങൾക്ക്
അമർഷം തോന്നരുത്;
നിങ്ങളെന്നെ കൊല്ലാതിരിക്കാനാണ്
ഞാൻ യുദ്ധം ചെയ്യുന്നത്.
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കാനാണ്
ഞാൻ തൂക്കിക്കൊല്ലുന്ന പണിയെടുക്കുന്നത്.
നിങ്ങളെന്നെ കുഴിച്ചിടാതിരിക്കാനാണ്
ആ പൊരു ശ്മശാനത്തിൽ
നിങ്ങളെ ഞാൻ സംസ്കരിക്കുന്നത്.

5

മാന്യ മഹാ ജനങ്ങളേ:
എന്നെക്കുറിച്ചെഴുതിയ പത്രങ്ങൾ
നിങ്ങൾ വാങ്ങി വായിക്കൂ..
അവ പാതയോരത്ത് വേശ്യകളെപ്പോലെ
പ്രദർശിക്കപ്പെട്ടിട്ടുണ്ട്.

എനിക്കും വേണ്ടി
വസന്തത്തിന്റെ പൊൻകിരണങ്ങളെ പോലെ
തിളങ്ങുന്ന ഹരിതവർണ്ണങ്ങളുള്ള കടലാസുകൾ വാങ്ങുക,
പിന്നെ മഷിയും… അച്ചടി യന്ത്രവും..
എല്ലാം എന്റെ കാലത്തുള്ളതു തന്നെയായിരിക്കണം;
എഴുതാനുള്ള വിരലുകൾ പോലും.

എനിക്കു വേണ്ടി ചിന്തയുടെ കായകൾ വാങ്ങി
എന്റെ മുമ്പിൽ വയ്ക്കുക.
എന്നിട്ടു അതു കൊണ്ട് ഒരു കവിയെ പാകം ചെയ്യുക
ആ കവിയെ എന്റെ തീൻമേശയിൽ വയ്ക്കുക.

ഞാൻ നിരക്ഷരനാണ്;
എന്നാലും എന്റെയടുത്ത്
മഹാന്മാരായ കവികൾ സൃഷ്ടി കർമ്മം നടത്തിയ
ഇതിവൃത്തങ്ങളുണ്ട്.
എന്റെ സൌന്ദര്യത്തെ പാടിപ്പുകഴ്ത്തിയ
കവിതകൾ നിങ്ങൾ വാങ്ങിക്കൂട്ടുക.
എല്ലാ ഐശ്വര്യങ്ങളുമുള്ള താരമായി
എന്നെ നിങ്ങൾ വാഴ്ത്തുക
ഒരൊറ്റ നർത്തകന്മാർക്കും
നാടക നടന്മാർക്കും
എന്റെയത്ര സൌന്ദര്യമില്ല.
ഇല്ലാത്ത പണം കൊടുത്ത്
ഞാൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ വാങ്ങുന്നു

ബശാറുബ്ൻ ബർദിന്റെ കാവ്യങ്ങളും
മുതനബ്ബിയുടെ ചുണ്ടുകളും
ലബീദിന്റെ പാട്ടുകളും ഞാൻ വിലകൊടുത്തു വാങ്ങുന്നു.

പൊതുമുതലിലെ കോടികൾ മൊത്തവും
എന്റെ പിതാക്കന്മാരിൽ നിന്നും
എനിക്ക് അനന്തിരമായി ലഭിച്ചതാണ്.

എന്റെ സ്വർണ്ണങ്ങളെടുത്ത്
സുപ്രധാന മതഗ്രന്ഥങ്ങളിലെല്ലാം ഇങ്ങനെ
രേഖപ്പെടുത്തൂ..
‘എന്റെ ഭരണ കാലം ഹാറൂൺ റഷീദിന്റെ ഭരണമാകുന്നു’ എന്ന്.
- - - - - (തീർന്നിട്ടില്ല)
(the complete poem will be given upon request)

Wednesday, May 25, 2011

ഒഴിഞ്ഞു പോകൂ... (അറബിക്കവിത)


അഹമദ് മഥർ.

(ഇപ്പോൾ അറബ് നാടുകളിലെ തെരുവുകളിൽ ഏകാധിപത്യങ്ങൾക്കെതിരെ കലാപം നടത്തുന്ന ചെറുപ്പക്കാർ ജനിക്കുന്നതിനു മുമ്പേ ഭരണാധികാരികൾക്കെതിരെ വാക്കുകൾ കൊണ്ട് പൊരുതിത്തുടങ്ങിയ കവിയാണ്‌ അഹ്‌മദ് മഥർ. 1954-ൽ ഇറാഖിലെ ബസറയിൽ ജനിച്ച ഈ കവി 25 കൊല്ലമായി ബ്രിട്ടണിൽ കഴിയുകയാണ്‌.)

ഉളുപ്പ് കുറച്ചെങ്കിലും ബാക്കിയുള്ളവർ
ദയവു ചെയ്ത്
രാജി വെച്ചു പുറത്തു പോകണം.

നിങ്ങളുടെ ഒഴിഞ്ഞു പോക്ക്
മാത്രമാണ്‌ ഞങ്ങൾ ആവശ്യപ്പെടുന്നത്.

നിങ്ങൾ ഞങ്ങൾക്കു വേണ്ടി
ബാക്കിയാക്കിയ എല്ലാ നെറികേടുകളും
ഞങ്ങൾ മറന്നാലും;
നിങ്ങൾ ചെയ്യുന്ന ഈ ഒരു നല്ല കാര്യം
ഞങ്ങൾ ഒരിക്കലും മറക്കില്ല.

ഉടനെ പുറത്തു പോകൂ..
നിങ്ങൾ കരുതുന്നുണ്ടോ?
‘അല്ലാഹു നിങ്ങൾക്കു പകരം
മറ്റൊരാളെ ഇതിനു വേണ്ടി
സൃഷ്ടിക്കുകയില്ല’ എന്ന്.

മറ്റുള്ളവർക്കില്ലാത്ത
എന്തു പ്രത്യേകതയാണ്‌
നിങ്ങൾക്കുള്ളത്?

അപമാനം എടുത്തണിയാനും
പാശ്ചാത്യന്മാർക്കു വേണ്ടി
ദല്ലാൾ പണിയെടുക്കാനും
ഒരു മനുഷ്യന്‌ അത്ര പ്രയാസമുള്ള
കാര്യമല്ല.

പീരങ്കി കൈവശമുണ്ടെങ്കിൽ
ഏതു കുരങ്ങനും
ഒരാനയെ വെടിവെച്ചിടുക എന്നത്
ബുദ്ധിമുട്ടുള്ള കാര്യമാണോ?

Wednesday, May 11, 2011

ഉസാമ - മറ്റൊരു കവിത (അറബി)



(കഴിഞ്ഞ പോസ്റ്റിലെ ഉസാമയുടെ കവിത ശ്രദ്ധിച്ചിരിക്കുമല്ലോ?
അൽ ജസീറ ടെലിവിഷനിൽ ഒരു അഭിമുഖത്തിനിടെ ഉസാമ പാടിയതാണത്.
അതിനു മറുപടിയായി ഒരറബിക്കവി എഴുതിയ കവിതയാണു ചുവടെ.
താങ്കൾ പറയുന്നതു സത്യമാണെങ്കിൽ ഞങ്ങളും താങ്കളുടെ കൂടെയാണ്‌ എന്നാണ്‌ ഈ കവിതയുടെ ചുരുക്കം. ഇതു ഉസാമയുടെ കവിതയാണെന്ന് പലരും പറയുന്നുണ്ട്. വിശ്വസനീയമായ രഫറൻസ് ലഭിച്ചിട്ടില്ല.)

ഓ, ഉസാമാ, ഒന്നു നില്ക്കൂ..
ആരെയാണു താങ്കൾ വിളിക്കുന്നത്?
വിശുദ്ധ യുദ്ധത്തിനു പുറപ്പെടാൻ
ആരോടാണാവശ്യപ്പെടുന്നത്?

നിശാ ക്ലബ്ബുകളിൽ നർത്തകിമാരോടു കൂടെ
കഴിയുന്ന ഭരണാധികാരി
ഇസ്‌ലാമിനെ സഹായിക്കാൻ
ഇറങ്ങി വരുമെന്നോ?
തമ്പുരാൻ സാക്ഷി, ഒരിക്കലും വരില്ല;
കാരണം അയാൾക്കു ജീവൻ തന്നെയില്ല!.

പിന്നെ മുസ്‌ലിം സമൂഹത്തെയാണോ ക്ഷണിക്കുന്നത്?
എന്റെ സമുദായം മലയടിവാരങ്ങളിലെ
കല്ലുകൾ പോലെ, അണുക്കളെ പോലെ
എണ്ണമറ്റതാണ്‌,
പക്ഷേ, എല്ലാം വെറും ധൂളികളാണ്‌.
ശത്രുവിന്‌ അവരെ തെല്ലും ഭയമില്ല.

ഓ, ഉസാമാ,
നമ്മുടെ പക്കൽ വിമാനങ്ങളുണ്ട്,
ആയുധങ്ങളുണ്ട്, യുദ്ധ സാമഗ്രികളുണ്ട്,
പക്ഷേ, നമ്മുടെ ആവശ്യങ്ങൾക്കൊന്നും
അതുപകരിക്കുന്നില്ല.
പ്രത്യുത, ദൈവ നിഷേധികൾ നമ്മുടെ നാട്ടിൽ വന്ന്
മഥിച്ചു നടക്കുന്നതാണു നാം കാണുന്നത്.

നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും
ആണുങ്ങളെ സംരക്ഷിക്കാൻ
നിരവധി റോമൻ പെണ്ണുങ്ങൾ നമ്മുടെയടുത്ത് വന്നിരിക്കുന്നു,

നമ്മൾ സമധാന ചർച്ചകളിൽ സിംഹങ്ങളാണ്‌,
യുദ്ധക്കളത്തിലോ വെറും വെട്ടുകിളികളും,

നമ്മുടെയിടയിൽ സലാഹുദ്ധീനുകളില്ല,
ഖാലിദില്ല, സിയാദില്ല.

ഭൗതികമായ ജീവിത സുഖത്തിൽ
നാം മുങ്ങിക്കുളിച്ചിരിക്കുകയാണ്‌,
പരലോക ജീവിതത്തെ നാം പറ്റെ മറന്നു പോയിരിക്കുന്നു.

നേടാനായി ജീവിത കാലം മുഴുവൻ ചിലവഴിച്ച ഒരു പദവി
നീ ഇപ്പോൾ ഉപേക്ഷിക്കുകയാണോ?
അതിനു വേണ്ടി ഒരുക്കിയ വിഭവങ്ങളും വലിച്ചെറിയുകയാണോ?

സ്നേഹ സമ്പന്നയായ ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട്
എന്റെ ഒരു സുഹൃത്ത് വിട പറയുന്നു,
നല്ലവനായ മറ്റൊരു സമരിയക്കാരൻ
അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നു,
മൂന്നാമതൊരാൾ സ്വർണ്ണത്താലിയേക്കാൾ വിലപിടിച്ച
മകനെയും മകളെയും വിട്ടു പിരിയുന്നു,
നാലാമതൊരുത്തൻ വ്യാപാരവും കടകളും ഉപേക്ഷിക്കുന്നു,
അഞ്ചാമത്തവൻ കൃഷിയിടവും വിട്ടു പോകുന്നു,

ഓ, ഉസാമാ,
ബുദ്ധി രാക്ഷസന്മാർക്കു പോലും ആൾ നാശം വരാറുള്ള
പരുക്കൻ മരുഭൂമികളിലേക്കു നമുക്കു പുറപ്പെടാം

ഉസാമാ, താങ്കൾക്കു വേണ്ടി ഞാൻ ബലിയാടാകാം,
കലാപകാരികൾക്കെതിരെയുള്ള നമ്മുടെ ആയുധമാകുന്നു
ഈ കവിത
എന്നേക്കാൾ ശക്തി ഈ വരികൾക്കുണ്ട്,
ചില വാക്കുകൾക്കു തോക്കിന്റെ കാഞ്ചിയേക്കാൾ ശക്തമാണ്‌.

എന്നെപ്പോലെ ഉസാമാ ഞാൻ താങ്കളേയും സ്നേഹിക്കുന്നു,
അല്ലാഹു സാക്ഷി ചിലപ്പോൾ അതിനേക്കാൾ കൂടുതലും.

വഞ്ചകരായ ഈ ഭരണാധികാരികൾ
ഉച്ചിഷ്ഠങ്ങൾക്കു പകരം ബാക്കിയുള്ളതും കൂടി വിറ്റു മുടിക്കുകയാണ്‌.
ശത്രുവിനു വേണ്ടി അടിമപ്പണി എടുക്കുന്ന ഇവർ
ദൈവ നിഷേധികളുടെ പിന്നാലെ ചെന്ന് നാവു നീട്ടുകയാണ്‌.
രാത്രികളിൽ അവർ കളിക്കളത്തിലും
പകലിൽ തലയണകൾക്കു മുകളിലുമാണ്‌ ഇവരുടെ വാസം.

ഇവർ അപഹരിച്ച മുതലുകൾ വിതരണം ചെയ്താൽ
അതു തന്നെ മതിയാകും ലോകത്തിലെമ്പാടും വിതരണം ചെയ്യാൻ.

കഅബാലയത്തിന്റെ നാഥൻ സാക്ഷി,
പഴയ കാലത്തെ ആദു സമുദായതിനു നേരിട്ട പരാജയം
ഇവർക്കും സംഭവിക്കും.

ജഗന്നിയന്താവിന്റെ മുമ്പിൽ നില്ക്കുമ്പോൾ
ഇവരുടെ പല്ലുകൾ കടിച്ചു പിടിച്ച് (ഖേദിക്കുക തന്നെ ചെയ്യും).

Thursday, May 5, 2011

ഒരു ഉസാമക്കവിത (അറബിയിൽ നിന്ന്)



ഉസാമ ബിൻ ലാദൻ വധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അനുയായികളും കുടുംബങ്ങളും അതു നിഷേധിക്കാത്ത പശ്ചാത്തലത്തിൽ നാം അതു വിശ്വസിക്കുന്നു.
ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും ജഢം കടലിലിട്ടുവെന്നും വിശ്വസിക്കാൻ പ്രയാസമുണ്ട്. ഉണ്ടായ സത്യം മുഴുവൻ അവർ തന്നെ പിന്നീടു വിളിച്ചു പറയും. ഏതു സത്യങ്ങളും എന്നെന്നേക്കുമായി മറച്ചു വെക്കില്ല എന്ന ഒരു നല്ല ഗുണം പാശ്ചാത്യാർക്കുണ്ട്.

ഞാൻ ഉസാമയെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ അംഗീകരിക്കുന്നവനല്ല. എന്നാലും അമേരിക്കൻ അധിനിവേശത്തിനെതിരെ വാളോങ്ങുന്ന ഏതു ചെകുത്താനോടും എനിക്കു ബഹുമാനമാണ്‌. അർത്ഥത്തിൽ ലാദനെയും സദ്ദാമിനെയും ചെഗുവേരെയെയുമെല്ലാം ഞാൻ ബഹുമാനിക്കുന്നു. അവർ മുമ്പ് എങ്ങനെയായിരുന്നു എന്ന ഒരു ചോദ്യം പ്രസക്തമല്ല. അവാസനം എങ്ങനെയിരിക്കുന്നു എന്നു നോക്കിയാണ്‌ ആളുകളെ വിലയിരുത്തേണ്ടത്.

ഒരു പിശക്:
ഉസാമ എന്ന പദത്തിന്റെ അർത്ഥംമോഹിപ്പിക്കുന്നവൻഎന്നാണെന്ന് ഇന്നലെ എം.എൻ. കാരശ്ശേരി മാതൃഭൂമിയിൽ എഴുതിയതു കണ്ടു. ഉസാമക്ക് അങ്ങനെ ഒരർത്ഥം ഇല്ല.
ഉസാമയുടെ അർത്ഥംസിംഹംഎന്നാകുന്നു.


ഉസാമ ബിൻ ലാദൻ അദ്ദേഹത്തെ തന്നെ
സംബോധനം ചെയ്ത് എഴുതിയ കവിത.

ഞാൻ ഏകാനായി കഴിയുന്നു,
ശത്രുക്കളുടെ അതിക്രമങ്ങൾ
എന്നെ പിടിച്ചു കുലുക്കുന്നു,
പിറന്ന നാടിന്റെ മണ്ണിൽ ചവിട്ടാനുള്ള
അവകാശം എനിക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഞാൻ ആട്ടിയോടിക്കപ്പെട്ടവനാണ്‌,
തെറ്റു ചെതിട്ടല്ല എനിക്കു പുറത്തു നില്ക്കേണ്ടി വന്നത്.

ഞാൻ ഏകനാണ്‌,
എന്നെ ഒരു നാടും വിളിച്ചു കൊണ്ടു പോകുന്നില്ല.

അമേരിക്ക എന്നെ വധിക്കാൻ
കിണഞ്ഞു പരിശ്രമിക്കുന്നു
ഞാനാണെങ്കിലോ
വീര മൃത്യുവിനായി അല്ലാഹുവിനോടു
പ്രാർത്ഥിക്കുകയാണ്‌.

ചുറ്റും വന്നു നിന്ന് ചട്ടമ്പി വേഷം കെട്ടി
എനിക്കു നേരെ അവർ കൈകൾ ചൂണ്ടുന്നു.
കുറ്റാരോപണങ്ങളുമായി
എനിക്കുനേരെ ശകാര വർഷം നടത്തുന്നു

എന്തു കൊണ്ടെന്നാൽ ഞാൻ
സത്യത്തിൽ അടിയുറച്ചു നില്ക്കുന്നു,
തോക്കിൻ കുഴലിനു താഴെ നിന്നും
ആത്മാഭിമാനത്തിനായി ആവശ്യപ്പെടുന്നു.

ആയിരക്കണക്കിനു ജൂതൻമാർ
സർവ്വായുധ സജ്ജരായി നില്ക്കുമ്പോഴും
ഞാൻ ഏകനാണോ? അല്ല;
ആകാശത്തിന്റെ അധിപനായ നാഥൻ
എനിക്കു സഹായത്തിനുണ്ട്,
പടപ്പുകളുടെ തമ്പുരാന്റെ സഹായം
മാത്രം മതി എനിക്ക്.

Thursday, April 14, 2011

അതിരുകളില്ലാത്ത അനുരാഗം (അറബിക്കവിത)



നിസാർ ഖബ്ബാനി (സിറിയ)

1.
സഖീ,
കഴിഞ്ഞ വർഷം വിട പറയുമ്പോൾ
എന്റെ ചരിത്ര പുസ്തകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ നീയായിരുന്നു.
ഈ പുതു വർഷത്തിലും
നിനക്കു തന്നെയാകുന്നു ഒന്നാം സ്ഥാനം.

സമയം കൊണ്ടും കാലം കൊണ്ടും
കണക്കു കൂട്ടാൻ കഴിയാത്ത പെണ്ണാകുന്നു നീ.

കവിതയുടെ കനികൾ കൊണ്ടും
കനക സ്വപ്നങ്ങൾ കൊണ്ടും
നിർമ്മിക്കപ്പെട്ടവളാകുന്നു നീ

കോടി
വർഷങ്ങൾക്കു മുമ്പേ
എന്റെ ശരീരത്തിൽ കുടിയിരുന്നവളാകുന്നു നീ

2
സഖീ,
പരുത്തിയും കാർമുഖിലും കൊണ്ട് നെയ്തുണ്ടാക്കിയവളേ,
മാണിക്യങ്ങളുടെ പേമാരിയേ,
നഹാവന്ദിലെ പുഴകളേ,
വെണ്ണക്കൽ കാടുകളേ,
ഹൃദയത്തിന്റെ ജലാശയത്തിൽ വെച്ച്
മീനുകളെപ്പോളെ നാമം ജപിക്കുന്നവളേ,
മാടപ്പിറാവുകളെ പോലെ കണ്ണുകളിൽ കൂടു കൂട്ടിയവളേ,
എന്റെ സ്നേഹത്തെ
എന്റെ സംവേദനങ്ങളെ
എന്റെ ഉണ്മയെ.. എന്റെ വിശ്വാസത്തെ
മാറ്റിമറിക്കാൻ ഒരു ശക്തിക്കും കഴിയില്ല.

ഞാനിപ്പോഴും വിശുദ്ധ മതത്തിൽ ഉറച്ചു തന്നെയിരിക്കുന്നു.

3
സഖീ
സമയ ഗമനമോ വർഷങ്ങളുടെ പേരുകളോ
എനിക്കൊരു പ്രശ്നമല്ല.
എല്ലാ കാലത്തും നീയൊരു സ്ത്രീയായിത്തന്നെയിരിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇരുപത്തഞ്ചാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇതുപത്തൊമ്പതാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഞാൻ നിന്നെ സ്നേഹിക്കും

കടലുകൾ വറ്റിവരണ്ടാലും
കാടുകൾ കത്തിച്ചാമ്പലായാലും
ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും.

4
സഖീ,
എല്ലാ കവിതകളുടെയും സത്തയാകുന്നു നീ
എല്ലാ സ്വാതന്ത്ര്യത്തിന്റെയും പൂവും.
ഞാൻ നിന്റെ പേരിൽ കവിത ചൊല്ലാം
അങ്ങനെ കവികളുടെ രാജാവായും
വാക്കുകളുടെ ഫറോവയായും മാറാം.

നിന്നെപ്പോലൊരു തരുണിയെ സ്നേഹിച്ചതിന്റെ പേരിൽ
ചരിത്ര പുസ്തകത്തിൽ കയറിപ്പറ്റാനും
കൊടികളുയർത്തിക്കെട്ടാനും
കഴിയുന്നു എന്നതു തന്നെ എനിക്കു ധാരാളം മതി.

5
സഖീ,
ആഘോഷങ്ങളുടെ കാലത്ത്
ഒരു കിളിയെപ്പോലെ നീയെന്നെ
പിടഞ്ഞു കൊണ്ടിരിക്കാൻ വിടരുത്.

എന്നിലൊരു മാറ്റവും സംഭവിച്ചിട്ടില്ല
സ്നേഹ നദിയുടെ ഒഴുക്ക് നിലച്ചിട്ടില്ല
ഹൃദയമിടിപ്പ് നിശ്ചലമായിട്ടില്ല
കാർകൂന്തൽ ഇപ്പോഴും പാറിക്കളിക്കുന്നുണ്ട്
രാഗം വളർന്നു വലുതായാലും
രാഗിണി ചന്ദ്രികയായി മാറിയാലും
ഈ അനുരാഗം കത്തിക്കരിഞ്ഞ കച്ചയായി മാറുകയില്ല.

6
സഖീ,
ഇവിടെ ഒന്നും എന്റെ കണ്ണുകളെ നിറയ്ക്കുന്നില്ല
ഒരു വെട്ടവും
ഒരു ഭംഗിയും
ഒരു പള്ളിമണിയും
ഒരു കൃസ്തുമസ് ട്രീയും.

ജന്മദിനാശംസയുടെ കാർഡിനു മുകളിലെഴുതാൻ
ഒരു റോഡിന്റെയോ, ഒരു ഗ്രാമത്തിന്റെയോ
ഒരു വാക്കിന്റെ പോലുമോ ആവശ്യം എനിക്കില്ല.

7
സഖീ,
ഞായറാഴ്ചകളിൽ മണിമുഴങ്ങുമ്പോൾ
ഞാൻ കേൾക്കുന്നത് നിന്റെ സ്വരങ്ങളാകുന്നു.
പുൽമേടകളിൽ കിടന്നുറങ്ങുമ്പോൾ
ഞാൻ ശ്വസിക്കുന്നത് നിന്റെ ഗന്ധങ്ങളാകുന്നു.
എന്റെ വസ്ത്രങ്ങളിൽ മഞ്ഞു വീഴുമ്പോൾ
എന്റെ ഓർമ്മയിൽ വരുന്നത് നിന്റെ മുഖമാകുന്നു.
ശിഖരങ്ങളുടെ ചിലമ്പലുകളും ഞാൻ കേൾക്കുണ്ട്.

8
സഖീ,
പുരികങ്ങളുടെ പൂവാടിയിൽ
പേടിച്ചരണ്ട കുരുവിയെപ്പോലെ
ചുരുണ്ടു കൂടിയിരിക്കാനെന്തു സുഖമാണ്!

9
സഖീ,
നീയെനിക്കു സമ്മാനിച്ച തൂലികക്കെന്തൊരു തിളക്കമാണ്?
ഞാനതിനെ കെട്ടിപ്പിടിച്ച്
കൊച്ചു കുട്ടിയെപ്പോലെ സുഖമായുറങ്ങുന്നു.

10
സഖീ,
പരദേശത്തും ഞാൻ സന്തോഷവാനാണ്
ഞാൻ കാവ്യധാരകളൊഴുക്കുന്നു,
പുരോഹിതന്മാരുടെ വീഞ്ഞുകൾ നുകരുന്നു,
സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും
ചങ്ങാതിയായി മാറുമ്പോൾ
എനിക്കെന്തൊരു ശക്തിയാണ്!.

11
സഖീ,
ബോധോദയ യുഗത്തിൽ*,
ഫോട്ടോഗ്രഫി യുഗത്തിൽ,
ആദിവാസി യുഗത്തിൽ
നിന്നെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
ഞാൻ എത്ര വട്ടം ആഗ്രഹിച്ചിരുന്നു!.

ഫ്ലോറൻസയിൽ വെച്ചോ,
കൊർഡോവയിൽ വച്ചോ,
കൂഫയിൽ വച്ചോ
ആലപ്പോയിൽ വച്ചോ
സിറിയയിലെ ഒരു ഗ്രാമീണ ഭവനത്തിൽ വച്ചോ
നിന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ....!.

12.
സഖീ,
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും കുടിയിരിക്കുന്ന,
ഗിറ്റാറുകൾ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.

13.
സഖീ,
വരും കാലത്തെക്കുറിച്ച് എന്നെ ഉത്കണ്ഠയിലാക്കരുത്,

സഖീ
,
എന്റെ രോദനം പഴയതിനേക്കാൾ കടുത്തതും
ഭീകരവുമായിത്തീർന്നേക്കാം.

പൂക്കളുടെ ചരിത്രത്തിൽ
കവിതകളുടെ പുരാവൃത്തത്തിൽ
ലില്ലിപ്പൂക്കളുടെയും കാട്ടുതുളസിയുടെയും ഓർമ്മകളിൽ
നീ അപരരില്ലാത്ത സ്ത്രീ ജന്മമാകുന്നു.

14.
ഹേ, ഉലക നാരീ
വരും കാലങ്ങളിൽ എന്നെ അസ്വസ്ഥനാക്കുന്ന
ഒരേ ഒരു സംഗതി
നിന്നോടുള്ള അനുരാഗം മാത്രമാകുന്നു.

നീ
എന്റെ ആദ്യത്തെ പെണ്ണ്,
ആദ്യത്തെ മാതാവ്
ആദ്യത്തെ ഗർഭ പാത്രം
ആദ്യത്തെ വികാരം
ആദ്യത്തെ ശൃംഗാരം
പ്രളയങ്ങളുടെ നാളുകളിൽ എന്റെ രക്ഷാ കവചവും നീ തന്നെ.

15.
സഖീ,
ആദികാവ്യത്തിലെ കുമാരീ
നിന്റെ വലത്തെ കൈ ഒന്നു നീട്ടിത്തരൂ..
ഞാനതിൽ ഒളിച്ചിരിക്കട്ടെ.

നിന്റെ ഇടത്തെ കൈ ഒന്നു നീട്ടൂ..
ഞാനതിൽ കുടിൽ കെട്ടിത്താമസിക്കട്ടെ

നീ എനിക്കു പറഞ്ഞു തരാമോ
ഏതു വാക്കു കൊണ്ടാണ്
ആഘോഷം തുടങ്ങേണ്ടതെന്ന്.
----------------------------------

* ബോധോദയ യുഗം: (അസ്‌റുത്തൻ‌വീർ) Age of Enlightenment അല്ലെങ്കിൽ (Age of Reason) എന്നു വിളിക്കുന്ന ഒരു ചിന്താ ധാര ഉരുത്തിരിഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങളിലാണ്. പരമ്പരാഗത മത വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിചിന്തിച്ച് യുക്തിക്കും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന ഈ ചിന്താ സരണിയുടെ പിന്തുടർച്ചയാണത്രെ ആധുനിക ജനാധിപത്യ വിപ്ലവങ്ങളും കമ്മ്യൂണസവുമൊക്കെ.

Monday, March 21, 2011

പട്ടിയുടെ ഉച്ഛിഷ്ടം – ഒരറബിക്കവിത




ഒരിക്കൽ അറബി നാട്ടിലെ ഒരു രാജാവ് തന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ അകലെ ഒരു വീടിന്റെ മുകളിൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. അവളുടെ സൌന്ദര്യം രാജാവിനെ വല്ലാതെ മഥിച്ചു. ഉടനെ അവളേതാണെന്ന് രാജാവ് അന്വേഷിച്ചു. അതു കൊട്ടാരം ഗുമസ്ഥൻ ഫൈറോസിന്റെ പ്രിയതമയാണെന്ന് ഭൃത്യന്മാർ ബോധിപ്പിച്ചു. അന്നു രാത്രി രാജാവ് ഫൈറൂസിനെ വിളിച്ചു വരുത്തി ഒരു കത്തു നൽകി അത് അയൽ രാജ്യത്തു കൊണ്ടു പോയി കൊടുക്കാൻ ആജ്ഞാപിച്ചു. വീട്ടിലെത്തി കത്ത് തലയണയ്ക്കടിയിൽ വെച്ച് അയാൽ കിടന്നുറങ്ങി. അതിരാവിലെ തന്നെ ഫൈറൂസ് പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.

അയാൾ പോയ തക്കം നോക്കി രാജാവ് അയാളുടെ വീട്ടിലെത്തി വാതിലിനു മുട്ടി. ഫൈറൂസിന്റെ ഭാര്യ ചോദിച്ചു:
‘ആരാണ്?’.
അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ ഭർത്താവിന്റെ യജമാനനായ മഹാരാജാവാകുന്നു’.
‘അയ്യോ, തിരുമേനിയെന്താണ് ഇപ്പോൾ എഴുന്നള്ളിയത്?’
‘ഞാൻ വിരുന്നുകാരനായി വന്നതാണ്’.
‘പടച്ചോനേ, ഈ സമയത്ത് അവിടുത്തെ വരവിനൊരു പന്തികേടുണ്ടല്ലോ’

‘നാശം!നീ എന്താണു പറഞ്ഞത്?, ഞാൻ ഈ നാട്ടിന്റെ രാജാവാണ്, നിന്റെ ഭർത്താവിന്റെ യജമാനനുമാണ്. എന്നെക്കുറിച്ച് നീയെന്താണു വിചാരിച്ചത്?’

‘അതെല്ലാം എനിക്കറിയാം പ്രഭോ. പക്ഷേ, മുൻപൊരു കവി ഇങ്ങനെ പാടിയിട്ടുണ്ട്..

ഞാൻ നിങ്ങളെ
സ്നേഹിക്കാൻ വരാത്തത്
വെറുപ്പുള്ളതു കൊണ്ടല്ല.
മറിച്ച് അതിലെ പങ്കാളികളുടെ
ആധിക്യം കൊണ്ടാണ്.

പട്ടികൾ തലയിട്ടു വെള്ളം കുടിക്കുമ്പോൾ
ജലസ്രോതസ്സിനടുത്തു ചെല്ലാതെ
സിംഹം മാറി നിൽക്കും.

ഒരു ഭക്ഷണത്തിൽ ഈച്ച വീണാൽ
- ഹൃദയം അഭിലഷിക്കുന്നുണ്ടെങ്കിൽ പോലും -
ഞാനതുപേക്ഷിക്കുകയാണു പതിവ്.

പട്ടികളുടെ പിന്നാലെ പോയി
സിംഹങ്ങൾ വെള്ളം കുടിച്ചാലോ
അവ നെറികെട്ട സിംഹങ്ങളായിരിക്കും.

വിഡ്ഢികളുമായി സഹകരിക്കാൻ
ഇഷ്ടമില്ലാത്തതു കൊണ്ട്
ഒട്ടിയ വയറുമായി
മാന്യന്മാർ തിരിച്ചു പോരാറുണ്ട്.

അവൾ കൂട്ടിച്ചേർത്തു: ‘അല്ലയോ മഹാരാജാവേ, അങ്ങയുടെ പട്ടി കുടിച്ചതിന്റെ ബാക്കി കുടിക്കാൻ അങ്ങ് ഇഷ്ടപ്പെടുന്നുണ്ടോ?’

ഇതു കേട്ട രാജാവ് ലജ്ജയോടെ തല താഴ്ത്തി. അവരോട് ക്ഷമാപണം നടത്തി തിരിച്ചു പോയി.

(മുകളിലെ കവിത ഇമാം ശാഫി(റ)യുടേതാണ്. തലയണക്കടിയിൽ വെച്ച കത്തെടുക്കാൻ ഫൈറൂസ് തിരിച്ചു വന്നപ്പോൾ മറന്നു വെച്ച രാജാവിന്റെ ചെരുപ്പ് കണ്ടെന്നും സംഭവമറിഞ്ഞ അദ്ദേഹം പരാതിയുമായി ന്യായാധിപനെ സമീപിച്ചെന്നും അയാൾക്കു നീതി കിട്ടിയെന്നും കഥയുടെ ബാക്കി പറയുന്നുണ്ട്)

Sunday, March 13, 2011

മയക്കുമരുന്നും കത്രികയും - ഖലീൽ ജിബ്രാൻ



ഈ ചിത്രം വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇത് എന്റെ രണ്ടു മക്കളുടെ ചിത്രമാണ്. ഇന്നലെ എന്റെ പെങ്ങൾ മെയിലു ചെയ്തു തന്നതാണ്. (മകൾ: നസീഹ, മകൻ: ആശിഖ് - they are dancing to pose on camera - പിന്നിൽ ഞങ്ങളുടെ വീട്)

മയക്കുമരുന്നും കത്രികയും

അയാൾ ആപാദചൂഡം പിന്തിരിപ്പനാണ്. അയാൾക്കു വട്ടാണ്.
വളർന്നു വരുന്ന തലമുറകളെ വഴിതെറ്റിക്കാൻ എഴുതുന്ന മനോരാജ്യക്കാരനാണയാൾ.
പുരുഷന്മാരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളും വിവാഹത്തെക്കുറിച്ചുള്ള ജിബ്രാന്റെ അഭിപ്രായം പിന്തുടർന്നാൽ കുടുംബത്തിന്റെ ആണിക്കല്ലുകൾ ഇളകിപ്പോവുകയും മനുഷ്യന്റെ സാമൂഹ്യ കെട്ടുറപ്പ് തകർന്നു പോവുകയും ഈ ലോകം ഒരു നരകമായിത്തീരുകയും ഭൂനിവാസികളെല്ലാം ചെകുത്താന്മാരായി മാറുകയും ചെയ്യും.
ശരിയാണ്, അദ്ദേഹത്തിന്റെ എഴുത്തു രീതിയുടെ സൌന്ദര്യം തീർച്ചയായും മനുഷ്യത്വത്തിന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.
‘അയാൾ അരാജക വാദിയാണ്, കാഫിറാണ്. മതനിന്ദകനാണ്. നിരീശരവാദിയാണ്. ഈ വിശുദ്ധമായ മലമ്പ്രദേശത്തെ നിവാസികളോട് ഞങ്ങൾ ഉപദേശിക്കുന്നു: നിങ്ങൾ അയാളുടെ കണ്ടെത്തലുകളെ വലിച്ചെറിയണമെന്നും അയാളുടെ മുഴുവൻ ഗ്രന്ഥങ്ങളും കത്തിച്ചു കളയണമെന്നും. അവയിൽ നിന്നൊരംശം പോലും ഇനി നിങ്ങളുടെ ഹൃദയങ്ങളിൽ പറ്റിപ്പിടിക്കാൻ ഇടവരാതിരിക്കാനാണത്’.
‘ഞങ്ങൾ അദ്ദേഹത്തിന്റെ ‘ഒടിഞ്ഞ ചിറകുകൾ‘ വായിച്ചു. കൊഴുപ്പിൽ പതിയിരിക്കുന്ന പാഷാണം ഞങ്ങൾ അതിൽ കണ്ടെത്തി’.
ഇതാകുന്നു എന്നെക്കുറിച്ച് ജനങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച ആരോപണങ്ങളിൽ ചിലത്. അവർ പറഞ്ഞത് ശരിയാണ്. ഞാൻ ഭ്രാന്തു പിടിച്ച ഭീകരനാണ്. സൃഷ്ടി കർമ്മത്തോട് എനിക്ക് എത്രത്തോളം ചായ്വുണ്ടോ അത്രത്തോളം എനിക്കു സംഹാരത്തോടും ചായ്വുണ്ട്. ജനങ്ങൾ വിശുദ്ധമായി കരുതിപ്പോരുന്നതിനോട് എനിക്ക് വെറുപ്പാണ്, അവർ വിസമ്മതിക്കുന്നതിനോട് സ്നേഹവും. എന്റെ ഗ്രന്ഥങ്ങൾ കൊഴുപ്പിൽ (പട്ടിൽ) പൊതിഞ്ഞ പാഷാണമാണെന്നു പറയുന്നവരോട് എനിക്കു പറയാനുള്ളത്; കട്ടികൂടിയ മറയ്ക്കു പിന്നിൽ നിന്നും സത്യത്തെ കാണിച്ചു തരുന്ന വാക്കാകുന്നു അതെന്നാണ്. എന്നാൽ നഗ്നമായ സത്യമോ ഞാൻ കൊഴുപ്പിൽ പാഷാണം ചേർക്കുന്നില്ല എന്നും. പ്രത്യുത ഞാൻ ചെയ്യുന്നത് മായം ചേർക്കാത്ത വിഷം അങ്ങിനെത്തന്നെ പാർന്നു നൽകുകയാണ്. ഞാൻ പകർന്നു തരുന്നത് തെളിഞ്ഞതും വൃത്തിയുള്ളതുമായ സ്ഫടികത്തിന്റെ ചഷകത്തിലാകുന്നു.
മേഘങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന് നീന്തിത്തുടിക്കുന്ന മനോരാജ്യക്കാരനാണ് ഞാനെന്നു പറഞ്ഞ് എന്നോട് സ്വയം ക്ഷമായാചനം നടത്തുന്ന ആളുകൾ യഥാർത്ഥത്തിൽ ആ ചഷകത്തിന്റെ തിളക്കം മാത്രമേ കാണുന്നുള്ളൂ. വിഷം എന്ന് ആരോപിച്ച് അവഗണിക്കുന്ന അതിനുള്ളിലെ ദ്രാവകത്തിലേക്ക് അവർ ഒരിക്കൽ പോലും നോക്കുന്നില്ല. കാരണം അവരുടെ ദുർബ്ബലമായ ആമാശയത്തിന് അതിനെ ദഹിപ്പിക്കാനുള്ള കരുത്തില്ല.
പരുക്കൻ ധിക്കാരത്തിലേക്കുള്ള ചവിട്ടുപടിയായി ചിലപ്പോൾ ഇതു വ്യാഖ്യാനിച്ചേക്കാം. ധിക്കാരം അതിന്റെ എല്ലാ പാരുഷ്യത്തോടും കൂടി നിരീക്ഷിച്ചാലും മിനുസമേറിയ വഞ്ചനയേക്കാൾ എത്രയോ നല്ലതല്ലേ?. ധിക്കാരം സ്വയമേവ അതിന്റെ കാഠിന്യം പുറത്തു കാണിക്കും. എന്നാൽ വഞ്ചന എടുത്തണിഞ്ഞിരിക്കുന്നതോ മറ്റൊരാൾക്കു വേണ്ടി തയ്ച്ചുണ്ടാക്കിയ വസ്ത്രമാകുന്നു.
പൌരസ്ത്യർ ആവശ്യപ്പെടുന്നത് എഴുത്തുകാരൻ തേനീച്ചയെപ്പോലെയായിരിക്കണമെന്നാണ്. പാടങ്ങളിലും പറമ്പുകളിലും ചുറ്റിയടിച്ച് പൂവുകളിൽ നിന്നും മധു ശേഖരിച്ച് തേൻപലകകൾ നിർമ്മിച്ചു നൽക്കണമെന്നും.
പൌരസ്ത്യർ തേൻ ഇഷ്ടപ്പെടുന്നു. മറ്റൊന്നും അവർക്ക് അത്രമേൽ രുചി തോന്നുന്നില്ല. അവർ അതു വാരിവിഴുങ്ങുകയും ചെയ്യുന്നു. അവരുടെ ശരീരം അഗ്നിക്കു മുമ്പിൽ ഒലിക്കുന്ന തേൻകുടമായി മാറിയിരിക്കുന്നു. മഞ്ഞു കട്ടകളിൽ വച്ചാലല്ലാതെ ഇനിയത് ഉറയ്ക്കുകയില്ല.
പൌരസ്ത്യർ കവികളോടാവശ്യപ്പെടുന്നത് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പാതിരിമാരുടെയും മുമ്പിൽ അകിൽ കണക്കെ സ്വയം കത്തിയെരിഞ്ഞു തീരാനാണ്. സിംഹാസനങ്ങളുടെയും ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ഇടയിൽ നിന്നും ഉയർന്നു പൊങ്ങിയ അകിലുകളുടെ പുകപടലങ്ങൾ കിഴക്കിന്റെ ആകാശങ്ങളിൽ കെട്ടിക്കിടക്കുന്നു. എന്നിട്ടും അവർക്കു മതിയാകുന്നില്ല. നമ്മുടെ ഈ കാലത്ത് ഇത്തരം സ്തുതി പാടകർ മുതനബ്ബിയോട് മത്സരിക്കുകയാണ്. വിലാപകാരന്മാർ ഖൻസാഇനോട് കിടപിടിക്കാൻ ശ്രമിക്കുകയാണ്. പ്രശംസകരുടെ വാക്കുകൾക്ക് സഫിയുദ്ദീൽ അൽ ഹില്ലിയുടെ കവിതകളേക്കാൾ മാസ്മരികതയുണ്ട്.
പൌരസ്ത്യർ പണ്ഡിതന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് അവരുടെ അച്ഛന്മാരെക്കുറിച്ചും മുത്തച്ഛന്മാരെക്കുറിച്ചും ഗവേഷണം നടത്താനും അവരുടെ ശേഷിപ്പുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഉച്ഛിഷ്ടങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാനും രാവും പകലും ഭാഷയെയും വാക്കുകളെയും അലങ്കാരങ്ങളെയും പ്രാസങ്ങളെയും ചർവ്വിത ചർവ്വണം നടത്താനുമാണ്.
പൌരസ്ത്യന്മാർ ചിന്തകന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് ബൈദബയും ഇബ്നു റുഷ്ദും സെന്റ് എഫ്രാമും സെന്റ് ജോണും പറഞ്ഞു കഴിഞ്ഞത് തന്നെ അവരുടെ കാതുകളിൽ വീണ്ടും വീണ്ടും കേൾപ്പിച്ചു കൊടുക്കാനാണ്. ഇവരുടെ രചനകൾ വിരസമായ പ്രഭാഷണങ്ങളുടെയും രോഗതുരമായ ഉപദേശങ്ങളുടെയും അതിർവരമ്പുകളെ ലംഘിക്കരുതെന്നും അവർ തന്നെ നിർദ്ദേശിക്കുന്നു. ഗിരിപ്രസംഗങ്ങളുടെയും സാരോപദേശങ്ങളുടെയും ഇടയ്ക്ക് ഉരുവിടാറുള്ള തത്വശാസ്ത്രങ്ങളുടെയും ദിവ്യ വചനങ്ങളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ ജീവിതം തണലിൽ മുളച്ച ദുർബ്ബലമായ പുൽക്കൊടി പോലെയായിരിക്കും. അയാളുടെ നിശ്വാസം അഫ്യൂൻ മയക്കു മരുന്ന് കലർന്ന് പരിക്ഷീണയായ പാനീയം പോലെയുമായിത്തീരും.
ചുരുക്കിപ്പറഞ്ഞാൽ പൌരസ്ത്യർ പൊടിപിടിച്ച ഭൂതകാലത്തിന്റെ രംഗഭൂമിയിലാണ് ജീവിക്കുന്നത്. ഫലിതവും കോമാളിത്തവും നിറഞ്ഞ നിഷേധാത്മകമായ നിലപാടുകളോട് അവർ ചേർന്നു നിൽക്കുന്നു. സുന്ദരമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട് മയങ്ങുന്ന ഗാഢ നിദ്രയിൽ നിന്നും അവരെ ഉണർത്തുകയും ദംശിക്കുകയും ചെയ്യുന്ന സർഗ്ഗാത്മകമായ പഠനങ്ങളെയും തത്വങ്ങളെയും അവർ വെറുക്കുകയും ചെയ്യുന്നു. (തുടരും...)