Monday, March 21, 2011

പട്ടിയുടെ ഉച്ഛിഷ്ടം – ഒരറബിക്കവിത




ഒരിക്കൽ അറബി നാട്ടിലെ ഒരു രാജാവ് തന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ അകലെ ഒരു വീടിന്റെ മുകളിൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. അവളുടെ സൌന്ദര്യം രാജാവിനെ വല്ലാതെ മഥിച്ചു. ഉടനെ അവളേതാണെന്ന് രാജാവ് അന്വേഷിച്ചു. അതു കൊട്ടാരം ഗുമസ്ഥൻ ഫൈറോസിന്റെ പ്രിയതമയാണെന്ന് ഭൃത്യന്മാർ ബോധിപ്പിച്ചു. അന്നു രാത്രി രാജാവ് ഫൈറൂസിനെ വിളിച്ചു വരുത്തി ഒരു കത്തു നൽകി അത് അയൽ രാജ്യത്തു കൊണ്ടു പോയി കൊടുക്കാൻ ആജ്ഞാപിച്ചു. വീട്ടിലെത്തി കത്ത് തലയണയ്ക്കടിയിൽ വെച്ച് അയാൽ കിടന്നുറങ്ങി. അതിരാവിലെ തന്നെ ഫൈറൂസ് പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.

അയാൾ പോയ തക്കം നോക്കി രാജാവ് അയാളുടെ വീട്ടിലെത്തി വാതിലിനു മുട്ടി. ഫൈറൂസിന്റെ ഭാര്യ ചോദിച്ചു:
‘ആരാണ്?’.
അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ ഭർത്താവിന്റെ യജമാനനായ മഹാരാജാവാകുന്നു’.
‘അയ്യോ, തിരുമേനിയെന്താണ് ഇപ്പോൾ എഴുന്നള്ളിയത്?’
‘ഞാൻ വിരുന്നുകാരനായി വന്നതാണ്’.
‘പടച്ചോനേ, ഈ സമയത്ത് അവിടുത്തെ വരവിനൊരു പന്തികേടുണ്ടല്ലോ’

‘നാശം!നീ എന്താണു പറഞ്ഞത്?, ഞാൻ ഈ നാട്ടിന്റെ രാജാവാണ്, നിന്റെ ഭർത്താവിന്റെ യജമാനനുമാണ്. എന്നെക്കുറിച്ച് നീയെന്താണു വിചാരിച്ചത്?’

‘അതെല്ലാം എനിക്കറിയാം പ്രഭോ. പക്ഷേ, മുൻപൊരു കവി ഇങ്ങനെ പാടിയിട്ടുണ്ട്..

ഞാൻ നിങ്ങളെ
സ്നേഹിക്കാൻ വരാത്തത്
വെറുപ്പുള്ളതു കൊണ്ടല്ല.
മറിച്ച് അതിലെ പങ്കാളികളുടെ
ആധിക്യം കൊണ്ടാണ്.

പട്ടികൾ തലയിട്ടു വെള്ളം കുടിക്കുമ്പോൾ
ജലസ്രോതസ്സിനടുത്തു ചെല്ലാതെ
സിംഹം മാറി നിൽക്കും.

ഒരു ഭക്ഷണത്തിൽ ഈച്ച വീണാൽ
- ഹൃദയം അഭിലഷിക്കുന്നുണ്ടെങ്കിൽ പോലും -
ഞാനതുപേക്ഷിക്കുകയാണു പതിവ്.

പട്ടികളുടെ പിന്നാലെ പോയി
സിംഹങ്ങൾ വെള്ളം കുടിച്ചാലോ
അവ നെറികെട്ട സിംഹങ്ങളായിരിക്കും.

വിഡ്ഢികളുമായി സഹകരിക്കാൻ
ഇഷ്ടമില്ലാത്തതു കൊണ്ട്
ഒട്ടിയ വയറുമായി
മാന്യന്മാർ തിരിച്ചു പോരാറുണ്ട്.

അവൾ കൂട്ടിച്ചേർത്തു: ‘അല്ലയോ മഹാരാജാവേ, അങ്ങയുടെ പട്ടി കുടിച്ചതിന്റെ ബാക്കി കുടിക്കാൻ അങ്ങ് ഇഷ്ടപ്പെടുന്നുണ്ടോ?’

ഇതു കേട്ട രാജാവ് ലജ്ജയോടെ തല താഴ്ത്തി. അവരോട് ക്ഷമാപണം നടത്തി തിരിച്ചു പോയി.

(മുകളിലെ കവിത ഇമാം ശാഫി(റ)യുടേതാണ്. തലയണക്കടിയിൽ വെച്ച കത്തെടുക്കാൻ ഫൈറൂസ് തിരിച്ചു വന്നപ്പോൾ മറന്നു വെച്ച രാജാവിന്റെ ചെരുപ്പ് കണ്ടെന്നും സംഭവമറിഞ്ഞ അദ്ദേഹം പരാതിയുമായി ന്യായാധിപനെ സമീപിച്ചെന്നും അയാൾക്കു നീതി കിട്ടിയെന്നും കഥയുടെ ബാക്കി പറയുന്നുണ്ട്)

2 comments :

  1. എത്ര ഗഹനമാ‍യ വരികൾ!
    ഈ കഥ മുമ്പാരൊ പറയുന്നത് കേട്ടിട്ടുണ്ട്

    ആശംസകൾ!

    ReplyDelete