ഫെബ്രുവരി 14 (പൂ)വാലന്റൈൻ ഡേ. ഞാൻ ഈ ദിനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും എനിക്ക് കവിതകൾ തർജ്ജമ ചെയ്യാതിരിക്കാൻ കഴിയില്ല. നിസാർ ഖബ്ബാനിയുടെ ‘വാലന്റൈൻ ദിനം’ വായിക്കാൻ ഇവിടെ ക്ലിക്കുക.
http://www.kattayad.co.cc/2010/02/blog-post_14.html
മരക്കൊമ്പിലിരിക്കുന്ന ഒരു കിളിയാണ്
കയ്യിലിരിക്കുന്ന പത്തെണ്ണത്തേക്കാൾ നല്ലത്
---------------------------------------------------------
ഗാദ അൽ സമാൻ
(സിറിയൻ കവയത്രി, ജനനം: 1942)
‘കൈയ്യിലിരിക്കുന്ന ഒരു കിളിയാണ്
മരക്കൊമ്പിലിരിക്കുന്ന
പത്തു കിളികളേക്കാൾ നല്ലത്’ എന്ന്
എന്നെ ബോധ്യപ്പെടുത്താൻ
കുഞ്ഞുന്നാളിലേ
അവർ ശ്രമിച്ചു കൊണ്ടിരുന്നു.
ആ മഹാ നുണ വിശ്വസിക്കാൻ
തയ്യാറല്ലാത്തതു കൊണ്ട്
അവരെന്നെ സമൂഹ വൈരത്തിന്റെ
ചാട്ടവാറു കൊണ്ടു പ്രഹരിച്ചു;
അപമാനത്തിന്റെ വൃക്ഷത്തിൽ കെട്ടിയിട്ടു.
അവർ പറഞ്ഞു:
‘നീ പിശാചിന്റെ അനുയായികളിൽ പെട്ട
ദുർ മന്ത്ര വാദിനിയാകുന്നു’ എന്ന്
‘ഡെൽഫിയുടെ വിദൂഷകയെ പോലെ
തിന്മയുടെ കയത്തിൽ ഒളിച്ചിരിക്കുന്നവളാകുന്നു’ എന്നും
കൈയ്യിലിരിക്കുന്ന ഒരു കിളി
മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളേക്കാൾ
നല്ലതാണെന്നു വിശ്വസിക്കുന്ന
കുരുന്നുകളെ പോലെ ഞാൻ
നല്ല കുട്ടിയായിരുന്നില്ല.
അവരെല്ലാം സന്തോഷത്തിന്റെ ഉന്മാദത്തിലാണ്.
ഓ, പഥികാ..
കൈയ്യിലിരിക്കുന്ന ഒന്നാണ്
മരത്തിലിരിക്കുന്ന പത്തിനേക്കാൾ
നല്ലതെന്ന് ഞാനെങ്ങനെ വിശ്വസിക്കും?
കൈയ്യിലുള്ള ഒരു കിളി എന്നത്
വെറും ഒരു കുടന്ന ചാരത്തിന്റെ ഉടമാവകാശം !!
മരത്തിനു മുകളിലെ കിളിയോ
അനന്തമായ സ്വപ്നങ്ങളുമായി
പാറിപ്പറക്കുന്ന നക്ഷത്രങ്ങളും !!.
മരത്തിനു മുകളിലെ ഓരോ കിളിയും
ഏതോ മായാലോകത്തേക്കുള്ള ക്ഷണമാകുന്നു,
ഭ്രാന്തമായ ആവേശത്താൽ
കുത്തിയൊഴുകുന്ന ജലപ്രവാഹത്തിലൂടെ
നീന്തിത്തുടിക്കാനുള്ള
ആഹ്വാനമാകുന്നു.
കൈയ്യിലെ ഒരു കിളി
വിരസതയുടെ ചതുപ്പുനിലത്തിലെ മയക്കമാകുന്നു.
ശ്മശാന നഗരത്തിലെ കുടികിടപ്പാകുന്നു.
കൂർക്കം വലി പോലെ
ഒരേ സ്വരത്തിലെ സംഭാഷണമാകുന്നു.
ഇനിയും നിറം മങ്ങിയിട്ടില്ലാത്ത
ഇളം പ്രയക്കാരായ അനുരാഗികളേ
കൈയ്യിലിരിക്കുന്ന ഒരു കിളി
മരത്തിലിരിക്കുന്ന പത്തെണ്ണെത്തേക്കാൾ
നല്ലതാണെന്ന വാക്കുകൾ
നിങ്ങൾ വിശ്വസിക്കരുത്.
എന്റെ കണ്ഠ നാളത്തിന്റെ
ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ പറയുന്നു
‘മരത്തിലിരിക്കുന്ന ഒരു കിളിയാണ്
കൈയ്യിലിരിക്കുന്ന പത്തു കിളികളേക്കാൾ മെച്ചം’.
മരത്തിനു മുകളിലെ കിളി
ഒരു തുടക്കമാകുന്നു.
ആത്മ സത്തയുടെ ലോകത്തേക്ക്
മാരിവില്ലിന്റെ പുറത്തേറി
കുതിച്ചു പായാനുള്ള ക്ഷണമാകുന്നു,
കാട്ടുകുതിരയുടെ പുറത്തു കയറിയുള്ള
സവാരിയാകുന്നു.
കൈയ്യിലിരിക്കുന്ന ഒരു കിളി
ഒരവസാന വാക്കാകുന്നു;
ഭാവനകളുടേയും നിഗമനങ്ങളുടേയും
വാതിലുകളെ പൂട്ടിയിട്ട താഴാകുന്നു,
ആമകളുടെയും ഉറുമ്പുകളുടെയും
കൂടെയുള്ള ജീവിതമാകുന്നു,
ഉത്കൃഷ്ടവും അത്യുത്തമവുമായ
എല്ലാത്തിനെയും തടവിൽ പാർപ്പിക്കാൻ
നേരത്തേ ഉണ്ടാക്കി വെച്ച അച്ചുകളാകുന്നു.
ആരാണു പറഞ്ഞത്
‘കാറ്റിൽ പാറിക്കളിക്കുന്ന ഒരു തൂവൽ
കെട്ടി നിൽക്കുന്ന പുഴയ്ക്കടിയിരിക്കുന്ന
ചരൽക്കല്ലിനേക്കാൾ നല്ലതല്ലെന്ന്’?
ഭ്രമണ പഥത്തെയും വിട്ടകന്ന്
കാറ്റിൽ അന്തിമയങ്ങി,
ചില്ലകളെപ്പോലും അവഗണിച്ച്
കവരുന്ന കൈകളെ നിരസിച്ച്
വസന്തങ്ങൾക്കു നേരെ നിറയൊഴിച്ച്
ഉലകം മുഴുവനും ചുറ്റി നടക്കുന്ന
ബുൾബുളിനെ പോലെ
ഭൂഖണ്ഡങ്ങൾക്കിടയിൽ പറന്നു നടക്കുന്ന
ഭവന രഹിതനായ പഥികാ..
ഞാൻ നിന്നെ സ്നേഹിക്കുന്നു.
nice...............
ReplyDelete