Wednesday, July 13, 2011

അറേബ്യൻ ഭരണാധികാരിയുടെ ബയോഡാറ്റ.



രക്ത ദാഹിയായ അറേബ്യൻ ഭരണാധികാരിയുടെ ബയോഡാറ്റ
.
നിസാർ ഖബ്ബാനി / സിറിയ (21 March 1923 – 30 April 1998)
---------------------------------------

മാന്യ മഹാ ജനങ്ങളേ:
ഞാൻ നിങ്ങളുടെ സുൽത്താനായി
അവരേധിക്കപ്പെട്ടിരിക്കുന്നു
നിങ്ങൾ ദുർമ്മാർഗ്ഗത്തിലായിരുന്നു,
നിങ്ങളുടെ വിഗ്രഹങ്ങൾ നിങ്ങൾ തന്നെ തച്ചുടക്കുക,
ഇനിമേൽ എന്നെ മാത്രം ആരാധിക്കുക...

ഞാൻ എപ്പോഴും നിങ്ങളെ മുഖം കാണിക്കില്ല..
സംയമനത്തിന്റെ നടപ്പാതയിൽ
നിങ്ങളെന്നെ കാത്തിരിക്കുക
എങ്കിൽ നിങ്ങൾക്കെന്നെ കാണാം.

റൊട്ടിയില്ലാതെ കുട്ടികളെ ഉപേക്ഷിച്ചേക്കൂ..
ഭർത്താക്കന്മാരില്ലാതെ സ്ത്രീകളെയും ഒഴിവാക്കിയേക്കൂ..
എന്നിട്ട് എന്നെ ശ്രദ്ധിക്കൂ..
എനിക്കു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക്
നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുവിൻ!,
അവൻ എന്നെ നിയോഗിച്ചത്
ചരിത്രം എഴുതി വെക്കാനാണ്.
ഞാനില്ലാതെ ചരിത്രവും ഇല്ല.

സൌന്ദര്യത്തിൽ ഞാൻ യൂസുഫാകുന്നു,
എന്റേതു പോലെയുള്ള സ്വർണ്ണകേശങ്ങൾ
പടച്ചവൻ വേറെ സൃഷ്ടിച്ചിട്ടില്ല.
പ്രവാചകന്റേതു പോലുള്ള
ഈ കപോലങ്ങളും മറ്റാർക്കുമില്ല.
എന്റെ കണ്ണുകൾ ഒലിവിന്റെയും
അക്രോട്ടിന്റെയും കാടുകളാകുന്നു,
എന്റെ കണ്ണുകളെ കാത്തു സംരക്ഷിക്കാൻ
നിങ്ങൾ അല്ലാഹുവിനോടു പ്രാർത്ഥിക്കുക,

മാന്യമഹാ ജനങ്ങളേ,
ഞാൻ മജ്നൂൻ ലൈല!.
നിങ്ങളുടെ ഭാര്യമാരെ എന്റെയടുത്തേക്കു പറഞ്ഞയക്കൂ;
അവർ എന്നിൽ നിന്നും ഗർഭം ധരിക്കട്ടെ.
നിങ്ങളുടെ ഭർത്താക്കന്മാരെ എന്റെയടുത്തേക്കു വിടൂ
അവർ എനിക്കു നന്ദി പ്രകടിപ്പിക്കട്ടെ.

എന്റെ ശരീരത്തിൽ നിന്നുൽപ്പാദിപ്പിക്കുന്ന
ദാന്യം ഭക്ഷിക്കുന്നതിൽ
നിങ്ങൾ അഭിമാനം കൊള്ളണം.
എന്റെ ബദാം കായും എന്റെ അത്തിപ്പഴവും
പറിച്ചെടുക്കുന്നതിൽ നിങ്ങൾ അഭിമാനം കൊള്ളണം.
നിങ്ങൾ എന്നെപ്പോലെയായാൽ അതിലും നിങ്ങൾക്ക്
അഭിമാനത്തിനു വകയുണ്ട്.
ഞാൻ ആയിരമായിരം വർഷങ്ങൾക്കു മുമ്പ്
ഉത്ഭൂതനായവനാണ്.

2

മാന്യ മഹാ ജനങ്ങളേ,
ഞാൻ അനാദി !
നീതിമാൻ !
മറ്റെല്ലാ ഭരണാധികാരികളേക്കാൾ സുന്ദരൻ !,
ഞാൻ പൌർണ്ണമി !,
മുല്ലപ്പൂ പോലെ വെളുത്തവൻ !,
ആദ്യത്തെ കഴുമരം കണ്ടു പിടിച്ചവൻ ഞാൻ !,
മഹാനായ പ്രവാചകനും ഞാൻ !!.

അധികാരവും വലിച്ചെറിഞ്ഞു പലായനം ചെയ്യാൻ
ഞാൻ ആലോചിക്കുമ്പോഴൊക്കെ
എന്റെ മനസ്സ് എന്നെ തടഞ്ഞു നിർത്തി ചോദിക്കും:
‘നിങ്ങൾ പോയാൽ ഈ നല്ല മനുഷ്യരെ ആരു ഭരിക്കും?
മുടന്തന്മാരെയും പാണ്ടുള്ളവരെയും അന്ധരെയും
ആരു ശുശ്രൂഷിക്കും?
മരിച്ച എല്ലുകൾക്ക് ആരു ജീവൻ നൽകും?
കോട്ടിനുള്ളിൽ നിന്നും ആരു ചന്ദ്രികയുടെ വെട്ടം
പുറത്തെടുക്കും?
ആരു ജനങ്ങൾക്കു വേണ്ടി മഴ പെയ്യിക്കും?
ആര് എഴുപത് ചാട്ടവറടി നടപ്പിൽ വരുത്തും?
ആരു അവരെ മരക്കുരിശിൽ തറയ്ക്കും?
പശുവിനെപ്പോലെ ജീവിക്കാനും
പശുവിനെ പ്പോലെ ചാവാനും
ആര് അവരെ പ്രേരിപ്പിക്കും?...’

ഇവരെ ഉപേക്ഷിച്ചു പോകാൻ
ഞാൻ ചിന്തിക്കുമ്പോഴൊക്കെ
എന്റെ കണ്ണുകൾ കാർമേഘങ്ങൾ കണക്കെ നിറയുന്നു,
അങ്ങനെ ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ച്
ഇന്നു മുതൽ ഒടുക്കത്തെ ദിനം വരേ
പൊതുജനത്തിന്റെ പുറത്തു കയറി സവാരി ചെയ്യാൻ
തീരുമാനിക്കുന്നു,

3

മാന്യ മഹാ ജനങ്ങളേ,
ഞാൻ നിങ്ങളിൽ വെച്ചേറ്റവും വലിയ സമ്പന്നൻ!,
എനിക്കു കുതിരകളുണ്ട്, അടിമകളുണ്ട്.
എന്റെ കൊട്ടാരത്തിലെ പരവതാനിയിൽ
നടക്കുന്നതു പോലെ
ഞാൻ നിങ്ങളുടെ കൂടെ നടക്കുന്നു.
ഞാൻ എഴുന്നേൽക്കുമ്പോൾ
നിങ്ങൾ തല കുനിക്കുക,
ഞാൻ ഇരിക്കുമ്പോൾ
നിങ്ങൾ തല കുനിക്കുക.
എന്റെ പിതാക്കന്മാരുടെ താളിയോലകളിൽ വച്ചല്ലേ
ഞാൻ നിങ്ങളെ കണ്ടു മുട്ടിയത്?

ഒരു പുസ്തകവും നിങ്ങൾ വായിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നിങ്ങൾക്കു വേണ്ടി ഞാൻ വായിക്കാം.
ഒരു വരിയും എഴുതാതിരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം.
നിങ്ങൾക്കു വേണ്ടി ഞാൻ എഴുതാം.
രഹസ്യ വൈഡൂര്യത്തിന്റെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ട.
നിങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എനിക്കു നന്നായറിയാം
കബറിൽ പോലും എന്റെ സമ്മതമില്ലാതെ
നിങ്ങൾ പ്രവേശിക്കരുത്.
നമ്മുടെ പക്കൽ അങ്ങനെ ചെയ്യുന്നത്
കൊടും പാതകമാണ്.
നിങ്ങൾ എപ്പോഴും മൌനം പാലിക്കുക
ഞാൻ നിങ്ങളോടു സംസാരിക്കുമ്പോൾ
എന്റെ വാക്കുകൾ വേദവാക്യങ്ങളായിരിക്കും.

4

മാന്യ മഹാ ജനങ്ങളേ,
ഞാൻ നിങ്ങളുടെ ‘വാഗ്ദത്ത മഹ്ദി’യാകുന്നു;
എന്നെ നിങ്ങൾ കാത്തിരിക്കുക,
എന്റെ ഹൃദയ ധമനികളിൽ നിന്നും നിർഗ്ഗളിക്കുന്ന രക്തം
നിങ്ങൾ പാനം ചെയ്യുക,
കുട്ടികൾ ആലപിക്കാറുള്ള എല്ല ദേശീയ ഗാനങ്ങളും
നിർത്തിക്കളയുക,
ഞാൻ തന്നെയാകുന്നു ദേശം.
പ്രപഞ്ചത്തിൽ അനശ്വരനായിട്ടുള്ളത്
ഞാൻ മാത്രമാകുന്നു.
ആപ്പിളിന്റെയും ഓടക്കുഴലിന്റെയും ഓർമ്മകളിൽ
സൂക്ഷിക്കപ്പെട്ടവൻ ഞാൻ.
സംഗീതങ്ങളുടെ അന്നം ഞാൻ.
മൈതാനങ്ങളിൽ എന്റെ ചിത്രം ഉയർത്തിക്കെട്ടുക
വാക്കുകളുടെ മുകിലുകൾ കൊണ്ട് എന്നെ മൂടുക.
ഏറ്റവും പ്രായം കുറഞ്ഞ പെണ്ണിനെ
എനിക്കു വേണ്ടി കല്ല്യാണാലോചന നടത്തുക.
ഞാൻ അത്രക്കു വൃദ്ധനല്ല
എന്റെ ശരീരത്തിനു വാർദ്ധക്യം ബാധിക്കില്ല,
എന്റെ സാമ്രാജ്യത്തിലെ ഗോതമ്പു കതിരുകൾക്കും
വാർദ്ധക്യമില്ല.

മാന്യ മഹാ ജനങ്ങളേ,
ഞാൻ ‘ഹജ്ജാജ് ’
എന്റെ മുഖംമൂടി അഴിച്ചു നോക്കൂ..
ഞാൻ ചെങ്കിസ് ഖാൻ
ഉടനെ ഞാനെത്തും.

എന്റെ പടയാളികൾക്കും
എന്റെ വേട്ടനായ്ക്കൾക്കും വേണ്ടി
നിങ്ങൾ വലയം തീർക്കുക,
എന്റെ അടിച്ചമർത്തലിൽ നിങ്ങൾക്ക്
അമർഷം തോന്നരുത്;
നിങ്ങളെന്നെ കൊല്ലാതിരിക്കാനാണ്
ഞാൻ യുദ്ധം ചെയ്യുന്നത്.
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കാനാണ്
ഞാൻ തൂക്കിക്കൊല്ലുന്ന പണിയെടുക്കുന്നത്.
നിങ്ങളെന്നെ കുഴിച്ചിടാതിരിക്കാനാണ്
ആ പൊരു ശ്മശാനത്തിൽ
നിങ്ങളെ ഞാൻ സംസ്കരിക്കുന്നത്.

5

മാന്യ മഹാ ജനങ്ങളേ:
എന്നെക്കുറിച്ചെഴുതിയ പത്രങ്ങൾ
നിങ്ങൾ വാങ്ങി വായിക്കൂ..
അവ പാതയോരത്ത് വേശ്യകളെപ്പോലെ
പ്രദർശിക്കപ്പെട്ടിട്ടുണ്ട്.

എനിക്കും വേണ്ടി
വസന്തത്തിന്റെ പൊൻകിരണങ്ങളെ പോലെ
തിളങ്ങുന്ന ഹരിതവർണ്ണങ്ങളുള്ള കടലാസുകൾ വാങ്ങുക,
പിന്നെ മഷിയും… അച്ചടി യന്ത്രവും..
എല്ലാം എന്റെ കാലത്തുള്ളതു തന്നെയായിരിക്കണം;
എഴുതാനുള്ള വിരലുകൾ പോലും.

എനിക്കു വേണ്ടി ചിന്തയുടെ കായകൾ വാങ്ങി
എന്റെ മുമ്പിൽ വയ്ക്കുക.
എന്നിട്ടു അതു കൊണ്ട് ഒരു കവിയെ പാകം ചെയ്യുക
ആ കവിയെ എന്റെ തീൻമേശയിൽ വയ്ക്കുക.

ഞാൻ നിരക്ഷരനാണ്;
എന്നാലും എന്റെയടുത്ത്
മഹാന്മാരായ കവികൾ സൃഷ്ടി കർമ്മം നടത്തിയ
ഇതിവൃത്തങ്ങളുണ്ട്.
എന്റെ സൌന്ദര്യത്തെ പാടിപ്പുകഴ്ത്തിയ
കവിതകൾ നിങ്ങൾ വാങ്ങിക്കൂട്ടുക.
എല്ലാ ഐശ്വര്യങ്ങളുമുള്ള താരമായി
എന്നെ നിങ്ങൾ വാഴ്ത്തുക
ഒരൊറ്റ നർത്തകന്മാർക്കും
നാടക നടന്മാർക്കും
എന്റെയത്ര സൌന്ദര്യമില്ല.
ഇല്ലാത്ത പണം കൊടുത്ത്
ഞാൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ വാങ്ങുന്നു

ബശാറുബ്ൻ ബർദിന്റെ കാവ്യങ്ങളും
മുതനബ്ബിയുടെ ചുണ്ടുകളും
ലബീദിന്റെ പാട്ടുകളും ഞാൻ വിലകൊടുത്തു വാങ്ങുന്നു.

പൊതുമുതലിലെ കോടികൾ മൊത്തവും
എന്റെ പിതാക്കന്മാരിൽ നിന്നും
എനിക്ക് അനന്തിരമായി ലഭിച്ചതാണ്.

എന്റെ സ്വർണ്ണങ്ങളെടുത്ത്
സുപ്രധാന മതഗ്രന്ഥങ്ങളിലെല്ലാം ഇങ്ങനെ
രേഖപ്പെടുത്തൂ..
‘എന്റെ ഭരണ കാലം ഹാറൂൺ റഷീദിന്റെ ഭരണമാകുന്നു’ എന്ന്.
- - - - - (തീർന്നിട്ടില്ല)
(the complete poem will be given upon request)

4 comments :

  1. thalakku sukhamillenkil oooolam paarayil orupaadu sthalam undu pokkoode..waste

    ReplyDelete
  2. Anu misunderstood me. I don't know from where he is coming? and may not be cured well. This site is only for the translation of Arabic poems. This poem is a good satire about the lazy Arabic ruler written by most famous Arabic poet 'Nizar Qabbani'. - Mammootty Kattayad

    ReplyDelete
  3. Thank you mr.Mammooty Kattayad.

    ReplyDelete
  4. Thanks a lot

    Arabic line's should be included with this

    ReplyDelete