Thursday, January 10, 2013

സ്വാതന്ത്ര്യ നൌക (ശിഹാബ് ഗാനിം)


Sahitya Akademi president M. Mukundan presents a memento
to Arabic poet Shihab Ghanem at Kerala Sahitya Akademi







ഡോ. ശിഹാബ് എം. ഗാനിം
എഞ്ചിനീയർമാനേജർസാമ്പത്തിക വിദഗ്ദൻകവിപരിഭാഷകൻ എന്നിവയെല്ലാമായ ഒരു ബഹു മുഖ പ്രതിഭയാണ് ശിഹാബ് എം. ഗാനിം. യമനിലെ ഏദനിൽ ജനിച്ച ഇദ്ദേഹം അറബു ലോകത്തെ ഇന്ത്യൻ കവിതകളുടെ അംബാസഡറായാണ് അറിയപ്പെടുന്നത്. യു.ഏ.ഈ. പൌരത്വം ലഭിച്ച കവി ഇപ്പോൾ ദുബായിൽ താമസിക്കുന്നു. ഇന്ത്യാ ഗവർമെന്റിന്റെ ടാഗോർ സമാധാന പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ അറബിക്കവിയും ശിഹാബ് ഗാനിമാണ്.
മെക്കാനിക്കൽ ഇഞ്ചിനീയറിംഗിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും(ബ്രിട്ടൻ) ഇരട്ട ബിരുദമുള്ള ഇദ്ദേഹം ഉത്തരാഖണ്ഡിലെ റൂര്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും  വെയ്ല്‍സില്‍(ലണ്ടന്‍) നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
കേരളവും മലയാള സാഹിത്യവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ 25 കവിതകളുടെ സമാഹാരമായആയിരത്തൊന്നു വാതിലുകള്‍ക്ക് പിറകില്‍ എന്ന പുസ്തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സച്ചിദാനന്ദന്റെ കവിതകളും അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കമലാ സുരയ്യയുടെ രചനകളില്‍ നാണി എന്ന കവിതയാണ്‌  അദ്ദേഹം ആദ്യം വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചത്‌. കേരള സര്‍ക്കാറിന്റെ അതിഥിയായി ഒമ്പത്‌ ദിവസം കേരളത്തില്‍ താമസിച്ചു. കേരള സാഹിത്യ അക്കാദമി ആദരിച്ച ആദ്യ അറബി കവി താനാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ട്.
അദ്ദേഹത്തിന്റെ പല കവിതകളിലും പോരാട്ടത്തിന്റെ ആത്മവീര്യം ത്രസിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ഇപ്പോള്‍ യമന്‍െറ ഭാഗമായ ഏദനില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തോടുള്ള പോരാട്ടം കണ്ടുവളര്‍ന്നവനാണ്‌ ഞാൻ. കോളനിവാഴ്‌ചക്കെതിരെ ഗാന്ധിജിക്കൊപ്പം സമരം നടത്തിയ വ്യക്തിയാണ്‌ എന്റെ മുത്തച്ഛന്‍ എം.എ. ലുഖ്‌മാന്‍. അതുകൊണ്ടുതന്നെസ്‌കൂള്‍ പഠനകാലഘട്ടത്തില്‍ മാതാവിന്‍െറ പിതാവായ ലുഖ്‌മാനിലൂടെ ടാഗോറിനെയും അല്ലാമാ ഇക്‌ബാലിനെയും പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു.
ഇംഗ്ലീഷ് വിവർത്തനമടക്കം അമ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് ശിഹാബ് ഗാനിം.
കമലാ സുരയ്യയുടെ കവിതകളുടെ പരിഭാഷയായ റനീൻ അൽ സുറയ്യാ’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് മികച്ച തർജ്ജമക്കുള്ള സുൽത്താൽ അൽ ഉവൈസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. അബൂദാബി കൾച്ചറൽ ആന്റ് ഹെറിറ്റേജ് കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മികച്ച ശാസ്ത്ര നേട്ടങ്ങൾക്കായുള്ള റാശിദ് അവാർഡ്സ‌ഊദി അറേബ്യയുടെ അബ്‌ഹാ സാഹിത്യ അവാർഡ്,യു.എ.ഇ.യുടെ ഏറ്റവും നല്ല കവിക്കുള്ള അവാർഡ്ഷാർജ ബുക് ഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ  എഴുപതു കാരന് ലഭിച്ചിട്ടുണ്ട്.

Gaza flotilla


  







സ്വാതന്ത്ര്യ നൌക1

(സമർപ്പണം. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദു ഖാന്)


ഒരറബി നാട്ടിലെ അധ്യാപകൻ
കുട്ടികളോടു ചോദിച്ചു:
മാനവ ചരിത്രത്തിലെ ഏറ്റവും വലിയ
ജയിൽ ഏതാകുന്നു?”

ഒരു കുട്ടി കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു:

സ്വാതന്ത്ര്യത്തിനും സമത്വത്തിനും
സാഹോദര്യത്തിനും വേണ്ടി നടന്ന
രക്ത രൂക്ഷിത ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രതീകമായ
പാരീസിലെ ബാസ്റ്റൈൽ ജയിൽ

അധ്യാപകൻ വീണ്ടും ചോദിച്ചു:
അന്ന് അതിൽ എത്ര അന്തേവാസികളാണുണ്ടായിരുന്നത്?’

ആരുടെയും കൈകൾ പൊങ്ങിയില്ല.

അപ്പോൾ അധ്യാപകൻ തന്നെ മറുപടി പറഞ്ഞു:
വെറും ഏഴു പേർ.
എന്നാൽ നിങ്ങൾക്കറിയുമോ
ഇരുപത് ലക്ഷത്തോളം അന്തേവാസികളെ
ഓരോ വർഷവും പാർപ്പിക്കുന്ന
ഒരു ജയിലിനെ കുറിച്ച്.

സിയോണിസ്റ്റ് ഭരണകൂടമാണ്‌
ആ ജയിലിനു കാവൽ നില്ക്കുന്നത്.
അമേരിക്കയുടെ വീറ്റോകൽ
അവർക്കു പിന്തുണ നല്കുന്നു,
വിവിധ പാശ്ചാത്യൻ രാഷ്ടങ്ങളും
അവരുടെ പിന്നിലണി നിരക്കുന്നു,
അറബ് രാഷ്ടങ്ങൾ മൗനം പാലിക്കുന്നു
ഏതാണാ ജയിൽ?”

കുട്ടികളെല്ലാം ഒരുമിച്ച്
ഉച്ചത്തിൽ ഇങ്ങനെ മറുപടി പറഞ്ഞു:
ഗസ്സഅന്തസ്സിന്റെ നാട് ‘.
 *         *


ഗാസാ വിമോചന കപ്പൽ!
ഏതാനും ചുണക്കുട്ടികളെയും
ചില സന്ദേശങ്ങളെയും
വഹിച്ചു കൊണ്ട് നീങ്ങുന്ന കപ്പൽ....

ഭാഷയുടെയോമതത്തിന്റെയോ,
ദേശത്തിന്റെയോ
അതിർ വരമ്പുകളില്ലാത്ത
നീതി നിഷേധത്തിനെതിരെ ഒന്നിച്ച,
മൃഗീയതയെ വെറുക്കുന്ന
മാനുഷിക മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്ന
ഒരു കൂട്ടം നല്ല മനുഷ്യർ.

വിവിധ ദേശക്കാർ...
തുർക്കികൾയൂറോപ്പ്യൻമാർഅറബികൾ …..
അമേരിക്കൻ പൌരന്മാർ വരേ
അവരിലുണ്ടായിരുന്നു.

ഭക്ഷണം, മരുന്ന്
പടക്കോപ്പുകളാൽ ശത്രു വ്യൂഹം തകർത്ത
വീടുകൾ പുനർ നിർമ്മിക്കാനുള്ള സാമഗ്രികൾ എന്നിവയുമായി
നീങ്ങുന്ന സമാധാന കപ്പലിന്
അകമ്പടിയായി കടലിലൂടെ നീങ്ങുകയായിരുന്നു.


ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളുടെ
അവശിഷ്ടങ്ങൾക്കിടയിലായി
അതിജീവിക്കുന്ന ജയിൽ പുള്ളികളുടെ
നരകയാതനയെ നില നിർത്താൻ
സിമന്റിനും കമ്പികൾക്കും വരേ
ഗാസയിൽ നിരോധനം നില നിൽക്കന്നു

കാരണം,
സിയോണിസ്റ്റ് ജയിലധികാരികളുടെ പട്ടികയിൽ
അതെല്ലാം  റോക്കറ്റുണ്ടാക്കാനുള്ള
അസംസ്കൃത വസ്തുക്കൾ പോലെ
പട്ടാളക്കാർക്കു മാത്രം ഉപയോഗിക്കാനുള്ള സാധനങ്ങളാണ്.

*   *
കപ്പലിലുണ്ടായിരുന്നത്
കുട്ടികളും സ്ത്രീകളും
ധീരന്മാരായ കുറച്ചു പുരുഷന്മാരുമായിരുന്നു,
അന്താരാഷ്ട്ര ജലാ‍തിർത്തിയിലൂടെ നീങ്ങുന്ന
നിരായുധരായ ആ ആളുകൾക്കു മേൽ
സിയോണിസ്റ്റ് സൈന്യം നിറയൊഴിച്ചു.
ആർ കൊല്ലപ്പെടുന്നുവോ
ആർക്ക് അംഗം ഭംഗം വരുന്നുവോ എന്നത്
അവർക്കൊരു പ്രശ്നമല്ലായിരുന്നു.

അങ്ങിനെ
പരിശുദ്ധയായ പാലസ്തീനു വേണ്ടി,
സ്വാതന്ത്ര്യത്തിനു വേണ്ടി
ഒമ്പത് തുർക്കി പൌരന്മാർ രക്ത സാക്ഷികളായി.


നിഷ്ഠൂരന്മാരായ ഈ കാപാലികർ
കഴിഞ്ഞ അറുപതു വർഷങ്ങളായി
ശബ്‌റയിലും ശാത്തില്ലയിലും
ഖാനയിലുംജെനീനിലും
അറബികളുടെയും പാലസ്തീനികളുടെയും
ചോര കൊണ്ടു പന്താടുകയാണ്.
അവരവിടെ മാരകമായ ഫോസ്ഫറേറ്റ് ബോംബുകളും
ക്ലസ്റ്റർ ബോംബുകളും വർഷിക്കുന്നു,

അവർ അറഫാത്തിനെയും
അഹ്മദ് യാസീനെയും
മബ്ഹൂഹിനേയും കൊന്നു.
ആയിരക്കണക്കുനു രക്ത സാക്ഷികൾ!;
എന്നിട്ടും നമ്മൾ സമാധാനവും സ്വപ്നം കണ്ടു കഴിയുന്നു,

ഇന്ന്
ഭ്രാന്തമായ ആവേശത്താൽ അവർ
ഉസ്മാനികളുടെ,
മുഹമ്മദ് അൽ ഫാതിഹിന്റെ ,
സുലൈമാൻ അൽ ഖാനൂനിയുടെ
പിൻ മുറക്കാരെ നിർദ്ദയം കശാപ്പു ചെയ്തു.

എർദുഖാൻഗുൽഓഗ്ലു എന്നിവർ
ഈ അതിക്രമം കണ്ട് മിണ്ടാതിരുന്നില്ല.
വാതുറക്കാനും
അഭിമാനം പ്രകടിപ്പിക്കാനും
തല ഉയർത്താനും കഴിവുള്ള
ഒരു ജന സഞ്ചയം തന്നെ അവർക്കു പിന്നിലുണ്ട്. 
1.       സ്വാതന്ത്ര്യ നൌക (The Gaza flotilla) : 2010 മയ് 31-ന്‌ ഫ്രീ ഗാസ മൂവ്മെന്റിന്റേയും തുർക്കീ മനുഷ്യാവകാശ സംഘടനയുടെയും നേത്ര്വത്വത്തിൽ തുർക്കികളും പാശ്ചാത്യൻ മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന സംഘം സഞ്ചരിച്ച ഒരു കപ്പൽ വ്യൂഹത്തെ  മെഡിറ്ററേനിയൻ കടലിൽ വെച്ച് ഇസ്രയേൽ സേന ആക്രമിച്ചു. ആറു കപ്പലുകളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഉപരോധത്തിൽ കഷ്ടപ്പെടുന്ന ഗാസ നിവാസികൾക്കു വേണ്ടിയുള്ള സഹായ സാമഗ്രികളായിരുന്നു അവ നിറയെ. ആക്രമണത്തിൽ 8 തുർക്കികളും ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഈ സംഭവമാണ്‌ കവിതയുടെ ഇതി വൃത്തം.  

Saturday, December 29, 2012

ഇരുമ്പു മറയ്ക്കു പിന്നിൽ (അറബിക്കവിത)























ശിഹാബ് ഗാനിം (യു.ഏ.ഇ)

എനിക്കു നിർത്താതെ കരയണം;
അഭിമാനപ്രശ്നമോർത്തിട്ടല്ല
ഭയം കൊണ്ടാണ്‌ ഞാൻ കരയാതിരിക്കുന്നത്.
എന്റെ നെഞ്ചിൻ കൂട്ടിൽ
ദു:ഖങ്ങളുടെ ഒരു മല തന്നെയുണ്ട്.

എനിക്കു ചോദിക്കണമുന്നുണ്ട്,
പക്ഷേ സാധിക്കുന്നില്ല.
കാരണം നിഴലുകൾ പോലും
ഓരോ വാക്കുകളെയും ഒളിഞ്ഞു നോക്കുകയാണ്‌.

എനിക്കു സ്വതന്ത്രമായ
കുറച്ചു വായുവെങ്കിലും
ശ്വസിക്കണമെന്നുണ്ട്
പക്ഷേ,
തുടലുകൾ എന്റെ ആത്മാവിന്റെ
മാംസം കരണ്ടു തിന്നുകയാണ്‌,
അങ്ങിനെ ഞാൻ ശ്വാസം മുട്ടി
മരിക്കാൻ പോവുകയാണ്‌.

ഒരു നിമിഷത്തേക്കെങ്കിലും
സമാധാനം ലഭിക്കണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു;

ചണ്ടിക്കൂനകൾക്കിടയിൽ നിന്നും
ഒരു തുണ്ടു പ്രകാശം പിറന്നു വീഴുമെന്നും
അത് ഇരുട്ടിന്റെ ഇരുമ്പു മറയെ
തകർക്കുന്ന ഒരു മഹാ പ്രവാഹമാകുമെന്നും
ഞാൻ സ്വപ്നം കാണുന്നു;
പക്ഷേ,
ഇരുട്ടിൽ ഞാൻ കേൾക്കുന്നത്
ഏതോ കൊലച്ചിരികളാണ്‌.

കുറച്ചു നേരത്തേക്കെങ്കിലും
സമാധാനം വെണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു.
എന്നാൽ കാലം എന്നെ പരിഹസിക്കുകയാണ്‌,
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ
അതിന്റെ പല്ലുകൾ ആഴ്ന്നിറങ്ങുകയാണ്‌

എനിക്ക് ഓടിപ്പോകണം,
മരീചിക പോലെ,
പരുന്തിന്റെ ചിറകിലെ ഒരു തൂവൽ പോലെ
അതെനിക്ക് അപ്രാപ്യമാണ്‌.
എന്തു കൊണ്ടെന്നാൽ
ആയിരത്തൊന്നു വാതിലുകളും
അവർ അടച്ചു പൂട്ടിയിരിക്കുകയാണ്‌.

എനിക്കു രക്ഷപ്പെടണം
പക്ഷേ എങ്ങിനെ?
ഓരോ മുക്കു മൂലയിലും
കബന്ധങ്ങൾ കുന്നു കൂടിയിരിക്കുന്നു,

എനിക്കു വേണം... വേണം... പക്ഷേ...!

വെടിയുണ്ടകളുടെ പേമാരിയിൽ പെട്ട്
പൊട്ടിത്തെറിച്ചിട്ടാണെങ്കിലും
എനിക്കു രക്ഷപ്പെടണം.

Tuesday, December 11, 2012

Monday, December 3, 2012

Arabic Cartoon_Translation

Arabic Cartoon

Wednesday, November 21, 2012

തീക്കള്ളൻ (അറബിക്കവിത) / അബുൽ വഹാബ് അൽ ബയ്യാത്തി

 

അബുൽ വഹാബ് അൽ ബയ്യാത്തി / ഇറാഖി കവി (1926-1999)

(1926-ൽ ബാഗ്ദാദിൽ ജനിച്ചു.
1950-ൽ അറബി സാഹിത്യത്തിൽ ബിരുദം. 1950 മുതൽ 1953 വരേ അധ്യാപക ജോലി. 1954-ൽ പുതിയ സംസ്കാരം എന്ന മാസിക ആരഭിച്ചു. പിന്നീടു അടച്ചു പൂട്ടേണ്ടി വന്നു. ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌ ജയിലിലടച്ചു. പിന്നീട് സിറിയയിലേക്കും അവിടുന്ന് ബെയ്റൂത്തിലേക്കും അവിടുന്ന് കൈറോയിലേക്കും പോയി. 1959-1964 കാലത്ത് സോവിയറ്റ് റഷ്യയിലായിരുന്നു. മോസ്കോ സർവ്വകലാശാലയിൽ അധ്യാപകനായി ജോലി ചെയ്തു. 1963-ൽ ഇറാഖീ പൗരത്വം നഷ്ടപ്പെട്ടു. 1964 മുതൽ 1970 വരേ ഈജിപ്തിലുണ്ടായിരുന്നു. പിന്നീട് സ്പെയിനിലായിരുന്നു. 1991-ൽ ജോർദാനിലെത്തി. 1999-ൽ ദമാസകസിൽ വച്ച് അന്തരിച്ചു.
മഹ്മൂദ് ദർവീശ്, നിസാർ ഖബ്ബാനി, നാശിൽ അൽ മലാഇക, ബദർ ഷാകിർ തുടങ്ങിയ പ്രഗത്ഭരായ അറബിക്കവികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
പരദേശികളുടെയും അഭയാർത്ഥികളുടെയും കവിയായി അറിയപ്പെടുന്നു.)

തീക്കള്ളൻ
അബ്ദുൽ വഹ്ഹാബ് അൽ ബയ്യാത്തി

അവർ സൂര്യനു ചുറ്റും വലയം വെച്ചു;
അവരുടെ കരുത്തുകൾ ചോർന്നു പോയി.

അവരിൽ ആദ്യം വന്നവർ
പിന്നീടു വരുന്നവരുടെ
മരണ വാർത്തയും
സമ്മാനിച്ചു കൊണ്ടാണ്‌ മടങ്ങിപ്പോയത്.

അപ്പോഴും തീക്കള്ളൻ പതിവു പോലെ
പലയിടങ്ങളിലായി
കാറ്റുകളോടു മത്സരിക്കുകയായിരുന്നു.

പിതാക്കന്മാരുടെ ശാപം
അയാളെ പിന്തുടരുന്നുണ്ടായിരുന്നു,
അയാളുടെ കത്തിപ്രകാശിക്കുന്ന വിളക്കിനെ
ഭൂമി മറച്ചു പിടിക്കുന്നുണ്ടായിരുന്നു.

ഇരുണ്ട തടവറയിലും
അഭയാർത്ഥിക്കേമ്പിലും
ദുരിത പൂർണ്ണമായ ചരിത്രത്തിന്റെ
ദുർഗന്ധം വമിക്കുണ്ടായിരുന്നു.

ചെകുത്താൻ തിരിനാളങ്ങളെ
അണയ്ക്കുമ്പോഴെല്ലാം അവ
മുറിവേറ്റു വീണ അവയവങ്ങളിൽ
വന്നു തിളങ്ങുന്നുണ്ടായിരുന്നു.

വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു
ഇതാ ഞാനിപ്പോൾ
പരേതന്മാരുടെ ലോകത്തു നിന്നും
നിന്ദ്യനായി മടങ്ങിയെത്തിയിരിക്കുന്നു.

ഞാൻ, ഞാൻ മാത്രമാണ്‌ കത്തിക്കരിഞ്ഞത്,
എത്ര സൂര്യന്മാർ എന്റെ അരികിലൂടെ കടന്നു പോയി;
ഒന്നു പോലും എനിക്കു വേണ്ടി ദു:ഖമാചരിച്ചില്ല.

ഞാനവർക്കു പൊറുത്തു കൊടുക്കുന്നു,
ഞാനവർക്കു വേണ്ടി ചരമഗീതമാലപിക്കുന്നു,
ഞാനവരെ കയ്യൊഴിയുന്നു,
തമ്പുരാനേ,
എന്നെ രക്ഷിക്കണേ,

അന്ധമായ ഇടപാടുകൾ
അവയുടെ കർത്തവ്യങ്ങൾ നന്നായി നിർവ്വഹിക്കട്ടെ.

ഞാന്റെന്റെ തുടലുകളിലും
തടവറകളിലും
ഇതാ കാർക്കിച്ചു തുപ്പുന്നു.

അവർ ഭീതിയോടെ മടങ്ങി വരുന്നു എന്നതും
ആദ്യം വന്നവർ പിന്നീടു വരുന്നവരുടെ മരണ വർത്ത അറിയിക്കുന്നു എന്നതും
എനിക്കൊരു പ്രശനമേയല്ല.

Saturday, November 3, 2012

പ്രഹേളിക (അറബി കവിത)

Courtesy_entammu.blogspot.com














 

 

 

(എപ്പോഴെങ്കിൽ എന്റെ ബ്ലോഗിൽ വന്നു കയറുന്നവരോട് ക്ഷമിക്കണം എന്ന ഒരു വാക്ക്.ചില പുസ്തകങ്ങളുടെ ജോലിയിൽ മുഴുകിയതു കൊണ്ടും ഇഷ്ടപ്പെട്ട കവിതകൾ കിട്ടാത്തതു കൊണ്ടുമാണ്‌ വിവർത്തനങ്ങൾ അധികവും ഉണ്ടാവാതിരുന്നത്.ഏറെ പ്രതീക്ഷകളോടേ ഖലീൽ ജിബ്രാന്റെ ഒരു നോവൽ വിവർത്തനം ചെയ്യാനായി ഒരു പാടു സമയം ചിലവഴിച്ചു. ഒരു പ്രസാധകർ അതേറ്റെടുക്കാമെന്നു പറഞ്ഞു. അവസാനം അവർ കാലു മാറി. ചില അധ്യായങ്ങൾ വെട്ടി മാറ്റണമെന്ന് അവർ. പറ്റില്ലെന്ന് ഞാനും. അവസാനം ഞാൻ തോറ്റു അവർ ജയിച്ചു. പോയതു പോലെ അതു തിരിച്ചു വന്നു. എന്നാലും ഞാൻ എഴുത്തു തുടരുന്നു. നടുന്ന ഒരു മണി വിത്തു പോലും പാഴായിപ്പോകില്ല എന്ന ഉത്തമ വിശ്വാസത്തോടെ). 


പ്രഹേളിക

ഈലിയ അബൂ മാദി


ഞാനിവിടെ എത്തി;
എവിടെ നിന്നു വരുന്നുവെന്ന് എനിക്കറിയില്ല;
എന്നിട്ടും ഞാനിവിടെ എത്തി.
എന്റെ മുമ്പിൽ നീണ്ടു കിടക്കുന്ന വഴി കണ്ടു;
ഞാൻ നടന്നു
ആഗ്രഹിച്ചാലും ഇല്ലെങ്കിലും
ഇനിയും ഞാൻ നടന്നു കൊണ്ടേയിരിക്കും.

എങ്ങനെയാണ്‌ ഞാൻ വന്നത്?
എങ്ങനെയാണ്‌ ഞാൻ വഴി കണ്ടു പിടിച്ചത്?
ഒരു നിശ്ചയവുമില്ല.

ഈ പ്രപഞ്ചത്തിൽ ഞാൻ പഴയവനോ?
അതോ പുതിയവനോ?
ഞാൻ വിട്ടയക്കപ്പെട്ട സ്വതന്ത്രനോ?
അതോ ചങ്ങലയിൽ ബന്ധിച്ച തടവുകാരനോ?
ജീവിതത്തിൽ ഞാൻ തന്നെ എന്നെ നയിക്കുന്നോ?
അതോ മറ്റൊരാളാൽ നയിക്കപ്പെടുന്നൊ?

എല്ലാം എനിക്കറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
പക്ഷേ, ഒന്നുമെനിക്കറിയുന്നില്ല.

എന്റെ മാർഗ്ഗം...?
അത് വളരെ വളരെ അകലെയാണോ?
അതോ അടുത്തോ? 
ഞാൻ മുകളിലേക്കു പോവുകയാണോ
അതോ തഴേക്കു താഴുകയാണോ?
പോയിപ്പോയി മുങ്ങിപ്പോകുമോ?

ഞാൻ പാതയിലൂടെ നടക്കുകയാണോ?
അതോ പാത തന്നെ നടന്നകലുകയാണോ?
അല്ലെങ്കിൽ നമ്മളെല്ലാം നിശ്ചലമായി നിന്നിട്ട്
കാലം മാത്രം സഞ്ചരിക്കുകയാണോ?
എനിക്കറിയില്ല.

അഭൗതിക ജ്ഞാനങ്ങൾ എനിക്കറിയാമായിരുന്നെങ്കിൽ!
ഞാനതിൽ ആണ്ടു കിടക്കുമായിരുന്നുവെന്ന് നിനക്കറിയാമോ?
അങ്ങനെയെങ്കിൽ ഞാനെന്തായിത്തീരുമെന്ന്
എനിക്കിപ്പോഴേ അറിയുമായിരുന്നു.
അതുമല്ലെങ്കിൽ എനിക്കൊന്നുമറിയില്ലെന്ന്
നീ കരുതുന്നുണ്ടോ?
അതും എനിക്കറിഞ്ഞു കൂട.

ഞാനൊരു മനുഷ്യനായിത്തീരുന്നതിനു മുമ്പേ
ഞാനൊന്നുമല്ലായിരുന്നോ?
അതോ വല്ലതുമായിരുന്നോ?

ഈ ചോദ്യങ്ങൾക്കൊരുത്തരമുണ്ടോ?
അതോ എന്നും ഇതൊരു പ്രഹേളികയായിത്തുടരുമോ?
എനിക്കറിയില്ല.
എന്തുകൊണ്ടെനിക്കറിയില്ല?
അതും എനിക്കറിയില്ല.


കടൽ

ഒരിക്കൽ ഞാൻ കടലിനോടു ചോദിച്ചു:
‘കടലേ, എന്റെ ഉത്ഭവം നിന്നിൽ നിന്നാണോ?,
എന്നെയും നിന്നേയും ചുറ്റിപ്പറ്റി ചിലരൊക്കെ പറയുന്നതിൽ
സത്യമുണ്ടോ?
അതോ, അത് അപവാദവും കെട്ടുകഥയുമാണോ’?
കടലിന്റെ ഓളങ്ങൾ ചിരിച്ചു കൊണ്ടു പറഞ്ഞു:
‘എനിക്കറിയില്ല’

കടലേ
എത്ര സംവത്സരങ്ങളായി നീ വന്നിട്ട്?
കരയ്ക്കറിയുമോ അത് നിന്റെ മുമ്പിൽ 
മുട്ടുകുത്തിയിരിക്കുകയാണെന്ന്?
പുഴകൾക്കറിയാമോ അവ നിന്നിൽ നിന്നുത്ഭവിച്ച്
നിന്നിലേക്കു തന്നെ വരികയാണെന്ന്?
ക്ഷുഭിതരായ തിരമാലകൾ അവയോടെന്താണു പറഞ്ഞത്?
എനിക്കൊന്നുമറിയില്ല.

കടലേ, നീ തന്നെ ഒരു തടവുകാരിയാണോ?
എങ്കിൽ എത്ര ഭീകരമാണ്‌ നിന്റെ ബന്ധനം?

ഓ പരാക്രമീ, നീയും എന്നെപ്പോലെ 
വെറും കയ്യോടെയിരിക്കുകയാണോ?
സ്വന്തമായിട്ടൊന്നുമില്ലേ?
എന്റെയും നിന്റെയും അവസ്ഥകൾക്ക് വല്ലാത്ത സാദൃശ്യമുണ്ട്.
എന്റെ സങ്കടം നിന്റെ സങ്കത്തോട് സംവദിച്ചു.
എന്നാണ്‌ ഞാനും നീയും ഈ ബന്ധനത്തിൽ നിന്നു
മോചിതരാവുക?.
എനിക്കറിയില്ല.

നീ മേഘത്തെ പറഞ്ഞു വിടുന്നു
എന്നിട്ട് ഞങ്ങളുടെ നിലത്തെയും 
സസ്യങ്ങളെയും നനക്കുന്നു.
എന്നിട്ടു ഞങ്ങൾ പറയുന്നു:
‘ഞങ്ങൾ നിന്നെ തിന്നു - ഞങ്ങൾ പഴം തിന്നു,
ഞങ്ങൾ നിന്നെ കുടിച്ചു - ഞങ്ങൾ മഴയെക്കുടിച്ചു’
ഞങ്ങളുടെ ഈ വാദം ശരിയാണോ?
അതോ തെറ്റോ?
എനിക്കറിയില്ല.

ഞാൻ ചക്രവാളങ്ങളിലെ മേഘങ്ങളോടു ചോദിച്ചു:
നിനക്കു കടലിലെ മണലിനെ അറിയുമോ?
ഇലകൾ നിറഞ്ഞ മരത്തോടു ചോദിച്ചു:
നിനക്കു കടലിന്റെ പ്രത്യേകത അറിയുമോ?
കഴുത്തിലണിഞ്ഞ മുത്തു മാലയോടു ഞാൻ ചോദിച്ചു:
‘നീ നിന്റെ താഴ് വേരുകളെ ഓർക്കുന്നുണ്ടോ?’
അവരെല്ലാം മറുപടി പറഞ്ഞത് 
ഇങ്ങനെയാണെന്നാണ്‌ എന്റെ ധാരണ;
‘എനിക്കൊന്നുമറിയില്ല’.

തിരമാലകൾ നൃത്തം ചെയ്യുന്നു,
നിന്റെ ആഴങ്ങളിലെ യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല.
നീ മത്സ്യങ്ങളെ സൃഷിടിക്കുന്നു,
ഒപ്പം തന്നെ തീറ്റൊക്കൊതിയൻ മത്സ്യത്തെയും സൃഷ്ടിക്കുന്നു.

നിന്റെ നെഞ്ചിൽ നീ തന്നെ മരണവും
മനോഹരമായ ജീവിതവും നിർമ്മിക്കുന്നു.
എനിക്കറിയാത്തതു കൊണ്ടു ചോദിക്കുകയാണ്‌
നീ തൊട്ടിലോ അതോ മയ്യിത്ത് കട്ടിലോ?.

* * *

ലൈലയെപ്പോലെ എത്ര കാമുകിമാർ!.
ഇബ്നുൽ മുലവ്വഹിനെപ്പോളെ എത്ര കാമുകന്മാർ!..
നിന്റെ തീരത്ത് മണിക്കൂറുകൾ ചെലവിട്ടു?
അവൾ ആവലാതിപ്പെടുമ്പോൾ അവൻ സാന്ത്വനപ്പെടുത്തുന്നു,
അവൻ സംസാരിക്കുമ്പോൾ അവൾ കാതോർക്കുന്നു,
അവൾ പറയുമ്പോൾ അവൻ ചാഞ്ചാടുന്നു,
അവർക്കു രണ്ടിനും നഷ്ടപ്പെട്ട രഹസ്യമാണോ
തിരമാലയുടെ ഇരമ്പലിൽ കേൾക്കുന്നത്?
എനിക്കറിയില്ല.

എത്ര ഛത്രപതികളാണ്‌
നിന്റെ തീരത്ത് മണിമാളികകൾ പണിതത്;
നേരം പുലർന്നു വന്നപ്പോൾ അവർ കണ്ടത് വെറും കോട മാത്രം.

കടലേ, അവരെപ്പോഴെങ്കിലും മടങ്ങി വരുമോ?
ഒരിക്കലും തിരിച്ചു വരില്ലേ?
അല്ലെങ്കിൽ അവർ മണലിൽ പുതഞ്ഞു പോയോ?
മണലുകളെന്നോടു പറഞ്ഞത്
‘എനിക്കറിയില്ല’ എന്നാണ്‌.

പരാക്രമിയായ കടലേ,
നിന്നിൽ ചിപ്പികളും മണലുമുണ്ടോ?
നിനക്കു നിഴലില്ല,
എനിക്ക് കരയിൽ നിഴലുണ്ട്.
നിനക്കു ബുദ്ധിയില്ല,
എനിക്കതുണ്ട്
അല്ലെങ്കിലും എന്താണീ ബുദ്ധി?
എന്തിനു വേണ്ടിയാണു ബുദ്ധി?
ഞാൻ മരിച്ചാലും നീ ശേഷിച്ചിരിക്കുമോ?
എനിക്കറിയില്ല്.

കാലത്തിന്റെ പുസ്തകമേ,
കാലത്തിനു ഭൂതവും ഭാവിയുമുണ്ടോ?
കാലത്തിൽ ഞാനൊരു കടത്തു വഞ്ചി പോലെ
കരയില്ലാത്ത കടലിലൂടെ ഇങ്ങനെ...
എനിക്കു പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല
എനി കാലത്തിൻ എന്നെയും കൊണ്ട് 
യാത്ര പോകുന്നതിൽ വല്ല ലക്ഷ്യവുമുണ്ടോ?
അങ്ങനെയുണ്ടെങ്കിൽ അതൊരു വലിയ അറിവാണ്‌.
പക്ഷേ അതെങ്ങനെ ഞാനറിയും?
എനിക്കറിയില്ല.

കടലേ, 
എന്റെ നെഞ്ചിൽ നിരവധി രഹസ്യങ്ങൾ 
കുടികെട്ടിപ്പാർക്കുന്നു,
എന്തോ ഒരു മൂടുപടം അതിനു മുകളിലുണ്ട്.
അതു ഞാൻ തന്നെയാകുന്നു.
അടുത്തു ചെല്ലും തോറും അതകന്നകന്നു പോവുകയാണ്‌.
അറിയാൻ ഞാനടുക്കുംതോറും
ഞാനറിയാത്തവനായി മാറുന്നു.
(തീർന്നിട്ടില്ല)

Monday, May 21, 2012

ദൈവ നിന്ദ (അറബിക്കവിത)













ദൈവ നിന്ദ
(അബുൽ അലാ‍‌അ് അൽ മ‌അ്‌രിയുടെ ശരീഅത് വിമർശനവും 
അതിനു ഇമാം ശാഫിഈ(റ)യുടെ മറുപടിയും)

അബുൽ അലാ‍‌അ് അൽ മ‌അ്‌രി ഒരിക്കൽ പറഞ്ഞു:

ഒരു കൈയ്ക്കുള്ള ദിയാ ധനം
(കൈ വെട്ടിയാലുള്ള പിഴ)
അഞ്ഞൂറ് സ്വർണ്ണ നാണയമാകുന്നു.

എന്നാൽ നാലിലൊരു ദീനാർ (കാൽ കാശ്)
ഒരാൾ മോഷ്ടിച്ചാൽ
(ഇസ്‌ലാകിക ശരീഅത്ത്)
അവന്റെ കൈ വെട്ടിക്കളയുന്നു.

ഇവിടെ ഒരു വൈരുദ്ധ്യമില്ലേ?
(കൈ മുറിക്കണമെങ്കിൽ അഞ്ഞൂറ് സ്വർണ്ണ നാണയമെങ്കിലും മോഷ്ടിക്കേണ്ടേ?)

മൌനം പാലിക്കുകയും
തമ്പുരാനോട് നരക ശിക്ഷയിൽ നിന്നും
അഭയം തരണമെന്നു പ്രാർത്ഥിക്കുകയുമേ നമുക്ക് തരമുള്ളൂ.


ഇമാം ശാഫിഈ(റ)യുടെ മറുപടി:

അവിടെ ഒരു കൈ അക്രമിക്കപ്പെട്ടു.
അതു കൊണ്ട് അതിന്റെ വില (നഷ്ട പരിഹാരം)
ഉയർന്നതായി.

ഇവിടെ ഒരു കൈ
അക്രമം കാണിച്ചു;
(തുക കുറച്ചാണെങ്കിൽ പോലും)
ഈ കൈ യഥാർത്ഥത്തിൽ
സ്രഷ്ടാവിനെ അപമാനിക്കുകയാണു ചെയ്തത്.
(അതു കൊണ്ടാണ് ശിക്ഷ കടുത്തതായത്).

Monday, March 26, 2012

വിസ. (അറബി കവിത)



വിസ.

നിസാർ ഖബ്ബാനി

ഒരു വികസ്വര രാഷ്ട്രത്തിലെ
സെക്ക്യൂരിറ്റി പോസ്റ്റിൽ
അനുവാദവും കാത്ത്
ഞാൻ നിൽക്കുകയായിരുന്നു.

എനിക്കു കൂട്ടിനായി
സങ്കടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

അവിടെ നിന്നും
എന്റെ പിറന്ന ദേശത്തേക്കുള്ള ദൂരം
കേവലം ഒരു മൈൽ മാത്രം.
ദാഹജലത്തിനായി കെഞ്ചുന്ന മാടപ്പിറാവിനെ പോലെ
വാരിയെല്ലുകൾക്കുള്ളിൽ ഹൃദയം
പിടയുന്നുണ്ടായിരുന്നു.

എന്റെ കൈയ്യിലുണ്ടായിരുന്ന പാസ്പോർട്ട്
കളിച്ചു വളർന്ന ആ നാടിനെക്കുറിച്ച്
സ്വപ്നം കാണുകയായിരുന്നു.
അവിടുത്തെ ഗോതമ്പും അക്രോട്ടും അത്തിപ്പഴവും
തിന്നു കൊണ്ടാണ് അതു വളർന്നത്.

ഞാൻ ക്യൂവിൽ നിന്നു;
ജനങ്ങൾ ഇപ്പോഴും കായകളും
കിഴങ്ങുകളുമാണ് ഭക്ഷിക്കുന്നത്
ഫറോവയുടെ കാലം മുതൽ ഇന്നുവരേ
അവർ കന്നുകാലികളെ പോലെയാണ് മൂത്രമൊഴിക്കുന്നത്.

ഇപ്പോഴും ഇവിടെ
താന്തോന്നിയായി ഭരണം നടത്തുന്ന ഒരു ഭരണാധികാരിയും
മൃഗങ്ങളെ പോലെ സ്വന്തം ശരീരത്തിലേക്ക്
മുള്ളുന്ന പ്രജകളുമുണ്ട്.

കോംഗോയിലും താൻസാനിയയിലുമല്ല
എന്റെ നാട്ടിലെ സെക്യൂരിറ്റി പോസ്റ്റിൽ
സൂര്യൻ പോലും കാക്കിയാണു ധരിച്ചിരിക്കുന്നത്.
പൂവുകൾ പോലും (പട്ടാളക്കാരുടെ) പുള്ളിക്കുത്തുള്ള
വസ്ത്രങ്ങളാണ് ഉടുത്തിരിക്കുന്നത്.

ഞങ്ങളുടെ മുമ്പിലും പിന്നിലും
ഭയം തളം കെട്ടിയിരിക്കുന്നു.

ചുമലിൽ അഞ്ചു നക്ഷത്രങ്ങളുള്ള പോലീസുകാരൻ
മുഴുവൻ പുച്ഛത്തോടും കൂടി
ആടുകളെ പോലെ ഞങ്ങളെ കെട്ടി വലിക്കുകയാണ്.

കാബേലിന്റെ കാലം മുതൽ ഇന്നുവരേ
ഇവിടെ പ്രൊഫഷനൽ കൊലയാളികൾ നിലയുറപ്പിച്ചിട്ടുണ്ട്.

സൂര്യസഞ്ചാരങ്ങളില്ലാത്ത,
സമയങ്ങൾ മാറിമറയാത്ത
ശിക്ഷാ മുറികളിൽ
അറവുമാടുകളെ പോലെ തോലുരിയപ്പെടുന്ന
പ്രജകളെയും ഇവിടെ നിങ്ങൾക്കു കാണാം.

ഞാൻ എവിടെയാകുന്നു?
എല്ലാ ചിഹ്നങ്ങളും പറയുന്നു:
‘അതാ ഒരു കാട്ടറബി’ എന്ന്.
ഞങ്ങൾ കേൾക്കുന്ന എല്ലാ പരിഹാസങ്ങളും
ആ പഴയ പല്ലവി തന്നെയാകുന്നു
(കാടൻ അറബി എന്ന്)

എല്ലാ പാതകളും ചെന്നവസാനിക്കുന്നത്
അക്രമിയായ ഭരണാധികാരിയുടെ വാളിൻ ചുവട്ടിലേക്കാണ്.

ഞാനിപ്പോൾ എവിടെയാണ്?
ഓരോ റോഡുകൾക്കിടയിലും
ഓരോ രാഷ്ടം!.

ഓരോ ഈത്തപ്പനകൾക്കും
അവയുടെ നിഴലുകൾക്കുമിടയിൽ
ഓരോ ഭരണകൂടം!.

ഭ്രാന്താലയത്തിലും
തലവേദനയും ചുമയും ജ്വരവും
പടർന്നു പിടിച്ച ആതുരാലയത്തിലും
ഓരോ ഭരണ കൂടം!.

പോകാനുള്ള അനുവാദത്തിനായി കെഞ്ചിക്കൊണ്ട്,
ബാല്യകാല ഭവനത്തിനും
അവിടുത്തെ പൂക്കൾക്കും വേണ്ടി കേണപേക്ഷിച്ചു കൊണ്ട്
ഒരു മാസം മുഴുവൻ,
ഒരു വർഷം മുഴുവൻ,
ഒരു കാലം മുഴുവൻ,
മാഫിയാ തലവനു മുമ്പിൽ ഞാൻ കാത്തു കിടന്നു.

ഒരായുസ്സു മുഴുവൻ ഞാൻ കാത്തു നിന്നു.

മൂത്തു നരച്ചപ്പോൾ
എന്റെ നാട്ടിലേക്കു പ്രവേശിക്കാൻ
അവരെനിക്കു സമ്മതം തന്നു

അപ്പോഴാണു ഞാനറിയുന്നത്
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന
എന്റെ പ്രിയപ്പെട്ട രാജ്യം
ഭൂപടത്തിലേ ഇല്ല എന്ന്.

Sunday, February 26, 2012

അറബിക്കവിത: ഒരു കണക്കിലെ കളി



കവിതയിൽ ഒരു കണക്കിലെ കളി

സർഖാഉൽ യമാമ എന്ന അറബി വനിതയെക്കുറിച്ച് മുമ്പ് ഈ ബ്ലോഗിൽ പറഞ്ഞിരുന്നു. അപാരമായ കാഴ്ച ശക്തി കൊണ്ട് പേരു കേട്ടവരായിരുന്നു അവർ. അവർ ഒരിക്കൽ ഒരിക്കൽ വീട്ടു മുറ്റത്തിരിക്കുമ്പോൾ ജലാശയത്തിലേക്ക് പറന്നു പോകുന്ന കുറേ പ്രാവുകളെ കണ്ടു. അപ്പോൾ ഇങ്ങനെ പാടി:

മാടപ്പിറാവുകൾ എന്റെ മാടപ്പിറാവുകളുടെ കൂടെ കൂടുകയും
അവയുടെ പകുതിയും കൂടി ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ കൈവശമുള്ള പ്രാവുകളുടെ എണ്ണം നൂറു തികയുമായിരുന്നു


അപ്പോൾ അവരുടെ കൈവശമുള്ളതെത്ര?
പറന്നു പോകുന്ന പ്രാവുകളെത്ര?
---------------------------------------------------------------------------------

ഉത്തരം:
-
-
-
-
-
പറന്നു പോകുന്നവ: 66
അവരുടെ കൈവശമുള്ളത് : 1
66+33+1 = 100

Monday, February 13, 2012

മരക്കൊമ്പിലിരിക്കുന്ന ഒരു കിളി (അറബിക്കവിത)

ഫെബ്രുവരി 14 (പൂ)വാലന്റൈൻ ഡേ. ഞാൻ ഈ ദിനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും എനിക്ക് കവിതകൾ തർജ്ജമ ചെയ്യാതിരിക്കാൻ കഴിയില്ല. നിസാർ ഖബ്ബാനിയുടെ ‘വാലന്റൈൻ ദിനം’ വായിക്കാൻ ഇവിടെ ക്ലിക്കുക.
http://www.kattayad.co.cc/2010/02/blog-post_14.html



മരക്കൊമ്പിലിരിക്കുന്ന ഒരു കിളിയാണ്
കയ്യിലിരിക്കുന്ന പത്തെണ്ണത്തേക്കാൾ നല്ലത്

---------------------------------------------------------
ഗാദ അൽ സമാൻ
(സിറിയൻ കവയത്രി, ജനനം: 1942)

‘കൈയ്യിലിരിക്കുന്ന ഒരു കിളിയാണ്‌
മരക്കൊമ്പിലിരിക്കുന്ന
പത്തു കിളികളേക്കാൾ നല്ലത്’ എന്ന്
എന്നെ ബോധ്യപ്പെടുത്താൻ
കുഞ്ഞുന്നാളിലേ
അവർ ശ്രമിച്ചു കൊണ്ടിരുന്നു.

ആ മഹാ നുണ വിശ്വസിക്കാൻ
തയ്യാറല്ലാത്തതു കൊണ്ട്
അവരെന്നെ സമൂഹ വൈരത്തിന്റെ
ചാട്ടവാറു കൊണ്ടു പ്രഹരിച്ചു;
അപമാനത്തിന്റെ വൃക്ഷത്തിൽ കെട്ടിയിട്ടു.
അവർ പറഞ്ഞു:
‘നീ പിശാചിന്റെ അനുയായികളിൽ പെട്ട
ദുർ മന്ത്ര വാദിനിയാകുന്നു’ എന്ന്
‘ഡെൽഫിയുടെ വിദൂഷകയെ പോലെ
തിന്മയുടെ കയത്തിൽ ഒളിച്ചിരിക്കുന്നവളാകുന്നു’ എന്നും

കൈയ്യിലിരിക്കുന്ന ഒരു കിളി
മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളേക്കാൾ
നല്ലതാണെന്നു വിശ്വസിക്കുന്ന
കുരുന്നുകളെ പോലെ ഞാൻ
നല്ല കുട്ടിയായിരുന്നില്ല.
അവരെല്ലാം സന്തോഷത്തിന്റെ ഉന്മാദത്തിലാണ്‌.

ഓ, പഥികാ..
കൈയ്യിലിരിക്കുന്ന ഒന്നാണ്‌
മരത്തിലിരിക്കുന്ന പത്തിനേക്കാൾ
നല്ലതെന്ന് ഞാനെങ്ങനെ വിശ്വസിക്കും?

കൈയ്യിലുള്ള ഒരു കിളി എന്നത്
വെറും ഒരു കുടന്ന ചാരത്തിന്റെ ഉടമാവകാശം !!

മരത്തിനു മുകളിലെ കിളിയോ
അനന്തമായ സ്വപ്നങ്ങളുമായി
പാറിപ്പറക്കുന്ന നക്ഷത്രങ്ങളും !!.

മരത്തിനു മുകളിലെ ഓരോ കിളിയും
ഏതോ മായാലോകത്തേക്കുള്ള ക്ഷണമാകുന്നു,
ഭ്രാന്തമായ ആവേശത്താൽ
കുത്തിയൊഴുകുന്ന ജലപ്രവാഹത്തിലൂടെ
നീന്തിത്തുടിക്കാനുള്ള
ആഹ്വാനമാകുന്നു.

കൈയ്യിലെ ഒരു കിളി
വിരസതയുടെ ചതുപ്പുനിലത്തിലെ മയക്കമാകുന്നു.
ശ്മശാന നഗരത്തിലെ കുടികിടപ്പാകുന്നു.
കൂർക്കം വലി പോലെ
ഒരേ സ്വരത്തിലെ സംഭാഷണമാകുന്നു.

ഇനിയും നിറം മങ്ങിയിട്ടില്ലാത്ത
ഇളം പ്രയക്കാരായ അനുരാഗികളേ
കൈയ്യിലിരിക്കുന്ന ഒരു കിളി
മരത്തിലിരിക്കുന്ന പത്തെണ്ണെത്തേക്കാൾ
നല്ലതാണെന്ന വാക്കുകൾ
നിങ്ങൾ വിശ്വസിക്കരുത്.

എന്റെ കണ്ഠ നാളത്തിന്റെ
ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ പറയുന്നു
‘മരത്തിലിരിക്കുന്ന ഒരു കിളിയാണ്‌
കൈയ്യിലിരിക്കുന്ന പത്തു കിളികളേക്കാൾ മെച്ചം’.

മരത്തിനു മുകളിലെ കിളി
ഒരു തുടക്കമാകുന്നു.
ആത്മ സത്തയുടെ ലോകത്തേക്ക്
മാരിവില്ലിന്റെ പുറത്തേറി
കുതിച്ചു പായാനുള്ള ക്ഷണമാകുന്നു,
കാട്ടുകുതിരയുടെ പുറത്തു കയറിയുള്ള
സവാരിയാകുന്നു.

കൈയ്യിലിരിക്കുന്ന ഒരു കിളി
ഒരവസാന വാക്കാകുന്നു;
ഭാവനകളുടേയും നിഗമനങ്ങളുടേയും
വാതിലുകളെ പൂട്ടിയിട്ട താഴാകുന്നു,
ആമകളുടെയും ഉറുമ്പുകളുടെയും
കൂടെയുള്ള ജീവിതമാകുന്നു,
ഉത്കൃഷ്ടവും അത്യുത്തമവുമായ
എല്ലാത്തിനെയും തടവിൽ പാർപ്പിക്കാൻ
നേരത്തേ ഉണ്ടാക്കി വെച്ച അച്ചുകളാകുന്നു.


ആരാണു പറഞ്ഞത്
‘കാറ്റിൽ പാറിക്കളിക്കുന്ന ഒരു തൂവൽ
കെട്ടി നിൽക്കുന്ന പുഴയ്ക്കടിയിരിക്കുന്ന
ചരൽക്കല്ലിനേക്കാൾ നല്ലതല്ലെന്ന്’?

ഭ്രമണ പഥത്തെയും വിട്ടകന്ന്
കാറ്റിൽ അന്തിമയങ്ങി,
ചില്ലകളെപ്പോലും അവഗണിച്ച്
കവരുന്ന കൈകളെ നിരസിച്ച്
വസന്തങ്ങൾക്കു നേരെ നിറയൊഴിച്ച്
ഉലകം മുഴുവനും ചുറ്റി നടക്കുന്ന
ബുൾബുളിനെ പോലെ
ഭൂഖണ്ഡങ്ങൾക്കിടയിൽ പറന്നു നടക്കുന്ന
ഭവന രഹിതനായ പഥികാ..
ഞാൻ നിന്നെ സ്നേഹിക്കുന്നു.

Thursday, February 2, 2012



ഉത്തരീയം
ഇമാം ബൂസുരി (1211-1294)
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമാണ്‌ ബുർദ: പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച് എന്റെ ബുർദാ വ്യാഖ്യാനത്തിൽ നിന്നെടുത്ത ബുർദയിൽ പ്രധാനപ്പെട്ട വരികളുടെ മൊഴിമാറ്റം താഴെ വായിക്കുക)


നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാണയാളതു തൃണവൽഗണിച്ചു പോൽ

അവതൻ ത്യാഗത്തേക്കാൾ ശക്തമെന്നാലുമേവ-
മവഗണിക്കുമെല്ലാ യോഗിമാരുമാവശ്യം

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മാനവർക്കുമദൃശ്യ ജിന്നുകൾക്കുമറേബ്യൻ
മാനിതർക്കുമന്യർക്കും മന്നരപ്രവാചകൻ

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ജ്ഞാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംസകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം, ബഹു-
മന്യമായതെതൊക്കെയും നിൻ മനം ചൊല്ലുന്നതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞു പോം

സ്വപ്നവുമായ് സംതൃപ്തിയടയും സമൂഹമാ
സത്തയെയുലകിൽ നിന്നറിയുന്നതെങ്ങനെ!.

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?

Sunday, December 11, 2011

കാലം - ഇമാം ശാഫി



നാം കാലത്തെ കുറ്റപ്പെടുത്തുന്നു.
(യഥാർത്ഥത്തിൽ) കുറ്റം നമ്മൾക്കാണ്.
കാലത്തിനുള്ള ഒരേ ഒരു കുറവ്
നാമതിൽ ജീവിക്കുന്നു എന്നതാണ്.

ഒരു തെറ്റും ചെയ്യാത്ത കാലത്തെ
നാം അധിക്ഷേപിക്കുന്നു.
കാലം സംസാരിക്കുമായിരുന്നെങ്കിൽ
അതു നമ്മെ വഴക്കു പറയുമായിരുന്നു.

ഒരു ചെന്നായ ഒരിക്കലും
മറ്റൊരു ചെന്നായയെ തിന്നാറില്ല.
എന്നാൽ നമ്മിൽ ചിലർ ചിലരെ
പരസ്യമായി ഭക്ഷിക്കുന്നു.

വഞ്ചിക്കാൻ നാം
ആട്ടിൻ തോലണിയുന്നു.
പിടിച്ചു പറിക്കാനായി
നമ്മെ സമീപിക്കുന്നവനു നാശം!.

നമ്മുടെ മതം വച്ചുകെട്ടലും
കെട്ടു കാഴ്ചയുമാണ്.
കണ്ടു മുട്ടുന്നവരെയെല്ലാം
നാം അതിന്റെ പേരിൽ പറ്റിക്കുന്നു.

Wednesday, November 16, 2011

ഒരു പ്രേമത്തിന്റെ പര്യവസാനം - അറബിക്കവിത

(ക്ഷമിക്കുക, രണ്ടു മാസത്തോളമായി ബ്ലോഗിൽ നിന്നും വിട്ടു നിന്നിട്ട്. രണ്ടു പുസ്തകങ്ങളുടെ തിരക്കിട്ട പണിയിലായിരുന്നു. ഇമാം ശാഫിഈ(റ)യുടെ കവിതാ സമാഹാരവും (400 പേജുകൾ) ഖലീൽ ജിബ്രാന്റെ നോവലിന്റെ പരിഭാഷയും (കൊടുങ്കാറ്റ്- പേജ് 250) രണ്ടും ഈ മാസം പൂർത്തിയായി. ഇനി പ്രസാധകരെ കിട്ടണം. അതിനുള്ള ശ്രമത്തിലാണ്.

a painting by Kahlil Gibran


ഒരു പ്രേമത്തിന്റെ പര്യവസാനം

(എന്റെ പുസ്തകത്തിൽ നിന്നു തന്നെ)

ഒരിക്കൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ അസ്മഈ
ഹിജാസിലെ ഒരു ഗ്രാമത്തിലൂടെ നടന്നുപോകുമ്പോൾ
ഒരു പാറയിൽ ഇങ്ങനെ എഴുതിവെച്ചതു കണ്ടു

(അനുരാഗികകളേ,
ഒരാൾക്കു പ്രേമം കലശലാ യാൽ അയാളെന്താണു ചെയ്യുക?)

(يامعشر العشاق بالله خبروا * إذا حل عشق بالفتى كيف يصنع)

ഉടനെ അസ്മഈ അതിനു താഴെ ഇങ്ങനെ എഴുതി:

(പ്രേമത്തെ പ്രതിരോധിക്കുക, സഹിച്ച് കീഴടങ്ങുക).
(يداري هواه ثم يكتم سره ويخشع في كل الأمور ويخضع)

രണ്ടാംനാളും അതുവഴിയെ പോകുമ്പോൾ അവിടെ ഇങ്ങനെ ഒരു വരിയും കൂടി കണ്ടു.

(പ്രേമം യുവാവിനെ കൊല്ലാ കൊല ചെയ്യുമ്പോൾ
എങ്ങിനെ പ്രതിരോധിക്കും?
ഓരോ ദിവസവും അയാളുടെ ഹൃദയം മുറിഞ്ഞു വീഴുകയാണ്).

(وكيف يداري والهوى قاتل الفتى وفي كل يوم قلبه يتقطع)

അപ്പോൾ അസ്മഈ അതിനു താഴെ എഴുതി:

(എങ്കിൽ അയാൾക്കു മരണമേ രക്ഷയുള്ളൂ)

(إذ لم يجد صبراً لكتمان سره فليس له شيء سوى الموت ينفع)

മൂന്നാം പക്കം അതേ വഴിയേ പോകുമ്പോൾ
ആ പാറയ്ക്കു സമീപം ഒരു യുവാവ് മരിച്ചു കിടക്കുന്നതു കണ്ടു.
അയാൾക്കു സമീപം വീണുകിടക്കുന്ന ഒരു തോലിൽ
ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു:

(കേട്ടു. അനുസരിച്ചു.
കൂടി ച്ചേരാൻ അനുവദിക്കാത്തവന് (അവളുടെ തന്തക്കു)
എന്റെ സലാം കൊടുത്തയക്കൂ.
സമ്പന്നർ അനുഗ്രഹങ്ങൾ കൊണ്ട് സുഖിക്കട്ടെ.
അനുരാഗിക്കെപ്പോഴും കടിച്ചിറക്കാനുള്ളത് നോവു മാത്രം)

(سمعنا أطعنا ثم متنا فبلغوا * سلامي الى من كان للوصل يمنع
هنيئاً لأرباب النعيم نعيمهم * وللعاشق المسكين ما يتجرع )