Saturday, November 3, 2012

പ്രഹേളിക (അറബി കവിത)

Courtesy_entammu.blogspot.com














 

 

 

(എപ്പോഴെങ്കിൽ എന്റെ ബ്ലോഗിൽ വന്നു കയറുന്നവരോട് ക്ഷമിക്കണം എന്ന ഒരു വാക്ക്.ചില പുസ്തകങ്ങളുടെ ജോലിയിൽ മുഴുകിയതു കൊണ്ടും ഇഷ്ടപ്പെട്ട കവിതകൾ കിട്ടാത്തതു കൊണ്ടുമാണ്‌ വിവർത്തനങ്ങൾ അധികവും ഉണ്ടാവാതിരുന്നത്.ഏറെ പ്രതീക്ഷകളോടേ ഖലീൽ ജിബ്രാന്റെ ഒരു നോവൽ വിവർത്തനം ചെയ്യാനായി ഒരു പാടു സമയം ചിലവഴിച്ചു. ഒരു പ്രസാധകർ അതേറ്റെടുക്കാമെന്നു പറഞ്ഞു. അവസാനം അവർ കാലു മാറി. ചില അധ്യായങ്ങൾ വെട്ടി മാറ്റണമെന്ന് അവർ. പറ്റില്ലെന്ന് ഞാനും. അവസാനം ഞാൻ തോറ്റു അവർ ജയിച്ചു. പോയതു പോലെ അതു തിരിച്ചു വന്നു. എന്നാലും ഞാൻ എഴുത്തു തുടരുന്നു. നടുന്ന ഒരു മണി വിത്തു പോലും പാഴായിപ്പോകില്ല എന്ന ഉത്തമ വിശ്വാസത്തോടെ). 


പ്രഹേളിക

ഈലിയ അബൂ മാദി


ഞാനിവിടെ എത്തി;
എവിടെ നിന്നു വരുന്നുവെന്ന് എനിക്കറിയില്ല;
എന്നിട്ടും ഞാനിവിടെ എത്തി.
എന്റെ മുമ്പിൽ നീണ്ടു കിടക്കുന്ന വഴി കണ്ടു;
ഞാൻ നടന്നു
ആഗ്രഹിച്ചാലും ഇല്ലെങ്കിലും
ഇനിയും ഞാൻ നടന്നു കൊണ്ടേയിരിക്കും.

എങ്ങനെയാണ്‌ ഞാൻ വന്നത്?
എങ്ങനെയാണ്‌ ഞാൻ വഴി കണ്ടു പിടിച്ചത്?
ഒരു നിശ്ചയവുമില്ല.

ഈ പ്രപഞ്ചത്തിൽ ഞാൻ പഴയവനോ?
അതോ പുതിയവനോ?
ഞാൻ വിട്ടയക്കപ്പെട്ട സ്വതന്ത്രനോ?
അതോ ചങ്ങലയിൽ ബന്ധിച്ച തടവുകാരനോ?
ജീവിതത്തിൽ ഞാൻ തന്നെ എന്നെ നയിക്കുന്നോ?
അതോ മറ്റൊരാളാൽ നയിക്കപ്പെടുന്നൊ?

എല്ലാം എനിക്കറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
പക്ഷേ, ഒന്നുമെനിക്കറിയുന്നില്ല.

എന്റെ മാർഗ്ഗം...?
അത് വളരെ വളരെ അകലെയാണോ?
അതോ അടുത്തോ? 
ഞാൻ മുകളിലേക്കു പോവുകയാണോ
അതോ തഴേക്കു താഴുകയാണോ?
പോയിപ്പോയി മുങ്ങിപ്പോകുമോ?

ഞാൻ പാതയിലൂടെ നടക്കുകയാണോ?
അതോ പാത തന്നെ നടന്നകലുകയാണോ?
അല്ലെങ്കിൽ നമ്മളെല്ലാം നിശ്ചലമായി നിന്നിട്ട്
കാലം മാത്രം സഞ്ചരിക്കുകയാണോ?
എനിക്കറിയില്ല.

അഭൗതിക ജ്ഞാനങ്ങൾ എനിക്കറിയാമായിരുന്നെങ്കിൽ!
ഞാനതിൽ ആണ്ടു കിടക്കുമായിരുന്നുവെന്ന് നിനക്കറിയാമോ?
അങ്ങനെയെങ്കിൽ ഞാനെന്തായിത്തീരുമെന്ന്
എനിക്കിപ്പോഴേ അറിയുമായിരുന്നു.
അതുമല്ലെങ്കിൽ എനിക്കൊന്നുമറിയില്ലെന്ന്
നീ കരുതുന്നുണ്ടോ?
അതും എനിക്കറിഞ്ഞു കൂട.

ഞാനൊരു മനുഷ്യനായിത്തീരുന്നതിനു മുമ്പേ
ഞാനൊന്നുമല്ലായിരുന്നോ?
അതോ വല്ലതുമായിരുന്നോ?

ഈ ചോദ്യങ്ങൾക്കൊരുത്തരമുണ്ടോ?
അതോ എന്നും ഇതൊരു പ്രഹേളികയായിത്തുടരുമോ?
എനിക്കറിയില്ല.
എന്തുകൊണ്ടെനിക്കറിയില്ല?
അതും എനിക്കറിയില്ല.


കടൽ

ഒരിക്കൽ ഞാൻ കടലിനോടു ചോദിച്ചു:
‘കടലേ, എന്റെ ഉത്ഭവം നിന്നിൽ നിന്നാണോ?,
എന്നെയും നിന്നേയും ചുറ്റിപ്പറ്റി ചിലരൊക്കെ പറയുന്നതിൽ
സത്യമുണ്ടോ?
അതോ, അത് അപവാദവും കെട്ടുകഥയുമാണോ’?
കടലിന്റെ ഓളങ്ങൾ ചിരിച്ചു കൊണ്ടു പറഞ്ഞു:
‘എനിക്കറിയില്ല’

കടലേ
എത്ര സംവത്സരങ്ങളായി നീ വന്നിട്ട്?
കരയ്ക്കറിയുമോ അത് നിന്റെ മുമ്പിൽ 
മുട്ടുകുത്തിയിരിക്കുകയാണെന്ന്?
പുഴകൾക്കറിയാമോ അവ നിന്നിൽ നിന്നുത്ഭവിച്ച്
നിന്നിലേക്കു തന്നെ വരികയാണെന്ന്?
ക്ഷുഭിതരായ തിരമാലകൾ അവയോടെന്താണു പറഞ്ഞത്?
എനിക്കൊന്നുമറിയില്ല.

കടലേ, നീ തന്നെ ഒരു തടവുകാരിയാണോ?
എങ്കിൽ എത്ര ഭീകരമാണ്‌ നിന്റെ ബന്ധനം?

ഓ പരാക്രമീ, നീയും എന്നെപ്പോലെ 
വെറും കയ്യോടെയിരിക്കുകയാണോ?
സ്വന്തമായിട്ടൊന്നുമില്ലേ?
എന്റെയും നിന്റെയും അവസ്ഥകൾക്ക് വല്ലാത്ത സാദൃശ്യമുണ്ട്.
എന്റെ സങ്കടം നിന്റെ സങ്കത്തോട് സംവദിച്ചു.
എന്നാണ്‌ ഞാനും നീയും ഈ ബന്ധനത്തിൽ നിന്നു
മോചിതരാവുക?.
എനിക്കറിയില്ല.

നീ മേഘത്തെ പറഞ്ഞു വിടുന്നു
എന്നിട്ട് ഞങ്ങളുടെ നിലത്തെയും 
സസ്യങ്ങളെയും നനക്കുന്നു.
എന്നിട്ടു ഞങ്ങൾ പറയുന്നു:
‘ഞങ്ങൾ നിന്നെ തിന്നു - ഞങ്ങൾ പഴം തിന്നു,
ഞങ്ങൾ നിന്നെ കുടിച്ചു - ഞങ്ങൾ മഴയെക്കുടിച്ചു’
ഞങ്ങളുടെ ഈ വാദം ശരിയാണോ?
അതോ തെറ്റോ?
എനിക്കറിയില്ല.

ഞാൻ ചക്രവാളങ്ങളിലെ മേഘങ്ങളോടു ചോദിച്ചു:
നിനക്കു കടലിലെ മണലിനെ അറിയുമോ?
ഇലകൾ നിറഞ്ഞ മരത്തോടു ചോദിച്ചു:
നിനക്കു കടലിന്റെ പ്രത്യേകത അറിയുമോ?
കഴുത്തിലണിഞ്ഞ മുത്തു മാലയോടു ഞാൻ ചോദിച്ചു:
‘നീ നിന്റെ താഴ് വേരുകളെ ഓർക്കുന്നുണ്ടോ?’
അവരെല്ലാം മറുപടി പറഞ്ഞത് 
ഇങ്ങനെയാണെന്നാണ്‌ എന്റെ ധാരണ;
‘എനിക്കൊന്നുമറിയില്ല’.

തിരമാലകൾ നൃത്തം ചെയ്യുന്നു,
നിന്റെ ആഴങ്ങളിലെ യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല.
നീ മത്സ്യങ്ങളെ സൃഷിടിക്കുന്നു,
ഒപ്പം തന്നെ തീറ്റൊക്കൊതിയൻ മത്സ്യത്തെയും സൃഷ്ടിക്കുന്നു.

നിന്റെ നെഞ്ചിൽ നീ തന്നെ മരണവും
മനോഹരമായ ജീവിതവും നിർമ്മിക്കുന്നു.
എനിക്കറിയാത്തതു കൊണ്ടു ചോദിക്കുകയാണ്‌
നീ തൊട്ടിലോ അതോ മയ്യിത്ത് കട്ടിലോ?.

* * *

ലൈലയെപ്പോലെ എത്ര കാമുകിമാർ!.
ഇബ്നുൽ മുലവ്വഹിനെപ്പോളെ എത്ര കാമുകന്മാർ!..
നിന്റെ തീരത്ത് മണിക്കൂറുകൾ ചെലവിട്ടു?
അവൾ ആവലാതിപ്പെടുമ്പോൾ അവൻ സാന്ത്വനപ്പെടുത്തുന്നു,
അവൻ സംസാരിക്കുമ്പോൾ അവൾ കാതോർക്കുന്നു,
അവൾ പറയുമ്പോൾ അവൻ ചാഞ്ചാടുന്നു,
അവർക്കു രണ്ടിനും നഷ്ടപ്പെട്ട രഹസ്യമാണോ
തിരമാലയുടെ ഇരമ്പലിൽ കേൾക്കുന്നത്?
എനിക്കറിയില്ല.

എത്ര ഛത്രപതികളാണ്‌
നിന്റെ തീരത്ത് മണിമാളികകൾ പണിതത്;
നേരം പുലർന്നു വന്നപ്പോൾ അവർ കണ്ടത് വെറും കോട മാത്രം.

കടലേ, അവരെപ്പോഴെങ്കിലും മടങ്ങി വരുമോ?
ഒരിക്കലും തിരിച്ചു വരില്ലേ?
അല്ലെങ്കിൽ അവർ മണലിൽ പുതഞ്ഞു പോയോ?
മണലുകളെന്നോടു പറഞ്ഞത്
‘എനിക്കറിയില്ല’ എന്നാണ്‌.

പരാക്രമിയായ കടലേ,
നിന്നിൽ ചിപ്പികളും മണലുമുണ്ടോ?
നിനക്കു നിഴലില്ല,
എനിക്ക് കരയിൽ നിഴലുണ്ട്.
നിനക്കു ബുദ്ധിയില്ല,
എനിക്കതുണ്ട്
അല്ലെങ്കിലും എന്താണീ ബുദ്ധി?
എന്തിനു വേണ്ടിയാണു ബുദ്ധി?
ഞാൻ മരിച്ചാലും നീ ശേഷിച്ചിരിക്കുമോ?
എനിക്കറിയില്ല്.

കാലത്തിന്റെ പുസ്തകമേ,
കാലത്തിനു ഭൂതവും ഭാവിയുമുണ്ടോ?
കാലത്തിൽ ഞാനൊരു കടത്തു വഞ്ചി പോലെ
കരയില്ലാത്ത കടലിലൂടെ ഇങ്ങനെ...
എനിക്കു പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല
എനി കാലത്തിൻ എന്നെയും കൊണ്ട് 
യാത്ര പോകുന്നതിൽ വല്ല ലക്ഷ്യവുമുണ്ടോ?
അങ്ങനെയുണ്ടെങ്കിൽ അതൊരു വലിയ അറിവാണ്‌.
പക്ഷേ അതെങ്ങനെ ഞാനറിയും?
എനിക്കറിയില്ല.

കടലേ, 
എന്റെ നെഞ്ചിൽ നിരവധി രഹസ്യങ്ങൾ 
കുടികെട്ടിപ്പാർക്കുന്നു,
എന്തോ ഒരു മൂടുപടം അതിനു മുകളിലുണ്ട്.
അതു ഞാൻ തന്നെയാകുന്നു.
അടുത്തു ചെല്ലും തോറും അതകന്നകന്നു പോവുകയാണ്‌.
അറിയാൻ ഞാനടുക്കുംതോറും
ഞാനറിയാത്തവനായി മാറുന്നു.
(തീർന്നിട്ടില്ല)

No comments :

Post a Comment