Saturday, February 12, 2011

തിരുനബി ഗീതത്തിൽ നിന്ന്



യാ അൿ‌റമ ബൈത്

ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക് സ്തുതി ഗീതമാണ് ഖസ്വീദതു ബുർദ.
പതിമുന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈജിപ്ത് കവി
ഇമാം മുഹമ്മദ് ശറഫുദ്ദീൻ ബൂസ്വീരി(റ)യാണ് ബുർദയുടെ രചയിതാവ്.
മലയാളത്തിൽ ഒരു ഡസനിലധികം ബുർദ വ്യാഖ്യാനങ്ങളുണ്ട്)

160 വരികളുള്ള ബുർദയിലെ ഏറ്റവും പ്രശസ്തമായ വരികളാണ് അവസാനത്തെ 9 വരികൾ.
‘യാ അൿറമ ബൈത്’ എന്നാണ് മലയാളികൾ ഇതിനെ വിളിക്കുക.
അവയുടെ പദ്യ പരിഭാഷ താഴെ കൊടുക്കുന്നു.

-----------------------------------------

സൃഷ്ടി ശ്രേഷ്ഠരേ മഹാ ദുരന്തം വരും നേര-
മോടിയെത്താനങ്ങല്ലാതാരുമില്ലെനിക്കൊരാൾ.

ദൈവ ദൂതരേ, നാഥനുഗ്ര കോപിയാകുമ്പോ-
ഴിവനാ വ്യക്തിപ്രഭ കൂട്ടിനുണ്ടായീടേണം.

ഭൂമിയുമതിൻ സഹകളത്രയുമാ ധർമ്മ-
ഭൂമികയിൽ നിന്നല്ലോ ‘ലൌഹി’ലെയറിവു പോൽ.

ആശ കൈവിടൊല്ല വൻ പാപമാലെന്നാത്മാവേ-
യീശനു പൊറുക്കുവാൻ പക്ഷപാതമില്ലേതും.

എന്റെ നാഥന്റെ കൃപയോഹരി വെയ്ക്കേ പാപ-
ത്തിന്റെ തോതനുസരിച്ചന്നതു വീതിച്ചിടാം.

തമ്പുരാനേ നിന്നിലുള്ളെന്നുടെ പ്രതീക്ഷകൾ
തകിടം മറിക്കരുതതു പോലെന്നാശയും

രണ്ടു വീട്ടിലുമിവനോടലിവുണ്ടാകേണ-
മുണ്ടിവനോടാൻ മാത്രം ത്രാണിയപായങ്ങളിൽ.

മുത്തുനബിയുടെ മേൽ നിത്യവും വർഷിക്കുവാ-
നുത്തരവു നൽകേണമാ ‘സ്വാലാത്തിൻ’ കാറോട്;

കാറ്റു ബാൻ മരങ്ങളെയാട്ടുകയുമൊട്ടക-
കൂട്ടുകാരൻ മൂളിത്തെളിക്കുമാ നാളൊക്കെയും..

(മമ്മൂട്ടി കട്ടയാടിന്റെ ബുർദാ വ്യഖ്യാനം പുസ്തകത്തിൽ നിന്ന്)

Wednesday, January 26, 2011

ശാഫീ കവിതകളിലെ സ്ത്രീ.



(സ്ത്രീകളെ കുറിച്ച് ഒരു കവി പാടിയിട്ടില്ലെങ്കിൽ അതിനർത്ഥം അയാളൊരു ശണ്ഡനാണെന്നാണ്. ഇമാം ശാഫിയുടെ കവിതകളിലെ ചില സ്ത്രീ സാനിദ്ധ്യങ്ങൾ ഇവിടെ കൊടുക്കുന്നു)

കവിതഒന്ന്

ഇമാം ശാഫി പറയുന്നു: ‘എനിക്കൊരു പെണ്ണുണ്ടായിരുന്നു, ഞാനവളെ സ്നേഹിച്ചിരുന്നു. അവളെ കാണുമ്പോഴെല്ലാം ഞാൻ പറയാറുണ്ടായിരുന്നു:

നീ ഒരാളെ സ്നേഹിക്കുന്നു,
എന്നാൽ അയാൾ നിന്നെ സ്നേഹിക്കുന്നില്ല;
അതു വലിയൊരു ദുരന്തം തന്നെയാകുന്നു.

അപ്പോൾ അവൾ പറയും:

അവൾ അയാളെ കാണുമ്പോൾ മുഖം തിരിച്ചു കളയുന്നു,
താങ്കൾ എന്നിട്ടും അവളുടെ പിന്നാലെ കൂടുന്നു;
ഇടയ്ക്കിടയ്ക്കു മാത്രം അവളെ സന്ദർശിച്ചാൽ പോര’.

കവിതരണ്ട്.

അവർ പറയുന്നു; ‘നോക്കരുത്, അത് അപകടമാണ്’. എന്ന്,
എന്നാൽ കണ്ണുള്ളവർക്കൊക്കെ നോക്കാതിരിക്കാൻ കഴിയുമോ?.

ഹൃദയങ്ങൾക്കിടയിൽ പാതിവൃത്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ
കണ്ണും കണ്ണും തമ്മിലുള്ള സുറുമയെഴുത്തുകളിൽ സംശയത്തിനു വകയില്ല.

കവിതമൂന്ന്.

സ്ത്രീകളുടെ വിഷയത്തിൽ ജനങ്ങൾ വാചാലരാകുന്നു.
അവർ പറയുന്നു: ‘സ്ത്രീകളെ പ്രേമിക്കുക എന്നത്
ഏറ്റവും വലിയ പരീക്ഷണമാകുന്നു എന്ന്.

സ്ത്രീകളെ പ്രേമിക്കലല്ല വലിയ പരീക്ഷണം.
മറിച്ച് നിനക്കിഷ്ടമില്ലാത്തവരുമായി അടുക്കേണ്ടി വരുന്നതാകുന്നു
കടുത്ത പരീക്ഷണം.

കവിതനാല്.

നിങ്ങൾ പാതിവൃത്യം കാത്തു സൂക്ഷിക്കുക;
എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങളും പതിവൃതകളായിത്തീരും.
ഒരു മുസ്ലിമിന് പറ്റാത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കുക.

വ്യഭിചാരം ഒരു കടമാകുന്നു.
അറിയുക; നിങ്ങളതു വാങ്ങിയാൽ
അതു കൊടുത്തു വീട്ടുന്നത്
നിങ്ങളുടെ വീടുകളിലെ ആരെങ്കിലുമായിരിക്കും.

ആണുങ്ങളുടെ മാന്യതയെ പിച്ചിച്ചീന്തുന്നവനേ,
സ്നേഹത്തിന്റെ കൈവഴികളെ കൊത്തിമുറിക്കുന്നവനേ,
നീ മാന്യമായ രീതിയിലല്ല ജീവിക്കുന്നത്.

കുടുംബത്തിൽ പിറന്നസ്വതന്ത്രനാണ് നീയെങ്കിൽ
ഒരു മുസ്ലിമിന്റെ മാനം നീ കീറിപ്പറിക്കില്ലായിരുന്നു.

ബുദ്ധിയുള്ളവനാണു നീയെങ്കിൽ അറിയണം;
വ്യഭിചരിച്ചവൻ സ്വന്തം ചുമരിനാലെങ്കിലും വ്യഭിചരിക്കപ്പെടും.

Sunday, January 16, 2011

ഇമാം ശാഫി മൂന്നു കവിതകളും കൂടി


ഇമാം ശാഫി() മൂന്നു കവിതകളും കൂടി.

(ഒന്ന്‍)
വിവേകം

നീചൻ എന്നെ തെറി വിളിക്കുമ്പോൾ
എന്റെ ബഹുമാനം കൂടുകയാണ് ചെയ്യുന്നത്;
ഞാനും അവനെ തിരിച്ചു തെറി വിളിക്കുക എന്നത്
നാണക്കേടാണ്.

എനിക്ക് ഞാൻ കുലീനനാണെന്ന ബോധം
ഇല്ലാ‍യിരുന്നുവെങ്കിൽ
ശണ്ഠ കൂടാൻ വരുന്ന മുഴുവൻ നീചന്മാർക്കു മുമ്പിലും
ഞാനെന്റെ തല നീട്ടിക്കൊടുക്കുമായിരുന്നു.

എനിക്കു മാത്രം ഉപകാരം കിട്ടുന്ന കാര്യങ്ങളിൽ
ഞാൻ ശ്രദ്ധവച്ചിരുന്നുവെങ്കിൽ
തേടുന്ന എല്ലാ കാര്യങ്ങളിലും
പരിക്ഷീണനും പിന്തള്ളപ്പെട്ടവനുമായി
എന്നെ നീ കാണുമായിരുന്നു.

മറിച്ച് എന്റെ സുഹൃത്തിനും കൂടി
ഉപകാരം ലഭിക്കുന്ന കർമ്മങ്ങളും ഞാൻ അനഷ്ഠിക്കാറുണ്ട്.
സുഹൃത്ത് വിശന്നിരിക്കേ
വയറു നിറച്ച് ഉണ്ണുക എന്നത് മോശമാകുന്നു.

(രണ്ട്)
വിട്ടുവീഴ്ച

വിട്ടുവീഴ്ച ചെയ്യുകയും
ആരോടും പക വെക്കാതിരിക്കുകയും ചെയ്തപ്പോൾ
ശത്രുതാ വിചാരങ്ങളിൽ നിന്നും
എന്റെ ആത്മാവിന് മോചനം ലഭിച്ചു.

ശത്രുവിനെ കണ്ടുമുട്ടുമ്പോൾ
ഞാനവരെ അഭിവാദ്യം ചെയ്യുന്നത്
അവന്റെ ഉപദ്രവം തടുക്കാൻ വേണ്ടിയാണ്.

എനിക്കു വെറുപ്പ് തോന്നുന്നവരോടു പോലും
ഞാൻ മന്ദഹസിക്കുന്നു;
എന്റെ ഹൃദയം സ്നേഹ നിർഭരമായിരിക്കുന്നതു പോലെ.

മനുഷ്യർ രോഗമാകുന്നു,
മനുഷ്യരുടെ രോഗമോ അവരുമായുള്ള അടുപ്പവും.
അവരോട് അകന്നാൽ
സ്നേഹ വിച്ഛേദവുമായിപ്പോകും.

എന്നോട് സഹവസിക്കുന്ന ചങ്ങാതിയെക്കുറിച്ച്
ഞാൻ നിർഭയനല്ല;
ശത്രുസമൂഹത്തെ നിർഭയനാവുന്നതെങ്ങിനെ?.

പകയുടെ ശരീരത്തിൽ
സ്നേഹത്തിന്റെ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന
സ്വന്തം
ശത്രുക്കളെ തിരിച്ചറിയുവാൻ
കഴിയുന്നവനാണ് ഏറ്റവും വലിയ ബുദ്ധിമാൻ.

(മൂന്ന്‍)
കാലക്കേട്

കാലത്തിനൊപ്പം നടക്കുക,
അതോടൊപ്പം പർണ്ണ ശാലയിൽ (ഒതുങ്ങിക്കൂടുന്ന) പുരോഹിതനെപ്പോലെ
ആളുകളെ അവഗണിച്ച് കഴിയുകയും ചെയ്യുക.

കാലത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും
നിന്റെ കൈകൾ എപ്പോഴും ശുദ്ധമായിരിക്കട്ടെ.
അവരുടെ സ്നേഹത്തെ കരുതിയിരിക്കുക;
എങ്കിൽ അവരിലെ നന്മ നിനക്കു ലഭിക്കും.

ചികഞ്ഞു നോക്കിയിട്ടും
ഇടപഴകാൻ പറ്റിയ ഒരു സുഹൃത്തിനെയും
കാലത്തിന്റെ കൂടെയും
അല്ലാതെയും എനിക്കു കാണാൻ കഴിഞ്ഞില്ല.

ഉപദ്രവം കൂടുന്നു എന്ന കാരണത്താൽ
സമൂഹത്തിലെ താഴേക്കിടയിലുള്ളവരേയും
ഉപകാരം വളരെ കുറവാണ് എന്ന കാരണത്താൽ
സമൂഹത്തിലെ ഉന്നതന്മാരെയും ഞാൻ ഒഴിച്ചു നിർത്തി.

Wednesday, January 12, 2011

ഇമാം ശാഫി 3 കവിതകൾ



1.
മൌനം

എന്റെ അഭിമാനത്തെ അധിക്ഷേപിച്ചു കൊണ്ട്
ഇഷടമുള്ളതെല്ലാം നീ പറഞ്ഞോളൂ;
നികൃഷ്ടനോടുള്ള എന്റെ മറുപടി മൌനമാകുന്നു.

എനിക്ക് ഉത്തരമില്ലാഞ്ഞിട്ടല്ല.
പട്ടികളോട് സിംഹങ്ങൾ മറുപടി പറയാറില്ല എന്നതു കൊണ്ടാണ്.

2
സംയമനം

വിഡ്ഢി എല്ലാ വൃത്തികേടോടും കൂടി
എന്നോട് സംസാരിക്കുമ്പോൾ
അവനോട് ഉത്തരം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

അത് അവന്റെ വിവരക്കേട് വർദ്ധിപ്പിക്കും.
എനിക്കാണെങ്കിലോ സംയമനം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും;
അകിൽ കത്തിക്കുമ്പോൾ സുഗന്ധം വർദ്ധിക്കുന്നതു പോലെ.

3.
സമ്പന്നൻ

ദുനിയാവിന്റെ മക്കളെയെല്ലാം
ഞാൻ പരീക്ഷിച്ചു നോക്കി;
തൊലിപ്പുറം മുഴുവൻ പിശുക്ക് ബാധിക്കാത്ത
ഒരാളെയും ഞാനവരിൽ കണ്ടില്ല.

അതിനാൽ ആത്മ സംതൃപ്തിയുടെ ഉറയിൽ നിന്നും
മൂർച്ചയുള്ള ഒരു വാളെടുത്ത്
പിശുക്കന്മാരെപ്പറ്റി വച്ചു പുലർത്തിയ
എന്റെ പ്രതീക്ഷകളുടെ മുരടിന് ഞാൻ ആഞ്ഞു വെട്ടി.

അതിൽ പിന്നെ,
എന്നെ ഇയാളുടെ പിന്നാലെ നടക്കുന്നതായോ
അയാളുടെ വാതിൽക്കൽ പോയി കുത്തിയിരിക്കുന്നതായോ
ആരും കണ്ടില്ല.

സമ്പത്തില്ലാതെ തന്നെ സമ്പന്നനാണു ഞാൻ.
ആരേയും ആശ്രയിക്കാത്തവൻ.
ആശ്രയിക്കാതിരിക്കുന്നതാണ് ധന്യത; ആശ്രയിക്കലല്ല.

ഒരാൾ അക്രമം ഒരു നല്ല മാർഗ്ഗമായി ധരിക്കുകയും
തന്റെ ദുർനടപടികളിൽ അതിരു കടക്കുകയും ചെയ്താൽ;

അവനെ കാലങ്ങളുടെ കൈകളിൽ ഏല്പിക്കുക,
നിനയ്ക്കാത്ത പല അനിഷ്ട കാര്യങ്ങളും അവനു വന്നു ഭവിക്കും.

നക്ഷത്രങ്ങൾ പോലും തന്റെ വണ്ടിക്കടിയിൽ
വഴി തെറ്റി വരാറുണ്ടെന്ന് ധരിച്ചിരുന്ന
എത്ര കൊമ്പന്മാരായ ആക്രമികളെയാണ്
നാം കാണാനിടയായത്?.

പൊടുന്നനെ, നിനയ്ക്കാതെ
അവന്റെ പടിവാതിലിൽ ദുരന്തങ്ങൾ വന്നിറങ്ങുന്നു;

അങ്ങനെ മുതലും
പ്രതീക്ഷകൾക്കു വക നൽകിയിരുന്ന പ്രതാപവും
നഷ്ടപ്പെടുന്നു.
സ്വന്തം കണക്കു പുസ്തകത്തിൽ
പുണ്യങ്ങളൊന്നും കണ്ടെത്താതെ കുഴയുന്നു.

ഒടുവിൽ അവനു കിട്ടേണ്ടത് കിട്ടുന്നു.
അല്ലാഹു അവനു നേരെ
കഠിനമായ ശിക്ഷയുടെ ചമ്മട്ടി പ്രയോഗിക്കുന്നു

Thursday, January 6, 2011

മന്ത്രവാദിനിയായ ഭൂതം - ഖലീൽ ജിബ്രാൻ



The Gibran Museum and Gibran's final resting place, in Bsharri, Lebanon.

ഇന്ന് ഖലീൽ ജിബ്രാന്റെ (ജുബ്രാൻ എന്ന് അറബിയിൽ ഉച്ചാരണം)ജന്മ ദിനം. 1883 ജനുവരി 6-നു ലബനാനിലെ ബശരി എന്ന ഗ്രാമത്തിൽ ജനിച്ചു. 1931 ഏപ്രിൽ 10-നു ന്യൂയോർക്കിൽ വച്ച് അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് ജൂലൈ 23-നു ഭൌതിക ശരീരം ലബനാനിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അദ്ധേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. “എന്റെ കബറിനു മുകളിൽ എഴുതി വെക്കാൻ ഞാൻ ആഗ്രഹിച്ച വാക്കുകൾ: ഞാനും നിങ്ങളെപ്പോലെ നിങ്ങൾക്കു സമീപം ഇന്നും ജീവിച്ചിരിക്കുന്നു. നിങ്ങൾ കണ്ണുകളടയ്ക്കൂ എന്നിട്ട് ചുറ്റും നോക്കൂ... അപ്പോൾ നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കും...”)

ഞാൻ ഇപ്പോൾ വിവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ (ദി സ്റ്റോം) എന്ന നോവലിലെ ഒരധ്യായം ഇവിടെ കൊടുക്കുന്നു.

മന്ത്രവാദിനിയായ ഭൂതം.
ജിബ്രാൻ ഖലീൽ ജിബ്രാൻ

ഓ, മന്ത്രവാദിനീ നീ എങ്ങോട്ടേക്കാണെന്നെ കൊണ്ടു പോകുന്നത്?
കുണ്ടും കുഴിയും നിറഞ്ഞ, പാറക്കെട്ടുകൾക്കിടയിലൂടെ പോകുന്ന, കല്ലും മുള്ളും പാകിയ ഈ പാതയിലൂടെ ഏതു വരെ നിന്നെ ഞാൻ പിന്തുടരണം?. ചെങ്കുത്തായ പ്രദേശത്തേക്കു ഉന്തിക്കയറ്റിയും കൊക്കകളിലേക്ക് തള്ളിയിട്ടും ഇനിയെത്ര നേരം നീയെന്നെ നടത്തും?.
എന്റെ സ്വപ്നനങ്ങളെ വിസ്മരിച്ച്, നിന്റെ മാസ്മരിക സൌന്ദര്യത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട്, എന്റെ തലയ്ക്കു ചുറ്റും പറന്നു കളിക്കുന്ന പ്രേതങ്ങളെ കണ്ടില്ലെന്ന് നടിച്ച്, നിന്റെ ശരീരത്തിൽ മറഞ്ഞു കിടക്കുന്ന നിഗൂഢ ശക്തിയിൽ ആസക്തനായി, കുഞ്ഞ് അമ്മയുടെ പിന്നാലെ നടക്കുന്നതു പോലെ നിന്റെ കോന്തലയും പിടിച്ച് ഞാൻ നടക്കുകയാണ്.
ഒരു നിമിഷം എനിക്കു വേണ്ടി ഒന്നു നിൽക്കാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. ഒരു വട്ടം എന്നെയൊന്നു കടാക്ഷിക്കാമോ? നിന്റെ നെഞ്ചിലെ രഹസ്യം നിന്റെ കണ്ണുകളിലെനിക്കു കാണാൻ കഴിഞ്ഞേക്കാം. നിന്റെ ചേഷടകളിൽ നിന്ന് നിന്റെ ആത്മാവിന്റെ അകക്കാമ്പ് എനിക്കു മനസ്സിലാക്കാൻ സാധിച്ചേക്കാം.
ഓ ദുർദ്ദേവതേ, ഒരു നിമിഷം നിൽക്കൂ…, നടന്നു നടന്ന് ഞാൻ മടുത്തു. പാതകളിലെ ദു:ർഘടങ്ങളെ ഭയന്ന് എന്റെ ജീവൻ കിടുകിടാ വിറക്കുകയാണ്. ജീവിതവും മരണവും കണ്ടു മുട്ടുന്ന കവലയിൽ നാമെത്തിയിരിക്കുന്നു. ഇനിയൊന്നു നിൽക്കൂ..നിന്റെ ചേതനയുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കാതെയും നിന്റെ ഹൃദയത്തിന്റെ ദു:ഖങ്ങൾ എന്റെ ഹൃദയത്തിനു മനസ്സിലാകാതെയും ഇനിയൊരടി നടക്കാൻ എനിക്കു വയ്യ.
മന്ത്രവാദിനിയായ ദുർദ്ദേവതേ, എന്റെ വാക്കുകളൊന്നു ശ്രദ്ധിക്കൂ…
ഇന്നലെ വരേ ഞാൻ, മരക്കൊമ്പുകളിലൂടെ ചാടി നടക്കുകയും ശൂന്യാകാശത്ത് നീന്തിത്തുടിക്കുകയും സായാഹ്നങ്ങളിൽ വൃക്ഷത്തലപ്പുകളിൽ ചെന്നിരിക്കുകയും ചെയ്തിരുന്ന സ്വതന്ത്രനായ ഒരു കിളിയായിരുന്നു. എന്നിട്ട് വൈകുന്നേരങ്ങളിൽ സൂര്യൻ വർണ്ണ മേഘങ്ങളുടെ നഗരങ്ങളിൽ പടുത്തുയർത്തുകയും, അസ്തമയ സമയത്ത് പൊളിച്ചു കളയുകയും ചെയ്യുന്ന മണിമാളികകളേയും ദേവാലയങ്ങളെയും നോക്കി ചിന്താനിമഗ്നനായി ഞാനങ്ങനെയിരിക്കും.
ചിന്തയെപ്പോലെ ഞാനും ഭൂമിയുടെ അഷ്ട ദിക്കിലും ഏകാന്ത തടവുകാരനാണ്. ഞാൻ ജീവിതത്തിന്റെ നന്മകളിലും ആനന്ദങ്ങളിലും സന്തോഷിക്കുന്നവൻ, ഉണ്മയുടെ രഹസ്യങ്ങളെക്കുറിച്ചും അസ്പഷ്ടതകളെ കുറിച്ചും കൂലങ്കശമായി അന്വേഷിക്കുന്നവൻ.
അതുമാത്രമല്ല, ഞാൻ കിനാവു പോലെ രജനിയുടെ ചിറകുകളിലൂടെ പയണം നടത്തുകയും കിളിവാതിൽ പഴുതിലൂടെ ഉള്ളിൽ കടന്ന് കന്യകമാരുടെ യവനികകൾ മാറ്റി അവരുടെ ഭാവാഭിനിവേശങ്ങളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. പിന്നീടു ഞാൻ യുവതികളുടെയടുത്ത് ചെന്ന് അവരുടെ അഭിരുചികളെ ഇളക്കിവിടുന്നു. അവസാനം വൃദ്ധന്മാരുടെയടുത്ത് പോയി അവരുടെ ചിന്തകൾക്ക് ഉന്മേഷം പകരുന്നു.
ഒ, മന്ത്രവാദിനീ, ഇന്നു ഞാൻ നിന്നെ കണ്ടു മുട്ടി. നിന്റെ കൈകൾ ചുംബിച്ച് വിഷം തീണ്ടി. അലക്ഷ്യമായി തുടലുകളും വലിച്ചു കൊണ്ടു നടന്നു പോകുന്ന തടവുകാരനെപ്പോലെയായി ഞാൻ. ചിലപ്പോൾ കുടിച്ചു ലക്കു കെട്ട് വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപ്പോലെയുമായി. അങ്ങനെ എന്റെ മുഖത്തടിച്ചവന്റെ കൈ തന്നെ ഞാൻ തൊട്ടു മുത്തി.
എന്നാൽ ഒരു നിമിഷം എനിക്കു വേണ്ടി നിൽക്കൂ… ഇതാ എന്റെ ശക്തി എനിക്കു വീണ്ടുകിട്ടിയിരിക്കുന്നു. എന്റെ കാലുകളെ കൂച്ചു വിലങ്ങിട്ടിരുന്ന ചങ്ങല ഞാൻ പൊട്ടിച്ചിരിക്കുന്നു. അമൃതാണെന്നു കരുതി എടുത്തു മോന്തിയിരുന്ന വിഷത്തിന്റെ ചഷകം ഇതാ ഞാൻ തകർത്തിരിക്കുന്നു. ഇനി നമ്മൾ എന്തു ചെയ്യാൻ പോവുകയാണ്. ഏതു മാർഗ്ഗേയാണ് ഇനി നീ സഞ്ചരിക്കാൻ പോകുന്നത്?.
ഞാനെന്റെ സ്വാതന്ത്ര്യം തിരിച്ചു ചോദിക്കുകയാണ്. വിറയ്ക്കാത്ത വിരലുകളുമായി അഗ്നിയെ പിടിക്കുകയും ഉറച്ച കണ്ണുകളുമായി സൂര്യന്റെ മുഖത്തേക്കു നോക്കുകയും ചെയ്യുന്ന സ്വതന്ത്രനായ ഒരു കൂട്ടുകാരൻ നിനക്കുണ്ടാവുന്നതിൽ നിനക്ക് സന്തോഷമാവില്ലേ?
ഞാനിപ്പോൾ എന്റെ രണ്ടാമത്തെ ചിറകും വിടർത്തി. ഇപ്പോൾ നിന്റെ കൂടെയുള്ളത് പർവ്വതങ്ങൾക്കിടയിലൂടെ പരുന്തിനെപ്പോലെ പറന്നു നടക്കുകയും മരുഭൂമിയിലൂടെ രാത്രികളിൽ സിംഹത്തെപ്പോലെ പമ്മി നടക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനല്ലേ?
സ്നേഹത്തെ ഖേദമായി കാണുകയും നേതാവായി കാണാൻ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു പുരുഷൻ നിന്നെ സ്നേഹിക്കുന്നത് നിനക്കു സംതൃപ്തി തരുന്നില്ലേ?
പരിഭ്രമിക്കുകയും കീഴടങ്ങാതിരിക്കുകയും കത്തുകയും ഉരുകിപ്പോകാതിരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ?
കാറ്റിനു മുമ്പിൽ വിറയ്ക്കുകയും എന്നാൽ തകരാതിരിക്കുകയും ചുഴലിക്കാറ്റിനു മുമ്പിൽ ക്ഷോഭിക്കുകയും എന്നാൽ പിഴുതെറിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു ശരീരത്തോട് നിനക്ക് ഒരു ഛായയുണ്ടാകുന്നത്
നിന്നെ സന്തോഷിപ്പിക്കുകയില്ലേ?
അകലാൻ ആഗ്രഹിക്കാതിരിക്കുകയും അകലാതിരിക്കുകയും ചെയ്യുന്ന ഒരു ചങ്ങാതി നിനക്കുണ്ടാവുന്നത് നിന്നെ ആനന്ദിപ്പിക്കില്ലേ?
ഇതാ എന്റെ കൈ. നിന്റെ ഭംഗിയുള്ള കൈകൾ പിടിച്ച് ഞാനൊന്നു കുലുക്കട്ടെ.
ഇതാ എന്റെ മേനി. നിന്റെ മൃദുലമായ കരവലയത്തിൽ എന്നെ ആശ്ലേഷിച്ചാലും.
ഇതാ എന്റെ വദനം; നീയതിൽ അനന്തവും അഗാധവും മൂകവുമായ ഒരു ചുംബനം അർപ്പിച്ചാലും.

Wednesday, December 29, 2010

മൈസൂൺ (അറബിക്കവിത)



മൈസൂൺ അൽ ബഹ്‌ദൽ അൽ കൽബി
പ്രവാചകന്റെയും നാലു ഖലീഫമാരുടെയും ഭരണത്തിനു ശേഷം അറേബ്യ ഭരിച്ചിരുന്നത് ഉമവികളാണ്. ഉമയ്യത്ത് ഭരണകൂടത്തിന്റെ സ്ഥാപകൻ മുആവിയ: ഇബ്ൻ അബീ സുഫ്‌യാനാകുന്നു.
അക്കാലത്തെ ഭരണാധികാരികൾ പൊതുവെ നാഗരിക ജീവിതമായിരുന്നു നയിച്ചിരുന്നതെങ്കിലും ഇടക്കിടെ അവർ ശുദ്ധമായ ഭാഷകൾ സ്വായത്തമാക്കാനും നാ‍യാട്ടിനുമൊക്കെയുമായി മരുഭൂമികളിലെ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടായിരുന്നു. ചിലർ അവിടെ നിന്നും ഗ്രാമീണ സ്ത്രീകളെ കല്ല്യാണം കഴിക്കുകയും കൊട്ടാരങ്ങളിലേക്കു കൊണ്ടു പോവുകയും ചെയ്യും. ഒരിക്കൽ മുആവിയയും അങ്ങനെ ഒരു യാത്രയിൽ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്ത സുന്ദരിയും കുലീനയുമായ സ്ത്രീരത്നമാകുന്നു മൈസൂൺ അൽ ബഹ്ദൽ. അവർ ഒരു തികഞ്ഞ കവയത്രി കൂടിയായിരുന്നു.
മുആവിയ മൈസൂണിനെ കൊണ്ടുപോയി അൽ ഗൂത്ത എന്ന സ്ഥലത്ത് രാജകീയ സൌകര്യങ്ങളൊരുക്കി താമസിപ്പിച്ചു. സർവ്വ ആഢംബരങ്ങളുമുള്ള ഒരു കൊട്ടാരം തന്നെയായിരുന്നത്രെ അത്. വെള്ളിയുടെയും സ്വർണ്ണത്തിന്റെയും പാത്രങ്ങൾ റോമൻ പട്ടുകൾ കൊണ്ട് അലങ്കരിച്ച മുറികൾ, മുത്തും രത്നങ്ങളും കൊണ്ടുള്ള ആഭരണങ്ങൾ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ... ഒരു ഹൂറിയെപ്പോലെ അവിടെ കഴിയാനുള്ള സൌകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്തു.
പക്ഷെ ആദ്യ ദിവസം തന്നെ അവൾ അസ്വസ്ഥയായി. ഒരു നിമിഷം അവൾ തന്റെ ഗ്രാമത്തെയും പ്രകൃതി രമണീയമായ അവിടുത്തെ ചുറ്റുപാടുകളേയും ഓർത്തു പോയി. കൊട്ടാരത്തെ സ്വർഗ്ഗീയ ജീവിതത്തേക്കാൽ പിറന്ന മണ്ണിലെ പരുക്കൻ ജീവതമാണ് തനിക്കു സന്തോഷം തരുന്നതെന്ന് പറഞ്ഞു കൊണ്ട് അവർ പാടി.
പിന്നീട് മുആവിയ തിരിച്ചു വന്നപ്പോൾ തോഴികളിലൊരാരുവൾ മുആവിയയെ അവളുടെ കവിത കേൾപ്പിച്ചു. ‘മുരടനും മുഷടനു’മെന്ന പ്രയോഗം മുആവിയക്കു തീരെ രസിച്ചില്ല. ആ നിമിഷം അദ്ദേഹം അവളെ വിവാഹ മോചനം നടത്തി. അവർ കൊട്ടാരം വിട്ട് അവരുടെ നാട്ടിലേക്കു തിരിച്ചു പോയി. പക്ഷേ അവളുടെ വയറ്റിൽ മുആവിയയുടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നു. അവർ കുഞ്ഞിനെ പ്രസവിച്ച് രണ്ടു വർഷം മുല കൊടുത്തു വളർത്തി. ശേഷം കുട്ടിയെ മുആവിയക്കു കൊടുത്തയച്ചു. ഈ കുഞ്ഞാണ് പ്രസിദ്ധനും വിവാദ നായകനുമായ യസീദ് എന്ന ഭരണാധികാരി.


മൈസൂണിന്റെ കവിതയുടെ മൊഴിമാറ്റം ഇവിടെ കൊടുക്കുന്നു:

ജീവൻ ചിറകടിക്കുന്ന കുടിലാണ്
അംബരചുംബിയായ ഈ കൊട്ടാരത്തേക്കാൾ എനിക്കിഷ്ടം.

അബായ (1) ധരിച്ച് കൺകുളിരുന്നതാണ്
ഈ മസ്ലിൻ പട്ടിനേക്കാൾ എനിക്കിഷ്ടം.

എന്റെ കൊച്ചു കൂരയിലെ ഉണക്ക റൊട്ടിയാണ്,
ഈ കുത്തിച്ചേറി പരത്തിയെടുത്ത മിനുസമുള്ള റൊട്ടിയേക്കാൾ എനിക്കിഷ്ടം.

നാലു ഭാഗത്തു നിന്നും വീശിയടിച്ചു വരുന്ന മാരുതനാണ്
ഈ തപ്പു മുട്ടുകളേക്കാൾ എനിക്കിഷ്ടം.

അപരിചിതരെ നോക്കി എന്റെ മുറ്റത്തു നിന്നും കുരയ്ക്കുന്ന പട്ടിയാണ്
ഇവിടുത്തെ ഇണങ്ങിയ പൂച്ചയെക്കാൾ എനിക്കിഷ്ടം.

ഒട്ടകക്കട്ടിലുകളെ കഷ്ടപ്പെട്ടു പിന്തുടരുന്ന കിടാവാണ്
കുതിച്ചു പായുന്ന കൂറ്റനേക്കാൾ എനിക്കിഷ്ടം.

സദ്ഗുണ സമ്പന്നരും മെലിഞ്ഞവരുമായ എന്റെ അമ്മാവന്റെ മക്കളാണ്
മുഷടനും പരുക്കനുമായ ഇയാളേക്കാൾ എനിക്കിഷ്ടം.

വന്യമായ മരുഭൂമിയിലെ പരുപരുത്ത ജീവിതമാണ്
ഈ കോമാളി ജീവിതത്തേക്കാൽ എനിക്ക് ആനന്ദം തരുന്നത്.

എന്റെ നാടിനു പകരം മറ്റൊരു നാട് എനിക്കു വേണ്ട.
എത്ര കുലീനമായ നാടാകുന്നു എന്റേത്.
---------------------------------------
(1) ഗ്രാമീണ സ്ത്രീകൾ ധരിക്കുന്ന ഒരു മുഴുനീളൻ ഉടുപ്പ്

Thursday, December 23, 2010

കഴുമരത്തിൽ നിന്നും ഒരു കവിത.



ആധുനിക അറബിക്കവിതകളിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു കവിതയാകുന്നു ഈജിപ്തുകാരൻ ഹാശിം രിഫാഇയുടെ “രിസാലതുൻ ഫീ ലൈലതി ത്തൻഫീദ്” എന്ന കവിത. വളരെ നാളുകളായി ഞാനതിനൊരു പദ്യ പരിഭാഷ എഴുതണമെന്നുദ്ദേശിച്ചിട്ട്. ഇന്നലെ ഞാൻ ആ സാഹസം പൂർത്തീകരിച്ചു. അതിന്റെ ആദ്യത്തെ കുറച്ചു ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു. മുഴുവനായും ആവശ്യമുള്ളവർ മെയിലിൽ ബന്ധപ്പെടുക. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഞാനത് എടുത്തു വെച്ചിരിക്കുകയാണ്‌.

ഹാശിം രിഫാഇ


1935 -ൽ ഈജിപ്തിൽ ജനിച്ചു. അൽ അസ്ഹർ യൂണിവേർസിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അൽ സഖാസീഖ് വിദ്യാലയത്തിൽ നിന്നും 1951-ൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ദാറുൽ ഉലൂം കോളേജിൽ ചേർന്നു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദം കിട്ടുന്നതിനു മുമ്പേ 1959-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഹസനുൽ ബന്നയെപ്പോളെ ആധുനിക അറബു ലോകം ഇദ്ദേഹത്തെയും ധീര രക്തസാക്ഷിയായി വാഴ്ത്തുന്നു.
ഇദ്ദേഹം ധീര ദേശാഭിമാനിയായിരുന്നു, ബ്രിട്ടന്റെ നേത്രുത്വത്തിലുള്ള കൊളോനിയൽ ശക്തികൾക്കെതിരെ ശരീരം കൊണ്ടും പേന കൊണ്ടും പടപൊരുതിയ ആളാണ്‌. പാശ്ചാത്യൻ അനുകൂലികളായ ഭരണ കൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിനെതിരെ കവിതയെഴുതിയതിന്റെ പേരിലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്നതിന്റെ പേരിലും ഭരണകൂട ഭീകരത അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എങ്കിലും കവിതയുടെ പേരു സൂചിപ്പിക്കുന്നതു പോലെ വധ ശിക്ഷയുടെ രാത്രി അദ്ദേഹം എഴുതിയ കവിതയല്ല ഇത്. സ്വന്തം നാട്ടിലെ ഒരു ഫുട്ബോൾ മൽസരത്തിനിടെയുണ്ടായ തർക്കത്തിൽ പുറത്തു നിന്നുള്ള രണ്ടു പേർ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നാണ്‌ പറയപ്പെടുന്നത്.

കൊല്ലപ്പെടുന്നതിന്റെ 40 ദിവസങ്ങൾക്കു മുമ്പ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വെച്ചു നടന്ന ആദ്യത്തെ കവി സമ്മേളനത്തിലാണ്‌ ഹാശിം രിഫാഇ ഈ കവിത ആലപിക്കുന്നത്. അക്രമിയായ ഭരണകൂടങ്ങളാൽ പിടിക്കപ്പെട്ട് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയും ധീര ദേശാഭിമാനിയും ആയ ചെറുപ്പക്കാരൻ തന്റെ വധശിക്ഷ ഏറ്റുവാങ്ങുന്നതിന്റെ തലേന്നു രാത്രി സ്വന്തം പിതാവിനെഴുതുന്ന കത്താണ്‌ കവിതയുടെ ഇതിവൃത്തം.
ലോകത്തെങ്ങുമുള്ള പോരാളികളുടെ ആത്മവീര്യത്തിനു തീ കൊളുത്തുന്നതാണ്‌ ഈ കവിതയിലെ ഓരോ വരികളും.

കഴുമരത്തിൽ നിന്നും ഒരു കവിത.

ഹാശിം രിഫാഇ (ഈജിപ്ത്)
പദ്യപരിഭാഷ: മമ്മൂട്ടി കട്ടയാട്.
-----------------------------

താത…;
കയറുമാരാച്ചാരുമൊന്നിച്ചു വന്നെന്റെ
ഉയിരും കവർന്നു പോകാനിരിക്കേ;

കുത്തിക്കുറിക്കുന്നതെന്തെന്റെ കൈവിരൽ
ഓർത്തിട്ടൊരെത്തും പിടിയുമില്ല.

എങ്കിലുമിക്കൻമതിലിൽ തണുപ്പിലും
നിർഗ്ഗളിക്കുന്നുവെൻ കദന ഭാരം.

ഒരു രാവു കൊണ്ടങ്ങു തീരുമെൻ ജീവിത-
മേറെയാണിവനീയൊരൊറ്റ രാത്രി.

എല്ലാം മുറയ്ക്കു നടക്കുമെന്നുള്ളതി-
നില്ലയെനിക്കിന്നു ശങ്ക തീരെ

നാളെയെൻ ജഢമേറ്റു വാങ്ങുന്നയാദ്യത്തെ-
യാളെന്റെ താതനെന്നാശിപ്പു ഞാൻ.

കൊലയാളിയാം രാവു ചുറ്റിലും ഭീതിയാ-
ലലയവേയുണ്മയിലോർമ്മ മേവൂ.

ക്രൂരമാം നോവിലുമാശ്വാസമേകുന്നു
ഖുർആന്റെ വാക്യങ്ങളിന്നെനിക്ക്.

കണ്ണാടി പോലുള്ളയെൻ മേനിയിൽ കേറി
യുണ്മയെത്തട്ടിയുണർത്തി ഭക്തി.

ഈയന്ത്യ നിമിഷത്തിലാണെന്റെ വിശ്വാസ-
മായതെനിക്കൊരാശ്വാസ മന്ത്രം.

നന്ദി!, യെനിക്കു വിശപ്പില്ലെടുത്തു കൊൾ-
കിന്നു തന്നോരീയൊടുക്കത്തെ ഭക്ഷണം.

കൈപ്പേറുമീയന്നമെന്റെ മാതാവിന്റെ
കൈകളാൽ പാചകം ചെയ്തതല്ല.

കണ്ടില്ല ഞാനുമെൻ മൂത്ത ജേഷ്ടന്മാരു-
മുണ്ടാക്കി വെക്കുന്ന വേലയൊന്നും.

എന്തൊരൌദാര്യം!, ഒലിക്കുന്നുയിവരുടെ-
യേന്തിയ കൈകളിലെന്റെ രക്തം.!

വാഡന്റെയംഗുലികളാലിളകിയാടുന്ന
തുടലിന്റെയൊലികളിലുടയുന്നു മൌനവും.

നോക്കുന്നിടക്കിടെ ദാക്ഷിണ്യമില്ലാതെ-
യക്കണ്ണുകൾ പേ പിടിച്ച പോലെ.

വാതിലിൻ പഴുതിലും തിരയുന്നുയിരകളെ-
പ്പതിയെ മടങ്ങുന്നു പിന്നീടയാൾ.

എന്തിന്നു ഞാൻ വെറുക്കുന്നയാളെ,യെന്റെ-
യന്തരാത്മാവിലും പകയില്ലൊരിക്കലും.

നല്ലവനാണയാൾ താതനെപ്പോ,ലുള്ളി-
ലില്ലയാൾക്കരിശവും വൈരാഗ്യവും.

എന്റെ നേർക്കുള്ളൊരു നോട്ടം പിഴച്ചാല-
വന്റെ കുടുംബമനാഥമായ് തീർന്നിടും.

ഉന്നതനാമയാൾ കവിയായിരുന്നെങ്കി-
ലെന്നെക്കുറിച്ചൊരു കാവ്യം രചിച്ചിടും.

അല്ലെങ്കിലൊരുദിനം മക്കളെക്കാണുവാൻ
ചെല്ലുമ്പൊഴെന്നെക്കുറിച്ചോർത്തു കേണിടും.

അഴികൾ പോൽ പരുപരുത്തൊരു ജീവിതത്തിന്റെ
യിഴയാകുമൊരു ജനൽ ചുവരിൽ കിടക്കുന്നു

നോക്കിയിരുന്നു ഞാൻ ചിന്താനിമഗ്നനാ-
യക്കിളിവാതിൽക്കൂടിക്കലാപങ്ങൾ .....

കണ്ടു ഞാനുള്ളു തിളയ്ക്കുന്ന ഹൃത്തുമായ്
മിണ്ടാതെ നീങ്ങുന്നു കോട പോൽ മാനുഷർ

എല്ലാർക്കുമൊറ്റ വികാരമൊളിച്ചുവ-
ച്ചില്ലായിരുന്നെങ്കിലഭയമോ മൃത്യുവും!.

എന്തിനബദ്ധമാം വിപ്ലവത്തിൻ കൊടി-
യേന്തിയതെന്നെന്റെയുൾത്തടം കേട്ടുവോ?;

അപമാനവും പേറിയടിമയായ് കഴിയുന്ന-
തില്പരം യുക്തിയെന്തുണ്ടെന്നുമോർത്തുവോ?

ഇണ്ടലുകളേതുമുണ്ടാകില്ലെനിക്കിന്നു
മിണ്ടാതിരിക്കുകിലെന്നും നിനച്ചുവോ?.

നെറ്റിത്തടത്തിലന്നാളുമെന്നഗ്നിയെ-
യാറ്റിക്കെടുത്തിയെൻ സിരയിലെച്ചുടു നിണം.

ആർത്തിരമ്പുന്നൊരെൻ ഹൃദയ നിശ്വാസങ്ങ-
ളൊരു ദിനം കൊണ്ടങ്ങു നിന്നു പോകാം.

ശേഷിക്കുമപ്പോഴുമക്രമം കണ്ണികൾ
ശോഷിച്ചിടാ,തെന്റെ ബലിയും ഫലപ്പെടാ.

(തീർന്നിട്ടില്ല.)

Sunday, December 12, 2010

ദേവന്മാരുടെ പുത്രന്മാർ.. ഖലീൽ ജിബ്രാൻ



ദേവന്മാരുടെ പുത്രന്മാർ,
വാ‍നരന്മാരുടെ പൌത്രന്മാരും.

ജിബ്രാൻ ഖലീൽ ജിബ്രാൻ

കാലം എത്രമേൽ വിചിത്രം!, നമ്മളും!. കാലം മാറി, നമ്മളും മാറി. കാലം മുന്നോട്ടു പോയി, നമ്മളെയും കൂടെ കൊണ്ടു പോയി. കാലം നമ്മളെ തെളിച്ചു നടന്നു. നമ്മളെ അത് ആശ്ചര്യപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ഇന്നലെ വരേ നാം കാലത്തെ പഴിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് നാം അതിനെ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്നു നാം അതിന്റെ ഉദ്ദേശത്തെയും പ്രകൃതത്തെയും കണ്ടെത്തുകയും അതിന്റെ രഹസ്യങ്ങളെയും നിഗൂഢതകളെയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഇന്നലെ വരേ ഞങ്ങൾ രാത്രിയുടെ ഭീകരതയ്ക്കും പകലിന്റെ ഭീഷണിക്കുമിടയിൽ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളെപ്പോലെ പേടിച്ചു കൊണ്ടിഴയുകയായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ, കൊടുങ്കാറ്റുകളെ ഒളിപ്പിക്കുകയും പൊട്ടിച്ചിതറുന്ന ഇടിമുഴക്കങ്ങൾക്കും വെട്ടിത്തിളങ്ങുന്ന മിന്നൽ പിണറുകൾക്കും ജന്മം നൽകുകയും ചെയ്യുന്ന, പർവ്വതങ്ങളുടെ ഉച്ചികളിലേക്ക് പുത്തനുണർവ്വോടെ കുതിക്കുകയാണ്.

ഇന്നലേ വരേ ഞങ്ങൾ തിന്നിരുന്നത് ചോരയിൽ കുഴച്ചുണ്ടാക്കിയ റൊട്ടികളായിരുന്നു, കുടിച്ചിരുന്നത് കണ്ണീരു കലർത്തിയ വെള്ളവും; എന്നാൽ ഇന്നു മുതൽ ഞങ്ങൾ കഴിക്കുന്നത് പുലരിയുടെ മണവാട്ടികളുടെ കൈകൾ കൊണ്ടു വിളമ്പിത്തരുന്ന ദിവ്യപ്രസാദവും കുടിക്കുന്നത് വസന്തത്തിന്റെ നിശ്വാസങ്ങളാൽ ചേരുവ ചേർത്ത വീഞ്ഞുമാണ്.

ഇന്നലെ ഞങ്ങൾ വിധിയുടെ കൈകളിലെ കളിപ്പാട്ടമായിരുന്നു; വിധിയാണെങ്കിലോ ഇടത്തോട്ടും വലത്തോട്ടും ചുഴറ്റിയെറിയുന്ന ഭീകരനും. ഇന്ന് പക്ഷേ വിധി അതിന്റെ എല്ലാ ലഹരിയിൽ നിന്നും മുക്തമായി ഞങ്ങളെ രസിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിധിയോടൊപ്പം കളിക്കുകയും അതിനെ ചിരിപ്പിക്കുകയും പതുക്കെ തെളിച്ചു കൊണ്ടു പോവുകയും ചെയ്യുന്നു. അപ്പോൾ അതിനെല്ലാം അത് അനുസരണയോടെ വഴങ്ങുന്നു.

ഇന്നലെ ഞങ്ങൾ പ്രതിമകൾക്കു മുമ്പിൽ കുന്തിരിക്കം പുകയ്ക്കുകയും കോപിക്കുന്ന ദൈവങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. ഇന്നു ഞങ്ങൾ ഞങ്ങൾക്കു വേണ്ടിമാത്രമേ കുന്തിരിക്കം കത്തിക്കുന്നുള്ളൂ. ഞങ്ങളുടെ ശരീരത്തിനു വേണ്ടിയേ മൃഗ ബലി നടത്തുന്നുള്ളൂ. കാരണം ഏറ്റവും വലിയതും മനോഹരമായതുമായ ദൈവം സ്വന്തം കോവിലു പണിതിരിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

ഇന്നലെ വരേ ഞങ്ങൾ രാജാക്കന്മാർക്കു മുമ്പിൽ തലകുനിക്കുകയും അധികാരികൾക്കു മുമ്പിൽ പിരടികൾ നീട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്നു ഞങ്ങൾ സത്യത്തിനു മുമ്പിലല്ലാതെ തല കുനിക്കുന്നില്ല, സൌന്ദര്യത്തെയല്ലാതെ പിന്തുടരുന്നില്ല, സ്നേഹത്തിനല്ലാതെ വഴങ്ങുന്നില്ല.
ഇന്നലെ വരേ ഞങ്ങൾ വിദൂഷകരുടെ മുമ്പിൽ കണ്ണുകൾ താഴ്ത്തി നിൽക്കുകയും ജോത്സ്യന്മാരെ ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഞങ്ങളും മാറി. ഇപ്പോൾ ഞങ്ങൾ സൂര്യന്റെ മുഖത്തേക്കേ നോക്കുന്നുള്ളൂ. സമുദ്രത്തിന്റെ സംഗീതമേ കേൾക്കുന്നുള്ളൂ. ചുഴലിക്കാറ്റിനു മാത്രമേ ഞങ്ങളെ ഇളക്കാൻ കഴിയൂ.

ഇന്നലെ ഞങ്ങൾ ഞങ്ങളുടെ തന്നെ സിംഹാസനങ്ങൾ തകർത്ത് അവിടെ പിതാമഹന്മാർക്ക് ശവക്കല്ലറകൾ പണിതിരുന്നു. ഇന്ന് ഞങ്ങളുടെ ശരീരങ്ങൾ തന്നെ വിശുദ്ധമായ ബലിപീഠങ്ങളായി മാറി. ഇപ്പോൾ പഴയ പ്രേതങ്ങൾ ഇതിനടുത്തേക്കു പോലും വരില്ല. ജീർണ്ണിച്ച ജഢങ്ങളുടെ കൈകൾ അതിനെ സപർശിക്കുന്നേയില്ല.

വിസ്മൃതിയുടെ മൂലകളിൽ ഒളിച്ചിരുന്ന ചിന്തകളായിരുന്നു ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ ചക്രവാളങ്ങളുടെ കണ്ഠങ്ങളെ വിറപ്പിക്കുന്ന ശബ്ദമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വെണ്ണീരിൽ പൊതിഞ്ഞ ചെറിയ തീപ്പൊരിയായിരുന്നു ഞങ്ങൾ പണ്ട്. ഇന്ന് ഞങ്ങൾ മലയടിവാരങ്ങളുടെ തോളുകളിൽ നിന്നു കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീയാകുന്നു.

മഞ്ഞുകളിൽ പൊതിഞ്ഞ്, മൺകട്ടകൾ തലയ്ക്കു വെച്ച്, കളഞ്ഞു പോയ അന്നത്തേയും നഷ്ട്പ്പെട്ട ബന്ധങ്ങളെയുമോർത്ത് വിലപിച്ച് എത്ര രാത്രികൾ ഞങ്ങൾ ഉറക്കമിളച്ചിരുന്നു. ശൂന്യതയുടെയും മൌനത്തിന്റെയും മർമ്മരങ്ങൾക്കു ചെവികൊടുത്ത്, ഇരുണ്ടതും വിജനമായതുമായ ആകാശത്തേക്കു കണ്ണും നട്ട്, ഞങ്ങൾ തന്നെ നിർമ്മിച്ച കാരണങ്ങളെയോർത്ത് ഭയന്നു വിറച്ച്, അപരിചിതരായ ആരേയോ മോഹിച്ച്, തുരുമ്പെടുക്കുന്ന യുവത്വത്തെ നോക്കി നിലവിളിച്ച് അകലുന്ന പകലിനും വന്നണയുന്ന രാവിനുമിടയിൽ എത്ര കാലമാണ് ഞങ്ങൾ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നത്!.

ഇന്നലത്തെ ഞങ്ങൾ ഇന്നിനെ പ്രാപിച്ചിരിക്കുന്നു. ഇതു ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാട്ടിയ ഔദാര്യം. വാനരന്മാരുടെ സന്തതികളേ, നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?.
ഭൂമി പിളർന്ന് പുറത്തു വന്ന ശേഷം ഒരടിയെങ്കിലും നിങ്ങൾ മുമ്പോട്ടു വച്ചിട്ടുണ്ടോ?. ചെകുത്താന്മാർ നിങ്ങളുടെ കണ്ണുകൾ തുറന്നു തന്ന ശേഷം അതു കൊണ്ട് ഒരു വട്ടമെങ്കിലും നിങ്ങൾ മുകളിലേക്കു നോക്കിയിട്ടുണ്ടോ?. സർപ്പങ്ങളുടെ നാവുകൾ നിങ്ങളുടെ ചുണ്ടുകളെ ചുംബിച്ചതിനു ശേഷം സത്യത്തിന്റെ ഏടുകളിൽ നിന്ന് ഒരു വാക്കെങ്കിലും നിങ്ങൾ ഉച്ചരിച്ചിട്ടുണ്ടോ?.
മൃത്യു നിങ്ങളുടെ കാതുകളെ കൊട്ടിയടച്ചതിൽ പിറകെ വാഴ്വിന്റെ സംഗീതത്തിന് ഒരിക്കലെങ്കിലും നിങ്ങൾ ചെവികൊടുത്തിട്ടുണ്ടോ?.

കഴിഞ്ഞ എഴുപതിനായിരം കൊല്ലങ്ങളായി ഞാൻ നിങ്ങളുടെയടുത്തു കൂടെ നടന്നു പോകുന്നു. അപ്പോഴെല്ലാം നിങ്ങൾ ഗുഹാമുഖങ്ങളിൽ പ്രാണികളെപ്പോലെ കിടന്നു പിടയ്ക്കുന്നത് ഞാൻ കാണുന്നു. എന്റെ കിളിവാതിലിന്റെ ചില്ലുവാതിലിലൂടെ ഏഴു നിമിഷങ്ങൾ ഞാൻ നിങ്ങളെ വീക്ഷിച്ചു. മലിനമായ ഇടനാഴികളിലൂടെ നിങ്ങൾ സഞ്ചരിക്കുന്നതും ഉദാസീനതയുടെ ദുർഭൂതങ്ങൾ നിങ്ങളെ നയിക്കുന്നതും അടിമത്വത്തിന്റെ ചങ്ങലകൾ നിങ്ങളുടെ കാലുകളിൽ വരിഞ്ഞു കെട്ടിയിരിക്കുന്നതും മരണത്തിന്റെ ചിറകുകൾ നിങ്ങളുടെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നതും ഞാൻ കണ്ടു. ഇന്നലെ നിങ്ങൾ എങ്ങനെയാണോ അതു പോലെത്തന്നെയാണ് നിങ്ങൾ ഇന്നും. ആദ്യം നിങ്ങളെ എങ്ങനെ കണ്ടുവോ അതേ പോലെത്തന്നെയായിരിക്കും നിങ്ങൾ നാളെയും മറ്റെന്നാളും.

ഇന്നലെ ഞങ്ങൾ അങ്ങനെയൊക്കെയായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ ഇങ്ങനെയായി മാറി. ഇത് ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാണിക്കുന്ന നീതിന്യായം.
ഓ, വാനര സന്തതികളേ, വാനരന്മാരുടെ നീതിവ്യവസ്ഥകളെങ്ങനെയൊക്കെയാണെന്നു പറഞ്ഞു തരാമോ?.

Wednesday, November 10, 2010

സമവായത്തിനു വഴങ്ങരുത് (അറബിക്കവിത)


(അറേബ്യന്‍ കുതിര - ഖാലിദ് ജബ്ബാറിന്റെ വര)

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:


സമവായത്തിനു വഴങ്ങരുത്
അമൽ ദൻഖൽ (ഈജിപ്ത്‌)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത്

ഞാൻ നിന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുത്ത്
അതിന്റെ സ്ഥാനത്ത് രണ്ടു രത്നങ്ങൾ വച്ചു തന്നാൽ
നിനക്ക് കാണാൻ കഴിയുമോ?

പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതാണോ അതൊക്കെ?

നീയും നിന്റെ സഹോദരനും,
നിങ്ങളുടെ ബാല്യകാല സ്മരണകളും…

പൗരുഷത്തിലേക്കുള്ള നിന്റെ
ധൃത വികാരങ്ങൾ,
അവനെ ആലിംഗനം ചെയ്യുമ്പോഴുള്ള
അടിച്ചമർത്തപ്പെട്ട സ്നേഹത്തിന്റെ നാണം,
മാതാവ് വഴക്കു പറയുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടുള്ള മൌനം...

നിങ്ങളിപ്പോഴും ബാലന്മാരെപ്പോലെയിരിക്കുന്നു.

നിങ്ങൾക്കിടയിലെ ആ അനശ്വര ശാന്തത പറയുന്നു:
ആ രണ്ടു വാളുകളും നിന്റേതു തന്നെ,
ആ രണ്ടു ശബ്ദങ്ങളും നിന്റേതു മാത്രം.

നീ മരണപ്പെട്ടാലും
വീട്ടിനൊരു നാഥനും
കുട്ടിക്കൊരു പിതാവും ഉണ്ടായിരിക്കും.

എന്റെ രക്തം നിന്റെ കണ്ണീരായി മാറുന്നില്ലേ?

ചോര പുരണ്ട എന്റെ വസ്ത്രം നീ എടുക്കാൻ മറന്നോ?
അലങ്കരിച്ച ഒരു വസ്ത്രമെടുത്ത്
ചോരയിൽ കുളിച്ച എന്റെ ശരീരത്തിൽ മൂടുക.
ഇതാകുന്നു യുദ്ധം.
ചിലപ്പോൽ നിന്റെ മനസ്സിനെ അതു മഥിച്ചേക്കാം..
എന്നാലും അറബികളുടെ അപമാനം
പിന്നിലുണ്ടാകുമെന്ന് നീ മറക്കരുത്.

അതു കൊണ്ട് സമവായത്തിൽ ഏർപ്പെടരുത്
ഓടിയൊളിക്കുകയും ചെയ്യരുത്

(2)
നീ ഒരിക്കലും വഴങ്ങരുത്;
ചോരയ്ക്കു സമവായം ചോര മാത്രം.
തലയ്ക്കു തല എന്നു സമ്മതിച്ചാലും വിട്ടു കൊടുക്കരുത്
എല്ലാ തലയും ഒരു പോലെയാണോ?.

അന്യന്റെ ഹൃദയവും
നിന്റെ സഹോദരന്റെ ഹൃദയവും ഒന്നാണോ?
അവന്റെ കണ്ണുകൾ നിന്റെ സഹോദരന്റെ കണ്ണുകളാണോ?

നിന്റെ വാളു കൈവശം വെച്ചവനും
നിന്റെ വാൾ അപഹരിച്ചവനും തുല്യരാണോ?

അവർ പറയും:
ഞങ്ങൾ വന്നത് രക്തം സംരക്ഷിക്കാനാണെന്ന്,
അവർ വന്നു വിളിക്കും
ഓ, മഹാ രാജാവേ എന്ന്,

അവർ സമർത്ഥിക്കും:
‘ഞങ്ങൾ സഹോദര പുത്രരല്ലോ!’
അവരോടു പറഞ്ഞേക്കൂ
‘കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നിങ്ങൾ
ആ കുടുംബ ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ലല്ലോ!’ എന്ന്

അതിനാൽ
മരുഭൂമിയുടെ നെറ്റിത്തടത്തിൽ
നിന്റെ വാൾ ആഴ്ന്നിറങ്ങട്ടെ;
അപ്പോൾ ഒരശരീരി ഇങ്ങനെ പറയും
‘ഞാൻ നിന്റെ നിന്റെ അശ്വ ഭടനായിരുന്നു,
നിന്റെ സഹോദരൻ,
നിന്റെ പിതാവ്,
നിന്റെ രാജാവും‘.

(3)

മനസ്സാക്ഷിയുടെ നിലവിളി
നിന്റെ ഉറക്കം കെടുത്തിയാലും
നീ സമവായത്തിനു വഴങ്ങരുത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും
പുഞ്ചിരികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും
നിന്റെ മനസ്സിനെ അലിയിക്കുന്നുണ്ടെങ്കിൽ നീ അറിയണം,
നിന്റെ സഹോദര പുത്രി ‘യമാമ’
വിലാപ വസ്ത്രം എടുത്തു ചുറ്റിയ പുഷ്പമാകുന്നു എന്ന്.

ഞാൻ തിരിച്ചു വരുമ്പോൾ
അവൾ കൊട്ടാരത്തിന്റെ ചവിട്ടു പടികളിലൂടെ
ഇറങ്ങി ഓടി വരാറുണ്ടായിരുന്നു.

ഞാനിറങ്ങുമ്പോൾ അവളെന്റെ കാലിൽ പിടിക്കാറുണ്ടായിരുന്നു,
പാൽപുഞ്ചിരി തൂകുന്ന അവളെ
എടുത്ത് ഞാൻ കുതിരപ്പുറത്തിരിത്താറുണ്ടായിരുന്നു,

ഇന്നവൾ മൌന വ്രതത്തിലാണ്‌.

സ്വന്തം പിതാവിന്റെ ശബ്ദം കേൾക്കുക
പുതിയ വസ്ത്രങ്ങളണിയുക,
ഒരു സഹോദരനുണ്ടാവുക,
കല്യാണ നാളിൽ നിറഞ്ഞ പുഞ്ചിരിയോടെ
പിതാവ് സന്നിഹിതനാവുക,
ഭർത്താവുമായി പിണങ്ങുമ്പോൾ
തിരിച്ചു സ്വന്തം വീട്ടിലേക്കു തന്നെ വരിക,
പിതാവിനെ സന്ദർശിക്കാൻ വരുന്ന
പേരക്കിടാങ്ങളെ അണച്ചു കൂട്ടാൻ ധൃതി കാണിക്കുക,
അവർക്ക് സമ്മാനങ്ങൾ കൊടുക്കുക,
കുട്ടികൾ മുത്തച്ഛന്റെ താടി പിടിച്ചു കളിക്കുക,
അയാളുടെ തലപ്പാവ് അഴിച്ചെടുത്ത് കെട്ടിക്കൊടുക്കുക...
എന്നിവയിൽ നിന്നെല്ലാം
ഒറ്റുകാരന്റെ കൈ അവളെ തടഞ്ഞു വെച്ചിരിക്കുന്നു.

അതു കൊണ്ടെല്ലാം നീ
സമവായത്തിനു വഴങ്ങരുത്,

പുല്ക്കൂടുകൾ കത്തിക്കരിഞ്ഞ്,
ചാരത്തിനു മുകളിൽ ചമ്രം പടിഞ്ഞിരിക്കാൻ
എന്താണ്‌ ‘യമാമ’ എന്ന പെൺകൊച്ച് ചെയ്ത തെറ്റ്?

4
അധികാരത്തിന്റെ കിരീടം
നിന്റെ തലയിൽ വെച്ചു തന്നാലും
നീ സമവായത്തിനു കൂട്ടു നില്ക്കരുത്,
നിന്റെ സഹോദരന്റെ ജഢത്തിനു മുകളിൽ ചവിട്ടി
നിനക്കെങ്ങനെ മുന്നോട്ടു പോകാൻ കഴിയും?
കപടമായ മുഖങ്ങൾക്കു മുമ്പിൽ
നീ എങ്ങനെ രാജാവായി വാഴും?

നിനക്കു ഹസ്തദാനം തരുന്ന കൈകളെ നീ നോക്കുന്നില്ലേ?
അതിൽ നീ രക്തം കാണുന്നില്ലേ?

എന്റെ പിൻഭാഗത്തു കൂടെ വന്ന അമ്പ്
ആയിരം ഭാഗങ്ങളിലൂടെ നിന്നെ സമീപിക്കും
അതിനാൽ രക്തം ഇപ്പോൾ
അന്തസിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.

അധികാരത്തിന്റെ തൊപ്പി അണിയിച്ചാലും
നീ വഴങ്ങരുത്.

വാളിന്റെ വായ്ത്തലകളെ
പ്രതാപം കൊണ്ട് മിനുക്കിയിട്ടില്ലെങ്കിൽ
നിന്റെ സിംഹാസനം ഖഡ്ഗമാകുന്നു,
നിന്റെ ഖഡ്ഗമോ കപടവും.

5

ഏറ്റുമുട്ടുന്നതിനിടയിൽ അടിപതടുന്നവൻ
‘വാളുകളെ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെന്ന്’
നിലവിളിച്ചാലും
നീ സമവായത്തിനു വഴങ്ങരുത്.

നിന്റെ ഹൃദയത്തിൽ സത്യം വന്നു നിറഞ്ഞാൽ
നിശ്വാസങ്ങളിൽ തീ പടരും
രാജ്യദ്രോഹത്തിന്റെ നാവുകൾ ഊമയാകും.

സമാധാനത്തെക്കുറിച്ച്
വാതോരാതെ പറഞ്ഞാലും
നീ സമവായത്തിനു വഴങ്ങരുത്.

വായു മലിനമായാൽ
നിന്റെ ഹൃദയ ധമനികൾ തുടിക്കുന്നതെങ്ങനെയാണ്‌?

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ
എങ്ങനെയാണ്‌ നിനക്കവളുടെ മുഖത്തേക്കു നോക്കാൻ കഴിയുക?

നിനക്കെങ്ങനെ അനുരാഗത്തിൽ
അവളുടെ അശ്വാരൂഢനാവാൻ സാധിക്കും?

ഉറങ്ങുന്ന കിടാവെങ്ങിനെ
നല്ല പുലരിയെ പ്രതീക്ഷിക്കും?

ആ കുഞ്ഞ് നിന്റെ മുമ്പിൽ
തകർന്ന ഹൃദയവുമായി വളരുമ്പോൾ
നിങ്ങക്കെങ്ങിനെ
അവന്റെ ഭാവിക്കു വേണ്ടി സ്വപ്നം കാണാനും
പാട്ടു പാടാനും കഴിയും?

അതു കൊണ്ട് സമവായം വേണ്ടേ വേണ്ട.

നിന്റെ കൊലയാളികളുടെ കൂടെ നീ ഭക്ഷണം കഴിക്കരുത്,
രക്തം കൊണ്ട് നിന്റെ ഹൃദയത്തിന്റെ ദാഹം തീർക്കുക,
വിശുദ്ധമായ മണ്ണിന്റെ ദാഹം തീർക്കുക,
ഉയർത്തെഴുന്നേല്പ്പിന്റെ നാളു വരേ
ഉറങ്ങിക്കിടക്കുന്ന നിന്റെ പൂർവ്വികരുടെ
ദാഹവും തീർത്തു കൊടുക്കുക.

6

സമവായത്തിനു വഴങ്ങരുത്,
ഗോത്രങ്ങൾ തന്ത്രങ്ങൾ മെനയാനും
നിന്നെ സമീപിക്കുന്നവർക്കു മുമ്പിൽ സന്നദ്ധത പ്രകടിപ്പിക്കാനും
‘പരിപാവനമായ ദു:ഖ’ത്തിന്റെ പേരിൽ
നിന്നോടു കെഞ്ചിയാലും
വഴങ്ങരുത്.

അവർ പറയും:
‘താങ്കൾ സുദീർഘമായ ഒരു പ്രതികാരം തേടുന്നു,
അതിനാൽ താങ്കൾക്കു കഴിയുന്നത് സ്വീകരിച്ചാലും
അതായത് – ഇക്കഴിഞ്ഞ വർഷങ്ങൾക്കായി
നാമ മാത്രമായ അവകാശം’.

ഓർക്കുക, ഇതു നിന്റെ മാത്രം പ്രതികാരമല്ല;
ഇത് നാളെ വരാൻ പോകുന്ന തലമുറയുടെയും കൂടി
പ്രതികാരമാകുന്നു.

മുഴുനീളൻ പടയങ്കിയണിഞ്ഞ ഒരുത്തൻ
നാളെ പിറന്നേക്കാം
അവൻ മൊത്തവും തീ കൊളുത്തി
പ്രതികാരം വീട്ടിയേക്കാം
അപ്പോൾ അസാധ്യമാണെന്നു കരുതിയ
വാരിയെല്ലുകൾക്കിടയിൽ നിന്നും
സത്യം ജന്മം കൊണ്ടേക്കാം...

വഴങ്ങരുത്,
അതൊരുപായമാണെന്നവർ പറഞ്ഞാലും.
അത് പകരം വീട്ടലാകുന്നു.
ഋതു ഭേതങ്ങൾ മാറി വരുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ നിന്നും
അതിന്റെ അടയാളങ്ങൾ മാഞ്ഞു പോകും.
എന്നാൽ അപ്പോഴും
നിന്ദ്യതയുടെ കപോലങ്ങളിൽ
അഞ്ചു വിരലും പതിഞ്ഞ കൈയ്യടയാളം
എന്നെത്തേക്കുമായി അവശേഷിക്കും.

7.

നക്ഷത്രങ്ങൾ നിന്നെ ഭീഷണിപ്പെടുത്തിയാലും
ജ്യോത്സ്യന്മാർ പ്രവചനങ്ങൾ പുറപ്പെടുവിച്ചാലും
നീ വിഴങ്ങരുത്.
സത്യാസത്യ വിവേചനങ്ങൾക്കിടെയാണ് ഞാൻ മരിച്ചതെങ്കിൽ
ഞാൻ പൊറുത്തു കൊടുക്കുമായിരുന്നു.

ഞാൻ അവരോട് യുദ്ധം ചെയ്യാൻ പോയിരുന്നില്ല,
അവരുടെ പാളയത്തിലേക്ക് നുഴഞ്ഞു കയറിയിരുന്നില്ല,
അവരുടെ അതിരുകൾക്കരികെ ചുറ്റി നടന്നിരുന്നില്ല,
അവരുടെ മുന്തിരിപ്പടർപ്പിലേക്ക് കൈ നീട്ടിയിരുന്നില്ല,
അവരുടെ തോട്ടത്തിൽ കാലു കുത്തുക പോലും ചെയ്തിട്ടില്ല.

എന്റെ കൊലയാളി എന്നോട് ‘ശ്രദ്ധിക്കൂ’
എന്നൊരു വാക്കു പോലും പറഞ്ഞിരുന്നില്ല.
അവൻ എന്റെ കൂടെ നടന്നു,
എനിക്കു ഹസ്ത ദാനം തന്നു,
പിന്നെ കുറച്ചു ദൂരം നടന്നു,
ശേഷം കുറ്റിക്കാട്ടിൽ മറഞ്ഞു....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു,
ഒരു തരിപ്പ് എന്റെ ഉദരത്തിലൂടെ തുളച്ചു കയറുകയും
ഒരു കുമിള പോലെ എന്റെ ഹൃദയം തകരുകയും ചെയ്തു.
ഞാൻ രണ്ടു കൈയിൽ താങ്ങിപ്പിടിച്ചെഴുന്നേറ്റ്
തലയുയർത്തി നോക്കിയപ്പോൾ -
ശപിക്കപ്പെട്ട മുഖവുമായി
അതാ നിൽക്കുന്നു എന്റെ പിതൃ സഹോദര പുത്രൻ!.

എന്റെ കയ്യിൽ കുന്തമോ
പഴയ പടക്കോപ്പോ ഉണ്ടായിരുന്നില്ല.
കുടിനീരിനു വേണ്ടി ദാഹിക്കുന്ന
ക്രോധം മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ..

8.

സമവായത്തിനു വഴങ്ങരുത്,
പ്രപഞ്ചം അതിന്റെ ഭ്രമണപഥത്തിലേക്കു മടങ്ങും വരേ
താരകങ്ങൾ വന്ന വഴിയേ പോകും വരേ,
പറവകൾക്ക് തങ്ങളുടെ ശബ്ദം തിരിച്ചു കിട്ടും വരേ,
ധാന്യങ്ങൾക്കു മണ്ണ് ലഭിക്കും വരേ,
തുറിച്ചു നോക്കുന്ന കുഞ്ഞിന്
കൊലചെയ്യപ്പെട്ടവനെ മടക്കിക്കൊടുക്കും വരേ,
നീ സമവായത്തിനു വഴങ്ങരുത്.
എല്ലാം ഒരു നിമിഷം കൊണ്ടാണു തകർന്നു തരിപ്പണമായത്
ബാല്യം – കുടുംബത്തിന്റെ സന്തോഷം – കുതിരയുടെ കുളമ്പടികൾ –
ആതിഥ്യം – പൂന്തോട്ടത്തിൽ ഒരു പൂവു വിരിയുമ്പോഴുള്ള മർമ്മരം –
മഴപെയ്യിക്കുന്ന പ്രാർത്ഥന -
കഠിനമായ പോരാട്ടത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും
മൃത്യുവിന്റെ കഴുകനു മുമ്പിൽ ഒഴിഞ്ഞു മാറുന്ന ഹൃദയം....
നിന്ദ്യമായൊരു വീഴ്ചയിൽ എല്ലാം തകർന്നു തരിപ്പണമായി.

സ്വന്തം തീരുമാനത്താൽ എന്നെ വധിക്കാൻ
എന്റെ ഘാതകൻ എന്റെ ദൈവമൊന്നുമല്ല.
സ്വന്തം കത്തിയൂരി കൊല്ലാൻ
അവൻ എന്നെക്കാൾ കുലീനനുമല്ല.
കപടമായ തന്ത്രങ്ങളാൽ എന്നെ വക വരുത്താൻ
അവൻ എന്നെക്കാൾ സമർത്ഥനുമല്ല.

വഴങ്ങിക്കൊടുക്കരുത്,
സമവായം എന്നാൽ
തുല്യശക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാകുന്നു.
കുലീന മാനസർ അതു ലംഘിക്കാറുമില്ല.

എന്നെ വധിച്ചവൻ വെറും ഒരു തസ്കരനാകുന്നു,
എന്റെ കണ്മുമ്പിൽ വെച്ച് എന്റെ നിലം അവൻ കട്ടെടുത്തു,
അപഹാസ്യമായ ഒരു ചിരി മൌനത്തെ തകർത്തു കളഞ്ഞു.

9.

സമവായത്തിനു വഴങ്ങരുത്,
എല്ലാ നേതാക്കന്മാരുടേയും
തെമ്മാടികളായ ചെറുപ്പക്കാരുടെയും വാളുകൾ
നിനക്കെതിരിൽ നിലയുറപ്പിച്ചാലും നീ വഴങ്ങരുത്;
അവർ നനഞ്ഞ റൊട്ടിയും
വലം വെക്കുന്ന ഭൃത്യന്മാരെയും
ഇഷ്ടപ്പെടുന്നവരാണ്.
അവർ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്നവരാണ്.
അവരുടെ അറേബ്യൻ ഖഡ്ഗങ്ങൾ
എല്ലാ ‘ക്ഷത്രിയ മര്യാദകളും‘ മറന്നു പോയിരിക്കുന്നു.
അവരുമായി സമവായം വേണ്ട.

ഇനിയെല്ലാം നിന്റെ തീരുമാനം.
നീ യുഗത്തിന്റെ ഒരേയൊരശ്വ ഭടൻ!
മറ്റുള്ളവരെല്ലാം കപടന്മാരും.

10.
സമവായത്തിനു വഴങ്ങരുത്...
സമവായത്തിനു വഴങ്ങരുത്...

Monday, November 8, 2010

ഒബാമയ്ക്ക് (അറബിക്കവിത)

ലാ തുസാലിഹ് - പത്തു കല്പ്പനകൾ (രണ്ടു നാൾക്കു ശേഷം പ്രതീക്ഷിക്കുക. ഇപ്പോൾ ഒരു ഒബാമക്കവിത പുന:പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം ഈജിപ്ത് സന്ദർശിപ്പോൾ മുഹമ്മദ് റഹാൽ എന്ന അറബിക്കവി എഴുതിയതാണ്‌ ഈ കാവ്യം)


തു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?

മുഹമ്മദ്‌ റഹാൽ - സ്വീഡൻ.

മിസ്റ്റർ. ബാറാഖ്‌,
ഒരു നിമിഷം നില്‌ക്കൂ.
ദൈവം സാക്ഷി,
താങ്കൾ ധൃതി കൂട്ടുകയാണ്‌.

കാര്യങ്ങളൊക്കെ നന്നായി വരാൻ
താങ്കൾ ആഗ്രഹിക്കുന്നുണ്ട്‌
പക്ഷേ,
താങ്കളുടെ നിലപാടുകളിലൊന്നിലും
സത്യ സന്ധതയില്ല.
അതിന്‌ ഈ ഗാസ സാക്ഷിയാണ്‌.
താങ്കളിന്നും കളവു പറഞ്ഞു.
ഗാസയുടെ അവസ്ഥ
പാറകളെപ്പോലും കരയിച്ചിട്ടുണ്ട്‌
പക്ഷേ, താങ്കൾ മാത്രം നീതി കാണിച്ചിട്ടില്ല.

ഇന്നത്തെ ഇറാഖ്‌ ബന്ധനസ്ഥയാണ്‌.
താങ്കൾ വാദിക്കുന്നതു പോലെ സ്വതന്ത്രയല്ല.
ഇറാഖിന്റെ ഒരു ഭാഗം പിഴുതെറിയപ്പെട്ടിരിക്കുകയാണ്‌.
എന്താണ്‌ നിങ്ങൾ ആ നാട്ടിനു വേണ്ടി ചെയ്തത്‌?
എൽ.എഫ്‌. വിമാനങ്ങൾ ബോംബു വർഷിച്ച
കിണറുകളാണെങ്ങും.
അതു നിങ്ങളുടെ സംഭാവന, കർമ്മ ഫലം.

ഏത്‌ ചേരികളിലാണ്‌ നിങ്ങൾ കടന്നു ചെന്നത്‌?
ഫറോവമാരുമായി താങ്കൾ ഹസ്ത ദാനം നടത്തി.
ഏത്‌ ഒറ്റുകാരനെയാണ്‌ താങ്കൾക്കു കിട്ടിയത്‌?
ഭൂമി മുഴുവൻ നിങ്ങൾ ബോംബ്‌ വിതക്കുന്നു
എന്നിട്ട്‌ സമാധാന ദൂതുമായി ചെല്ലുന്നു?

ഞങ്ങളിൽ താങ്കൾ കതിരുകൾ പ്രതീക്ഷിക്കുന്നു.
ഏത്‌ കോതമ്പുകളാണ്‌ താങ്കൾ വിതച്ചത്‌?
* * *

മി. ബാറാഖ്‌,
സ്വാഗതം.
താങ്കൾ സൈന്യ വ്യൂഹങ്ങൾക്കൊപ്പം
കൂടകളിൽ പരിഹാരങ്ങളുമായാണ്‌ വന്നത്‌.

എന്നാൽ ഒരു മനുഷ്യൻ എന്ന നിലക്ക്‌
എനിക്കു പറയാനുള്ളത്‌ കേൾക്കുക.
താങ്കൾ ഞങ്ങൾക്കു നല്ലതു വരണമെന്നും,
ആളുകളുടെ ഹൃദയം കീഴടക്കണമെന്നും
ഉദ്ദേശിക്കുന്നുവെങ്കിൽ
എളിമയോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

ഞങ്ങളുടെ മുഴുവൻ വേദനകൾക്കും കാരണമായ,
നിങ്ങളുടെ കൈകളാൽ നിർമ്മിച്ച
ഞങ്ങളുടെ ഭരണാധികാരിയെ
ഇന്നു തന്നെ തിരിച്ചു കൊണ്ടു പോവുക,
അങ്ങനെ ചെയ്താൽ ഒരു വലിയ ജന സമൂഹം
താങ്കൾക്കായി സിന്ദാബാദ്‌ വിളിക്കും
അവരെ ഞങ്ങളിൽ തന്നെ വിട്ടേച്ചു പോവുകയാണെങ്കിലോ,
അവർ നിങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും.

വിനയത്തോടെ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,
ഒരേ ഒരഭ്യർത്ഥന
ഇവരെ ഇന്നു തന്നെ നിങ്ങൾ തിരിച്ചു വിളിക്കുക.

Sunday, November 7, 2010

ലാ തുസാലിഹ് - പത്തു കല്പ്പനകൾ (അറബിക്കവിത)



“ലാ തുസാലിഹ്”
കുലൈബ് വധം അതായത് പത്തു കല്പ്പനകൾ!

അമൽ ദൻഖൽ (ഈജിപ്ത്) (1940-1983)

മക്കയിൽ പ്രവാചകൻ ആഗതമാകുന്നതിന്റെ ഏകദേശം നൂറു വർഷം മുമ്പ് നടന്ന ഒരു ഗോത്ര യുദ്ധമാണ്‌ ‘അൽ ബസൂസ് യുദ്ധം’. ബസൂസ് എന്ന സ്ത്രീയുടെ ഒട്ടകത്തെ കൊന്ന കാരണത്താൽ ബകർ, തഅലബ് എന്നീ ഗോത്രങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം നാല്പ്പതു വർഷത്തോളം നീണ്ടു നിന്നു.
തഅലബ് ഗോത്രത്തിലെ നേതാവ് കുലൈബിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ജുലൈലയുടെയും ഇടയിൽ ഒരു തർക്കമുണ്ടായി.
ഒരിക്കൽ അവർ തന്റെ സഹോദരൻ ജസാസിനെക്കുറിച്ച് അമിതമായി പ്രശംസിച്ചു. അത് കുലൈബിന്‌ പിടിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ജസാസിന്റെ സഹോദരിയുടെ മകൾ ബസൂസ് ജസാസിന്റെ ഒട്ടകവുമായി അവിടേക്കു വന്നു. സമ്മതമില്ലാതെ തന്റെ സ്ഥലത്ത് ബസൂസ് ജസാസിന്റെ ഒട്ടകത്തെ മേയ്ക്കുന്നതു കണ്ടപ്പോൾ കുലൈബിനത് ഇഷ്ടപ്പെട്ടില്ല. കുലൈബ് ഇതാരുടെ ഒട്ടകമാണെന്നു ചോദിച്ചപ്പോൾ ഇതു ജസാസിന്റേതാണെന്ന് മറുപടി പറഞ്ഞു. ഉടനെ കുലൈബ് വില്ലെടുത്ത് ഒട്ടകത്തിന്റെ അകിടു ലക്ഷ്യമാക്കി അമ്പെയ്തു. ചോര വാർന്നൊഴുകുന്ന ഒട്ടകം ഓടി വന്ന് ബസൂസിന്റെ മുമ്പിൽ മുട്ടു കുത്തി. ബസൂസ് നിലവിളിച്ചു കൊണ്ടലറി. ഇതറിഞ്ഞ ഒട്ടകത്തിന്റെ ഉടമ ജസാസ് വന്ന് അമ്പെയ്ത കുലൈബിനെ കൊന്നു. ഉടനെ കുലൈബിന്റെ സഹോദരൻ മുഹൽഹിൽ(സെയിർ സാലിം) പ്രതികാരം ചെയ്യുമെന്നു പറഞ്ഞ് രംഗത്തെത്തി. അതോടം യുദ്ധം തുടങ്ങി.
ബസൂസ് യുദ്ധവും അതിലെ കഥാ പാത്രങ്ങളും പിന്നീടു വന്ന കവികളെയും സാഹിത്യകാരന്മാരെയും വല്ലാതെ സ്വാധീനിച്ചു. കുലൈബും അദ്ദേഹത്തിന്റെ മരണ ശേഷം ദു:ഖം കടിച്ചമർത്തി അലഞ്ഞു നടന്ന ജുലൈലയും മകൾ യമാമയും സഹോദരനും കവിയുമായ മുഹൽഹിലും മറ്റും പിന്നീട് അറേബ്യൻ സാഹിത്യത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്ത പ്രതീകങ്ങളായി മാറി.

വീണു കിടക്കുന്ന കുലൈബ് മരിക്കുന്നതിനു മുമ്പേ സ്വന്തം ചോര കുണ്ട് മണ്ണിൽ എഴുതിയ വാക്കാണത്രെ ‘ലാ തുസാലിഹ്‘ (സമവായത്തിനു വഴങ്ങരുത്) എന്ന്.
ഇതേ പദം ഈജിപ്ത്യൻ കവി അമൽ ദൻഖൽ കുലൈബ് വധം - പത്തു കല്പ്പനകൾ എന്ന തന്റെ കവിതയിൽ ഇരുപത് പ്രാവശ്യം ആവർത്തിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഈ കവിതയ്ക്ക് ‘ലാ തുസാലിഹ്’ എന്നും പേരുണ്ട്.

അവസാന നിമിഷങ്ങളിൽ കുലൈബും സഹോദരൻ മുഹൽഹിലിന്‌ (സാലിം അൽ സൈർ) പത്തു കല്പ്പനകൾ വസിയ്യത്തായി നല്കുന്നുണ്ട്. ഉപദേശങ്ങൾ ഇവയിലെല്ലാം വ്യത്യസ്തമാണെങ്കിലും ഈ പത്തു കല്പ്പനകളുടെ ചുവടു പിടിച്ചാണ്‌ അമൽ ദങ്കൽ 1976 നവംബറിൽ തന്റെ കവിത എഴുതുന്നത്. ചില നിരൂപകന്മാർ ബൈബിളിലെ പത്തു കല്പ്പനകളോടും ഈ പേരിനെ സമരസപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ കവിതയുടെ സന്ദേശത്തിൽ ഒരസിഹ്ഷ്ണുതയുണ്ടെങ്കിലും എഴുപതുകളുടെ അറേബ്യൻ സാഹചര്യത്തിൽ നിന്നു നോക്കുമ്പോൾ അതൊരു വിപ്ളവത്തിന്റെ കാഹളമായിരുന്നു. 1973-ലെ ഒക്ടോബർ സംഘർഷങ്ങൾക്കു ശേഷം ഉണ്ടായ ഉടമ്പടിയിൽ ഈജിപ്തും അറബു രാഷ്ട്രങ്ങളും പാശ്ചാത്യൻ താല്പ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന സാഹചര്യത്തിലുണ്ടായ അറബികളുടെ ആത്മ രോഷമാണ്‌ അമൽ ദൻഖൽ തന്റെ കവിതയിലൂടെ പ്രകടിപ്പിക്കുന്നത്. 1976-ലെ കേമ്പ് ഡേവിഡ് ഉടമ്പടിയുടെ മുമ്പും ശേഷവും ഈ കവിത അറബ് ലോകത്ത് വലിയ ചലനങ്ങളുണ്ടാക്കി.

ഈ കവിതയെഴുതിയ കാരണത്താൽ അന്നത്തെ ഈജിപ്ത്യൻ പ്രസിഡന്റ് അൻവർ സാദത്ത് അമലിനെ ജയിലിലടച്ചു. കടുത്ത പീഠനവും പട്ടിണിയും രോഗവുമൊക്കെ കവിയെ ജീവച്ഛവമാക്കി മാറ്റി. 1983-ൽ തന്റെ നാല്പ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:

സമവായത്തിനു വഴങ്ങരുത്

അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത് ......
(കവിതയുടെ പൂർണ്ണ രൂപം അടുത്ത പോസ്റ്റിൽ:)

Thursday, November 4, 2010

ക്രൂശിതനായ യേശു - ഖലീൽ ജിബ്രാൻ


Gibran's Picture -divine-world

ക്രൂശിതനായ
യേശു.

ജിബ്രാൻ ഖലീൽ ജിബ്രാൻ

ഇന്ന് - എല്ലാ വർഷവും ഇതു പോലൊരു ദിവസം - മനുഷ്യത്വം ഗാഢ നിദ്രയിൽ നിന്നെഴുന്നേറ്റ് തലമുറകളുടെ ആത്മാവുകൾക്കു മുമ്പിൽ ചെന്നു നിന്ന് ജൽജൽ പർവ്വതത്തിൽ മരക്കുരിശിൽ ക്രൂശിക്കപ്പെട്ട നസ്രേത്തിലെ യേശുവിന്റെ നേർക്ക് നിറകണ്ണുകളുമായി നോക്കി നിൽക്കുന്നു.... പകലിന്റെ കുഴിമാടത്തിൽ പോയി ദിനകരൻ അപ്രത്യക്ഷമാകുന്ന സമയം മനുഷ്യത്വം തിരിച്ചു വന്ന് ഓരോ കുന്നിൻ മുകളിലും താഴ്വരകളിലും പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾക്കു മുമ്പിലെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്തെമ്പാടുമുള്ള നസ്രാണിമാരുടെ ആത്മാവുകളുടെ ഓർമ്മകൾ ജെറൂസലേം പട്ടണത്തിന്റെ സമീപത്തെത്തി തുടിക്കുന്ന ഹൃദയവുമായി നിരനിരയായി നില്ക്കും. എന്നിട്ട് മൃത്യുവിന്റെ മൂടുപടത്തിനു പിന്നിൽ നിന്ന് ജീവിതത്തിന്റെ അഗാധതയിലേക്കു കണ്ണും നട്ടിരിക്കുകയും അനന്തതയിലേക്ക് കൈകൾ വിരിച്ചു നില്ക്കുകയും ചെയ്യുന്ന മുൾകിരീടം ചൂടിയ ആ ഭീമാകാര രൂപത്തിലേക്ക് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും.

ക്രിസ്ത്യാനികൾ മടങ്ങി വന്ന് വിസ്മൃതിയുടെ നിഴലിൽ മരവിപ്പിന്റെയും വിഡ്ഢിത്തത്തിന്റെയും പുതപ്പിനടിയിൽ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്നതു വരേയ്ക്കും പകലിന്റെ അരങ്ങിനു മുമ്പിൽ രാത്രി തന്റെ തിരശ്ശീല താഴ്ത്തിയിടാറില്ല.

ഓരോ വർഷവും ഈ ദിവസം എല്ലാ തത്വ ചിന്തകരും അവരുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്നും ബുദ്ധിജീവികൾ അവരുടെ തണുത്ത പർണ്ണ ശാലയിൽ നിന്നും കവികൾ അവരുടെ സാങ്കല്പ്പിക താഴ്വരയിൽ നിന്നും പുറത്തു വന്ന് ഒരുമിച്ച് ആ വലിയ മലയുടെ മുകളിൽ കയറിനിന്ന്, ദൂരെ നിന്നും ഒരു യുവാവ് തന്റെ ഘാതകനോട് വിളിച്ചു പറയുന്ന വാക്കുകളിലേക്ക് ചെവികൂർപ്പിച്ചു നില്ക്കുന്നു. ആ യുവാവ് പറയുന്നു: ‘എന്റെ പിതാവേ, നീ ഇവർക്കു പൊറുത്തു കൊടുക്കണം. ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല’... പക്ഷേ, തത്വചിന്തകരും കവികളും മടങ്ങി വന്ന് പഴകി ദ്രവിച്ച പുസ്തകത്താളുകളിൽ അവരുടെ ആത്മാവുകളെ മറവു ചെയ്യുന്നതു വരേ ദീപ്തിയുടെ ആരവങ്ങളെ മൌനം അനാവരണം ചെയ്യാതെയിരിക്കുന്നു.

ജീവിതത്തിന്റെ മനോഹാരിതയിൽ നിമഗ്നരായ സ്ത്രീകൾ ആടയാഭരണങ്ങളെടുത്തണിഞ്ഞ് സ്വന്തം ഭവനത്തിൽ നിന്നുമിറങ്ങി, കുരിശിനു താഴെ ശീതക്കാറ്റേറ്റ് ദുർബ്ബലമായ വൃക്ഷത്തെപ്പോലെ ഖിന്നയായി നിൽക്കുന്ന ഒരു സ്ത്രീയെക്കാണാൻ, വന്നു നിന്നു. അവളുടെ നോവുന്ന ദുഖങ്ങളും അഗാധമായ രോദനവും കേൾക്കാൻ അവർ കൂടുതൽ അടുത്തു ചെന്നു.

ആ സമയം കാലത്തിന്റെ വിദ്യുത്പ്രവാഹത്തിൽ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരും കുട്ടികളും, ആകാശത്തിനും ഭൂമിക്കുമിടയിൽ കെട്ടിത്തൂക്കിയ ഒരാളുടെ രണ്ടു പാദങ്ങളിൽ നിന്നും രക്ത കണങ്ങൾ കണ്ണീരു കൊണ്ടു കഴുകിക്കളയുന്ന മുടിമെടഞ്ഞിട്ട പെൺകുട്ടിയെ കാണാൻ പിന്നിലേക്ക് തല തിരിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം നിശ്ചലരായി. ഈ രംഗം കണ്ടു മടുക്കുമ്പോൾ അവർ വീണ്ടും മുഖം തിരിച്ച് ചിരിയിലും കളിയിലും മുഴുകി.

ഓരോ വർഷവും ഇതേ ദിവസം മനുഷ്യത്വം വസന്തത്തിന്റെ ഉന്മേഷത്തോടെ ഉണർന്നെഴുന്നേറ്റ് നസ്രേത്തുകാരന്റെ നോവുകൾക്കു മുമ്പിൽ വന്നു നിന്ന് ഏറെ നേരം കരഞ്ഞ ശേഷം കൺപോളകൾ മുറുക്കെയടച്ച് അഗാധമായ നിദ്രയിലേക്ക് കൂപ്പു കുത്തുന്നു. ആ സമയം വസന്തം സുസ്മേര വദനനയായി എഴുന്നേൽക്കുകയും പൊന്നിൻ കസവണിഞ്ഞ, ചേലകളിൽ സുഗന്ധം പൂശിയ വേനലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു .

തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു.

കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌.

കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുകയും ദുർബ്ബലനെപ്പോലെ നിന്ദിക്കപ്പെടുകയും ദരിദ്രനെപ്പോലെ ജീവിക്കുകയും പാവപ്പെട്ടവനായി പിറക്കുകയും ചെയ്ത നസ്രേത്തിലെ യേശുവിനെ കാണുമ്പോൾ മനുഷ്യത്വം കരയുകയും വിലപിക്കുകയും അനുശോചിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹത്തോടുള്ള ആദരവു കൊണ്ടാണ്‌.

പത്തൊമ്പതു തലമുറകളായി മാനവ സമൂഹം യേശുവിന്റെ ദൗർബ്ബല്യത്തെ ആരാധിച്ചു കൊണ്ടിരിക്കുന്നു. യേശുവാണെങ്കിലോ അതിശക്തനും. എന്നാൽ എന്താണ്‌ യഥാർത്ഥ ശക്തി എന്ന് അവർക്കാർക്കുമറിയില്ല.

യേശു ഭീരുവും ദരിദ്രനുമായിട്ടല്ല ജീവിച്ചത്, വേദനിക്കുന്നവനും വേവലാതിക്കാരനുമായിട്ടുമല്ല മരിച്ചത്, അദ്ദേഹം വിപ്ലവകാരിയും ശക്തനും കരുത്തനുമായിട്ടാണ്‌ ജീവിച്ചത്. തന്റേടിയായിട്ടാണ്‌ മരിച്ചത്.

ചിറകുകളൊടിഞ്ഞ പക്ഷിയായിരുന്നില്ല യേശു; മറിച്ച് എല്ലാ വളഞ്ഞ പക്ഷങ്ങളെയും ഒടിച്ചു കളയുന്ന കൊടുങ്കാറ്റായിരുന്നു.

വേദനയെ ജീവിതത്തിന്റെ ചിഹ്നമാക്കി മാറ്റാൻ നീലമേഘങ്ങൾക്കിടയിലൂടെ വന്നവനല്ല യേശു. ജീവിതത്തെ സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടയാളമായികാണിക്കാൻ ആഗതനായവനായിരുന്നു.

തന്റെ അക്രമികളെ യേശു ഭയപ്പെട്ടിരുന്നില്ല. തന്റെ ശത്രുക്കളെ പേടിച്ചിരുന്നില്ല. തന്റെ കൊലയാളികൾക്കു മുമ്പിൽ വേദനിച്ചിരുന്നില്ല. പ്രത്യുത അദ്ദേഹം സ്വതന്ത്രനും സാക്ഷികളുടെ മുമ്പിൽ ധീരനായി നില കൊണ്ടവനും അക്രമത്തിനും ഉന്മൂലനത്തിനും നേരെ നിർഭയനായി പോരാടിയവനുമായിരുന്നു. നാറുന്ന വ്രണങ്ങളെ അദ്ദേഹം വെറുത്തു, ദുഷിച്ച സംസാരം കേൾക്കുമ്പോൾ നിശബ്ദനായി. അഹങ്കാരത്തെ കണ്ടു മുട്ടിയാൽ അതിനെ തല്ലിത്താഴെയിട്ടു.

നിലം പൊത്തിയ കല്ലുകൾ കൊണ്ട് സന്യാസ മഠങ്ങളും ആശ്രമങ്ങളും ഉണ്ടാക്കാൻ അത്യുന്നതമായ പ്രകാശ ഗോപുരത്തിന്റെ മുകളിൽ നിന്നും താഴോട്ട് ഇറങ്ങി വന്നവനല്ല യേശു. പുരോഹിതന്മാരും പാതിരിമാരുമാക്കി നേതൃത്വത്തിലവരോധിക്കാനായി കരുത്തരായ പുരുഷന്മാരെ അദ്ദേഹം തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച്, തലയോട്ടികളിൽ പടുത്തുയർത്തിയ സിംഹാസനങ്ങളുടെ അടിവേരറുക്കാനും കുഴിമാടങ്ങൾക്കു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെ പൊളിച്ചു മാറ്റാനും ദുർബ്ബലരായ പാവങ്ങളുടെ ശരീരത്തിനു മീതെ നാട്ടിയ ബിംബങ്ങളെ തച്ചുടയ്ക്കാനും ശേഷിയുള്ള ശക്തമായ ഒരു പുതു ജീവൻ ഈ ലോകത്തിന്റെ വിഹായസ്സിലേക്ക് പ്രക്ഷേപണം ചെയ്യാനാണ്‌ യഥാർത്ഥത്തിൽ യേശു സമാഗതനായത്.

ഇരുട്ടും തണുപ്പും നിറഞ്ഞ ഭവനങ്ങൾക്കും വൃത്തികെട്ട ചേരികൾക്കും സമീപം അംബര ചുംബികളായ പള്ളികളും ഭീമാകാരങ്ങളായ ആരാധനാലയങ്ങളും നിർമ്മിക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിക്കാനല്ല യേശു വന്നത്. പിന്നെ മനുഷ്യ ഹൃദയം എങ്ങിനെ ഒരു കോവിലാക്കാമെന്നും അവന്റെ ശരീരം എങ്ങിനെ ഒരു അൾത്താരയാക്കാമെന്നും അവന്റെ ബുദ്ധിയെ എങ്ങിനെ ഒരു വിദൂഷകനാക്കാമെന്നും പഠിപ്പിക്കാനാണ്‌ യേശു ആഗതനായത്.

ഇതാണ്‌ നസ്രേത്തിലെ യേശു ചെയ്തത്. വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ കുരിശിലേറ്റാനുള്ള അടിസ്ഥാന കാരണവും ഇതാണ്‌. മനുഷ്യനു ബുദ്ധിയുണ്ടെങ്കിൽ ഇന്നേ ദിവസം അവൻ വിജയത്തിന്റെയും ഹർഷാരവങ്ങളുടെയും സംഗീതങ്ങളാലപിച്ച് ആഹ്ലാദിക്കുമായിരുന്നു.

ഓ, ക്രൂശിതനും തന്റേടിയുമായ പ്രഭോ, താങ്കൾ ജൽജലാ പർവ്വതത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ നിന്നു കൊണ്ട് തലമുറകളുടെ പരേഡുകൾ വീശ്ചിക്കുന്നു, സമൂഹങ്ങളുടെ ഇരമ്പൽ കേൾക്കുന്നു, അനശ്വര സ്വപ്നങ്ങളെ മനസ്സിലാക്കുന്നു.

ചോരയിൽ കുളിച്ച മരക്കുരിശിൽ കിടയ്ക്കുന്ന അങ്ങേയ്ക്ക് ആയിരം സാമ്രാജ്യങ്ങളിലെ ആയിരം സിംഹാസനങ്ങളിലെ ആയിരം രാജാക്കന്മാരേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട്.
ഈ നൊമ്പരങ്ങളെല്ലാമുണ്ടായിട്ടും താങ്കൾ പൂക്കൾ വിരിഞ്ഞ വസന്തത്തേക്കാൾ ഉന്മേഷവാനായിരിക്കുന്നു. ഈ വേദനകൾക്കു നടുവിലും ആകാശത്തിലെ മാലാഖമാരെക്കാൾ ശാന്തനായിരിക്കുന്നു. ആരാച്ചാരുമാർക്കു നടുവിലും സൂര്യപ്രകാശത്തേക്കാൾ സ്വതന്ത്രനുമായിരിക്കുന്നു.

അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്.

Monday, October 25, 2010

വെല്ലു വിളി (അറബിക്കവിത)



വെല്ലു വിളി.
മുഈൻ ബസിസു

എനിക്കു തുടലുകളെ ഭയമില്ല.
നിങ്ങൾക്കു വന്ന് എന്നെ ചങ്ങലയ്ക്കിടാം.

ഭൂകമ്പങ്ങളുടെ നാട്ടിൽ ജീവിക്കുന്നവന്‌
ഭൂമി കുലുക്കത്തെ എന്തിനു ഭയപ്പെടണം?

ആർക്കു വേണ്ടിയാണ്‌ നിങ്ങൾ തൂക്കു മരങ്ങൾ കുഴിച്ചിടുന്നത്?
ആരുടെ കെണിപ്പുകളാണ്‌ നിങ്ങൾ കൂട്ടിക്കെട്ടുന്നത്?

നിങ്ങൾ എത്ര ഊതിയാലും ഇരുട്ടിൽ പ്രകാശിക്കുന്ന
ഈ തീപ്പന്തങ്ങളെ കെടുത്താൻ കഴിയില്ല.

ജനങ്ങളാണതിനു തീ പകർന്നത്
ഇനിയും ഏറെ സാർത്ഥവാഹക സംഘങ്ങൾ
അവരുടെ പിന്നാലെ വരും.

കോടുങ്കാറ്റേ, നീ അടിച്ചു വീശിക്കോളൂ..
ഞാൻ നിന്നെ പേടിക്കുന്നില്ല.

സ്വന്തം ശബ്ദങ്ങളെ
ബോംബുകളെ പോലെ പ്രകമ്പനം കൊള്ളിക്കുന്ന
രുധിര മിത്രങ്ങൾ എനിക്കൊരുപാടുണ്ട്.
അതെന്റെ കണ്ണുകളിൽ മിന്നൽ പിണർ പോലെ
കത്തിത്തിളങ്ങുന്നു.
കലാപത്തിന്റെ പ്രളയമായി
എന്റെ കൈകളിലൂടെ കുത്തിയൊഴുകുന്നു.

എനിക്കു ഭയമേ ഇല്ല.
കൊടുങ്കാറ്റുകൾ എന്റെ ചങ്ങാതിമാരായിരിക്കുമ്പോൾ
ഞാനാരെപ്പേടിക്കണം?.

മെടഞ്ഞിട്ട ചുവപ്പൻ കുന്തളം
തലയിൽ ചൂടിയ ദിനകരനു മുമ്പിൽ
അവർ പ്രതിജ്ജയെടുത്തു:
‘ഞങ്ങളുടെ ഹരിതാഭമായ മണ്ണിൽ നിന്നും
ശ്മശാനങ്ങളുടെ മൊത്തക്കച്ചവടക്കാരെ കെട്ടു കെട്ടിക്കുമെന്നും,
കൊലക്കളങ്ങളിൽ നിന്നു മനുഷ്യനെയും
കൊള്ളക്കാരുടെയും ചൂതാട്ടക്കാരുടെയും തൂലികയിൽ നിന്നു
ചരിത്രത്തേയും മോചിപ്പിക്കുമെന്നും,
അങ്ങനെ ഞങ്ങൾ ഞങ്ങളുടെ വലിയ ദേശം
സ്വന്തമാക്കുമെന്നും,
അവിടെ പ്രകാശ ഗോപുരങ്ങൾ പണിയുമെന്നും!!.

ഇതാ നോക്കൂ..
എന്റെ സഹോദരങ്ങൾ ഇടിമുഴക്കങ്ങളായി വരുന്നു.

ഒരു കാര്യം നിങ്ങൾ കണ്ടറിയുന്നത് നന്ന്:
തൂക്കുമരങ്ങൾ വിതച്ചവർ തൂക്കു മരങ്ങൾ കൊയ്യും.
വാരിക്കുഴികൾ കുഴിച്ചവർ തന്നെ അതിൽ ചെന്നു ചാടും.

വെളിച്ചം കാർന്നു തിന്ന
ഇരുട്ടിന്റെ ശവങ്ങളെ പിന്നിലേക്ക് വലിച്ചെറിഞ്ഞ്
പുത്തൻ പുലരിയുടെ കൊടിപ്പടവുമേന്തി
അതാ അവർ വരുന്നു.......

Thursday, October 14, 2010

മുഈൻ ബസിസു - പാലസ്തീൻ കവി.



മുഈൻ ബസിസു.

1926- പാലസ്തീനിലെ ഗാസയിൽ ജനിച്ചു. 1948-ൽ ഗാസ കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭാസം പൂർത്തിയാക്കി. 1946-ൽ ‘അൽ ഹുരിയ മാസികയിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു. 1948-ൽ കൈറോവിലെ അമെറിക്കൻ കോളേജിൽ ചെർന്നു. 1952-ൽ ജേർണലിസത്തിൽ ബിരുദമെടുത്തു.
പിന്നീട് സജീവ രാഷ്ടീയ പ്രവർത്തനത്തിലിറങ്ങി. 1952-ൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ’അൽ മഅ്റക-കലാപം‘ എന്ന കവിത പുറത്തിറങ്ങി. 1955 മുതൽ 1957 വരേയും 1959 മുതൽ 1963 വരേയും രണ്ടു പ്രാവശ്യം ഈജിപ്ത് ഭരണ കൂടം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
പാലസ്തീനിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു വരേ അദ്ദേഹം എത്തി. പാലസ്തീനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിശാല ഐക്യം പ്രഖ്യാപിച്ച് ഒന്നിച്ചപ്പോൾ മുതൽ മരിക്കുന്നതു വരേ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പാലസ്തീൻ നാഷനൽ കൗൻസിൽ മെമ്പറുമായിരുന്നു. ആഫ്രോ ഏഷ്യൻ എഴുത്തുകാർക്ക് നല്കി വരുന്ന ഇന്റർനാഷനൽ ലോട്ടസ് പ്രൈസ് ലഭിച്ചിട്ടുണ്ട്.
1984-ൽ ലണ്ടനിൽ വെച്ച് അന്തരിച്ചു.

തടവറയുടെ മൂന്നു ചുവരുകൾ

മുഈൻ ബസിസു

പുലർകാലത്ത്:
ചുവരുകളിൽ എഴുതാനൊരിടം ബാക്കിയാവുന്ന കാലത്തോളം,
എന്റെ കൈവിരലുകൾ ഉരുകിത്തീരാത്ത കാലത്തോളം
ഞാൻ പൊരുതുക തന്നെ ചെയ്യും.

ചുവരികളിലൂടെ കമ്പിസന്ദേശമയക്കുന്നവരുണ്ട്
ഞങ്ങളുടെ ഞരമ്പുകൾ തന്നെയാണ്‌ അവയുടെ കമ്പികൾ
ഞങ്ങളുടെ കണ്ണീരുകളെല്ലാം
ഈ ചുവരുകളുടെ ഞരമ്പുകളിൽ
നിക്ഷേപിച്ചിരിക്കുന്നു

അവർ പുതിയ ജയിലറകൾ അടച്ചു
തടവുകാരെ കൊന്നു കളഞ്ഞു.
അവർ പുതിയ ജയിലറകൾ തുറന്നു
പുതിയ തടവുകാരെ കൊണ്ടു വന്നു.

ഉച്ച സമയത്ത്:
അവരെന്റെ മുമ്പിൽ കടലാസ് കൊണ്ടു വന്നു വച്ചു
ഒരു പേനയും എന്റെ വീട്ടിന്റെ താക്കോലും കൂടെ വെച്ചു.
എഴുതി വൃത്തികേടാക്കാൻ അവർ കൊണ്ടു വന്ന കടലാസ് എന്നോടു പറഞ്ഞു:
“പ്രതിരോധിക്കുക”
സ്വന്തം നെറ്റിയിൽ ചെളിവാരിത്തേക്കാനായി
അവർ കൊണ്ടു വന്ന പേനയും പറഞ്ഞു:
“പ്രതിരോധിക്കുക”

എന്റെ വീടിന്റെ താക്കോൽ പറഞ്ഞു:
“നിന്റെ കൊച്ചു വീടിന്റെ ഓരോ കല്ലിന്റെയും നാമത്തിൽ
നീ പ്രതിരോധിക്കുക”.

തകർന്ന കൈകൾ ചുവരുകളിലൂടെ അയച്ച
കമ്പി സന്ദേശത്തിന്റെ ഓരോ മുഴക്കവും പറഞ്ഞു:
“പ്രതിരോധിക്കുക”.

ജയിലിന്റെ മേല്ക്കൂരയിൽ വന്നു വീഴുന്ന
ഒരോ മഴത്തുള്ളിയും അട്ടഹസിച്ചു:
“പ്രതിരോധിക്കുക”.

സന്ധ്യാ സമയത്ത്:
എന്റെ കൂടെ ആരുമില്ല.
ആ മനുഷ്യന്റെ ശബ്ദം ആരും കേൾക്കുന്നില്ല,
ആരും അയാളെ കാണുന്നില്ല.

വാതിലുകളും മതിലുകളും അടച്ചു പൂട്ടുന്ന ഓരോ രാത്രിയിലും
ചോരയൊലിക്കുന്ന എന്റെ മുറിവിലൂടെയും
എന്റെ സെല്ലിലൂടെയും
അവൻ പുറത്തു വരുന്നു,

അവൻ എന്നെപ്പോലെയിരിക്കുന്നു
ഞാൻ തന്നെയായിരുന്നില്ലേ അവനും?

ചിലപ്പോൾ ഞാനവനെ കാണുമ്പോൾ അവൻ കുട്ടിയാണ്‌
മറ്റു ചിലപ്പോൾ ഇരുപതു വയസ്സുള്ള ചെറുപ്പക്കാരനും,

അവൻ എന്റെ ഒരേ ഒരു സാന്ത്വനം!
ഒരേ ഒരനുരാഗം!

ഓരോ രാത്രിയിലും ഞാനെഴുതുന്ന കുറിമാനവും അവനാകുന്നു.
ഈ വലിയ ലോകത്തിനും
എന്റെ ചെറിയ നാട്ടിനും വേണ്ടി
പുറത്തിറക്കിയ തപ്പാൽ മുദ്രയാകുന്നു അവൻ!

ഈ രാത്രിയിലും അവൻ
എന്റെ മുറിവിലൂടെ
ദു:ഖിതനും പീഢിതനുമായി
മിണ്ടാതെ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു
ശബ്ദമില്ലെങ്കിലും എന്തോ പറയുന്നതായി ഞാൻ കേട്ടു:
“കുറ്റസമ്മതം നടത്തിയാൽ...
എല്ലാം എഴുതിക്കൊടുത്താൽ...
പിന്നീടൊരിക്കലും നിനക്കെന്നെ
കാണാൻ കഴിയില്ല”.

Thursday, October 7, 2010

പെട്രോളും എന്റെ രക്തവും - അറബിക്കവിത.



(കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)

പെട്രോളും എന്റെ രക്തവും
(ഫാറൂഖ് ജുവൈദ - ഈജിപ്ത്)

ബാഗ്ദാദിന്റെ ദു:ഖിതരായ കുട്ടികൾ
ഇപ്പോൾ രോഷത്തിന്റെ കൊടിപ്പടമുയർത്തുന്നു,
കൊടും ക്രൂരന്മാരുടെ കൈകളാൽ
ഞങ്ങൾക്ക് ഞങ്ങളുടെ ബാഗ്ദാദ് നഷ്ടപ്പെടുന്നു,
പിടിച്ചു പറി നടക്കുമ്പോഴും
അറേബ്യൻ ദേശീയതയെവിടെ?
ശുഭ്ര ഖഢ്ഗങ്ങളെവിടെ?
നാശം വിതയ്ക്കുന്ന കുതിരകളെവിടെ?
പൈതൃകങ്ങളെവിടെ?
കുലമഹിമയെവിടെ?
ജനങ്ങളെവിടെ?
അറബികളുടെ വിദൂഷകരെവിടെ?

പീഡനങ്ങളുടെ ദേവാലയത്തിൽ
എല്ലാവരും മുബാഹല നടത്തുന്നു
എന്നിട്ടും അൽഭുതങ്ങളൊന്നും കാണുന്നില്ല
ചിലർ അപലപിക്കുന്നു,
ചിലർ നിന്ദ്യരായി ഓടിപ്പോകുന്നു,
മുഴുവൻ ഉദാര മനസ്കരുടെ മുമ്പിലും
വസ്ത്രങ്ങളെല്ലാം അഴിച്ചു കൊടുക്കുന്നവരും അവർക്കിടയിലുണ്ട്,

പിശാചിന്റെ പൂമുഖത്ത് ചെന്ന് ഞങ്ങൾ
ഡോളറിന്റെവേദ വാക്യംഉരുവിടുന്നു
യുദ്ധ മുതലും സ്വർണ്ണവും തേടി
ആളുകൾ കൂട്ടം കൂട്ടമായി ഓടുന്നു,
ചിലർ അപ്പോൾ ചോദിക്കുന്നു:
എവിടെ അറബികൾഎന്നു വിളിക്കപ്പെടുന്ന സമൂഹം?
ഒരിക്കൽ അവർ മധ്യ ധരണിയാഴി മുതൽ
പേർഷ്യൻ കടലിടുക്കു വരേ
പരന്നു കിടക്കുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്നു.
അവരുടെ ഒരടയാളങ്ങളും ഇന്നു ശേഷിച്ചിരിക്കുന്നില്ല.

എല്ലാ ദുരന്തങ്ങൾക്കും ഒരു കാരണമുണ്ടാകും
അറബികൾ അവരുടെ അശ്വങ്ങളെ വിറ്റു തുലച്ചു,
സംഭാഷണങ്ങളുടെ ചന്തയിൽ
അശ്വഭടന്മാർക്കും വില പറഞ്ഞു:
ചരിത്രം മരിച്ചു മണ്ണടിയട്ടെ
സംഭാഷണങ്ങൾ ജീവിക്കട്ടെ.

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ വിളിച്ചു പറയുന്നു:
മരണം ഞങ്ങളുടെയടുത്തേക്ക്
മൺകട്ടകളുടെ രൂപത്തിൽ വരുന്നു
പാർക്കിലും സംഗീത സദസ്സിലും
ഭോജന ശാലകളിലും പൊടിമണ്ണിലും
കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും മരണം വന്ന് പിടികൂടുന്നത്

ചരിത്രത്തിന്റെ പഥചലനങ്ങളിലെ
എല്ലാ ചുവരുകളും തകർന്നു പോയിരിക്കുന്നു

നാഗരികതകളുടെ കാലത്തെയോർത്ത് നമുക്ക് ലജ്ജിക്കാം.

ആയിരം കാതങ്ങളകലെ നിന്നും
വഴിയറിയാതെ പറന്നു വന്നെത്തിനോക്കുന്ന
തെമ്മാടി മിസൈൽ ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾ?’
കന്യകയുടെ പുഞ്ചിരിയെ കശാപ്പു ചെയ്താൽ
നേരം വെളുക്കുമോ?
യുദ്ധവിമാനങ്ങൾക്ക് സൂര്യനെ മറച്ചു വെക്കാനൊക്കുമോ?
ഞങ്ങളുടെ രക്തത്തിലെ കിനാവുകൾ
അത്മാഹൂതി നടത്തിയിരിക്കുകയാണ്‌.

എന്തവകാശത്തിന്റെ പേരിലാണ്‌
നിങ്ങൾ ഞങ്ങളുടെ വീടുകൾ പൊളിച്ചു കളയുന്നത്?
ഏതു നിയമത്തിന്റെ പിൻബലത്തിലാണ്‌
ആയിരം മിനാരങ്ങളെ തരിപ്പണമാക്കുന്നത്?
അഗ്നി വർഷം നടത്തുന്നത്?

ബഗ്ദാദിലെ ഞങ്ങളുടെ ദിനരാത്രങ്ങൾ
വിശപ്പിൽ നിന്നു വിശപ്പിലേക്ക്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക്
പതുക്കെ നടന്നു നീങ്ങുകയാണ്‌.

വലിയ ഭവനത്തിലെ നേതാവേ,
നിന്റെ കപടമായ മുഖത്ത്
വാടകക്കെടുത്ത ആയിരം പൊയ്മുഖങ്ങൾ
ഞങ്ങൾ കാണുന്നു
ഞങ്ങൾ കഥയിലെ തുടക്കക്കാർ
പിന്നെ തിരശ്ശീല ഉയരും
പോറാട്ടു നാടകം ഇവിടെ അവസാനിക്കില്ല.
ഒരു ജനത്തെ പട്ടിണിക്കിടുന്നത്
അഭിമാനത്തിന്റെയും ആഢ്യതയുടെയും ചിഹ്നമാണോ?
പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആളുകളെ
കുരുതിചെയ്യുന്നത് മുതിർന്നവരുടെ കോമഡിയാണോ?
നിരപരാധികളെ കൊല്ലുന്നത്
കീർത്തിയുടെയും ജയിച്ചടക്കലിന്റെയും അടയാളമാണോ?
ജനങ്ങളുടെ അവകാശങ്ങൾ എന്നു പറയുന്നത്
പകൽ കൊള്ളയും, അപമാനവും, ധ്വംസനവുമാണോ?

നമുക്കു ചുറ്റും മരണം പതിയിരിക്കുന്നു
കുട്ടികളെ വീട്ടിൽ നിന്നും അത്
ആട്ടിയിറക്കുന്നു
എന്നിട്ടു ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾഎന്ന്
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ
വിദ്യാലയത്തിൽ നിന്നു കളിക്കുന്നു,
ഒരു പന്ത് ഇവിടെ, ഒരു പന്ത് അവിടെ,
ഒരു കുട്ടി ഇവിടെ, ഒരു കുട്ടി അവിടെ,
ഒരു പെന്ന് ഇവിടെ, ഒരു പെന്ന് അവിടെ,
ഒരു ബോംബ് ഇവിടെ.... മരണം... നാശം!..

ചീളുകൾക്കിടയിൽ നിന്നും കുഞ്ഞു പൂവുകൾ കരയുന്നു,
ഇന്നലെ മാടപ്പിറാവുകളെപ്പോലെ
പറന്നു കളിച്ച കിടാങ്ങൾ
ഇന്ന് കളിക്കളത്തിൽ മരിച്ചു വീഴുന്നു.
* * *

ഒരു കൊച്ചു കുട്ടി...
വെളുത്ത ഒരു പുസ്തകവും നെഞ്ചോട് ചേർത്തു പിടിച്ചു നടന്നു വരുന്നു,
ഒരത്തറിന്റെ കുപ്പി,
ചില കവിതകളെഴുതിയ കടലാസുകൾ,
നാണയത്തുട്ടുകൾ നിറച്ച ഒരു ചെറിയ പെട്ടി,
-എല്ലാം പെരുന്നാളിന്റെ സമ്മാനങ്ങളാണ്‌-
കണ്ണുകളിൽ പറ്റിപ്പിടിച്ച,
പിന്നെ ഉണങ്ങിപ്പോയ കണ്ണീരുകൾ
ഒരിക്കലും തിരിച്ചു വരാതെ
ദൂരേക്കു പോയ പിതാവിന്റെ ഒരു ചിത്രം എന്നിവ,
ആഴങ്ങളിലെ വെളിച്ചം പോലെ
അവനെ പിന്തുടർന്നു,
അവൻ മണ്ണിനെ ആലിംഗനം ചെയ്തു കിടന്ന്
തല ഉയർത്തി നോക്കി,
മൂക്കിലൂടെ നിർത്താതെ ഒലിക്കുന്ന രക്തം ഒരു നാരു പോലെ കാണപ്പെട്ടു.
ഉൺമയുടെ മുഴുവൻ അടയാളങ്ങളെയും മറച്ചു പിടിച്ച്
നേർത്ത സ്വരത്തിൽ അവർ അട്ടഹസിച്ചു: ‘വിട..’
കടുത്ത ദുഖത്താൽ അവൻ മുരണ്ടു:
ബാഗ്ദാദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു,
എന്റെ വായിലുള്ളത് നിന്റെ മണ്ണിലെ കാരക്കയാണ്‌,
ആരാണു പറഞ്ഞത്എന്റെ രക്തത്തേക്കാൾ വിലയുള്ളതാണ്‌
പെട്രോളെന്ന്?’

ബഗ്ദാദ്, നീ വേദനിക്കരുത്
അന്ധകാരത്തിന്റെ യുഗത്തിൽ
അപവാദങ്ങൾ എത്ര ഉച്ചത്തിൽ
അട്ടഹസിച്ചാലും
നീ അറിയണം
ചക്രവാളത്തിൽ നിന്നു കുളമ്പടി കേൾക്കുന്നുണ്ട്,
പുലരി പൊട്ടി വിടരാനിരിക്കുന്നു,
നിന്റെ കണ്ണിൽ നിന്നും സ്വപ്നങ്ങളെ എത്ര മറച്ചു പിടിച്ചാലും
ആകാശത്തു വെച്ച് സ്വപ്നവ്യൂഹങ്ങൾ
എന്റെ നക്ഷത്രത്തെ പ്രാപിക്കുക തന്നെ ചെയ്യും,
അതു കൊണ്ട് നീ എഴുന്നേൽക്കൂ..
സ്വപ്നം കാണൂ..

എന്റെ എല്ലുകൾ ടൈഗ്രീസ് നദിയിൽ വിതറട്ടെ
എന്റെ ആത്മാവിന്റെ ഭ്രമണ പഥത്തിലൂടെ
പുലരികൾ വന്നെത്തുക തന്നെ ചെയ്യും.

അല്ലാഹുവാണു വലിയവൻ!!,

മരണത്തിന്റെ വിഭ്രാന്തിയേക്കാളും
ക്രൂരവും വൃത്തിക്കെട്ടതുമായ കാലത്തേക്കാളും
വലിയവൻ അവനാകുന്നു.

ബാഗ്ദാദ് നീ കീഴടങ്ങരുത്
ബാഗ്ദാദ് നീ കീഴടങ്ങരുത്

ആരാണു പറഞ്ഞത്
എന്റെ രക്തത്തേക്കാൽ വിലപിടിച്ചതാണ്‌
പെട്രോളെന്ന്.

Saturday, October 2, 2010

എന്റെ രക്തത്തേക്കാൾ .....(അറബിക്കവിത)


എന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണോ ഈ പെട്രോൾ?
ഫാറൂഖ് ജുവൈദ (ഈജിപ്ത്)
(ഇറാഖിലെ കുട്ടികൾക്കായി സമർപ്പിക്കുന്നു)

ചിത്തഭ്രമം നമ്മെ ഭരിക്കുന്ന കാലത്തോളം
വേട്ട നായ്ക്കൾ
വയറിനുള്ളിലെ ഭ്രൂണങ്ങൾക്കു വേണ്ടി കടിപിടി കൂടുന്നതും
വയലുകളിൽ കുഴിബോംബു വിതയ്ക്കുന്നതും
പുലരി വെട്ടം കണ്ണുകളിൽ അഗ്നിയായി പടരുന്നതും
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം
കുഞ്ഞുങ്ങളെ പരസ്യമായി
കഴുമരത്തിൽ ക്രൂശിക്കുന്നതും
നമുക്ക് കാണാം.

ചിത്തഭ്രമം നമ്മെ ഭരിക്കുമ്പോഴെല്ലാം
വൃക്ഷ ശിഖരങ്ങളിൽ
ഒരു വെളുത്ത പൂവും വിരിയില്ല,
സ്നേഹാർദ്രമായ മാറിൽ
പറ്റിപ്പിടിച്ചുറങ്ങുന്ന
ഒരു കുഞ്ഞിന്റെയും കണ്ണിൽ
സന്തോഷം വിടരില്ല,
ഒരു മതവും, ഒരു വിശ്വാസവും
ഒരു സത്യവും ഒരഭിമാനവും
സംരക്ഷിക്കപ്പെടില്ല,
ജനങ്ങളുടെ കഴിവുകളെല്ലാം അവമതിക്കപ്പെടും
എല്ലാം നിന്ദിക്കപ്പെടുകയും ചെയ്യും.
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ ചോദിക്കുകയാണ്‌:
‘എന്തു കുറ്റത്തിനാണ്‌ ഞങ്ങൾ കൊല്ലപ്പെടുന്നത്?’ എന്ന്.

വിശപ്പിന്റെ ചീളുകളിലൂടെ
അവർ ആടിയാടി നടക്കുന്നു,
മൃത്യുവിന്റെ അപ്പം വീതിച്ചെടുക്കുന്നു,
പിന്നെ എന്നെന്നേക്കുമായി യാത്രയാവുന്നു,

നമ്മുടെ നാട്ടിന്റെ മഞ്ഞു പാളികളിൽ
റെഡ് ഇന്ത്യക്കാരുടെ പ്രേതങ്ങൾ
പ്രത്യക്ഷപ്പെടുന്നു,
നമ്മിലെ കൊതിയന്മാർ ആർത്തട്ടഹസിക്കുന്നു,
എല്ലാ ഭാഗത്തു നിന്നും അവർ പ്രത്യക്ഷപ്പെടുന്നു,
എല്ലാ വർഗ്ഗത്തിൽ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്നു,

നമ്മുടെ നിരത്തുകൾക്കെല്ലാം ഇപ്പോൾ
രക്ത വർണ്ണമാണ്‌,
നമ്മുടെ വിദൂഷകന്മാർ മനസ്സാക്ഷിക്കുത്തിന്റെ
സോമരസത്തിൽ മുങ്ങിക്കിടക്കുകയാണ്‌,

ജന ഹൃദയങ്ങൾക്ക് പിശാചുകളുടെ രൂപം!,
അവരുടെ സ്വപ്നങ്ങൾ
അപമാനത്തിന്റെയും അസ്പഷ്ടതയുടെയുമിടയിൽ
അപ്രാപ്യമായ മരീചിക!,

ഈ വേട്ട നായ്ക്കൾ
നമ്മുടെ തലയ്ക്കു മുകളിൽ വന്ന് ഓരിയിടുന്നു,
നമ്മൾ സർവ്വ നാശത്തിലേക്ക് കൂപ്പു കുത്തുന്നു,
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ
തെരുവുകളിൽ നിന്നട്ടഹസിക്കുന്നു,
താത്താരികളുടെ സൈന്യം
നഗര കവാടങ്ങളിൽ
മഹാ മാരി കണക്കെ വന്നു മുട്ടുന്നു,
പ്ലേഗ് പടർന്നു പിടിക്കുന്നു,
‘ഹോളോക്കോ’യുടെ പൗത്രന്മാർ
കുഞ്ഞുങ്ങളുടെ മൃതശരീരത്തിനു മുകളിൽ നിന്ന് ഗർജ്ജിക്കുന്നു,
റെഡ് ഇന്ത്യൻസിന്റെ ജഢങ്ങൾ
സിനഗോഗുകളുടെ സ്തൂപങ്ങളിൽ
തൂങ്ങിക്കിടക്കുന്നു,
നിലം തിളച്ചു മറിയുന്നു,
ജനങ്ങളുടെ രോദനം
നിശബ്ദതയെ ഭജ്ഞിക്കുന്നു,
കഴുകന്മാരുടെ ചിറകുകളിൽ
ചോരപ്പുഴയൊഴുകുന്നു,
കറുത്ത നഖങ്ങൾ കണ്ണുകളിൽ തുളച്ചു കയറുന്നു,

യൂപ്രട്ടീസ് നദി
നൂറ്റാണ്ടുകൾക്കപ്പുറത്തെ
ആ നീണ്ട ഭൂത കാലത്തെക്കുറിച്ച് ഓർക്കുന്നു:
‘പരശ്ശതം ഭടന്മാർ ഇതു വഴി വന്ന്
മുറിച്ചു കടന്ന് പോയിരുന്നു,
എവിടേക്കാണവരൊക്കെ പോയതെന്ന് ആർക്കുമറിയില്ല.

ഇതു നമ്മുടെ നഗരം!.
എത്ര അക്രമികൾ വന്നു?
എല്ലാവരും പോയ്മറഞ്ഞപ്പോഴും
നമ്മൾ ഇവിടെ ഉറച്ചു തന്നെ നിന്നു.

‘ഹോളോക്കൊസ്’ മൃത്യു വരിക്കും,
ഇറാഖിന്റെ കുഞ്ഞുങ്ങൾ മടങ്ങി വന്ന്
ടൈഗ്രീസിന്റെ മുമ്പിൽ വച്ച് നൃത്തം ചെയ്യും,

ഇറാഖിന്റെ തോട്ടങ്ങളിലും
പുഴകളിലും ഈത്തപ്പനയിലും
ഓരോ ചാൺ മൺതരിയിലും
ഞങ്ങൾക്കു കഴുമരമൊരുക്കാൻ
ഞങ്ങൾ റെഡ് ഇന്ത്യക്കാരല്ലെന്നറിയണം.
വേണമെന്നുണ്ടെങ്കിൽ ഞങ്ങളവയെയെല്ലാം
വേടിയുണ്ടകളാക്കി മാറ്റും
എന്നിട്ട് ഭൂമിക്കു മുകളിൽ കൊടികുത്തി വാഴുന്ന
അധാർമ്മികതക്കെതിരെ
കരയിലും കടലിലും
ബങ്കറുകളുടെ നിശബ്ദതയിലും വെച്ച് പൊരുതും.

വെറുക്കുന്ന മൃത്യുവിനെ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ആളിപ്പടർത്താൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ..
അങ്ങിനെ ഈ സമൂഹത്തെ എല്ലാ കാലത്തെയും
മികച്ച സമൂഹമാക്കി ഞങ്ങൾ മാറ്റും.
(തുടരും)