Wednesday, November 10, 2010

സമവായത്തിനു വഴങ്ങരുത് (അറബിക്കവിത)


(അറേബ്യന്‍ കുതിര - ഖാലിദ് ജബ്ബാറിന്റെ വര)

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:


സമവായത്തിനു വഴങ്ങരുത്
അമൽ ദൻഖൽ (ഈജിപ്ത്‌)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത്

ഞാൻ നിന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുത്ത്
അതിന്റെ സ്ഥാനത്ത് രണ്ടു രത്നങ്ങൾ വച്ചു തന്നാൽ
നിനക്ക് കാണാൻ കഴിയുമോ?

പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതാണോ അതൊക്കെ?

നീയും നിന്റെ സഹോദരനും,
നിങ്ങളുടെ ബാല്യകാല സ്മരണകളും…

പൗരുഷത്തിലേക്കുള്ള നിന്റെ
ധൃത വികാരങ്ങൾ,
അവനെ ആലിംഗനം ചെയ്യുമ്പോഴുള്ള
അടിച്ചമർത്തപ്പെട്ട സ്നേഹത്തിന്റെ നാണം,
മാതാവ് വഴക്കു പറയുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടുള്ള മൌനം...

നിങ്ങളിപ്പോഴും ബാലന്മാരെപ്പോലെയിരിക്കുന്നു.

നിങ്ങൾക്കിടയിലെ ആ അനശ്വര ശാന്തത പറയുന്നു:
ആ രണ്ടു വാളുകളും നിന്റേതു തന്നെ,
ആ രണ്ടു ശബ്ദങ്ങളും നിന്റേതു മാത്രം.

നീ മരണപ്പെട്ടാലും
വീട്ടിനൊരു നാഥനും
കുട്ടിക്കൊരു പിതാവും ഉണ്ടായിരിക്കും.

എന്റെ രക്തം നിന്റെ കണ്ണീരായി മാറുന്നില്ലേ?

ചോര പുരണ്ട എന്റെ വസ്ത്രം നീ എടുക്കാൻ മറന്നോ?
അലങ്കരിച്ച ഒരു വസ്ത്രമെടുത്ത്
ചോരയിൽ കുളിച്ച എന്റെ ശരീരത്തിൽ മൂടുക.
ഇതാകുന്നു യുദ്ധം.
ചിലപ്പോൽ നിന്റെ മനസ്സിനെ അതു മഥിച്ചേക്കാം..
എന്നാലും അറബികളുടെ അപമാനം
പിന്നിലുണ്ടാകുമെന്ന് നീ മറക്കരുത്.

അതു കൊണ്ട് സമവായത്തിൽ ഏർപ്പെടരുത്
ഓടിയൊളിക്കുകയും ചെയ്യരുത്

(2)
നീ ഒരിക്കലും വഴങ്ങരുത്;
ചോരയ്ക്കു സമവായം ചോര മാത്രം.
തലയ്ക്കു തല എന്നു സമ്മതിച്ചാലും വിട്ടു കൊടുക്കരുത്
എല്ലാ തലയും ഒരു പോലെയാണോ?.

അന്യന്റെ ഹൃദയവും
നിന്റെ സഹോദരന്റെ ഹൃദയവും ഒന്നാണോ?
അവന്റെ കണ്ണുകൾ നിന്റെ സഹോദരന്റെ കണ്ണുകളാണോ?

നിന്റെ വാളു കൈവശം വെച്ചവനും
നിന്റെ വാൾ അപഹരിച്ചവനും തുല്യരാണോ?

അവർ പറയും:
ഞങ്ങൾ വന്നത് രക്തം സംരക്ഷിക്കാനാണെന്ന്,
അവർ വന്നു വിളിക്കും
ഓ, മഹാ രാജാവേ എന്ന്,

അവർ സമർത്ഥിക്കും:
‘ഞങ്ങൾ സഹോദര പുത്രരല്ലോ!’
അവരോടു പറഞ്ഞേക്കൂ
‘കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നിങ്ങൾ
ആ കുടുംബ ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ലല്ലോ!’ എന്ന്

അതിനാൽ
മരുഭൂമിയുടെ നെറ്റിത്തടത്തിൽ
നിന്റെ വാൾ ആഴ്ന്നിറങ്ങട്ടെ;
അപ്പോൾ ഒരശരീരി ഇങ്ങനെ പറയും
‘ഞാൻ നിന്റെ നിന്റെ അശ്വ ഭടനായിരുന്നു,
നിന്റെ സഹോദരൻ,
നിന്റെ പിതാവ്,
നിന്റെ രാജാവും‘.

(3)

മനസ്സാക്ഷിയുടെ നിലവിളി
നിന്റെ ഉറക്കം കെടുത്തിയാലും
നീ സമവായത്തിനു വഴങ്ങരുത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും
പുഞ്ചിരികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും
നിന്റെ മനസ്സിനെ അലിയിക്കുന്നുണ്ടെങ്കിൽ നീ അറിയണം,
നിന്റെ സഹോദര പുത്രി ‘യമാമ’
വിലാപ വസ്ത്രം എടുത്തു ചുറ്റിയ പുഷ്പമാകുന്നു എന്ന്.

ഞാൻ തിരിച്ചു വരുമ്പോൾ
അവൾ കൊട്ടാരത്തിന്റെ ചവിട്ടു പടികളിലൂടെ
ഇറങ്ങി ഓടി വരാറുണ്ടായിരുന്നു.

ഞാനിറങ്ങുമ്പോൾ അവളെന്റെ കാലിൽ പിടിക്കാറുണ്ടായിരുന്നു,
പാൽപുഞ്ചിരി തൂകുന്ന അവളെ
എടുത്ത് ഞാൻ കുതിരപ്പുറത്തിരിത്താറുണ്ടായിരുന്നു,

ഇന്നവൾ മൌന വ്രതത്തിലാണ്‌.

സ്വന്തം പിതാവിന്റെ ശബ്ദം കേൾക്കുക
പുതിയ വസ്ത്രങ്ങളണിയുക,
ഒരു സഹോദരനുണ്ടാവുക,
കല്യാണ നാളിൽ നിറഞ്ഞ പുഞ്ചിരിയോടെ
പിതാവ് സന്നിഹിതനാവുക,
ഭർത്താവുമായി പിണങ്ങുമ്പോൾ
തിരിച്ചു സ്വന്തം വീട്ടിലേക്കു തന്നെ വരിക,
പിതാവിനെ സന്ദർശിക്കാൻ വരുന്ന
പേരക്കിടാങ്ങളെ അണച്ചു കൂട്ടാൻ ധൃതി കാണിക്കുക,
അവർക്ക് സമ്മാനങ്ങൾ കൊടുക്കുക,
കുട്ടികൾ മുത്തച്ഛന്റെ താടി പിടിച്ചു കളിക്കുക,
അയാളുടെ തലപ്പാവ് അഴിച്ചെടുത്ത് കെട്ടിക്കൊടുക്കുക...
എന്നിവയിൽ നിന്നെല്ലാം
ഒറ്റുകാരന്റെ കൈ അവളെ തടഞ്ഞു വെച്ചിരിക്കുന്നു.

അതു കൊണ്ടെല്ലാം നീ
സമവായത്തിനു വഴങ്ങരുത്,

പുല്ക്കൂടുകൾ കത്തിക്കരിഞ്ഞ്,
ചാരത്തിനു മുകളിൽ ചമ്രം പടിഞ്ഞിരിക്കാൻ
എന്താണ്‌ ‘യമാമ’ എന്ന പെൺകൊച്ച് ചെയ്ത തെറ്റ്?

4
അധികാരത്തിന്റെ കിരീടം
നിന്റെ തലയിൽ വെച്ചു തന്നാലും
നീ സമവായത്തിനു കൂട്ടു നില്ക്കരുത്,
നിന്റെ സഹോദരന്റെ ജഢത്തിനു മുകളിൽ ചവിട്ടി
നിനക്കെങ്ങനെ മുന്നോട്ടു പോകാൻ കഴിയും?
കപടമായ മുഖങ്ങൾക്കു മുമ്പിൽ
നീ എങ്ങനെ രാജാവായി വാഴും?

നിനക്കു ഹസ്തദാനം തരുന്ന കൈകളെ നീ നോക്കുന്നില്ലേ?
അതിൽ നീ രക്തം കാണുന്നില്ലേ?

എന്റെ പിൻഭാഗത്തു കൂടെ വന്ന അമ്പ്
ആയിരം ഭാഗങ്ങളിലൂടെ നിന്നെ സമീപിക്കും
അതിനാൽ രക്തം ഇപ്പോൾ
അന്തസിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.

അധികാരത്തിന്റെ തൊപ്പി അണിയിച്ചാലും
നീ വഴങ്ങരുത്.

വാളിന്റെ വായ്ത്തലകളെ
പ്രതാപം കൊണ്ട് മിനുക്കിയിട്ടില്ലെങ്കിൽ
നിന്റെ സിംഹാസനം ഖഡ്ഗമാകുന്നു,
നിന്റെ ഖഡ്ഗമോ കപടവും.

5

ഏറ്റുമുട്ടുന്നതിനിടയിൽ അടിപതടുന്നവൻ
‘വാളുകളെ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെന്ന്’
നിലവിളിച്ചാലും
നീ സമവായത്തിനു വഴങ്ങരുത്.

നിന്റെ ഹൃദയത്തിൽ സത്യം വന്നു നിറഞ്ഞാൽ
നിശ്വാസങ്ങളിൽ തീ പടരും
രാജ്യദ്രോഹത്തിന്റെ നാവുകൾ ഊമയാകും.

സമാധാനത്തെക്കുറിച്ച്
വാതോരാതെ പറഞ്ഞാലും
നീ സമവായത്തിനു വഴങ്ങരുത്.

വായു മലിനമായാൽ
നിന്റെ ഹൃദയ ധമനികൾ തുടിക്കുന്നതെങ്ങനെയാണ്‌?

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ
എങ്ങനെയാണ്‌ നിനക്കവളുടെ മുഖത്തേക്കു നോക്കാൻ കഴിയുക?

നിനക്കെങ്ങനെ അനുരാഗത്തിൽ
അവളുടെ അശ്വാരൂഢനാവാൻ സാധിക്കും?

ഉറങ്ങുന്ന കിടാവെങ്ങിനെ
നല്ല പുലരിയെ പ്രതീക്ഷിക്കും?

ആ കുഞ്ഞ് നിന്റെ മുമ്പിൽ
തകർന്ന ഹൃദയവുമായി വളരുമ്പോൾ
നിങ്ങക്കെങ്ങിനെ
അവന്റെ ഭാവിക്കു വേണ്ടി സ്വപ്നം കാണാനും
പാട്ടു പാടാനും കഴിയും?

അതു കൊണ്ട് സമവായം വേണ്ടേ വേണ്ട.

നിന്റെ കൊലയാളികളുടെ കൂടെ നീ ഭക്ഷണം കഴിക്കരുത്,
രക്തം കൊണ്ട് നിന്റെ ഹൃദയത്തിന്റെ ദാഹം തീർക്കുക,
വിശുദ്ധമായ മണ്ണിന്റെ ദാഹം തീർക്കുക,
ഉയർത്തെഴുന്നേല്പ്പിന്റെ നാളു വരേ
ഉറങ്ങിക്കിടക്കുന്ന നിന്റെ പൂർവ്വികരുടെ
ദാഹവും തീർത്തു കൊടുക്കുക.

6

സമവായത്തിനു വഴങ്ങരുത്,
ഗോത്രങ്ങൾ തന്ത്രങ്ങൾ മെനയാനും
നിന്നെ സമീപിക്കുന്നവർക്കു മുമ്പിൽ സന്നദ്ധത പ്രകടിപ്പിക്കാനും
‘പരിപാവനമായ ദു:ഖ’ത്തിന്റെ പേരിൽ
നിന്നോടു കെഞ്ചിയാലും
വഴങ്ങരുത്.

അവർ പറയും:
‘താങ്കൾ സുദീർഘമായ ഒരു പ്രതികാരം തേടുന്നു,
അതിനാൽ താങ്കൾക്കു കഴിയുന്നത് സ്വീകരിച്ചാലും
അതായത് – ഇക്കഴിഞ്ഞ വർഷങ്ങൾക്കായി
നാമ മാത്രമായ അവകാശം’.

ഓർക്കുക, ഇതു നിന്റെ മാത്രം പ്രതികാരമല്ല;
ഇത് നാളെ വരാൻ പോകുന്ന തലമുറയുടെയും കൂടി
പ്രതികാരമാകുന്നു.

മുഴുനീളൻ പടയങ്കിയണിഞ്ഞ ഒരുത്തൻ
നാളെ പിറന്നേക്കാം
അവൻ മൊത്തവും തീ കൊളുത്തി
പ്രതികാരം വീട്ടിയേക്കാം
അപ്പോൾ അസാധ്യമാണെന്നു കരുതിയ
വാരിയെല്ലുകൾക്കിടയിൽ നിന്നും
സത്യം ജന്മം കൊണ്ടേക്കാം...

വഴങ്ങരുത്,
അതൊരുപായമാണെന്നവർ പറഞ്ഞാലും.
അത് പകരം വീട്ടലാകുന്നു.
ഋതു ഭേതങ്ങൾ മാറി വരുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ നിന്നും
അതിന്റെ അടയാളങ്ങൾ മാഞ്ഞു പോകും.
എന്നാൽ അപ്പോഴും
നിന്ദ്യതയുടെ കപോലങ്ങളിൽ
അഞ്ചു വിരലും പതിഞ്ഞ കൈയ്യടയാളം
എന്നെത്തേക്കുമായി അവശേഷിക്കും.

7.

നക്ഷത്രങ്ങൾ നിന്നെ ഭീഷണിപ്പെടുത്തിയാലും
ജ്യോത്സ്യന്മാർ പ്രവചനങ്ങൾ പുറപ്പെടുവിച്ചാലും
നീ വിഴങ്ങരുത്.
സത്യാസത്യ വിവേചനങ്ങൾക്കിടെയാണ് ഞാൻ മരിച്ചതെങ്കിൽ
ഞാൻ പൊറുത്തു കൊടുക്കുമായിരുന്നു.

ഞാൻ അവരോട് യുദ്ധം ചെയ്യാൻ പോയിരുന്നില്ല,
അവരുടെ പാളയത്തിലേക്ക് നുഴഞ്ഞു കയറിയിരുന്നില്ല,
അവരുടെ അതിരുകൾക്കരികെ ചുറ്റി നടന്നിരുന്നില്ല,
അവരുടെ മുന്തിരിപ്പടർപ്പിലേക്ക് കൈ നീട്ടിയിരുന്നില്ല,
അവരുടെ തോട്ടത്തിൽ കാലു കുത്തുക പോലും ചെയ്തിട്ടില്ല.

എന്റെ കൊലയാളി എന്നോട് ‘ശ്രദ്ധിക്കൂ’
എന്നൊരു വാക്കു പോലും പറഞ്ഞിരുന്നില്ല.
അവൻ എന്റെ കൂടെ നടന്നു,
എനിക്കു ഹസ്ത ദാനം തന്നു,
പിന്നെ കുറച്ചു ദൂരം നടന്നു,
ശേഷം കുറ്റിക്കാട്ടിൽ മറഞ്ഞു....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു,
ഒരു തരിപ്പ് എന്റെ ഉദരത്തിലൂടെ തുളച്ചു കയറുകയും
ഒരു കുമിള പോലെ എന്റെ ഹൃദയം തകരുകയും ചെയ്തു.
ഞാൻ രണ്ടു കൈയിൽ താങ്ങിപ്പിടിച്ചെഴുന്നേറ്റ്
തലയുയർത്തി നോക്കിയപ്പോൾ -
ശപിക്കപ്പെട്ട മുഖവുമായി
അതാ നിൽക്കുന്നു എന്റെ പിതൃ സഹോദര പുത്രൻ!.

എന്റെ കയ്യിൽ കുന്തമോ
പഴയ പടക്കോപ്പോ ഉണ്ടായിരുന്നില്ല.
കുടിനീരിനു വേണ്ടി ദാഹിക്കുന്ന
ക്രോധം മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ..

8.

സമവായത്തിനു വഴങ്ങരുത്,
പ്രപഞ്ചം അതിന്റെ ഭ്രമണപഥത്തിലേക്കു മടങ്ങും വരേ
താരകങ്ങൾ വന്ന വഴിയേ പോകും വരേ,
പറവകൾക്ക് തങ്ങളുടെ ശബ്ദം തിരിച്ചു കിട്ടും വരേ,
ധാന്യങ്ങൾക്കു മണ്ണ് ലഭിക്കും വരേ,
തുറിച്ചു നോക്കുന്ന കുഞ്ഞിന്
കൊലചെയ്യപ്പെട്ടവനെ മടക്കിക്കൊടുക്കും വരേ,
നീ സമവായത്തിനു വഴങ്ങരുത്.
എല്ലാം ഒരു നിമിഷം കൊണ്ടാണു തകർന്നു തരിപ്പണമായത്
ബാല്യം – കുടുംബത്തിന്റെ സന്തോഷം – കുതിരയുടെ കുളമ്പടികൾ –
ആതിഥ്യം – പൂന്തോട്ടത്തിൽ ഒരു പൂവു വിരിയുമ്പോഴുള്ള മർമ്മരം –
മഴപെയ്യിക്കുന്ന പ്രാർത്ഥന -
കഠിനമായ പോരാട്ടത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും
മൃത്യുവിന്റെ കഴുകനു മുമ്പിൽ ഒഴിഞ്ഞു മാറുന്ന ഹൃദയം....
നിന്ദ്യമായൊരു വീഴ്ചയിൽ എല്ലാം തകർന്നു തരിപ്പണമായി.

സ്വന്തം തീരുമാനത്താൽ എന്നെ വധിക്കാൻ
എന്റെ ഘാതകൻ എന്റെ ദൈവമൊന്നുമല്ല.
സ്വന്തം കത്തിയൂരി കൊല്ലാൻ
അവൻ എന്നെക്കാൾ കുലീനനുമല്ല.
കപടമായ തന്ത്രങ്ങളാൽ എന്നെ വക വരുത്താൻ
അവൻ എന്നെക്കാൾ സമർത്ഥനുമല്ല.

വഴങ്ങിക്കൊടുക്കരുത്,
സമവായം എന്നാൽ
തുല്യശക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാകുന്നു.
കുലീന മാനസർ അതു ലംഘിക്കാറുമില്ല.

എന്നെ വധിച്ചവൻ വെറും ഒരു തസ്കരനാകുന്നു,
എന്റെ കണ്മുമ്പിൽ വെച്ച് എന്റെ നിലം അവൻ കട്ടെടുത്തു,
അപഹാസ്യമായ ഒരു ചിരി മൌനത്തെ തകർത്തു കളഞ്ഞു.

9.

സമവായത്തിനു വഴങ്ങരുത്,
എല്ലാ നേതാക്കന്മാരുടേയും
തെമ്മാടികളായ ചെറുപ്പക്കാരുടെയും വാളുകൾ
നിനക്കെതിരിൽ നിലയുറപ്പിച്ചാലും നീ വഴങ്ങരുത്;
അവർ നനഞ്ഞ റൊട്ടിയും
വലം വെക്കുന്ന ഭൃത്യന്മാരെയും
ഇഷ്ടപ്പെടുന്നവരാണ്.
അവർ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്നവരാണ്.
അവരുടെ അറേബ്യൻ ഖഡ്ഗങ്ങൾ
എല്ലാ ‘ക്ഷത്രിയ മര്യാദകളും‘ മറന്നു പോയിരിക്കുന്നു.
അവരുമായി സമവായം വേണ്ട.

ഇനിയെല്ലാം നിന്റെ തീരുമാനം.
നീ യുഗത്തിന്റെ ഒരേയൊരശ്വ ഭടൻ!
മറ്റുള്ളവരെല്ലാം കപടന്മാരും.

10.
സമവായത്തിനു വഴങ്ങരുത്...
സമവായത്തിനു വഴങ്ങരുത്...

No comments :

Post a Comment