Sunday, November 7, 2010
ലാ തുസാലിഹ് - പത്തു കല്പ്പനകൾ (അറബിക്കവിത)
“ലാ തുസാലിഹ്”
കുലൈബ് വധം അതായത് പത്തു കല്പ്പനകൾ!
അമൽ ദൻഖൽ (ഈജിപ്ത്) (1940-1983)
മക്കയിൽ പ്രവാചകൻ ആഗതമാകുന്നതിന്റെ ഏകദേശം നൂറു വർഷം മുമ്പ് നടന്ന ഒരു ഗോത്ര യുദ്ധമാണ് ‘അൽ ബസൂസ് യുദ്ധം’. ബസൂസ് എന്ന സ്ത്രീയുടെ ഒട്ടകത്തെ കൊന്ന കാരണത്താൽ ബകർ, തഅലബ് എന്നീ ഗോത്രങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം നാല്പ്പതു വർഷത്തോളം നീണ്ടു നിന്നു.
തഅലബ് ഗോത്രത്തിലെ നേതാവ് കുലൈബിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ജുലൈലയുടെയും ഇടയിൽ ഒരു തർക്കമുണ്ടായി.
ഒരിക്കൽ അവർ തന്റെ സഹോദരൻ ജസാസിനെക്കുറിച്ച് അമിതമായി പ്രശംസിച്ചു. അത് കുലൈബിന് പിടിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ജസാസിന്റെ സഹോദരിയുടെ മകൾ ബസൂസ് ജസാസിന്റെ ഒട്ടകവുമായി അവിടേക്കു വന്നു. സമ്മതമില്ലാതെ തന്റെ സ്ഥലത്ത് ബസൂസ് ജസാസിന്റെ ഒട്ടകത്തെ മേയ്ക്കുന്നതു കണ്ടപ്പോൾ കുലൈബിനത് ഇഷ്ടപ്പെട്ടില്ല. കുലൈബ് ഇതാരുടെ ഒട്ടകമാണെന്നു ചോദിച്ചപ്പോൾ ഇതു ജസാസിന്റേതാണെന്ന് മറുപടി പറഞ്ഞു. ഉടനെ കുലൈബ് വില്ലെടുത്ത് ഒട്ടകത്തിന്റെ അകിടു ലക്ഷ്യമാക്കി അമ്പെയ്തു. ചോര വാർന്നൊഴുകുന്ന ഒട്ടകം ഓടി വന്ന് ബസൂസിന്റെ മുമ്പിൽ മുട്ടു കുത്തി. ബസൂസ് നിലവിളിച്ചു കൊണ്ടലറി. ഇതറിഞ്ഞ ഒട്ടകത്തിന്റെ ഉടമ ജസാസ് വന്ന് അമ്പെയ്ത കുലൈബിനെ കൊന്നു. ഉടനെ കുലൈബിന്റെ സഹോദരൻ മുഹൽഹിൽ(സെയിർ സാലിം) പ്രതികാരം ചെയ്യുമെന്നു പറഞ്ഞ് രംഗത്തെത്തി. അതോടം യുദ്ധം തുടങ്ങി.
ബസൂസ് യുദ്ധവും അതിലെ കഥാ പാത്രങ്ങളും പിന്നീടു വന്ന കവികളെയും സാഹിത്യകാരന്മാരെയും വല്ലാതെ സ്വാധീനിച്ചു. കുലൈബും അദ്ദേഹത്തിന്റെ മരണ ശേഷം ദു:ഖം കടിച്ചമർത്തി അലഞ്ഞു നടന്ന ജുലൈലയും മകൾ യമാമയും സഹോദരനും കവിയുമായ മുഹൽഹിലും മറ്റും പിന്നീട് അറേബ്യൻ സാഹിത്യത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്ത പ്രതീകങ്ങളായി മാറി.
വീണു കിടക്കുന്ന കുലൈബ് മരിക്കുന്നതിനു മുമ്പേ സ്വന്തം ചോര കുണ്ട് മണ്ണിൽ എഴുതിയ വാക്കാണത്രെ ‘ലാ തുസാലിഹ്‘ (സമവായത്തിനു വഴങ്ങരുത്) എന്ന്.
ഇതേ പദം ഈജിപ്ത്യൻ കവി അമൽ ദൻഖൽ കുലൈബ് വധം - പത്തു കല്പ്പനകൾ എന്ന തന്റെ കവിതയിൽ ഇരുപത് പ്രാവശ്യം ആവർത്തിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഈ കവിതയ്ക്ക് ‘ലാ തുസാലിഹ്’ എന്നും പേരുണ്ട്.
അവസാന നിമിഷങ്ങളിൽ കുലൈബും സഹോദരൻ മുഹൽഹിലിന് (സാലിം അൽ സൈർ) പത്തു കല്പ്പനകൾ വസിയ്യത്തായി നല്കുന്നുണ്ട്. ഉപദേശങ്ങൾ ഇവയിലെല്ലാം വ്യത്യസ്തമാണെങ്കിലും ഈ പത്തു കല്പ്പനകളുടെ ചുവടു പിടിച്ചാണ് അമൽ ദങ്കൽ 1976 നവംബറിൽ തന്റെ കവിത എഴുതുന്നത്. ചില നിരൂപകന്മാർ ബൈബിളിലെ പത്തു കല്പ്പനകളോടും ഈ പേരിനെ സമരസപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ കവിതയുടെ സന്ദേശത്തിൽ ഒരസിഹ്ഷ്ണുതയുണ്ടെങ്കിലും എഴുപതുകളുടെ അറേബ്യൻ സാഹചര്യത്തിൽ നിന്നു നോക്കുമ്പോൾ അതൊരു വിപ്ളവത്തിന്റെ കാഹളമായിരുന്നു. 1973-ലെ ഒക്ടോബർ സംഘർഷങ്ങൾക്കു ശേഷം ഉണ്ടായ ഉടമ്പടിയിൽ ഈജിപ്തും അറബു രാഷ്ട്രങ്ങളും പാശ്ചാത്യൻ താല്പ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന സാഹചര്യത്തിലുണ്ടായ അറബികളുടെ ആത്മ രോഷമാണ് അമൽ ദൻഖൽ തന്റെ കവിതയിലൂടെ പ്രകടിപ്പിക്കുന്നത്. 1976-ലെ കേമ്പ് ഡേവിഡ് ഉടമ്പടിയുടെ മുമ്പും ശേഷവും ഈ കവിത അറബ് ലോകത്ത് വലിയ ചലനങ്ങളുണ്ടാക്കി.
ഈ കവിതയെഴുതിയ കാരണത്താൽ അന്നത്തെ ഈജിപ്ത്യൻ പ്രസിഡന്റ് അൻവർ സാദത്ത് അമലിനെ ജയിലിലടച്ചു. കടുത്ത പീഠനവും പട്ടിണിയും രോഗവുമൊക്കെ കവിയെ ജീവച്ഛവമാക്കി മാറ്റി. 1983-ൽ തന്റെ നാല്പ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.
മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:
സമവായത്തിനു വഴങ്ങരുത്
അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത് ......
(കവിതയുടെ പൂർണ്ണ രൂപം അടുത്ത പോസ്റ്റിൽ:)
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment