പതിവിനെതിരെ ഒരു പ്രതിരോധം.
അഹ്‌ലാം മുസ്തഗാനിമി(തുണീഷ്യ).
പ്രവിശാലമായ മാതൃരാജ്യമേ,
പാരമ്പര്യമായി കിട്ടിയ നോവേ,
“വഴികളിൽ നിന്നൊക്കെ
നീയെന്റെ വാതിലിൽ മുട്ടരുത്
ഞാനൊരിക്കലും മടങ്ങി വരില്ല”.
---
ഒരിക്കൽ ഞാനെഴുതി
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’വെന്ന്
അപ്പോൾ അവർ പറഞ്ഞു:
ഞാൻ കവിയാണെന്ന്.
നിന്നോടുള്ള സ്നേഹം മൂത്ത്
ഞാൻ ഉടുതുണിയുരിഞ്ഞു;
അപ്പോൾ അവർ പറഞ്ഞു:
‘ഞാൻ തേവടിശ്ശിയാണെന്ന്’
നിന്നെ തൃപ്തിപ്പെടുത്താൻ
ഞാനെല്ലാം ഉപേക്ഷിച്ചു;
അപ്പോൾ അവർ പറഞ്ഞു:
‘ഞാൻ കപട വിശ്വാസിനിയാണെന്ന്’.
പിന്നേയും ഞാൻ തിരിച്ചു വന്നു
അവർ പറഞ്ഞു
‘ഞാൻ ഭീരുവാണെന്ന്’
ഇന്ന് നീ ജീവിച്ചിരിക്കുന്നു
എന്നതു പോലും ഞാൻ മറന്നു പോയി.
ഞാൻ എനിക്കായി തന്നെ
സ്വയം എഴുതാൻ തുടങ്ങി
കണ്ണാടിക്കു മുമ്പിൽ വിവസ്ത്രയായി.
---
അവർ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു
അവർ നേതാക്കന്മാരായി.
അവർ തുണിയുരിഞ്ഞു
അവർ ധനികരായി.
അവർ നിന്നെ ഇട്ടേച്ചു പോയി
അപ്പോൾ ഞങ്ങൾ നിറച്ചുണ്ടു.
അവർ വീണ്ടും തിരിച്ചു വന്നു
അപ്പോൾ ഞങ്ങൾ പിന്നെയും പട്ടിണിയിലായി.
ഇനി പുറത്തിറങ്ങാൻ പോകുന്ന
വാർത്താ പ്രക്ഷേപണത്തിന്റെ
വിശദീകരണങ്ങളെന്തൊക്കെയാണെന്ന്
ഇന്ന് ആർക്കും അറിയില്ല
പതിവു രഹസ്യാന്വേഷണ പല്ലവികൾ
കടലാസിൽ, കട്ടിലിൽ, പരിശോധന മുറിയിൽ..
കവാത്തു നടത്തിക്കഴിഞ്ഞിരിക്കുന്നു.
ഞാൻ ഗർഭ നിരോധന ഗുളിക കഴിച്ചു കൊണ്ടിരിക്കെ
രഹസ്യാന്വേഷണോദ്യോഗസ്ഥൻ
എന്റെ മേൽ ചാടി വീണു
രാജ്യത്തിന്റെ താല്പ്പര്യത്തിനെതിരായി
ഞാനെന്റെ ലൈംഗിക ശേഷി
ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്
അയാളെന്നെ അറസ്റ്റു ചെയ്തു.
അതയാൾക്കാവശ്യമുള്ള പണിയായിരുന്നില്ല.
(എന്റെ നാടേ..)
ഇന്നു മുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നത്
നിർത്തിയിരിക്കുകയാണ്.
അവസാനത്തെ മൂന്നു വരികള്‍ ഒഴിവാക്കിയാല്‍ ചിന്തനീയം
ReplyDeleteethra manoharam
ReplyDelete