Sunday, June 27, 2010
വിപ്രവാസത്തിലേക്കുള്ള വഴി - അദ്നാൻ അൽ സായിഗ്
വിപ്രവാസത്തിലേക്കുള്ള വഴി.
അദ്നാൻ അൽ സായിഗ് - ഇറാഖീ കവി, (1955 - ... ).
________________________________________
തീവണ്ടിയുടെ രോദനം
തുരങ്കത്തിന്റെ ഉത്കണ്ഠയെ ഇളക്കി മറിച്ചു.
അനന്തമായ പാളങ്ങളിൽ ഓർമ്മകൾ അലമുറയിട്ടു.
എന്റെ ഹൃദയത്തിന്റെ പാതി
ഞാൻ കിളിവാതിലിനടുത്ത് ഉറപ്പിച്ചു നിർത്തി,
മറ്റേ പാതി മുമ്പിലെ നീണ്ട മേശപ്പുറത്തിരുന്ന്
കൃശ ഗാത്രിയായ ഒരു ചെറുപ്പക്കാരിയുടെ കൂടെ
ശീട്ടു കളിക്കുകയായിരുന്നു.
ദു:ഖവും സങ്കടവും കലർന്ന സ്വരത്തിൽ
അവൾ ചോദിച്ചു:
നിങ്ങളുടെ കൈ എന്തേ
പഴയ പെട്ടിയുടെ പലക പോലെ
ഇങ്ങനെ പരുപരുത്തിരിക്കുന്നത്?
എന്തെങ്കിലും പിടിക്കാൻ
ഭയപ്പെടുന്നതു പേലെ
അതു വിറക്കുന്നതെന്തേ?
അപ്പോൾ ഞാൻ അവൾക്ക്
എന്റെ നാടിനെക്കുറിച്ചു പറഞ്ഞു കൊടുത്തു.
അവിടുത്തെ ചുവരുകളെക്കുറിച്ചും
അധിനിവേശത്തെക്കുറിച്ചും
ജനങ്ങളുടെ പ്രതാപത്തെക്കുറിച്ചും
പൊതു കുളിമുറികളിലെ രതിക്രീഡകളെക്കുറിച്ചും
ഞാൻ വിശദീകരിച്ചു,
അപ്പോൾ അവൾ അവളുടെ നനഞ്ഞ
കാർകൂന്തലുകൾ കൊണ്ട്
എന്റെ കണ്ണീരുകളിൽ തടവി.
അവൾക്കെല്ലാം മനസ്സിലായിട്ടുണ്ടായിരുന്നില്ല.
മറ്റേ മൂലയിൽ
മഞ്ഞു മൂടിയ മലനിരകളിൽ
മോസാർത്ത്* അയാളുടെ ഈണങ്ങൾ
വാരി വിതറുകയായിരുന്നു.
എന്റെ നാടാണെങ്കിൽ ആവശ്യത്തിലധികം ദു:ഖിതയായിരുന്നു,
എന്റെ സംഗീതമോ
അക്രമാസക്തവും വഴങ്ങാൻ കൂട്ടാക്കാത്തതും
നാണിപ്പിക്കുന്നതുമായിരുന്നു.
യൂറോപ്പ്യൻ തെരുവിലെത്തിയ ഉടനെ
ആദ്യം കാണുന്ന ഫൂട്പാത്തിൽ
ഞാനെന്റെ കണങ്കാലുകൾ നീട്ടി വെച്ച്,
സ്കൂളുകളിൽ നിന്നും ജയിലുകളിൽ നിന്നും
എനിക്കു കിട്ടിയ അടിയുടെ പാടുകൾ
തുറന്നു കാണിക്കുക തന്നെ ചെയ്യും.
എന്റെ കീശയിലുള്ളത് പാസ്പോർട്ടല്ല
മറിച്ച് അടിച്ചമർത്തലുകളുടെ റിക്കാർഡാകുന്നു.
കഴിഞ്ഞ അമ്പതു വർഷങ്ങളായി
മൃഗങ്ങൾ അയവെട്ടുന്നതു പോലെ,
ബീഡികൾ വലിച്ചു തള്ളുന്നതു പോലെ
സംഭാഷണങ്ങൾ ചവച്ചു കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ.
തൂക്കു മരത്തിനു മുമ്പിൽ വെച്ച്
തൂങ്ങിക്കിടക്കുന്ന ഞങ്ങളുടെ തന്നെ ജഢത്തെയും
നോക്കി നില്ക്കുകയുമായിരുന്നു.
രഹസ്യാന്വേഷണ അറകളിൽ
ഞങ്ങളുടെ കുടുംബക്കാരുടെ ഫയലുകൾ
നിറയുന്നതു ഭയന്ന്
ഭരണാധികാരികൾക്കു വേണ്ടി
കയ്യടിക്കുകയുമായിരുന്നു ഞങ്ങൾ.
പ്രസിഡന്റിന്റെ പ്രസംഗം കൊണ്ടു തുടങ്ങി
പ്രസിഡന്റിന്റെ പ്രസംഗം കൊണ്ടവസാനിക്കുന്ന,
ഒരു നാട്....
പ്രസിഡന്റിന്റെ റോഡുകൾ,
പ്രസിഡന്റിന്റെ സംഗീതങ്ങൾ,
പ്രസിഡന്റിന്റെ മ്യൂസിയങ്ങൾ,
പ്രസിഡന്റിന്റെ സമ്മാനങ്ങൾ,
പ്രസിഡന്റിന്റെ മരങ്ങൾ,
പ്രസിഡന്റിന്റെ ഫാക്റ്ററികൾ,
പ്രസിഡന്റിന്റെ പത്രങ്ങൾ,
പ്രസിഡന്റിന്റെ കുതിരാലയങ്ങൾ,
പ്രസിഡന്റിന്റെ മേഘങ്ങൾ,
പ്രസിഡന്റിന്റെ പാളയങ്ങൾ,
പ്രസിഡന്റിന്റെ പ്രതിമകൾ,
പ്രസിഡന്റിന്റെ ബേക്കറികൾ,
പ്രസിഡന്റിന്റെ മെഡലുകൾ,
പ്രസിഡന്റിന്റെ വെപ്പാട്ടികൾ,
പ്രസിഡന്റിന്റെ വിദ്യാലയങ്ങൾ,
പ്രസിഡന്റിന്റെ ഫാമുകൾ,
പ്രസിഡന്റിന്റെ കാലാവസ്ഥകൾ,
പ്രസിഡന്റിന്റെ ഉത്തരവുകൾ...
മഴവെള്ളവും തുപ്പലും കൊണ്ട്
ഈറനണിഞ്ഞ എന്റെ കണ്ണുകളെ നോക്കി
അവൾ കുറെ നേരം ഇരുന്നു.
എന്നിട്ടെന്നോടു ചോദിച്ചു:
“നിങ്ങളേതു നാട്ടുകാരനാകുന്നു...?”
---------------
* . ആസ്ത്രിയൻ കമ്പോസർ.
Subscribe to:
Post Comments
(
Atom
)
manoharamaya kavithakal. enne ivite kontakkiyathinu sona g kku nandi.
ReplyDelete