Sunday, June 13, 2010

മുത്തശ്ശിക്കഥ - അഹ്‌ലാം മുസ്തഗാനിമി


അഹ്‌ലാം

മുത്തശ്ശിക്കഥ
.
അഹ്‌ലാം മുസ്തഗാനിമി(1953- ).

(തുണീഷ്യൻ കവയത്രി, എഴുപതുകളുടെ തുടക്കത്തിൽ ഫ്രാൻസിലേക്ക്കുടിയേറി. അവിടെ വെച്ച് ഒരു ലബനാൻ പത്രപ്രവർത്തകനെ വിവാഹം ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിൽ താമസം. ‘ശരീരത്തിന്റെ ഓർമ്മകൾഎന്ന നോവലിന്‌ 1998- നജീബ് മഹ്ഫൂസ് അവാർഡ് കിട്ടിയിട്ടുണ്ട്)

അടുപ്പിനടുത്ത്
കൂനിക്കൂടിയ
പാവം പൂച്ചയെപ്പോലെ ഇരുന്ന്
കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന
മുത്തശ്ശിയെ ഞാനും ശ്രദ്ധിച്ചു:

രാജകുമാരിയെ പ്രേമിച്ച
അശ്വഭടനെക്കുറിച്ചായിരുന്നു
അവർ പറഞ്ഞു കൊണ്ടിരുന്നത്;

അയാൾ അവളുടെയടുത്ത്
രാത്രിയിൽ ആരും കാണാതെ ചെന്നു,
രാജ കുമാരി അയാളുടെ കൂടെ
ഒളിച്ചോടി;

അന്നു മുതൽ അവൾ
ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു
നഗരങ്ങളിലെ ചേരിയിൽ
അന്തിയുറങ്ങാൻ ശീലിച്ചു
മഴകാലത്തേക്കായി
വിറകു ശേഖരിക്കാൻ പാടുപെട്ടു,

അന്നു മുതൽ ആ കൊച്ചു റാണി
ഒരു മനുഷ്യ സ്ത്രീയായി
ജീവിക്കാൻ പഠിപ്പിച്ച
കുതിരപ്പടയാളിക്കു വേണ്ടി
പ്രതാപത്തിന്റെ മുഴുവൻ മേലങ്കികളും
അവൾ ഊരി വലിച്ചെറിഞ്ഞു.
-
-
അങ്ങനെ ആയിരിയം കഥകൾ..
കുട്ടികളെല്ലാം മെല്ലെ ഉറങ്ങി
പക്ഷേ ഞാൻ മാത്രം
അങ്ങു ദൂരെ സ്ഥിതി ചെയ്യുന്ന
നഗരത്തെയും സ്വപ്നം കണ്ട്
ഉറക്കമിളച്ചിരുന്നു,

ആ കുടിലും.. ആ വിറകുകളും.. ആ കുട്ടികളും..
അശ്വാരൂഢനായ
ഒരു ചെറുപ്പക്കാരനെയും കാത്ത്
ഉറക്കമൊഴിച്ചിരിക്കുന്ന
ആ പെൺകൊച്ചിനെയും..
സ്വപ്നം കണ്ട്..
അങ്ങനെ....അങ്ങനെ...

1 comment :