മനുഷ്യാവകാശ പരീക്ഷണങ്ങളിൽ
ദുർബ്ബലന്റെ പുത്രൻ മഹാ ദുർബ്ബലൻ
എന്തു കൊണ്ട് തോറ്റു പോകുന്നു?
------------------------------------
നിസാർ ഖബ്ബാനി (1923-1998)
(സിറിയൻ കവി)
------------------------------------
നാടില്ലാത്ത നാട്ടുകാർ!
കാലത്തിന്റെ ഭൂപടത്തിൽ
കുരുവികളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവർ!
രേഖകളില്ലാതെ യാത്ര ചെയ്യാൻ
വിധിക്കപ്പെട്ടവർ!
ശവക്കച്ചകളില്ലാത്ത ജഢങ്ങൾ!
കാലം പടച്ചു വിട്ട ലൈംഗികത്തൊഴിലാളികൾ - നമ്മൾ..!
ഭരണ കൂടം നമ്മളെ വില്ക്കുന്നു,
പണം കൈപ്പറ്റുകയും ചെയ്യുന്നു.
നമ്മൾ കൊട്ടാരത്തിലെ വെപ്പാട്ടികൾ!
മുറികളിൽ നിന്നു മുറികളിലേക്ക്,
കൈകളിൽ നിന്നു കൈകളിലേക്ക്,
നാശത്തിൽ നിന്നു നാശത്തിലേക്ക്,
വിഗ്രഹങ്ങളിൽ നിന്നു വിഗ്രഹങ്ങളിലേക്ക്
നമ്മളെ പറഞ്ഞു വിടുന്നു.
ഏദനിൽ നിന്നു തഞ്ചയിലേക്ക്(1)
തഞ്ചയിൽ നിന്നും ഏദനിലേക്ക്
ഓരോ രാത്രിയിലും
നായ്ക്കളെപ്പോലെ നാം ഓടുകയാണ്.
നമ്മളെ സ്വീകരിക്കുന്ന ഒരു ഗോത്രം,
നമുക്ക് സംരക്ഷണം തരുന്ന ഒരു കുടുംബം,
നമ്മുടെ നഗ്നത മൂടുന്ന ഒരു മറ,
ഒരഭയ കേന്ദ്രം
നാം ഇന്നും അന്വേഷിക്കുകയാണ്.
നടുനിവർക്കാൻ കഴിയാതെ കുനിഞ്ഞു പോയ,
അകാല വാർദ്ധക്യം പിടിപെട്ട
നമ്മുടെ കുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്.
‘നാട്’ എന്നു വിളിക്കുന്ന മനോഹരമായ സ്വർഗ്ഗത്തെക്കുറിച്ച്,
ആ മഹാ നുണയെക്കുറിച്ച്
അവർ പഴ നിഘണ്ടുകളിൽ തിരയുകയായിരുന്നു.
2
കണ്ണീർ പാടങ്ങളിലെ അന്തേവാസികൾ നമ്മൾ!
നമ്മുടെ കാപ്പി പാകം ചെയ്തിരിക്കുന്നത്
കർബ്ബലയുടെ രക്തത്തിലാണ്.
നമ്മുടെ അന്നം, പാനീയം,
നമ്മുടെ സംസ്കാരം, പതാക,
നമ്മുടെ വ്രതം, പ്രാർത്ഥന,
നമ്മുടെ പൂക്കൾ, നമ്മുടെ കുഴിമാടങ്ങൾ,
നമ്മുടെ തൊലിപ്പുറങ്ങൾ...
എല്ലാത്തിനു മുകളിലും
കർബ്ബലയുടെ മുദ്ര പതിഞ്ഞിരിക്കുന്നു.(2)
ഈ മരുഭൂമിയിൽ
നമ്മെ ആരും തിരിച്ചറിയുന്നില്ല.
ഒരീത്തപ്പനയും ഒരൊട്ടകവും
ഒരു കുറ്റിയും ഒരു കല്ലും
ഒരു ഹിന്ദും ഒരു അഫ്രാഉം(3)....
നമ്മുടെ രേഖകളെല്ലാം സംശയാസ്പദം!
നമ്മുടെ ചിന്തകൾ വിചിത്രം!
പെട്രോൾ കുടിക്കുന്നവരും
കണ്ണീരും പരാജയവും രുചിക്കുന്നവരും
നമ്മെ തിരിച്ചറിയുന്നില്ല.
3
നമ്മുടെ ഭരണാധികാരികൾ
എഴുതുന്ന ലിഖിതങ്ങളിൽ
തടവിലാക്കപ്പെട്ടവർ - നമ്മൾ.
നമ്മുടെ പുരോഹിതൻ
വിശദീകരിച്ചു തരുന്ന മതത്തിലും
നമ്മുടെ ‘സുഗകരമായ’ ദുഖത്തിലും
ബന്ധനസ്ഥരാക്കപ്പെട്ടവർ നമ്മൾ!.
ചായക്കടകളിലും, വീടുകളിലും
മാതാക്കളുടെ ഗർഭാശയത്തിലും
നിരീക്ഷിക്കപ്പെടുന്നവർ നമ്മൾ!
അവിടെ നിന്നായിരുന്നുവല്ലൊ
നമ്മുടെ നാശത്തിന്റെ തുടക്കം.
പിന്നീട് രഹസ്യാന്വേഷണ സംഘം
നമ്മെ കാത്തിരിക്കുന്നതാണ് നാം കണ്ടത്;
അവർ നമ്മുടെ പാനീയങ്ങൾ കുടിച്ചു,
നമ്മുടെ വിരിപ്പിൽ ഉറങ്ങി,
നമ്മുടെ തപാലുകൾ പരിശോധിച്ചു,
നമ്മുടെ കടലാസുകളിൽ വരച്ചിട്ടു,
നമ്മുടെ മൂക്കിലൂടെ കയറി
ചുമയിലൂടെ പുറത്തിറങ്ങി.
നമ്മുടെ നാവുകൾ മുറിക്കപ്പെട്ടത്,
നമ്മുടെ റൊട്ടികൾ
ഭയത്തിലും കണ്ണീരിലും കുതിർന്നത്.
സംരക്ഷണം ചോദിച്ച് നാം പരാതിപ്പെട്ടാൽ
അവർ പറയും: “പാടില്ല”.
ഭയഭക്തിയോടെ ആകാശ നാഥനെ തൊഴുതാൽ
അവർ പറയും “പാടില്ല”.
‘‘അല്ലാഹുവിന്റെ പ്രവാചകരേ,
ഞങ്ങളെ സഹായിക്കേണമേ’ എന്ന്
ഉറക്കെ പറഞ്ഞാൽ
തിരികെ വരാൻ അനുമതിയില്ലാത്ത വിസയും തന്ന്
അവർ നമ്മെ പറഞ്ഞു വിടും.
അന്ത്യ ഗീതം കുത്തിക്കുറിക്കാൻ,
തൂക്കിലേറ്റുന്നതിനു മുമ്പേ
വസ്യത്ത് എഴുതി വെക്കാൻ
ഒരു കടലാസ് ആവശ്യപ്പെട്ടാൽ
അവർ വിഷയം മാറ്റിക്കളയും.
(ബാക്കി അടുത്ത പോസ്റ്റിൽ...)
(1) അദൻ: 1967 മുതൽ 1990 വരേ ഇത് യമനിന്റെ തലസ്ഥാനമായിരുന്നു.
ഥൻജ: മൊറോക്കോയിലെ അഞ്ചാമത്തെ വലിയ പട്ടണം.
(2)കർബ്ബല: ബാഗ്ദാദിൽ നിന്നും 105 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന പട്ടണം. ഉമയ്യത്ത് ഭരണാധികാരി യസീദിന്റെ സൈന്യം പ്രവാചകന്റെ കുടുംബത്തെ കൊന്നു കളഞ്ഞത് ഇവിടെ വെച്ചാണ്. അതിനാൽ കർബ്ബല ദുഖത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
(3) ചരിത്രത്തിലെ പ്രസിദ്ധരായ രണ്ടു വനിതകൾ.
No comments :
Post a Comment