Saturday, April 3, 2010

മേൽവിലാസത്തെക്കുറിച്ച് - അദ്നാൻ അൽ സായിഗ് (ഇറാഖി കവി)



മേൽവിലാസത്തെക്കുറിച്ച് ഒരന്വേഷണം.
അദ്നാൻ അൽ സായിഗ് (ഇറാഖി കവി)

എന്റെ ആയുസ്സിൽ നിന്ന് ഏഴു വർഷങ്ങള്‍ എടുത്തോളൂ
എന്നിട്ട് എനിക്ക് യുദ്ധത്തെക്കുറിച്ച് വിശദീകരിച്ചു തരൂ...

ഇതാ, ഇരുപത് മധുര നാരങ്ങകൾ എടുത്തോളൂ
എന്നിട്ട് എന്റെ ബാല്യകാലത്തിന്റെ
പച്ചപ്പുകളെക്കുറിച്ച് എന്നോടു പറഞ്ഞു തരൂ..

ലോകത്തിലെ മുഴുവൻ കണ്ണുനീരും എടുത്തോളൂ
എന്നിട്ട് റൊട്ടിയെക്കുറിച്ച് എനിക്കു വിശദീകരിച്ചു തരൂ..

പൂന്തോട്ടത്തിലെ മുഴുവൻ പൂക്കളും എടുത്തോളൂ
എന്നിട്ട് അവളുടെ നീണ്ട കാർകൂന്തലുകളെക്കുറിച്ച് എന്നോട് പറയൂ..

എല്ലാ ബാങ്കുകളെയും
എല്ലാ പട്ടാള കേമ്പുകളെയും
എല്ലാ പത്രങ്ങളെയും എടുത്തോളൂ
എന്നിട്ട് എന്റെ നാടിനെക്കുറിച്ചു എനിക്കു പറഞ്ഞു തരൂ..

എല്ലാ കവികളുടെയും കാവ്യങ്ങളും എടുത്തോളൂ
എന്നിട്ട് എനിക്ക് കവിയെക്കുറിച്ച് പറഞ്ഞു തരൂ..

ലോകത്തിലെ മുഴുവൻ പുതിയ നഗരങ്ങളെയും
അവയുടെ നിരത്തുകളെയും എടുത്തോളൂ
എന്നിട്ട് സഅദൂനിന്റെ1 പാതയോരങ്ങളിലൂടെ
ഉലാത്തുന്നതിന്റെ സുഖം എനിക്കു വർണ്ണിച്ചു തരൂ..

എനിക്കുള്ളതെല്ലാം നിങ്ങൾക്കാണ്‌
എനിക്കെന്റെ പ്രിയപ്പെട്ട നാടിന്റെ
കുളിർ തെന്നലുകളെക്കുറിച്ച് പറഞ്ഞു തന്നാൽ മതി.

നിങ്ങൾക്കിനി അതിനൊന്നും കഴിയില്ലെങ്കിൽ വേണ്ട;
എനിക്കൊരു കുപ്പി മഷി തരൂ
ഞാനതു കൊണ്ട് ലോകം പ്രകാശിപ്പിക്കാം

എന്റെ ഉമ്മ ചുട്ടു തന്ന ഒരു റൊട്ടിയും മതി
എന്റെ പുതുമകളിൽ എനിക്കതു കൊണ്ട് വി
ശ്വാസമുറപ്പിക്കാമല്ലോ

വാക്കുകൾ എന്റെ നീണ്ട കൈവിരലുകളാണെന്നും
പൂങ്കാവനങ്ങൾ അവയുടെ നീണ്ട കേശങ്ങളാണെന്നും
ഞാൻ സമ്മതിക്കുന്നു.

ബോംബുകൾ എന്നെ പലതും പഠിപ്പിച്ചിട്ടുണ്ടെന്നും
എന്റെ സ്വപ്നങ്ങളിൽ പലതിനേയും മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നും
വിശകലനങ്ങളും നേതാക്കളും ചെയ്യുന്നതു പോലെ
അവ കളവു പറയില്ലെന്നും
ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

അതു കൊണ്ട് ഓരോ ബോംബുകളെയും എടുത്ത്
യുദ്ധത്തിന്റെ വൃത്തികെട്ട മുഖം എനിക്കു വിവരിച്ചു തരൂ..

യുദ്ധത്തിന്റെ ചോരത്തുള്ളികളും എടുത്തോളൂ
എന്നിട്ട് സമാധാനത്തെപ്പറ്റി എന്നോടു പറയൂ..
എന്താണാ സാധനം?

അല്ലെങ്കിലും എനിക്കെന്താണിതിന്റെയൊക്കെ ആവശ്യം?

ഫുൾട്രൗസറിന്റെ കീശയിൽ കൈയിട്ട്,
വെയിൽ ചായുന്ന റോഡുകളിലൂടെ ചൂളം വിളിച്ച് നടന്ന്,
മരങ്ങളെയും പാലങ്ങളെയും കെട്ടിടങ്ങളെയും
പത്ര വില്പ്പക്കാരനെയും നോക്കി
യുദ്ധം അവസാനിക്കുന്നതെന്നാണെന്ന്
ഉറപ്പു വരുത്തുന്നതല്ലേ നല്ലത്?

പോസ്റ്റുമാൻ എന്റെ വിലാസം തിരഞ്ഞു മടുക്കുന്നതും
എന്നെ ലക്ഷ്യം വെച്ച് ഉന്നം പിഴക്കുന്ന
ഒരു കൂട്ടം ബോംബുകളെ ഓർത്തെടുക്കുന്നതും
എന്റെ വയറു നിറയ്ക്കുന്നു.

നിന്റെ അക്കങ്ങളുടെയും പേരുകളുടെയും
തിരക്കു പിടിച്ച അഡ്രസ്സുകളുടെയും കൂട്ടത്തിൽ
എന്റെ മേൽവിലാസങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കാം
എന്ന് ഞാൻ മനസ്സിലാക്കുന്നു.

നീ അതു പലപ്പോഴും ഓർക്കുന്നുണ്ടാവും
ഞാനോ -
ശ്വാസ്വോച്ഛ്വാസത്തിന്റെ ധമനികൾ
നിന്നെക്കുറിച്ചറിയിച്ചു തരാൻ
എന്റെ വിരലുകൾ ഇടതു വശത്തിങ്ങനെ
അമർത്തിപ്പിടിച്ചിരിക്കുകയാണ്‌
------------------------------------------------------------------------------
1, (1530 മുതൽ 1918 വരേ ഇറാഖ് ഭരിച്ച ഒരു രാജ കുടുംബമാണ്‌ സഅദൂൻ)

1 comment :

  1. കത്തുന്ന വരികള്‍ :(
    വിവര്‍ത്തനത്തിന് നന്ദി മുഹമ്മദ് സാഹിബ്.

    ReplyDelete