Sunday, March 21, 2010
ആത്മാർത്ഥമായ ഉപദേശം. (ഇറാഖിലെ അമേരികൻ പട്ടാളക്കാരൻ സ്വന്തം മകന് എഴുതുന്ന കത്ത്) - ഡോ. അഹമദ് റഊഫ് അൽഖാദിരി
ആത്മാർത്ഥമായ ഉപദേശം.
(ഇറാഖിലെ അമേരികൻ പട്ടാളക്കാരൻ സ്വന്തം മകന് എഴുതുന്ന കത്ത്)
ഡോ. അഹമദ് റഊഫ് അൽഖാദിരി
വത്സാ,
മുറിവേറ്റ പിതാവിന്റെയും
ചിതയിലെരിയുന്ന കൂട്ടുകാരുടെയും
അഭിവാദ്യങ്ങൾ സ്വീകരിച്ചാലും,
വിവരം കെട്ട ഒരു പ്രസിഡന്റ് നമ്മെ ഇനിയും
ഭരിച്ചു കൊണ്ടിരുന്നാൽ
വീണ്ടും ചില വാക്കുകൾ നമ്മുക്കിടയിൽ
കൈമാറുവാൻ അവസരമുണ്ടായെന്നു വരില്ല.
അതു കൊണ്ടു തന്നെ എന്റെ എഴുത്ത് ശ്രദ്ധിച്ചു വായിക്കുക
ഈ ഉപദേശം ചെവിക്കൊള്ളുകയും ചെയ്യുക
ദയവു ചെയ്ത് മോൻ കരയരുത്
കരഞ്ഞാൽ എന്റെ മുറിവിന് ആഴം കൂടും
എനിക്കു വന്ന ചിത്തഭ്രമം
നിനയ്ക്കു വരാതിരിക്കാൻ
നീയിതു വായിക്കുക
ഞാൻ പറയുന്നതെല്ലാം സത്യമാണെന്ന്
നീ ഉറപ്പിക്കുകയും ചെയ്യുക.
നിന്റെ പ്രായത്തിൽ
അമേരിക്കയുടെ ചരിത്രം
ഇളകിയാടുന്ന തുഷാര കിരണങ്ങളായി
കാണാൻ അവരെന്നെ പഠിപ്പിച്ചു,
എന്റെ നിഷ്കളങ്കനായ കുരുന്നേ;
ഞാനുമന്ന് വിചാരിച്ചിരുന്നത്
സംസാരിക്കാൻ കഴിവുള്ളവർ
നമ്മൾ മാത്രമായിരുന്നുവെന്നാണ്
മറ്റു ജനവിഭാഗങ്ങൾ
ഇടിഞ്ഞുപൊളിഞ്ഞ സ്ഥലങ്ങളിൽ നിന്നും മൂളുന്ന
മൂങ്ങകളായി കഴിയുമ്പോൾ;
നമ്മൾ പാട്ടുപാടുന്ന ബുൾബുളുകളായിരുന്നു
എന്നുമാണ് ധരിച്ചിരുന്നത്.
നമ്മൾ ജീവിക്കുമ്പോഴും
മറ്റുള്ളവർ കുഴിമാടത്തിലാണെന്നും
മാലോകർ ഉറക്കമില്ലാതെ കഷ്ടപ്പെടുമ്പോഴും
നമ്മൾ സുരക്ഷിതമായി ഉറങ്ങുകയാണെന്നും
അന്നു ധരിച്ചുവശായിരുന്നു.
നീതിയുടെ പൊൻകിരണങ്ങളെല്ലാം
ഉദിച്ചു പൊങ്ങുന്നത്
നമ്മുടെ കുന്നിൻ പുറത്തുകൂടെ മാത്രമാണെന്ന്
എത്ര പ്രാവശ്യമാണ്
നമ്മുടെ വിദ്യാലയങ്ങൾ
ഞങ്ങളെ പറഞ്ഞു പറ്റിച്ചത്?
അവർ ഞങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി
മാനവ കുലത്തെ ഞങ്ങൾ ആദരിക്കുന്നുവെന്നും
അവരെ മോചിപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നതെന്നുമുള്ള
വീര വാദങ്ങളിൽ ഞാൻ വിശ്വസിച്ചു പോയി.
നമ്മുടെ പിതാമഹന്മാർ
റെഡ് ഇന്ത്യക്കാരുടെ എത്ര ഭൂമികളാണ്
തീയിട്ടു പിടിച്ചെടുത്തത് എന്ന കാര്യം
എനിക്കന്ന് ഓർക്കാൻ കഴിയാതെ പോയി.
ഓർമ്മ വെച്ച നാൾ മുതൽ
ഹോളിവുഡ് സിനിമകളായിരുന്നു
നമ്മുടെ കൺകണ്ട ദൈവങ്ങൾ
ഇപ്പോഴിതാ, ഈ മരുഭൂമിയിൽ മുങ്ങിക്കിടക്കുമ്പോൾ
ഞങ്ങൾ യഥാർത്ഥ ദൈവത്തെ കാണുന്നു.
ഇതാ ഇപ്പോൾ ഞങ്ങളുടെ നാവിക സേന
ഒരു ഫലിതമായി മാറിയിരിക്കുന്നു
യുവാക്കൾ അതിൽ മാസങ്ങളോളം
മുങ്ങിക്കിടക്കുകയാണ്.
ഞങ്ങളുടെ ടാങ്കു വ്യൂഹങ്ങൾ
ഗ്രാമീണരായ കുട്ടികൾക്ക് കുതിച്ചു ചാടാനുള്ള
കളിപ്പാട്ടങ്ങളാകുന്നു.
മറൈനുകളുടെ അറ്റുവീണ അവയവങ്ങളിൽ
ചെരുപ്പിന്റെ മണ്ണു പുരളുമ്പോഴും
എനിക്ക് ജീവനോടെയിരുന്ന് ഭക്ഷണം കഴിക്കാൻ
കഴിയുന്നുവെന്നത് വലിയ കാര്യമാണ്
ഇതൊക്കെ കണ്ട് തിരിഞ്ഞു നോക്കാതെ ഓടുമ്പോൾ
മോനേ നീയെന്നെ കുറ്റം പറയരുത്
സത്യാവസ്ഥ സ്ഫോടനാത്മകമാണ്.
ഞാൻ കബൂളിലായാലും
ബാഗ്ദാദിലായാലും
നിന്റെ ഹൃദയം ചിതറിപ്പോകാതെ
അടങ്ങി നില്ക്കുമോ?
ഉത്കണ്ഠയുണ്ടാക്കുന്ന മനക്കരുത്തുമായി
എന്റെ കൂട്ടുകാരുടെ ശരീരം തുളച്ചു കയറുന്ന
വെടിയുണ്ടകൾ വർഷിക്കുന്നതെവിടെ നിന്നാണെന്നറിയുന്നില്ല.
“പരിമളം തൂകുന്ന പൂക്കളുമായി നിങ്ങൾക്കു സ്വാഗതം” എന്ന്
നമ്മുടെ സൈനിക നേതാക്കൾ പേർത്തും പേർത്തും പേശുന്നുണ്ടല്ലോ?
ഏത് പൂക്കൾ?
മരിച്ചു മരവിച്ച്, നശിച്ചു തീരുന്ന
ഞങ്ങളുടെ പൂവുകളല്ലേ അവർ കാത്തിരിക്കുന്നത്?
കല്ലുകളും കുന്നുകളും ഞങ്ങളെ നോട്ടമിടുന്നു
ഒളിച്ചിരിക്കുമ്പോൾ മരങ്ങൾ പോലും
ഞങ്ങളെ ക്കുറിച്ചു പറഞ്ഞു കൊടുക്കുന്നു
“ബഅഖൂബ” വാളുകളൂരിയപ്പോൾ
ഞങ്ങളുടെ തോക്കുകൾ കഴുതകളെപ്പോലെ
മോങ്ങുകയായിരുന്നു.
എന്റെ അരക്കെട്ടിനു ചുറ്റുമുള്ള തിരകളൊന്നും
എനിക്കു ധൈര്യം തന്നില്ല
മറിച്ച് അതെന്നെ തടവുകാരനാക്കുകയായിരുന്നു.
“റമാദി”യുടെ തോട്ടങ്ങൾ ഞങ്ങളുടെ വസ്ത്രങ്ങളിൽ
ഒരിക്കളും തുന്നിച്ചേർക്കാൻ കഴിയാത്ത
ദ്വാരങ്ങളുണ്ടാക്കി;
ഞങ്ങളുടെ നഗ്നത പുറത്തായി
അപ്പോൾ ഞങ്ങൾ ആണുങ്ങളെല്ലെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞു
ഞങ്ങളുടെ മിണ്ടാട്ടം പോലും നിലച്ചു പോയി
“ഫല്ലൂജ” അതിന്റെ പാതയോരങ്ങളിലും
മുട്ടിവിളിക്കുന്ന ഓരോ വാതിലിന്നു മുമ്പിലും
പ്രേതങ്ങളെ വിതക്കുകയായിരുന്നു
തുറുങ്കിലേക്കു കൊണ്ടു പോകുന്ന ഒരു തടവുകാരനെ
ഞങ്ങൾ കാണാനിട വന്നു
ഞങ്ങളാണു തടവുകാരെന്നും
അവനാകുന്നു സ്വതന്ത്രനെന്നും
ഞങ്ങൾ തിരിച്ചറിഞ്ഞു.
ബുഷിന്റെ ചമയിക്കപ്പെട്ട കട്ടിലിന്റെയും
പെന്റഗന്റെയും എല്ലാ റിപ്പോർട്ടുകൾക്കും
അപ്പുറത്തായിരുന്നു ഞങ്ങളിലെ ബലിയാളുകളുടെ എണ്ണം.
മകനേ, എനിക്കു ഭ്രാന്തു പിടിക്കുന്നു
ഇവിടെ നിന്നും എന്തു ചെയ്യണമെന്ന്
എനിക്കു മനസ്സിലാവുന്നില്ല.
പേടിച്ചിട്ട് വായ മൂടിക്കിടക്കുകയാണു ഞാൻ
പ്രസിഡന്റിന്റേയും കൂടെയുള്ള ഇടപാടുകാരുടെയും
ആർത്ഥികൾ തീർത്തു കൊടുക്കാനായി
വെറുതെ മരിക്കാൻ ഞാൻ തയ്യാറല്ല.
എനിക്കു വട്ടാണെന്ന് ഞാനവരെ ബോധ്യപ്പെടുത്തിയപ്പോൾ
അവരെന്നെ വാതിലടച്ചു പൂട്ടിയിട്ടു.
വാതിലിനു പിന്നിൽ ഇടുങ്ങിയ ഒരു മൂല മാത്രമേയുള്ളൂ.
മകനേ ആശ്ചര്യപ്പെടേണ്ട;
നമ്മുടേത് കപടമായ ഒരു രാഷ്ട്രമാകുന്നു
ബുദ്ധിയുള്ളവർ പറയുന്നതൊന്നും അതു കേൾക്കില്ല
എന്റെ വാരിയെല്ലുകൾക്കുള്ളിലെ ഗദ്ഗദങ്ങളാണ്
ഞാൻ നിനക്കെഴുതിയത്
എഴുതിയ മഷിയുടെ നിറം ചെമപ്പാകുന്നു
സാധാരണത്തേതു പോലെ നീലയല്ല.
അതു കൊണ്ടു മകനേ
അവർ നിനക്കു കണക്കില്ലാത്ത പ്രതിഫലം തന്നാലും
ബാഗ്ദാദിലേക്ക് ഒരു സൈനികനായി പോകാൻ
നിന്നെ വിളിച്ചാൽ നീ സമ്മതിക്കരുത്
ഏറ്റവും നീചമായ ഒരു മരണത്തിനായി
അറവുമാടിനെ തെളിച്ചു കൊടുക്കുകയാണോ നീ?
ഇനി രക്ഷപ്പെട്ടാൽ തന്നെ
നിനക്ക് ഒരിക്കലും മാറാത്ത മനോരോഗം
പിടിപെട്ടിട്ടുണ്ടാവും
വത്സാ,
മുറിവേറ്റ പിതാവിന്റെയും
ചിതയിലെരിയുന്ന കൂട്ടുകാരുടെയും
അഭിവാദ്യങ്ങൾ ഒരിക്കൽ കൂടി സ്വീകരിച്ചാലും,
Subscribe to:
Post Comments
(
Atom
)
നോ ഡൗട്ട്.ദിസ് ഈസ് ഏന്‍ അണ്‍ പബ്ലിഷ്ഡ് ലെറ്റര്‍ ഫ്രം ഏന്‍ അമേരിക്കന്‍ മറീനോ.
ReplyDeleteഅമേരിക്കന്‍ മറീനോകള്‍ക്കിടയില്‍ പെരുകുന്ന ആത്മഹത്യകള്‍ നല്‍കുന്ന സൂചനകള്‍ വെച്ച് ഡോ:അഹമ്മദ് റഊഫ് ഖാദിരിയുടെ ഈ എഴുത്ത് അതിശയോക്തി കൂട്ടിച്ചേര്‍ത്ത് പടച്ചുണ്ടാക്കിയതല്ലെന്ന് നമുക്ക് തറപ്പിച്ച് പറയാം.