ബുഷും പട്ടിയും തമ്മിലുള്ള സംഭാഷണം
ഡോ: അയ്മൻ അഹമദ് റഊഫ് അൽ ഖാദിരി.
ബുഷ് പറഞ്ഞു:
എന്റെ ഭാര്യയും
എന്റെ പട്ടിയും ഒഴികെ
മറ്റെല്ലാവരും എതിർത്താലും
ഇറാഖിൽ നിന്നും സൈന്യത്തെ ഞാൻ പിൻവലിക്കില്ല.
ബുഷ് പറഞ്ഞു:
എന്റെ പ്രിയപ്പെട്ട പട്ടീ,
എന്റെ അടുത്തേക്കു വരൂ..
അനുസരണക്കേട് കാണിക്കരുത്,
ഞാൻ നിന്റെ ചെവിയിൽ ഒരു സ്വകാര്യം പറയാം:
ഇന്ന് എന്റെ ഭാര്യ എന്നോട് വഴക്കിടുകയും
എന്റെ തീരുമാനങ്ങളെ വലിച്ചെറിയുകയും ചെയ്തു.
ഞാൻ ജനങ്ങളോടു പറഞ്ഞിരുന്നു
ഇറാഖിൽ ഇനിയും ഞാൻ ശക്തമായ തോതിൽ
സൈനിക വ്യന്യാസം നടത്തും
എന്റെ ഭാര്യയും എന്റെ പട്ടിയും
എന്നെ അനുകൂലിക്കുന്ന കാലത്തോളം;
ജനങ്ങൾ എതിരാകുന്നു എന്നത് ഞാൻ പ്രശ്നമാക്കുന്നില്ല.
ഇതു പറഞ്ഞപ്പോൾ അവളെന്നെ തെറി വിളിക്കുകയും
ചെരുപ്പൂരി മുഖത്തേക്കെറിയുകയും ചെയ്തു.
എന്നിട്ട് അവളെന്റെ മുഖത്തു നോക്കി പറഞ്ഞു:
“തേനൊഴുകുന്ന സ്വർഗ്ഗം കിട്ടുമെന്നറിഞ്ഞാൽ
ചിലർ ജനങ്ങളുടെ പ്രീതി പോലും വില്പ്പന നടത്തും.
എന്നാൽ ജനങ്ങളെ നേരിടാൻ എനിക്കിന്നു നാണം തോന്നുന്നു.
ഞാൻ ഒരു കുരങ്ങന്റെ പിന്നാലെ പോകുന്നു എന്നവർ കളിയാക്കുന്നു”
മുറിവേറ്റ ഒട്ടകത്തിനെയെന്ന പോലെ
എന്റെ പ്രിയപ്പെട്ടവർ പോലും
ഇപ്പോൾ എന്റെ കൂട്ടത്തിൽ നിന്നും
കൊഴിഞ്ഞു പോവുകയാണ്.
ഞാനെങ്ങനെ ഇനി യുദ്ധത്തെ ഒറ്റയ്ക്കു നേരിടും?
സിംഹത്തിനോട് എങ്ങിനെ ഒരു തവളക്കു
നേരിടാൻ കഴിയും?
എന്റെ ബഹുമാനപ്പെട്ട പട്ടി സഖാവേ,
എന്റെ ജീവിതത്തിൽ നീ കുറച്ചെങ്കിലും സന്തോഷം തരൂ..
ഏറ്റവും ഉച്ചത്തിൽ മോങ്ങിക്കൊണ്ട്
നീ ജനങ്ങളോട് ഇങ്ങനെ പ്രഖ്യാപിക്കൂ..
“എന്റെ ആത്മ മിത്രം ബുഷ് ഭീകരതയേയാണ് നേരിടുന്നത്,
എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് നീണാൽ വാഴട്ടെ!”
ഞാൻ പറഞ്ഞതു പോലെ നീ ചെയ്താൽ
എല്ലാ സൈനികരുടെയും എല്ലുകൾ
ഞാൻ നിനക്കു തരും
എല്ലുകൾ പത്തു ലക്ഷത്തിലധികം വരും.
ഇതു കേട്ട പട്ടി
നാവു നീട്ടി വാലാട്ടി
ഇങ്ങനെ മുരണ്ടു:
“ഞാനെത്ര നിർഭാഗ്യവാനായ പട്ടിയാകുന്നു!
ഞാൻ യജമാനനുമായി ചങ്ങാത്തം കൂടിയതു തന്നെ
ആകാശത്തോളം വലിയ പേരും പ്രശസ്തിയും കിട്ടാനായിരുന്നു.
ഗുഹാ നിവാസികളുടെ പട്ടി എന്നെപ്പോലെ ഒരു ജീവിയായിരുന്നു
അത് എന്റെ പിതാമഹനായിരുന്നെങ്കിൽ എന്ന്
ഞാനെത്ര ആഗ്രഹിച്ചതാണ്.
പക്ഷേ എന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്
ഇന്ന് ഞാനെന്റെ യജമാനന്റെ കാലിന്റെ ചുവട്ടിൽ
എല്ലാ വെറുപ്പുകളും ഏറ്റ് കഴിയുകയാണ്.
ചില പ്രമോഷനുകളെല്ലാം ഞാനും കൊതിച്ചിരുന്നു
ഇപ്പോളിതാ ഇരുപതോളം ചങ്ങലകളും വഹിച്ചാണ് ഞാൻ നടക്കുന്നത്.
എന്റെ യജമാനരേ,
ജനം താങ്കളെ പട്ടീ എന്നു വിളിച്ചിരിക്കുകയാണ്.
അതിനെ ചുറ്റിപ്പറക്കുന്ന ഈച്ചയായിട്ടാണ് അവരെന്നെ കാണുന്നത്
താങ്കളെനിക്ക് എറിഞ്ഞു തരുന്ന
ഈ എല്ലുകളെല്ലാം പൊടിഞ്ഞു പോയവയാണ്
ധീരന്മാരായ പോരാളികൾ രംഗത്തിറങ്ങുമ്പോഴെല്ലാം
ബാഗ്ദാദിലെ നായ്ക്കൾ അവരെ കടിച്ചു കീറുകയാണ്.
താങ്കളുടെ ഭടന്മാരെ സൈനികരെപ്പോളെ പോരാടാൻ
പരിശീലിപ്പിക്കാത്തതു പോലെ
പട്ടിയെപ്പോലെ പോരാടാൻ എന്നെയും നിങ്ങൾ പഠിപ്പിച്ചിട്ടില്ല.
അതു കൊണ്ട് എനിക്കു മതിയായി
നിങ്ങൾ നിങ്ങളുടെ വിഡ്ഢിത്തങ്ങളുമായി കഴിഞ്ഞു കൊൾക.
ഞാനൊരു പട്ടിയാണ് - ഒരു തെമ്മാടിയല്ല
എച്ചിലുകൾ തിരഞ്ഞ് സ്വതന്ത്രനായി ജീവിക്കാൻ എനിക്കറിയാം
താങ്കളുടെ കൂടെ ഒരടിമയായി ജീവിക്കാൻ
എനിക്കു വയ്യ.
nannayi
ReplyDelete