Thursday, February 25, 2010

"നമ്മുടെ നബി" - ഹസ്സാനുബിൻ സാബിത്‌


('the green dome' of Madina, photo taken by kattayad (Dec-2009)

"നമ്മുടെ നബി" - ഹസ്സാനുബിൻ സാബിത്‌
ഹസ്സാൻ പ്രവാചകന്റെ സ്വന്തം കവിയാണ്‌. ശത്രുക്കൾ ഇസ്‌ലാമിനെതിരെ കവിത കൊണ്ടാക്രമിക്കുമ്പോൾ മുസ്ലിംകൾക്കു വേണ്ടി കവിത കൊണ്ട്‌ പ്രതിരോധിക്കൻ പ്രവാചകൻ നിയോഗിച്ചിരുന്നത്‌ ഹസാനെയായിരുന്നു. ഹിജ്‌റയുക്കു 60 വർഷം മുമ്പ്‌ ജനിച്ചു. 120 വയസ്സിൽ അലി(റ)യുടെ ഭരണ കാലത്ത്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ ഒരു ചെറിയ കവിതയുടെ വിവർത്തനം താഴെ കൊടുക്കുന്നു.

മുഹമ്മദ്‌;
മാനവകുലത്തിന്‌ കാരുണ്യമായി നിയോഗിക്കപ്പെട്ടവൻ!.
മാർഗ്ഗഭ്രംശം തച്ചുടച്ചതൊക്കെയും
കെട്ടിപ്പൊക്കുകയും പുനർന്നിർമ്മിക്കുകയും ചെയ്തവൻ!!.

ഉയർന്ന കൊടുമുടികൾ ദാവൂദിന്റെ വിളി കേട്ടെങ്കിൽ;
ഇരുമ്പിൻ കട്ടികൾ നിർമ്മലമായിത്തീർന്നെങ്കിൽ;
അവിടുത്തെ തൃക്കരങ്ങളാൾ
കൂറ്റൻ പാറകൾ പൊടിഞ്ഞു പോയിട്ടുണ്ട്‌,
അവിടുത്തെ ഉള്ളംകൈയിൽ നിന്ന്
ചരലുകൾ "തസ്ബീഹ്‌" ചൊല്ലിയിട്ടുണ്ട്‌.

മൂസ വടി കൊണ്ട്‌ നീരുറവകൾ കീറിയിട്ടുണ്ടെങ്കിൽ;
അവിടുത്തെ കൈക്കുമ്പിളിൽ നിന്നും
നൽതണ്ണീരുറവയെടുത്തിട്ടുണ്ട്‌.

സുലൈമാന്‌ കാറ്റുകൾ പോകാനും വരാനും
വഴങ്ങിക്കൊടുത്തെങ്കിൽ
കിഴക്കൻ കാറ്റുകൾ നമ്മുടെ പ്രവാചകന്‌
വിജയം നേടിക്കൊടുത്തിട്ടുണ്ട്‌.

ലോകത്തിന്റെ മുഴുവൻ ആധിപത്യവും നൽകുകയും
ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തെങ്കിൽ
നമ്മുടെ നബിയുടെ പ്രീതി തേടി ജിന്നുകൾ വരികയും
പ്രപഞ്ചത്തിന്റെ മുഴുവൻ നിധികളുടെയും താക്കോലുകൾ
അവിടുത്തേക്ക്‌ നൽകപ്പെടുകയും ചെയ്തു;
പക്ഷേ അവിടുന്ന് പരിത്യാഗം
തിരഞ്ഞെടുക്കുകയാണ്‌ ചെയ്തത്‌

ഇബ്രാഹിം "ഖലീൽ" ആണെങ്കിൽ
മൂസയ്ക്ക്‌ തൂരിസിനാ മലയിൽ വെച്ച്‌
സംസാരിക്കാനുള്ള സന്ദർഭം ലഭിച്ചെങ്കിൽ;

ഈ പ്രവാചകൻ "ഹബീബും, ഖലീലു"മാണ്‌.
(അല്ലാഹുവിനെ)കാണാനും സംസാരിക്കാനുമുള്ള ഭാഗ്യവും
അവിടുത്തേക്ക്‌ ലഭിച്ചിട്ടുണ്ട്‌.

"ഹൗദുൽ കൗസർ"(എന്ന സ്വർഗ്ഗീയ പാനീയവും)
ലിവാഉൽ ഹംടെന്ന (പതാകയും)
പാപികളെ നരകത്തിൽ നിന്നും മോചിപ്പിക്കാനുള്ള
"മഹാ ശിപാർശയും"
അവിടുത്തെ കൺകുളിർക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന
മറ്റാർക്കുമില്ലാത്ത "ദൈവ സാമീപ്യവും"
"അൽ വസീല" എന്ന അത്യുന്നത പദവിയും കൊണ്ട്‌
അനുഗ്രഹിക്കപ്പെട്ടവനാണ്‌ ഈ പ്രവാചകൻ

സ്വർഗ്ഗ വാതിലുകൾ ആദ്യമായി തുറക്കപ്പെടുന്നതും
നമ്മുടെ നബിക്കു വേണ്ടിയാണ്‌.

1 comment :

  1. ഇതു തീര്‍ത്തും വ്യത്യസ്തമായ ഒരു ശ്രമം തന്നെ..
    ഈ പരിചയപ്പെടുത്തലുകള്‍ക്കു ഒരു പാടു നന്ദി..
    മദീനയിലേക്കും പ്രവാചക(സ)നിലേക്കും ഞാനുമിപ്പോള്‍
    കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നു..
    എന്റേതായ വരികള്‍ കുറിച്ചിടാനും...

    ReplyDelete