Sunday, February 21, 2010

ബുർദ: (ഉത്തരീയം) - ഇമാം ബൂസീരി(റ)



ബുർദ: (ഉത്തരീയം) - ഇമാം ബൂസീരി(റ)
മുസ്ലിം കാവ്യ ലോകം പ്രവാചകാപദാനങ്ങളാൽ സംപുഷ്ടമാണ്‌. കേവല പ്രശംസകൾക്കപ്പുറം ഒരു പുണ്യകർമ്മമായിട്ടാണ്‌ ലോക മുസ്ലിംകൾ അതിനെ കരുതിപ്പോരുന്നത്‌. അത്തരം സ്തുതി ഗീതങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ചതേതാണെന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ. അത്‌ എണ്ണൂറു വർഷങ്ങൾക്കു മുമ്പ്‌ ഈജിപ്തിൽ ജനിച്ച ഇമാം ബൂസീരി എഴുതിയ ഖസീദറ്റുൽ ബുർദ എന്ന കാവ്യമാകുന്നു. ശ്രേഷ്ടതയുടെ കാര്യത്തിൽ നമുക്കൊരു തിരഞ്ഞെടുപ്പിനധികാരമില്ല. കാരണം മഹാന്മാരായ സഹാബിമാർ മഹത്തായ കാവ്യങ്ങൾ ഇവ്വിഷയത്തിൽ രചിച്ചിട്ടുണ്ട്‌. അതു മറ്റെന്തിനേക്കാളും പവിത്രമാണ്‌.
'പെണ്ണിനെ വർണ്ണിക്കുന്ന കവിത, അതിരു വിട്ട ഭാവന എന്നൊക്കെ പറഞ്ഞ്‌ ചിലർ ബുർദയെ ചെറുതാക്കാൻ ശ്രമിക്കാറുണ്ട്‌. അറബിക്കവിതകളുടെ ശൈലിയെക്കുറിച്ചോ, ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ചോ ഒരു ചുക്കും അറിയാത്തതവരാണ്‌ അവരിൽ പലരും. അല്ലാഹു അവർക്ക്‌ വിവരം കൊടുക്കട്ടെ.
ബുർദയെപ്പറ്റി കൂടുതലറിയാൻ ബുർദകട്ടയാട്‌ അറ്റ്‌ ബ്ലോഗ്സ്പോട്ട്‌ ഡോട്ട്കോം കാണുക.

ബുർദയിലെ ചിലവരികളുടെ കാവ്യാവിഷ്കാരം.
(ഉടൻ പ്രസിദ്ധീകരിക്കുന്ന കട്ടയാടിന്റെ ബുർദ വ്യാഖ്യാനത്തിൽ നിന്ന്)

നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാ മനുജനതവഗണിച്ചീടുന്നു.

അവ തൻ ത്യാഗത്തെയും വെല്ലുമന്നാവശ്യങ്ങ-
ളവഗണിക്കും യോഗിയവയാദർശത്തിനായ്‌.

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മന്നവനാണു മുഹമ്മദ്‌ നബി മർത്ത്യർക്കും
ജിന്നുകൾക്കുമറബികൾക്കുമല്ലാത്തവർക്കും.

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ഞ്ജാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംശകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം ബഹു-
മന്യമായതെന്തും നിൻ മനസ്സിലുദിപ്പതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞിടും.

സ്വപ്നവുമായ്‌ സംതൃപ്തിയടയും ജനത്തിന-
പ്പരമാർത്ഥമുലകിൽ നിന്നറിയുമെങ്ങനെ?

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?

No comments :

Post a Comment