Tuesday, March 9, 2010

ആഗ്രഹങ്ങൾ - മഹ്‌മൂദ്‌ ദർവ്വീശ്‌.



ആഗ്രഹങ്ങൾ

മഹ്‌മൂദ്‌ ദർവ്വീശ്‌.


'അൾജീരിയയിൽ
റൊട്ടി വിൽപ്പനക്കാരനായിരുന്നെങ്കിൽ'
ഞാനൊരു സമ്പന്നനായേനെ
എന്നു നീ പറയരുത്‌.

യമനിൽ
ഒരിടയനായിരുന്നെങ്കിൽ
കാലത്തിന്റെ പുത്തനുണർവ്വിൽ
ഞാനൊരു പണക്കരനായേനെ
എന്നു നീ പറയരുത്‌.

ഹവാനയിൽ
കാപ്പിക്കടയിലൊരു പാചകക്കാരനായിരുന്നെങ്കിൽ
ഖജാനകൾ അടക്കി വാഴുന്ന
ഒരു ധനികനാകുമായിരുന്നു ഞാനെന്ന്
നീ പറയരുത്‌.

അസ്‌വാനിൽ
ഒരു ചുമട്ടു തൊഴിലാളിയായിരുന്നെങ്കിൽ
ഞാൻ കരുത്തനായ
പൈസക്കാരനാകുമായിരുന്നു
എന്നും നീ പറയരുത്‌.

സഹോദരാ,
നൈൽ നദി വോൾഗയിൽ ചെന്നു പതിക്കില്ല
കോംഗോയും ജോർദ്ദാൻ നദിയും
യൂപ്രട്ടീസിലും
ചെന്നു ചേരില്ല.

സഹോദരാ,
ഓരോ നദിക്കും ഓരോ ഉറവിടമുണ്ട്‌
ഓരോ ചാലുകളുമുണ്ട്‌
ഓരോ ജീവിതവുമുണ്ട്‌

സഹോദരാ,
നമ്മുടെ ഭൂമി മച്ചിയല്ല.

ഓരോ ഭൂമിക്കും
അതിന്റേതായ പിറന്നാളുകളുണ്ട്‌

ഓരോ പ്രഭാതത്തിനും
വിപ്ലവകരമായ ഒരു വാഗ്‌ദത്ത സമയവും വരാനുണ്ട്‌.

1 comment :

  1. നല്ല പരിശ്രമം.
    കൂടുതല്‍ മൊഴിമാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete