Monday, September 27, 2010
ശത്രുതയെക്കുറിച്ച് രണ്ടു വാക്ക് - അറബിക്കവിത
ശത്രുതയെക്കുറിച്ച് രണ്ടു വാക്ക്
തൌഫീഖ് സയ്യാദ്
(തൗഫീഖ് അമീൻ സയ്യാദ്. 1929 മെയ് - 7 ന് പാലസ്തീനിലെ നസ്രേത്തിൽ ജനിച്ചു. 1994-ൽ ഒരു റോഡപകടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഓസ്ലോ കരാറു കഴിഞ്ഞു തിരിച്ചു വരുന്ന യാസർ അറഫാത്തിനെ സ്വീകരിക്കാൻ പോകുന്നതിനെടെയാണ് അപകടം ഉണ്ടായത്. മഹ്മൂദ് ദർവീശിനെ പോലെ ഇദ്ദേഹവും പോരാട്ടത്തിന്റെ കവിയായി അറിയപ്പെടുന്നു)
മധ്യ പൗരസ്ത്യ ദേശത്തിലേക്ക്
കരിമുകിൽ കണക്കെ
അവർ കടന്നു വന്നത് ഈ വഴിയിലൂടെയാണ്
എന്നിട്ടവർ പൂക്കളെയും കുഞ്ഞുങ്ങളേയും
ഗോതമ്പുമണികളെയും മഴത്തുള്ളികളെയും
നിർദാക്ഷിണ്യം കശാപ്പു ചെയ്തു.
കാലം എത്ര നീണ്ടു പോയാലും
അവർക്കു പോകേണ്ടതും
ഈ വഴിയിലൂടെത്തന്നെയാണ്.
എന്റെ രക്തം ചിന്തുകയും
എന്റെ കണ്ണിന്റെ വെട്ടം പിടിച്ചു വാങ്ങുകയും
എന്റെ തൂലികയെ കുരിശിലേറ്റുകയും ചെയ്ത നിങ്ങൾ
എന്താണ് നാളേക്കു വേണ്ടി പൂഴ്ത്തി വെച്ചത്?
കുറ്റം ചെയ്യാത്ത ഒരു സമൂഹത്തിന്റെ അവകാശങ്ങളാണ്
നിങ്ങൽ തട്ടിപ്പറിച്ചത്.
ഏതു മരുമക്കത്തായം(1) വഴിയാണ്
നിങ്ങൾക്ക് പർവ്വതങ്ങളുടെ പകുതി ലഭിച്ചത്?
ഏതു മരുമക്കത്തായമാണ്
ജോർദാൻ തീരവും
സീനാ പർവതവും
ഈ മലകളും നിങ്ങൾക്കു പതിച്ചു തന്നത്?
യുദ്ധത്തിലൂടെ മറ്റുള്ളവരുടെ അവകാശം
കവർന്നെടുത്താൽ
കാറ്റു തിരിച്ചു വീശുമ്പോൾ
നിങ്ങളുടെ സ്വന്തം അവകാശങ്ങൾ
എങ്ങനെയാണ് നിങ്ങൾ സംരക്ഷിക്കുക.
നിങ്ങളോടെന്തു പറയണമെന്ന് എനിക്കറിയില്ല,
പക്ഷേ, ഒന്നെനിക്കറിയാം..
അവകാശങ്ങൾ ഒരിക്കലും നഷ്ടപ്പെടില്ല
പരാക്രമിയുടെ ശക്തി എന്നും നിലനിൽക്കില്ല.
ഞങ്ങളുടെ ഈ മണ്ണിൽ
അതിക്രമികൾ കൂടുതൽ കാലം അവശേഷിക്കാറില്ല.
അതു കൊണ്ട്
കാതുകൾ പഞ്ഞിയും കളിമണ്ണും കൊണ്ടടച്ചു വച്ച ബധിരന്മാരേ
ഞങ്ങളുടെ സമൂഹത്തിന്റെ മേൽ വച്ച കൈ
ഉടനെ എടുത്തു മാറ്റുക.
ആയിരം പ്രാവശ്യം ഞങ്ങൾ പറയുന്നു
ഞങ്ങൾ മറ്റുള്ളവരുടെ മാംസം തിന്നാറില്ല,
ഞങ്ങൾ കുഞ്ഞുങ്ങളെ അറുകൊല ചെയ്യുകയോ
സ്വസ്ഥമായുറങ്ങുന്ന ആളുകളെ ആക്രമിക്കുകയോ
വീടുകൾ കൊള്ളയടിക്കുകയോ
വിളകൾ നശിപ്പിക്കുകയോ,
കണ്ണുകളെ കെടുത്തിക്കളയുകയോ
ചെയ്യില്ല.
അതിനാൽ
കാതുകൾ പഞ്ഞിയും കളിമണ്ണും കൊണ്ടടച്ചു വച്ച ബധിരന്മാരേ
ഞങ്ങളുടെ സമൂഹത്തിന്റെ മേൽ വച്ച കൈ
ഉടനെ എടുത്തു മാറ്റുക.
ഞങ്ങൾ പുരാതന പൈതൃകങ്ങളെ കൊള്ളയടിക്കാറില്ല
കുറ്റകൃത്യങ്ങളുടെ രുചിയെന്താണെന്ന് ഞങ്ങൾക്കറിയില്ല,
ഒരു കാവ്യത്തെയും ഞങ്ങൾ കത്തിച്ചു കളയില്ല,
ഒരു തൂലികയെയും മുറിച്ചു കളയില്ല,
മറ്റുള്ളവരുടെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യില്ല.
അതു കൊണ്ട്
കാതുകൾ പഞ്ഞിയും കളിമണ്ണും കൊണ്ടടച്ചു വച്ച ബധിരന്മാരേ
ഞങ്ങളുടെ സമൂഹത്തിന്റെ മേൽ വച്ച കൈ
ഉടനെ എടുത്തു മാറ്റുക.
---------------------------------------------------------
(1) ജൂതന്മാരിൽ അമ്മ വഴി അനന്തിരാവകാശം ലഭിക്കുന്ന മരുമക്കത്തായം നിലവിലുണ്ടായിരുന്നു.
Saturday, September 25, 2010
അനുമോദനങ്ങൾ!!!!!!
ജ്ഞാന പീഠ പുരസ്കാരം ലഭിച്ച എന്റെ(യും) വന്ദ്യ ഗുരു ശ്രീമാൻ ഓ.എൻ.വി. കുറുപ്പ് സാറിന് അഭിനന്ദനങ്ങൾ!.
1995-ൽ സ്കൂൾ ഓഫ് പോയെട്രിയുടെ കീഴിൽ യുവകലാസാഹിതി കോഴിക്കോട്ടെ ഫറോക്ക് ചുങ്കത്ത് സംഘടിപ്പിച്ച കേമ്പിൽ മൂന്നു രാപ്പകലുകൾ ഓ.എൻ.വി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കവിതാനുഭവമായിരുന്നു അത്. “നല്ല കവിത നല്ല മനുഷ്യൻ എന്നിവയുടെ സമന്വയമാകട്ടെ ജീവിതം” എന്ന് അന്നദ്ധേഹം എന്റെ ഡയറിയിൽ എഴുതിത്തന്നു.
എന്ന്
സ്വന്തം
മമ്മൂട്ടി കട്ടയാട്.
Monday, September 20, 2010
പരദേശിയുടെ കത്ത് - മഹ്‌മൂദ് ദർവീശ്.
പരദേശിയുടെ കത്ത്
മഹ്‌മൂദ് ദർവീശ്.
അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!...
ഇതല്ലാതെ നിങ്ങൾക്കു തരാൻ
മറ്റൊന്നും എന്റെ കയ്യിലില്ല.
എവിടെ നിന്നു തുടങ്ങണം?
എവിടെ കൊണ്ടവസാനിപ്പിക്കണം?.
ഒരു നിശ്ചയവുമില്ല.
കാലചക്രം നിർത്താതെ കറങ്ങുന്നു,
എന്റെ കയ്യിലെ
വിപ്രവാസത്തിന്റെ മാറാപ്പുകൾ
പരിശോധിച്ചാൽ നിങ്ങൾക്കു കാണാൻ കഴിയുന്നത്:
ഒരു സഞ്ചി,
അതിൽ കുറച്ച് ഉണങ്ങിയ റൊട്ടി,
കുറച്ചു സ്നേഹം,
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ
ഒരു പുസ്തകം എന്നിവയാണ്;
ആ പുസ്തകമെടുത്ത് മറിച്ച്
മുഴുവൻ പുച്ഛത്തോടും കൂടി
അതിന്റെ താളുകളിൽ ഞാൻ തുപ്പി.
എവിടെ നിന്നു തുടങ്ങണം?
ഇന്നലെ വരേ പറഞ്ഞതും
ഇനി നാളെ പറയാനിരിക്കുന്നതും
ഒരു ഹസ്ത ദാനം കൊണ്ടോ
ഒരാശ്ലേഷം കൊണ്ടോ
അവസാനിക്കില്ല.
പരദേശിയെ തിരിച്ചു കൊണ്ടു വരാനോ,
മഴയെ വർഷിപ്പിക്കാനോ,
കിളികളുടെ ഒടിഞ്ഞ ചിറകിലെ
പറിഞ്ഞു പോയ തൂവൽ മുളപ്പിക്കാനോ,
അത്തരം പ്രവർത്തനങ്ങൾക്കു കഴിയില്ല.
എവിടുന്നു തുടങ്ങണം?
അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!,
പിന്നെ...
2
അകാശവാണിയോടു ഞാൻ പറഞ്ഞു:
‘എനിക്കു സുഖമാണെന്ന് അവളോട് നിങ്ങൾ പറഞ്ഞേക്കൂ..’
പൈങ്കിളിയോടു ഞാൻ പറഞ്ഞു:
‘അവളെ കണ്ടു മുട്ടുകയാണെങ്കിൽ
ഞാൻ സുഖമായിരിക്കുന്നു
ഞാൻ സുഖമായിരിക്കുന്നു
എന്നു ചൊല്ലണം..
എന്റെ കണ്ണിൽ കൃഷ്ണമണിയും
ആകാശത്തിൽ ചന്ദ്രികയുമുള്ള
കാലത്തോളം ഞാനവളെ മറക്കില്ലെന്നും പറയണം.
എന്റെ വസ്ത്രം പഴയതാണെങ്കിലും
കീറിപ്പോയിട്ടില്ല
വശങ്ങൾ പിന്നിപ്പോയിട്ടുണ്ടെങ്കിലും
അതു ഞാൻ തുന്നിക്കൂട്ടിയിട്ടുണ്ട്.
എന്നിട്ടും ഞാൻ സുഖമായിരിക്കുന്നു.
എനിക്കിപ്പോൾ ഇരുപത് വയസ്സു കഴിഞ്ഞു
ഉമ്മാ.. എന്നെയൊന്നു സങ്കല്പ്പിച്ചു നോക്കൂ
ഇരുപതു വയസ്സായ ചെറുപ്പക്കാരൻ!
ഞാനിപ്പോൾ ജീവിതത്തെ ധീരമായി അഭിമുഖീകരിക്കുന്നു,
വലിയ ആളുകൾ ചെയ്യുന്നതു പോലെ ഭാരം ചുമക്കുന്നു,
ഹോട്ടൽ ജോലി ചെയ്യുന്നു,
അവിടുത്തെ പാത്രങ്ങൾ കഴുകുന്നു,
പറ്റുകാർക്കു വേണ്ടി കാപ്പിയുണ്ടാക്കി നല്കുന്നു,
ഇടപാടുകാരെ സന്തോഷിപ്പിക്കാൻ
ആകുല വദനത്തിൽ പുഞ്ചിരികൾ ഒട്ടിച്ചു വെക്കുന്നു.
3
എനിക്കു സഖം തന്നെയാണ്,
എനിക്ക് ഇരുപത് വയസ്സായി,
ഉമ്മാ, ഞാനിന്നൊരു ചെറുപ്പക്കാരനാണ്,
ഞാനിപ്പോൾ പുക വലിക്കുന്നു,
മതിലുകളിൽ ചാരിനിന്ന്
അടുത്തു കൂടെ പോകുന്ന സുന്ദരിമാരെ നോക്കി
‘ഏയ്’ എന്നു പറയുന്നു,
മറ്റുള്ളവരേ പോലെ ഞാനും അവരോട്
‘സഹോദരീ നീ വളരെ മനോഹരിയായിരിക്കുന്നു
നിന്നെക്കൂടാതെയുള്ള ജീവിതം
എത്ര മാത്രം കൈപ്പേറിയതാണെന്ന്
നീ ആലോചിച്ചിട്ടുണ്ടോ?.
എന്നു കമന്റടിക്കുന്നു.
അപ്പോഴാണ് എന്റെ കൂട്ടുകാരൻ വന്ന് ചോദിച്ചത്:
’കയ്യിൽ റൊട്ടിയുണ്ടോ?‘
സഹോദർന്മാരേ,
എല്ലാ രാത്രിയും വിശന്നുറങ്ങാൻ വിധിക്കപ്പെട്ട
മനുഷ്യനെന്തു വിലയാണുള്ളത് ?
എനിക്കു സുഖമാണ്,
ഞാൻ സുഖമായിരിക്കുന്നു.
എന്റെ കയ്യിൽ കരിഞ്ഞ റൊട്ടിയുണ്ട്
പച്ചക്കറിയുടെ ചെറിയ ഒരു പാത്രവുമുണ്ട്.
4
റേഡിയോയിൽ ഞാൻ കേട്ടു;
ഭവന രഹിതൻ ഭവന രഹിതനു വേണ്ടി
അർപ്പിക്കുന്ന അഭിവാദ്യം!.
അവരൊന്നിച്ചു പറയുന്നു
‘ഞങ്ങൾക്കു സുഖമാണ്
ഞങ്ങളാരും ദു:ഖിതരല്ല‘ .
എന്റെ വാപ്പയുടെ വിശേഷം എന്താണ്?
മുമ്പത്തെപ്പോലെ ദൈവ കീർത്തനങ്ങൾ,
മക്കൾ, മണ്ണ്, ഒലിവു മരങ്ങൾ എന്നിവയൊക്കെയായി
കഴിയുകയാവും അല്ലേ?
എന്റെ സഹോദരന്മാർക്ക് ജോലിയൊക്കെ കിട്ടിയോ?
അവരെല്ലാം അധ്യാപകന്മാരാകുമെന്ന്
ഒരിക്കൽ വാപ്പ പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു
ഒരിക്കൽ വാപ്പ പറഞ്ഞിരുന്നു
‘എന്റെ ഗ്രാമത്തിൽ ആർക്കും കത്തു വായിക്കാനറിയില്ല
അതു കൊണ്ട്
’പട്ടിണി കിടന്നിട്ടാണെങ്കിലും ഞാൻ അവർക്ക്
പുസ്തകം വാങ്ങിക്കൊടുക്കും‘ എന്ന്.
എന്റെ സഹോദരിമാരുടെ വിശേഷം എന്താണ്?
അവർ വലുതായോ?
വല്ല കല്യാണാലോചനയും വന്നോ?
എന്റെ ഉമ്മാമയുടെ വർത്തമാനം എന്താണ്?
പതിവു പോലെ വാതിൽപ്പടിയിലിരുന്ന്
നമ്മുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും
പുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ടോ?
നമ്മുടെ വീടിന്റെ വിശേഷം എന്താണ്?
ആ മിനുസമുള്ള പടികൾ,
വാതിലുകൾ..!
റേഡിയോയിൽ വീണ്ടും ഞാൻ കേട്ടു;
ഭവന രഹിതർ ഭവന രഹിതർക്ക് എഴുതുന്ന കത്തുകൾ!
അവരെല്ലാം സുഖമായിരിക്കുന്നുവത്രെ!
പക്ഷേ എന്തോ ഒരു വിമ്മിട്ടം എനിക്കനുഭവപ്പെട്ടു
അശുഭകരമായ ചിന്തകൾ
എന്നെ തിന്നുന്നതു പോലെ എനിക്കു തോന്നി.
എന്തു കൊണ്ട് റേഡിയോ
നിങ്ങൾക്കു സുഖമാണെന്നു പറയുന്നില്ല.
(ഈ കവിതയുടെ മുഴുവൻ ഭാഗവും ആവശ്യമുള്ളവർ ബന്ധപ്പെടുക)
Saturday, September 18, 2010
ലോകം മുഴുവൻ കേൾക്കട്ടെ (അറബിക്കവിത)
ലോകം മുഴുവൻ കേൾക്കട്ടെ.(അറബിക്കവിത)
തൌഫീഖ് സയ്യാദ്.(പാലസ്തീൻ കവി)
(1929-1994)
ലോകം മുഴുവൻ കേൾക്കട്ടെ;
ഞങ്ങൾ പട്ടിണി കിടക്കും,
വസ്ത്രം ധരിക്കാതെ ജീവിക്കും,
തുണ്ടം തുണ്ടമായി മുറിഞ്ഞു വീഴും,
വേദന കടിച്ചമർത്തുന്ന നാടേ
നിനക്കു വേണ്ടി പൊട്ടിച്ചിതറി,
മരിച്ചു വീഴും,
എന്നാലും...
നിയവിധേയമായി ഞങ്ങക്കു ലഭിച്ച
സ്വാതന്ത്ര്യത്തിന്റെ പതാക
ഞങ്ങളുടെ കയ്യിൽ നിന്നും ഒരിക്കലും
താഴെ വീഴില്ല.
ഒരു ശക്തിക്കും
ഒരു പിശാചിനും
ഒരു ടാങ്കിനും മുമ്പിലും
ഒരിക്കലും തല കുനിക്കില്ല
ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്
മുല കുടിക്കുന്ന ഒരു കുഞ്ഞു പോലും
ഒരിക്കലും താണു കൊടുക്കില്ല.
Wednesday, September 15, 2010
എന്റെ തിരിച്ചറിയൽ കാർഡ് (അറബിക്കവിത)
എന്റെ തിരിച്ചറിയൽ കാർഡ്
റുദീന അൽ ഫൈലാലി (ലിബിയൻ കവയത്രി)
ജനനം: 26/09/1981, ട്രിപ്പോളി. പിതാവ് മുസ്തഫ അൽ ഫൈലാലി നയതന്ത്ര ഉദ്യോഗസ്ഥനായതു കൊണ്ട് പല നാടുകളിലും മാറി മാറിയായിരുന്നു അവരുടെ വാസം.
ഞാൻ അറബിയാണോ എന്നുറപ്പു വരുത്താനായി
അയാൾ എന്റെ തിരിച്ചറിയൽ കാർഡ് പിടിച്ചു വാങ്ങി,
എന്നിട്ട്, ബോംബ് ഒളിപ്പിച്ചു വെച്ചവനെയെന്ന പോലെ
എന്റെ ഹാന്റ് ബേഗ് അരിച്ചു പെറുക്കി.
എന്റെ ഇരുണ്ട നിശബ്ദതയും
പിടയ്ക്കുന്ന പ്രകൃതവും നോക്കി
അയാൽ കുറച്ചു നേരം ആലോചനയിലാണ്ടു.
അയാളുടെ അഭ്യർത്ഥനയും
തിരിച്ചറിയൽ കാർഡിനെക്കുറിച്ചുള്ള അന്വേഷണവും
എന്നിൽ അത്ഭുതമുളവാക്കി.
എന്തു കൊണ്ട് അയാൾക്ക്
എന്റെ കണ്ണുകൾ കണ്ടിട്ട്
ഞാനൊരറബിയാണെന്ന്
തിരിച്ചറിഞ്ഞില്ല?.
അല്ലെങ്കിൽ ഞാനൊരനറബിയാണെന്ന്
അയാൾ ഊഹിച്ചു?
തിരിച്ചറിയൽ കാർഡ് കാണിക്കാതെ തന്നെ
എനിക്കാ നാട്ടിൽ പ്രവേശിക്കണം;
മറ്റേതോ ഒരു നാട്ടിലെന്ന പോലെ
ഞാൻ കുറെ നേരം കാത്തിരുന്നു.
ഞാനയാളോടു പറഞ്ഞു:
‘എന്റെ അറേബ്യൻ ദേശീയതയ്ക്ക്
തിരിച്ചറിയൽ കാർഡിന്റെ ആവശ്യമില്ല,
പിന്നെന്തിനാണ് ഞാനീ സാങ്കല്പ്പിക അതിർത്തിയിൽ
ഇങ്ങനെ കാത്തു കെട്ടിക്കഴിയുന്നത്‘ ?
എന്റെ മുത്തച്ഛൻ പറഞ്ഞു തന്ന
ആ പഴയ ജാഹിലിയ്യാ കാലത്തെ ഞാൻ ഓർത്തു;
അന്ന് ഒരറബി ഒരു നാട്ടിൽ നിന്നും
മറ്റൊരു നാട്ടിലേക്കു പോകുമ്പോൾ
കൂടെ പൊതിച്ചോറും
അയാളുടെ ഭാഷയും മാത്രമേ കരുതിയിരുന്നുള്ളൂ.
അയാൾ പിന്നേയും എന്റെ പേരും നാടും
ഈ പെട്ടെന്നുള്ള യാത്രയുടെ ഉദ്ദേശവും
എന്താണെന്ന് ചോദിച്ചു കൊണ്ടേയിരുന്നു
എന്റെ ജോലി എന്താണ്?
എനിക്കു വല്ല ക്രിമിനൽ ബാക്ഗ്രൗണ്ടും ഉണ്ടോ?
എന്നും അന്വേഷിച്ചു.
ഞാൻ പറഞ്ഞു:
“ഞാനൊരു സാധാരണ മനുഷ്യനാണ്,
പക്ഷേ ഞാൻ പലപ്പോഴും
കൂട്ടക്കുരുതികൾക്ക് സാക്ഷിയായിട്ടുണ്ട്“.
ശേഷം അയാളെന്റെ ജനന തിയ്യതി ചോദിച്ചു
“ഹിജ്ര വർഷം എത്രാം കൊല്ലമാണ്”?
ഞാൻ പറഞ്ഞു:
മനുഷ്യത്വം പിറന്ന ദിവസം തന്നെയാണ്
ഞാനും പിറന്നത്.
“നിങ്ങൾക്ക് എന്തെങ്കിലും പകർച്ച വ്യാധികളുണ്ടോ”?
ഞാൻ മറുപടി നല്കി
”എന്റെ മകൻ ‘അറബികളുടെ ഐക്യം’ എന്നതിന്റെ അർത്ഥം എന്താണെന്ന്
എന്നോട് ചോദിച്ച ദിവസം
എന്റെ ഹൃദയത്തിന് മാരകമായ
മുറിവേറ്റിരുന്നു“ എന്ന്.
പിന്നെ അയാൾ ചോദിച്ചത്
നിങ്ങൾ മുസ്ലിമാണോ അതോ ക്രിസ്ത്യാനിയാണോ എന്നാണ്
ഞാൻ പറഞ്ഞു:
”എല്ലാ ദൈവിക മതങ്ങളുടെയും ഉടമയായ
തമ്പുരാനെ ഞാൻ ആരാധിക്കാറുണ്ട്“.
അപ്പോൾ അയാളെന്റെ ബേഗും
എന്റെ തിരിച്ചറിയൽ കാർഡും
തിരിച്ചു തന്നു.
എന്നിട്ട് ഇങ്ങനെ ഉത്തരവിട്ടു.
”എന്റെ നാട് സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നില്ല.
നിങ്ങൾ വന്ന സ്ഥലത്തേക്കു തന്നെ
തിരിച്ചു പോയിക്കോളൂ“
Saturday, September 11, 2010
എന്തിനാണിത്ര വേവലാതി? (അറബിക്കവിത)
എന്തിനാണിത്ര വേവലാതി?
ഈലിയ അബൂ മാദി.
ലബനീസ് കവി (1889 - 1957)
ദാരിദ്ര്യം മൂലം ചെറുപ്പത്തിലേ പഠനം നിർത്തി, ജീവിക്കാനായി ഈജിപ്തിലേക്കു പോയി. അവിടെ പുകയിലക്കച്ചവടം നടത്തി. 1912-ൽ തെക്കേ അമേരികയിലേക്ക് കുടിയേറി, അവിടെ സഹോദരൻ മുറാദിന്റെ കൂടി ബിസിനസ്സിൽ പങ്കാളിയായി. അവിടെ വെച്ചു തന്റെ മുതലാളിയുടെ മകളെ വിവാഹം ചെയ്തു. അതിൽ അദ്ദേഹത്തിന് നാലു മക്കളുണ്ടായി. പിന്നീട് ന്യൂയോർക്കിലേക്ക് സ്ഥിര താമസം മാറ്റി. ഖലീൽ ജിബ്രാൻ, മീകായീൽ നഈമ എന്നിവരൊപ്പം ചേർന്ന് സഹിത്യ പ്രവർത്തനത്തിലേർപ്പെട്ടു.
എന്തിനാണു നീയിങ്ങനെ
‘എനിക്കൊന്നുമില്ലല്ലോ’ എന്നു
വേവലാതിപ്പെടുന്നത്?
ഭൂമിയും ആകാശവും നക്ഷത്രങ്ങളും
നിന്റെ സ്വന്തമല്ലയോ!
പൂന്തോപ്പുകളും അതിലെ പൂക്കളും
അവയുടെ സുഗന്ധവും കുളിർ തെന്നലുകളും
പാട്ടുപാടുന്ന ബുൾബുളുകളും
നിന്റേതു മാത്രമല്ലയോ!
പളപള തിളങ്ങുന്ന വെള്ളി ജലാശയം
നിന്റെ ചുറ്റിലും വലയം തീർത്തിരിക്കുന്നു,
കേസരീ രൂപം പൂണ്ട പിംഗള സൂര്യൻ
നിന്റെ മുകളിൽ വെട്ടിത്തിളങ്ങുന്നു,
പാറകളിലും കുന്നിൻ മുകളിലും
പ്രകാശം ഉദിച്ചുയരുകയും
തത്തിക്കളിക്കുകയും ചെയ്യുന്നു.
പ്രകൃതി നിനക്കു വേണ്ടി ഇല പൊഴിക്കുന്നു,
നീയാണെങ്കിലോ കുണ്ഠിതപ്പെട്ട് മിണ്ടാതിരിക്കുന്നു,
പ്രകൃതി നിന്നെ നോക്കി പുഞ്ചിരി തൂകുന്നു,
നീ മുഖം വീർപ്പിച്ചിരിക്കുന്നു,
നഷ്ടപ്പെട്ടു പോയ പ്രതാപത്തിന്റെ പേരിലാണ്
നീ ദുഖിക്കുന്നതെങ്കിൽ
കഷ്ടം! നിനക്ക് ഖേദിച്ചതു മിച്ചം;
അതൊരിക്കലും മടങ്ങി വരില്ല.
വരാനിരിക്കുന്ന ഒരപകടത്തെ ഭയന്നു കഴിയുകയാണോ നീ;
നിന്റെ നിരാസം അതിന്റെ ആഗമനത്തെ തടഞ്ഞു
നിർത്തുമെന്നതും അസംഭവ്യമാണ്.
ഇനി നിനക്കു നിന്റെ യൗവനം കഴിഞ്ഞു പോയെന്ന ആധിയുണ്ടോ?
എന്നാൽ കാലത്തിനു വാർദ്ധക്യം ബാധിക്കുമെന്ന് നീ ജല്പ്പിക്കേണ്ട.
മണ്ണിൽ നിന്നും തല പൊക്കുന്ന ഓരോ ചിത്രത്തെയും
നീ ശ്രദ്ധിച്ചു നോക്കൂ..
അവയുടെ മാസ്മരിക സൗന്ദര്യം മൂലം
അവ സംസാരിക്കുന്നതു പോലെ നിനക്കു തോന്നിപ്പോകും.
Thursday, September 2, 2010
റമളാൻ - ഇന്ന്, ഇന്നലെ (അറബിക്കവിത)
റമളാൻ - ഇന്നിന്റെയും ഇന്നലെയുടെയും മധ്യേ.
(എം.ബി.സി. അറബിക് ചാനലിന്റെ വെബ്സൈറ്റിൽ നിന്നും കിട്ടിയത്,
രചയിതാവ് ആരെന്ന് രേഖപ്പെടുത്തിയിട്ടില്ല.)
റമളാൻ;
പോരിശയുടെയും ഔദാര്യത്തിന്റെയും പുണ്യങ്ങളുടെയും മാസം.
തീറ്റയുടെയും കുടിയുടെയും മധുര പലഹാരങ്ങളുടേയും മാസം!.
സൂപ്പും സമൂസയൂം കന്നാഫ് കേയ്ക്കുമാണ് അവയിൽ മുഖ്യം.
സൂബിയാ പായസവും ബലീല, ലുഖൈമാത് പലഹാരങ്ങളും
ചൂടുള്ള ഫൂലും തമീസും..
അല്ലാഹ് എത്ര നല്ല ഭക്ഷണങ്ങൾ!!
തിന്നുമ്പോഴെല്ലാം വീണ്ടും വീണ്ടും വിളമ്പൂ
എന്നു പറഞ്ഞു പോകുന്നു.
* * *
പ്രൈസ് ലിസ്റ്റുകളുടെ മാസം!
പെട്ടികളുടെ മാസം!
ഉടുപ്പുകളുടെ മാസം!
മാർക്കറ്റുകൾ നിറഞ്ഞു കവിയുന്നു
എങ്ങും റിഡക്ഷൻ സെയിലുകൾ.
ആഘോഷങ്ങൾ, നറുക്കെടുപ്പുകൾ! കൂപ്പണുകൾ!.
കച്ചവടക്കാർക്കെല്ലാം സന്തോഷം!
എങ്ങനെ അവർ സന്തോഷിക്കാതിരിക്കും?
ഗോഡൗണുകളെല്ലാം കാലിയാവുകയല്ലേ!
* * *
യുവാക്കളെല്ലാം പുലരും വരേ ഉറക്കമൊഴിക്കുന്നു,
പകൽ മുഴുവൻ സുന്ദരമായ സ്വപ്നങ്ങൾ കണ്ട് കിടന്നുറങ്ങുന്നു.
തെരുവുകളിൽ അലഞ്ഞു തിരിയുന്നു,
കാല്പന്തു കളിയും മൽസരവും മുറുകുന്നു,
നാട്ടിൻപുറത്തും നിരത്തുകളിലും
തരുണീമണികൾ തിരക്കിലാണ്
ചിലർ തറാവീഹിനെന്നു പറഞ്ഞു പോകുന്നു.
മനോഹരമായി പരായണം ചെയ്യുന്ന ശബ്ദത്തിന്റെയുടമ
കരയുന്നുന്നത് അതിന്റെ അർത്ഥം അറിഞ്ഞിട്ടൊന്നുമല്ല.
* * *
ടെലിവിഷൻ പ്രോഗ്രാമുകളാണെങ്കിൽ
പറയാതിരിക്കുന്നതാണു ഭേതം.
നറുക്കെടുപ്പുകൾ, മത്സരങ്ങൾ,ഗാനമേളകൾ,
നൃത്ത നൃത്ത്യങ്ങൾ, വീഡിയോ ക്ലിപ്പുകൾ,
വളിച്ച സിനിമകൾ, സീരിയലുകൾ.
മേൽ പറഞ്ഞതെല്ലാം റമളാന്റെ അവിഭാജ്യ ഘടകമായി നീ കാണുന്നു,
പിന്നെങ്ങിനെ ജനങ്ങൾ ഈ പരശ്ശതം ആനന്ദങ്ങളുടെ മാസത്തെ
ഇഷ്ടപ്പെടാതിരിക്കും?
* * *
പ്രയപ്പെട റമളാൻ;
നിനക്കു വിശ്വാസം വരില്ലെന്നെനിക്കറിയാം,
മേൽ പറഞ്ഞ വിശേഷണങ്ങളൊക്കെയും
എന്നെ വല്ലാതെ നോവിക്കുന്നുണ്ട്.
നീ വീരേതിഹാസങ്ങളുടെയും
ചരിത്ര വിജയങ്ങളുടെയും മാതാവാണ്.
പുണ്യങ്ങളുടെയും ഔദാര്യങ്ങളുടേയും
പതിന്മടങ്ങായി ലഭിക്കുന്ന നന്മകളുടെയും മാതാവേ,
ഞങ്ങളുടെ പൂർവികർ വികാരങ്ങളോടും ശരീരങ്ങളോടും
ശത്രുവിനോടും പൊരുതി ഏറ്റവും മഹത്തരവും
മനോഹരവുമായ ചരിത്രം രചിച്ചത് നിന്റെ കൺമുമ്പിൽ വെച്ചാണ്.
നിനക്കു വേണ്ടി അവർ എല്ലാ വികാരങ്ങളും
ആനന്ദങ്ങളും വിനോദങ്ങളും കൈവെടിഞ്ഞു.
വ്രതം എന്നാൽ അനുവദനീയമായതിൽ നിന്നു മാത്രം
വിട്ടു നില്ക്കലാണെന്ന് അവർ ധരിച്ചിരുന്നില്ല.
മറിച്ച്, അതിനേക്കാളൊക്കെ മുഖ്യം
അനാവശ്യങ്ങളും ഹറാമുകളും മോശം സംഗതികളും
വെടിഞ്ഞിരിക്കലാണെന്നാണ് അവർ ഉറച്ചു വിശ്വസിച്ചു.
ഏഷണിയും പരദൂഷണവും കളവും അന്യ സ്ത്രീകളെ നോക്കലും
ഉപേക്ഷിക്കുന്നവനേ നോമ്പുകാരനാവാൻ കഴിയുകയുള്ളൂ എന്നും
അവർ മനസ്സിലാക്കി.
ചലചിത്രം ചൂതാട്ടം, ശീശ, അധിക്ഷേപം, തെറി,
ഹറാമായ സംഗീതങ്ങൾ, ആരാധനാലയങ്ങളിലും ഷോപ്പിങ്ങ് സെന്ററുകളിലും
സ്ത്രീകളെ പിന്തുടരുക എന്നിവയെല്ലാം
വ്രത ശുദ്ധിയെ പിച്ചിച്ചീന്തുമെന്നും അവർ തിരിച്ചരിഞ്ഞു.
* * *
നമ്മുടെ പൂർവ്വികർ ഇന്നത്തെ മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും
കണ്ടു മുട്ടിയാൽ നാണിച്ചു തല താഴ്ത്തും.
നഷ്ടപ്പെട്ട കാലത്തെക്കുറിച്ചു ദുഖിക്കും.
നമ്മുടെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എന്തു പറ്റി എന്നവർ ചോദിക്കും.
ഇക്കോലത്തിൽ അവരെങ്ങനെ പുണ്യം നേടുമെന്നവർ അതിശയപ്പെടും.
ഇവരുടെ നോമ്പിന്റെ ബാക്കി പത്രം വിശപ്പും ദാഹവും മാത്രമാണ്,
ഇവരുടെ പ്രാർത്ഥനകൾ കൂലി കിട്ടാത്ത വെറും പണിയാണ്
എന്നുമവർ ധരിക്കും.
അതു കൊണ്ട് മുസ്ലിം ചെറുപ്പക്കാരേ, ചെറുപ്പക്കാരികളേ,
ഉണരൂ.. പിശാചിന്റെ കേളികളിൽ നിന്നും രക്ഷപ്പെടൂ..
അവൻ നിങ്ങളുടേതെല്ലാം നഷ്ടപ്പെടുത്തും.
* * *
റമളാൻ, ഔദാര്യത്തിന്റെയും ദാനത്തിന്റെയ്യും ധർമ്മത്തിന്റെയും മാസം.
അതിന്റെ ഓരോ രാത്രികളിലും പരശ്ശതം ആളുകളെ
നരകത്തിൽ നിന്നു മോചിപ്പിക്കുന്നുണ്ട്,
ഈ മാസത്തിൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും,
ആയിരം മാസങ്ങളേക്കാൾ പവിത്രമായ
ലൈലതുൽ ഖദർ ഈ മാസത്തിലാണുള്ളത്.
ഓരോ ദിവസവും നമ്മുടെ നാഥൻ തന്റെ അടിമകളെ
സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്,
ഈ മാസത്തിൽ പിശാചുകളെ പിടിച്ചു കെട്ടും,
പുണ്യങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലമുണ്ട്,
ആ രാത്രികളിൽ അത്താഴം കഴിക്കൽ സുന്നത്താണ്
അതിൽ ബറകത്ത് ഉണ്ടാവും,
മക്കാ വിജയവും ബദർ യുദ്ധവും നടന്നത് ഈ മാസത്തിലാണ്.
ഈ മാസത്തിലെ ഒരു ഉംറയ്ക്ക് ഒരു ഹജ്ജിന്റെ പ്രതിഫലമുണ്ട്.
റമളാൻ നരകത്തെ കാക്കുന്ന കോട്ട മതിലാണ്
നോമ്പുകാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി
മലക്കുകൾ പാപ മോചനത്തിനായി പ്രാർത്ഥിക്കും.
നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാർത്ഥനക്ക് ഉത്തരം കിട്ടും.
നോമ്പുകാരന് രണ്ടു സന്തോഷങ്ങളാണുള്ളത്;
ഒന്നു നോമ്പ് തുറക്കുമ്പോഴും
രണ്ടാമത്തേത് നാളെ തന്റെ നാഥനെ കണ്ടു മുട്ടുമ്പോഴും.
റയ്യാൻ എന്ന സ്വർഗ്ഗ കവാടത്തിലൂടെ നോമ്പുകാർ മാത്രമേ
അകത്തു കടക്കുകയുള്ളൂ..
നിരാശപ്പെടേണ്ട
സമയം വൈകിയിട്ടില്ല.
പുണ്യത്തിന്റെ പൂക്കാലത്തിലേക്ക് നടന്നടുക്കൂ..
എല്ലാ ആശംസകളും നേരുന്നു.
Subscribe to:
Posts
(
Atom
)