Tuesday, April 20, 2010

മനുഷ്യനെക്കുറിച്ച് - മഹമൂദ് ദർവീശ്



മനുഷ്യനെക്കുറിച്ച് -
മഹമൂദ് ദർവീശ്

അവര്‍ അയാളുടെ ചുണ്ടുകളില്‍ മുദ്ര വെച്ചു
അവര്‍ അയാളുടെ കൈകളെ
ശവക്കല്ലറയില്‍ ബന്ധിച്ചു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ കൊലയാളി"

അവര്‍ അയാളുടെ ഭക്ഷണവും
വസ്ത്രവും പതാകയും പിടിച്ചു വാങ്ങി
മൃത്യുവിന്‍റെ തടവറകളിലേക്ക് വലിച്ചെറിഞ്ഞു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ തസ്കരന്‍"

തുറമുഖങ്ങളില്‍ നിന്നു തുറമുഖങ്ങളിലേക്ക്
അവരവനെ ആട്ടിയോടിച്ചു
അയാളുടെ ചെറുപ്പക്കാരിയായ
ഭാര്യയെ അവര്‍ അപഹരിച്ചു;
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ അഭയാര്‍ഥി"

കണ്ണു കലങ്ങിയ
കൈകള്‍ രക്തം പുരണ്ട യുവാവേ
രാത്രികള്‍ പോയ് മറയും
കരുതല്‍ തടങ്കലുകളും
ചങ്ങലക്കണ്ണികളും തകര്‍ന്നടിയും

നീറോ മരിച്ച ശേഷവും
റോമാ നഗരം അവശേഷിച്ചിരുന്നു
അവളുടെ കണ്‍മുമ്പില്‍ വെച്ചാണല്ലോ
നീ പൊരുതിയിരുന്നത്

കതിര്‍മണികള്‍ ചത്തു മണ്ണടിയും
പക്ഷെ പിന്നീടൊരിക്കല്‍
ഈ മലയാടിവാരങ്ങള്‍
കതിരുകള്‍ കൊണ്ടു നിറയുക തന്നെ ചെയ്യും
.

(വളരെ മുമ്പ് രിസാല വാരികയിൽ എന്റെ ഈ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപ്പെട്ടുപോയ അതിന്റെ കോപ്പി ഇപ്പോൾ എനിക്ക് നെറ്റിൽ നിന്നാണ്‌ കിട്ടിയത്)

1 comment :

  1. എവിടെയും അഭയാര്‍ത്ഥികളും വേട്ടക്കാരുമൂണ്ട്.
    പലായനങ്ങളും ചോരക്കറയും
    പെണ്ണിന്റെ അപഹരണവും.

    ഈഡിപ്പസും അപഹരിച്ചത് തോറ്റവന്റെ പെണ്ണിനെയാണല്ലൊ. അമ്മയെന്നറിയാതെ. സോണയാണ് ഈ ബ്ലോഗിനെപ്പറ്റി പറഞ്ഞത്. അവനു പ്രത്യേകം നന്ദി.

    ReplyDelete