Saturday, February 13, 2010

അപരിചിതർ - സമീഹ്‌ അൽ ഖാസിം.

Artwork: courtesy (armie)
അപരിചിതർ.
സമീഹ്‌ അൽ ഖാസിം.

മറ്റുള്ളവർ പാട്ടു പാടുമ്പോൾ
ഞങ്ങൾ കരയുകയായിരുന്നു.

മറ്റുള്ളവർ ആകാശം തറ്റുടുത്തപ്പോൾ
ഞങ്ങൾ ആകാശത്തിനു കീഴെ
അഭയാർത്ഥികളായി കഴിയുകയായിരുന്നു.

എന്തു കൊണ്ടെന്നാൽ...
ഞങ്ങൾ ദുർബലരും
അപരിചിതരുമായിരുന്നു.

മറ്റുള്ളവർ കളിക്കുകയും
പാട്ടു പാടുകയും ചെയ്യുമ്പോൾ
ഞങ്ങൾ വിലപിക്കുകയും
പ്രാർത്ഥിക്കുകയുമായിരുന്നു.

* * *
വിളിച്ചു കൊണ്ടു പോയ
ശൂന്യതയുടെ ചക്രവാളത്തിനപ്പുറത്തേക്ക്‌
ചോര കിനിയുന്ന മുറിവുകളും പേറി
ഞങ്ങൾ നടന്നു പോയി.
അനാഥരുടെ സംഘം!!
ഇരുണ്ട അന്യഥാത്വത്തിൽ
വർഷങ്ങളോളം ഞങ്ങൾ ചുരുണ്ടു കൂടി

മറ്റുള്ളവർ പാട്ടു പാടുമ്പോഴും
ഞങ്ങൾ പരദേശികളായി തന്നെ കഴിഞ്ഞു.

സീന മരുഭൂമിയിൽ നാൽപ്പതു കൊല്ലം
ഞങ്ങൾ അലഞ്ഞു തിരിഞ്ഞു
പിന്നീടവർ വന്നു.
മറ്റുള്ളവർ മടങ്ങി വന്നപ്പോൾ
ഞങ്ങൾ വീണ്ടും യാത്ര പുറപ്പെടേണ്ടി വന്നു,

എവിടേയ്ക്ക്‌ പോകും?
എത്ര കാലം
അലഞ്ഞു തിരിഞ്ഞ്‌
അഭയാർത്ഥികളായി കഴിയേണ്ടി വരും?.
(ഒരു നിശ്ചയവുമില്ല.)

No comments :

Post a Comment