Wednesday, October 28, 2009

ഹജ്ജ്‌ - അബൂ നുവാസ്‌


ഹജ്ജ്‌ - അബൂ നുവാസ്‌
ഞങ്ങളുടെ ദൈവമേ,
നീ എത്ര വലിയ നീതിമാൻ!!
നിന്റെ ആധിപത്യത്തിന്നു കീഴിൽ
നീ തന്നെ സർവ്വാധിപൻ

നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്യുന്നു,
വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു,
എല്ലാ സ്തോത്രങ്ങളും നിനക്കാകുന്നു,

അധികാരങ്ങളും നിനക്കു തന്നെ
നിനക്കതിൽ ഒരു പങ്കുകാരുമില്ല
നിന്നോട്‌ ചോദിച്ചവനൊന്നും
നിരാശനായി മടങ്ങാറില്ല.

നിനക്കു ഞാനുത്തരം ചെയ്യുന്നു
സ്തോത്രങ്ങളെല്ലാം നിനക്കാകുന്നു
എങ്ങോട്ടു പോയാലും ആ ദാസന്‌ നീ മാത്രമേ ഉള്ളൂ
നീ ഇല്ലെങ്കിൽ, എന്റെ നാഥാ,
അവൻ നശിച്ചതു തന്നെ,

നിനക്കു വീണ്ടും ഉത്തരം ചെയ്യുന്നു,
വീണ്ടും നിന്നക്കു സ്തുതി!!
നിനക്കു കൂട്ടാളികളേതുമില്ല,

ഇരുണ്ട രാത്രികളും
ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളും
മുഴുവൻ പ്രവാചകന്മാരും മലക്കുകളും
എല്ലാ ഭൂനിവാസികളും
നിനക്കുള്ളതാകുന്നു,
അവ പ്രാർത്ഥിക്കുന്നതും
പുകഴ്ത്തുന്നതും നിന്നെ മാത്രമാകുന്നു

നിന്റെ വിളി ഞാൻ കേൾക്കുന്നു
നിനക്കാകുന്നു സ്തുതികളഖിലവും
അധികാരവും നിനക്ക്‌,
നിനക്കതിൽ പങ്കുകാരേതുമില്ല

പാപികളേ,
എന്താണ്‌ നിങ്ങൾ അമാന്തിക്കുന്നത്‌?
വേഗമാകട്ടെ, പ്രതീക്ഷകൾ പെട്ടെന്നു പൂവണിയട്ടെ,
കർമ്മങ്ങൾക്ക്‌ ശുഭ പര്യവസാനമുണ്ടാകട്ടെ,

(നാഥാ..)
ഞാൻ വീണ്ടും നിന്റെ വിളിക്കുത്തരം ചെയ്യുന്നു
നിനക്കു സ്തോത്രം
അധികാരവും നിനക്ക്‌
നിനക്ക്‌ പങ്കുകാരേതുമില്ല.

No comments :

Post a Comment