മഹ്മൂദ് ദർവീശ്
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്.
പാസ്പോർട്ടിലെ
നിറം മങ്ങിയ എന്റെ ചിത്രം കണ്ട്
അവരെന്നെ തിരിച്ചറിഞ്ഞില്ല.
ചിത്രങ്ങൾ ശേഖരിക്കുന്നത് ഹോബിയാക്കിയ
വിനോദ യാത്രക്കാരനുള്ള
പ്രദർശന വസ്തുവാകുന്നു
അവർക്കെന്റെ മുറിവുകൾ
കഷ്ടം!, അവരെന്നെ തിരിച്ചറിഞ്ഞില്ല
എന്റെ കൈകൾ സൂര്യ പ്രകാശത്തിൽ നിന്ന്
നിങ്ങൾ മറച്ചു വെക്കരുത്
കാരണം മരങ്ങൾക്കെന്നെ തിരിച്ചറിയാം
മഴയുടെ സംഗീതങ്ങൾക്കും
എന്നെ തിരിച്ചറിയാം.
നിറം മങ്ങിയ ചന്ദ്രികയെപ്പോലെ
നിങ്ങളെന്നെ ഉപേക്ഷിക്കാതിരുന്നാലും.
അകലെയുള്ള വിമാനത്താവളം വരേ
എന്റെ കൈകളെ പൈന്തുടർന്ന കിളികളെയും
എല്ലാ ഗോതമ്പു പാടങ്ങളെയും
എല്ലാ തടവറകളെയും
എല്ലാ വെളുത്ത കുഴിമാടങ്ങളെയും
എല്ലാ അതിരുകളെയും
വീശിക്കൊണ്ടിരിക്കുന്ന
മുഴുവൻ തൂവാലകളെയും
ഓരോ മിഴികളെയും
അവരെന്റെ പാസ്പ്പോർട്ടിൽ നിന്ന്
കുടിയിറക്കിക്കളഞ്ഞു.
എന്റെ കരങ്ങൾ പടുത്തുയർത്തിയ മണ്ണിൽ
ഞാനിന്ന് പേരും പെരുമയുമില്ലാത്തവൻ
ദിഗന്തങ്ങൾ ഭേതിക്കുമാർ ഉച്ചത്തിൽ
അയ്യൂബ് അട്ടഹസിച്ചു:
"ദൈവമേ, രണ്ടാമതൊരിക്കൽ കൂടി
എന്നെ നീ ഒരു ദൃഷ്ടാന്തമാക്കരുതേ"
മാന്യമഹാ ജനങ്ങളേ,
ബഹുമാനപ്പെട്ട പ്രവാചകന്മാരേ,
മരങ്ങളോട് അവയുടെ പേരുകൾ
നിങ്ങൾ ചോദിക്കരുത്
മലയടിവാരങ്ങളോട് അവയുടെ
മാതാക്കളെ ക്കുറിച്ചും ചോദിക്കരുത്.
എല്ല മനുഷ്യ ഹൃദയങ്ങളും
എന്റെ നാട്ടുകാരാകുന്നു.
അതിനാൽ
ദയവു ചെയ്ത്
എന്റെ പാസ്പോർട്ട്
നിങ്ങൾ തിരിച്ചെടുത്തോളൂ.
Wednesday, September 3, 2008
മഹ്‌മൂദ് ദർവീശിന് ആദരാഞ്ജലികൾ....

മഹ്‌മൂദ് ദർവീശിന് ആദരാഞ്ജലികൾ....
"എനിക്കറിയാം അവർ ശക്തരാണെന്ന്, യുദ്ധം നടത്താനും ആരെയും കൊല്ലാനും അവർക്ക് കഴിയുമെന്നും. പക്ഷെ, അവർക്കെന്റെ വാക്കുകളെ തകർക്കാനോ അവയ്ക്കു മുകളിൽ ആധിപത്യം സ്ഥാപിക്കാനോ കഴിയില്ല".
തന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "അൽ-കർമൽ" മാസികയുടെ റാമള്ളയിലെ ഓഫീസും സാംസ്കാരിക കേന്ദ്രവും ഏരിയേൽ ഷാറൂണിന്റെ സൈന്യം തകർത്തു തരിപ്പണമാക്കി എന്ന് ലബനാണിന്റെ തലസ്ഥാനമായ ബെയ്‌രൂത്തിൽ വെച്ച് കേട്ടപ്പോൾ പാലസ്തീന്റെ പ്രിയപ്പെട്ട കവി മഹ്മൂട് ദർവിശ് പറഞ്ഞതാണിത്. ഈ ആക്രമണത്തിന്റെ നാലു ദിവസം മുമ്പ് അദ്ദേഹം റാമല്ലയിൽ ഒരു സാംസ്കാരിക സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. രണ്ട് നോബൽ സാഹിത്യ സമ്മാന ജേതാക്കളടങ്ങുന്ന വേൾഡ് ബുക് പാർലിമന്റ് അതിഥികളും ആയിരത്തോളം പ്രതിനിധികളും അന്ന് ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
1941 മാർച്ച് 15-ന്, ഇന്ന് ഇസ്രയേലിൽ സ്ഥിതി ചെയ്യുന്ന, അൽ ബിർവ ഗ്രാമത്തിൽ സലീം-അൽ ഹൂരിയ്യ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായി ജനിച്ച മഹ്മൂട് ദർവിഷ് 6-ആം വയസ്സിൽ തുടങ്ങിയ പലായനം അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും രണഭൂമികൾ താണ്ടി ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെക്ശാസിലെ മെമോറിയൽ ഹെർമൻ ഹോസ്പിറ്റലിൽ വെച്ചവസ്സനിപ്പിച്ചു. 67 വയസ്സ് പ്രായമായിരുന്നു. ആജീവനാന്തം ഏതൊരാവശ്യത്തിന്നു വേണ്ടി പോരാടിയോ അതു പുലർന്നു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. അതുകൊണ്ടു മാത്രം അദ്ദേഹം പരാജയപ്പെട്ടു എന്നു നമുക്ക് പറയാൻ കഴിയില്ല. കാരണം അദ്ധേഹത്തിന്റെ ഒരിക്കലും മരിക്കാത്ത വരികൾ ഏക്കാളത്തേയും പോരാളികളുടെ സിരകളിൽ അഗ്നിയായി ജ്വലിച്ചു കൊണ്ടിരിക്കും.
1947-ൽ യു. എൻ. പാലസ്തീൻ രാജ്യത്തെ വെട്ടിമുറിച്ച് വലിയൊരു കഷണം ജൂതന്മാർക്ക് നൽകി. അങ്ങനെ ഇസ്രയേൽ എന്ന ഒരു രാജ്യമുണ്ടായി. അതിനു ശേഷം തങ്ങളുടെ കീഴിലുള്ള മുഴുവൻ പാലസ്തീൻ ഗ്രാമങ്ങളും അടിച്ചു തകർക്കാനാരംഭിച്ചു. പാലസ്തീൻ നിവാസികൾ കൂട്ട പലായനം തുടങ്ങി. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് തന്നെ അന്ന് പലായനം ചെയ്ത 72,600-900,000 ആളുകൾക്കൊപ്പം ദർവീശ് കുടുംബവും പിറന്ന നാടും വിട്ട് പുറത്തു പോകേണ്ടി വന്നു. യു. എന്നിന്റെ ഔദാര്യത്തിൽ ഒരു വർഷക്കാലം പാലസ്തീൻ അഭയാർത്ഥി കേമ്പുകളിൽ താമസിച്ചു. 1949-ൽ ദർവീശിന്റെ കുടുംബം ഇസ്രയേലിലേക്കു "നുഴഞ്ഞു കയറി". പക്ഷേ, മറ്റ് 400-ഒാളം പാലസ്തീൻ ഗ്രാമങ്ങളും പോലെ ബിർവ്വയും പറ്റെ തകർന്നിരിക്കുകയായിരുന്നു. ഇക്കാലത്തെ അനുസ്മരിച്ചു കൊണ്ട് മഹ്മൂട് ദർവിശ് പറയുന്നു.
"രണ്ടാമതൊരിക്കൽ കൂടി ഞങ്ങൾ അഭയാർത്ഥികളായി മാറി. ഇപ്പോൾ ഞങ്ങൾ സ്വന്തം നാട്ടിൽ തന്നെയാണ് അഭയാർത്ഥികളാകേണ്ടി വന്നത്. ആ മുറിവുകൾ ഞങ്ങൾക്കൊരിക്കലും മറക്കാനാവില്ല".
മഹ്മൂട് ദർവീശിന് നാലു സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. പിതാവ് സലീം കർഷകനായിരുന്നു. പിതാമഹനും കർഷകനായിരുന്നു. ഉമ്മ നിരക്ഷരയായിരുന്നു. എന്നാലും ഞാൻ കവിയായിത്തീരുവാൻ ഉമ്മ ആഗ്രഹിച്ചിരുന്നു വേന്ന് ദർവീശ് പറയുന്നുണ്ട്.
തിരിച്ചറിയൽ കാർഡ് എന്ന അദ്ദേഹത്തിന്റെ കവിതയിൽ സ്വന്തം കുടുംബ ചരിത്രം തന്നെയാണ് വരച്ചു കാട്ടുന്നത്.
"എഴുതിക്കോളൂ, ഞാനോരറബിയാകുന്നു,
കരിങ്കൽ ക്വാറിയിൽ കഠിനാധ്വാനം ചെയ്യുന്ന
തൊഴിലാളി സുഹൃത്തുക്കളുടെ കൂടെയാണ്
ഞാൻ പണിയെടുക്കുന്നത്.
എനിക്ക് എട്ടു മക്കളാണുള്ളത്...
എന്റെ പിതാവ് ഒരു കർഷക കുടുംബത്തിൽ ജനിച്ചവനാണ്
പുകൾപെറ്റ തറവാട്ടിൽ പിറന്നവനല്ല
എന്റെ വല്യച്ഛനും
പേരും പെരുമയുമില്ലാത്ത ഒരു കർഷകനായിരുന്നു".
ഏഴാം വയസ്സിൽ തന്നെ മഹ്മൂട് കവിതയെഴുതിതുടങ്ങിയത്രെ. 1961-ൽ അദ്ദേഹം ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ(റകാഹ്) അംഗമായി. ജൂതന്മാരും അറബികളുമായി ഇടകലർന്നു പ്രവർത്തിച്ചു. ഇസ്രയേൽ സൈന്യം പാലസ്തീനികൾക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചതിനെത്തുടർന്ന് മഹ്മൂട് ദർവീശിന്റെ പാസ്പോർട്ട് കണ്ടു കെട്ടി. 1961 മുതൽ 1969 വരെ ഹൈഫയിൽ നിന്ന് പുറത്തു പോകാൻ അനുമതി ലഭിച്ചില്ല. പുറത്തു പോകാൻ ശ്രമിച്ചു എന്ന കാരണത്താൽ പലപ്പോഴും അദ്ദേഹം പിടിക്കപ്പെട്ടു.
1964-ലെ "ഒലിവിലകൾ" എന്ന കവിതയും 1969-ലെ "പാലസ്തീന്റെ കാമുകൻ" എന്ന കവിതയും പുറത്തിറങ്ങിയതോടെ ദർവീശ് പോരാട്ടങ്ങളുടെ കവിയായി അറിയപ്പെട്ടുതുടങ്ങി. ഇരുപത്തിരണ്ടാം വയ്സ്സിൽ അദ്ദേഹം എഴുതിയ "ഐഡന്റിറ്റി കാർഡ്" എന്ന കവിത പ്രതിഷേധത്തിന്റെ ജനശബ്ദമായി മാറിയപ്പോൽ 1967-ൽ അദ്ദേഹത്തെ താമസ സ്ഥലത്തു വെച്ച് അറസ്റ്റു ചെയ്തു. പാലസ്തീൻ ബാലൻ ഒരിസ്രയേൽ സൈനികനോട് നടത്തുന്ന വാഗ്വാദങ്ങളാണ് കവിതയിലെ പ്രമേയം. ജയിലിൽ കഴിയുന്ന മകൻ സ്വന്തം ഉമ്മക്കെഴുതുന്ന സ്നേഹാർദ്രമായ കവിതയാണ് അദ്ദേഹത്തിന്റെ "എന്റെ ഉമ്മയ്ക്ക്" എന്ന കവിത.
ഇസ്രയേലിൽ ഉപരി പഠനം നടത്താൻ മഹ്മൂട് ദർവിശിൻ അനുവാദം ലഭിച്ചില്ല. അതുകൊണ്ടദ്ദേഹം മോസ്കോയിലേക്ക് പോയി. മോസ്കോ സ്മരണകളിൽ അദ്ദേഹം എഴുതി: "ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിക്ക് മോസ്കോ അയാളുടെ വത്തിക്കാനാകുന്നു. പക്ഷെ, അവിടം സ്വർഗ്ഗമൊന്നുമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു"
1971-ൽ അദ്ദേഹം ഈഗിപ്തിലെത്തി അൽ-അഹ്‌റാം ദിനപ്പത്രത്തിൽ ചേർന്നു. ഇനിയൊരിക്കലും പാലസ്തീനിലേക്കില്ല എന്ന് കരുതിയെങ്കിലും 1973-ൽ അദ്ദേഹം ഹൈഫായിലെത്തി പാലസ്തീൻ വിമോചക സംഘടനയിൽ ചേർന്നു. അതോടു കൂടി ഇസ്രയേലിലേക്കു പ്രവേശിക്കുവാനുള്ള അവകാശം എന്നെന്നേക്കുമായി നിഷേധിക്കപ്പെട്ടു.
മഹ്മൂട് ദർവിശിന് കവിത ജീവിതം തന്നെയായിരുന്നു. കുടുംബ ജീവിതം തനിക്കു പറ്റിയതല്ലെന്ന് അദ്ദേഹം കുറ്റ സമ്മതം നടത്തുന്നുണ്ട്. സിറിയൻ കവി നിസാർ ഖബ്ബാനിയുടെ സഹോദര പുത്രി റനാ ഖബ്ബാനിയാണ് ആദ്യ ഭാര്യ. 1977-ൽ വാഷിങ്ങ്ടണിൽ വെച്ച് അവർ വിവാഹിതരായി. ആ ബന്ധം 3 കൊല്ലവും നാലു മാസവും മാത്രമേ നില നിന്നുള്ളൂ. എൺപതുകളുടെ മദ്ധ്യത്തിൽ അദ്ദേഹം ഒരു ഈജിപ്ത‍്യൻ വിവർത്തകയെ വിവാഹം ചെയ്തു. അതും ഒരു കൊല്ലം മാത്രമാണ് നീണ്ടു നിന്നത്. ആ വേർപാടിനെ സ്മരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് "ഒരാൾക്കും പരിക്കേൽക്കാതെ ഞങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടു" എന്നാണ്. മൂന്നാമതൊരു വിവാഹം ഞാൻ കഴിച്ചിട്ടില്ല. കഴിക്കുകയുമില്ല എന്നും ആണയിടുന്നു. അദ്ദേഹം തുടർന്നു പറയുന്നു: "ഞാൻ ഏകാന്തത്തയുടെ ലഹരി ബാധിച്ചവനാണ്, എനിക്കു കുട്ടികളുണ്ടാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത് ചിലപ്പോൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറലാവാം. എന്നാൽ കവിതയാണെന്റെ അച്ചുതണ്ട്, എന്റെ കവിതയെ സഹായിക്കുന്നതെന്തോ അത് ഞാൻ ചെയ്യും. അതിന് ദോഷം ചെയ്യുന്നതൊന്നും ഞാൻ ചെയ്യുകയുമില്ല.
സ്നേഹത്തിലും താനൊരു പരാജയമായിരുന്നു എന്നും കവി കുംഭസരിക്കുന്നു. "സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്; പക്ഷേ, അവസാനമാകുമ്പോഴെക്കും എന്റെ വികാരങ്ങൾ കീഴ്മേൽ മറിയുകയാണ്. അപ്പോൽ സ്നേഹത്തെ ഞാൻ പ്രാപിച്ചിട്ടില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. സ്നേഹം ജീവിതമാകണം. ഓർക്കാനുള്ളത് മാത്രമാവരുത്ത്".
പാലസ്തീൻ വിമോചക മുന്നണിയിൽ ചേർന്നിരുന്നെങ്കിലും മഹ്മൂട് ദർവിശ് ഒരു സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയ പദവികൾ സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല. 1971-ൽ യാസർ അറഫാത്ത് ദർവീശിനോട് പറഞ്ഞു: "താങ്കളിൽ ഞാൻ പാലസ്തീന്റെ പരിമളം ശ്വസിക്കുന്നു" എന്ന്. എന്നിട്ടും അദ്ദേഹം സാംസ്കാരിക മന്ത്രിയുടെ പദവി വേണ്ടെന്നു വെച്ചു. 1993-ൽ ഓസ്‌ലോ കരാറിൽ ഒപ്പു വെച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം വിമോചക മുന്നണിയിൽ നിന്നും രാജി വെച്ചു. ജോർദാൻ തലസ്താനമായ അമ്മാനിൽ സ്വന്തമായ വീടുണ്ടായിട്ടു പോലും 1996 മുതൽ മരണം വരേ, അദ്ദേഹം രാമല്ലയിൽ കഴിഞ്ഞു കൂടി. അദ്ദേഹം പറയുമായിരുന്നു: "ഒരായുസ്സു മുഴുവൻ അതിർത്തിക്കപ്പുറത്ത് അഭയാർത്ഥി ക്കേമ്പുകളിൽ കഴിഞ്ഞു കൂടിയവനാണ് ഞാൻ. അഭയാർത്ഥിക്കേമ്പെന്നത് ഭൂമി ശാസ്ത്രപരമായ ഒരു സംവിധാനമല്ല. പിറന്ന മണ്ണിനെപ്പോലെ അതും പോകുന്നിടത്തേക്കൊക്കെ ഞാൻ കൊണ്ടു പോകുമായിരുന്നു".
ഇസ്രയേലിൽ പാർക്കുന്ന അദ്ദേഹത്തിന്റെ മാതാവിനെയും കുടുംബക്കാരെയും കാണാൻ പോകാൻ 1999-ൽ ദർവിശിന് അനുവാദം കിട്ടിയിരുന്നു. 2000-ൽ അദ്ദേഹത്തിന്റെ മാതാവ് കാൻസർ പിടിപെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൽ അവരെ സന്ദർശിക്കാൻ അതികൃതർ അദ്ദേഹത്തിന് അനുവാതം കൊടുത്തില്ല. അപ്പോൽ പാലസ്തീനിൽ ഇന്തിഫാദ പൊട്ടിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഉമ്മയ്ക്ക് സുഖം പ്രാപിച്ചതു കൊണ്ട് താങ്കൾക്ക് അനുവാദം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് അദ്ദേഹത്തിൻ ലഭിച്ചതു. പിന്നീട് രണ്ട് കൊല്ലം അദ്ദേഹം മാതാവിനെ കണ്ടില്ല.
1984-ലും 1998-ലും ദർവിശ് ഹൃദയ ശസ്ത്ര ക്രിയകൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ആദ്യ ശസ്ത്ര ക്രിയക്കു ശേഷം അദ്ദേഹം എഴുതി: "എന്റെ ഹൃദയമിടിപ്പ് രണ്ടു മിനുട്ട് നിശ്ചലമായി. അവരെനിക്ക് ഇലക്ട്രിക് ഷോക്ക് തന്നു. അതിനു തൊട്ടു മുമ്പ് എന്റെ ആത്മാവ് വെളുത്ത മേഘങ്ങൾക്കു മുകളിലൂടെ നീന്തിത്തുടിക്കുന്നത് ഞാൻ കണ്ടു. ആ സമയം ഞാനെന്റെ ബാല്യ കാലം മുഴുവനും ഓർത്തുപോയി. ജീവിതത്തിലേക്ക് മടങ്ങിയപ്പോഴാണ് ഞാൻ മരണത്തിനു കീഴടങ്ങിയതും വേദന അനുഭവിച്ചു തുടങ്ങിയതും".
പക്ഷേ രണ്ടാമത്തെ ശസ്ത്ര ക്രിയ അതിഭീകരമായിരുന്നു എന്നദ്ദേഹം ഓർക്കുന്നു: "എന്റെ ആത്മാവ് ഒരു തടവറയിലകപ്പെട്ടതായി ഞാൻ കണ്ടു. ഡോക്ടർമാർ പോലീസുകാരെപ്പോലെ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഞാൻ മരണത്തെ ഭയക്കുന്നില്ല. മരണത്തെക്കാൾ ഭീകരം മരിക്കാതിരിക്കലാകുന്നു. അതാകുന്നു ഏറ്റവും വലിയ ശിക്ഷ. ജീവിതത്തിൽ എനിക്ക് പ്രത്യേക ഡിമാന്റുകളൊന്നുമില്ല. കാരണം ആലങ്കാരികമായി മാത്രം നില നിൽക്കുന്ന ഒരു കാലത്തിലാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് അധികം സ്വപ്നങ്ങളുമില്ല. എഴുത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ് എനിക്കു ജീവിതം. മരിക്കുന്നതിനു തൊട്ടു മുമ്പു വരേ എനിക്കെഴുതണം".
എഴുത്തവസാനിപ്പിച്ചെങ്കിലും അദ്ദേഹം ഇനിയുമൊരുപാട് വായിക്കപ്പെട്ടു കൊണ്ടേയിരിക്കും.
-------------------------------------------
Tuesday, September 2, 2008
അഹമദ് മഥർ
അഹമദ് മഥർനെഞ്ച് തുറന്ന് ഹൃദയ ഭിത്തികളിൽ കഠാര കൊണ്ട്‌കവിതയെഴുതുന്നവൻ.
രാജാവ് നഗ്നനാണെന്ന് ജന മധ്യത്തിൽ വിളിച്ച് പറയാൻ ധൈര്യംകാണിക്കുന്നവൻ.
അറബ് ലോകത്തെ ഈ തീപ്പൊരിക്കവി 1954-ൽ ഇറാഖിലെബസറയിലെ അൽ തനൂമ ഗ്രാമത്തിൽ ജനിച്ചു.
14-ആം വയസ്സിൽ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി.
ഭരണാധികാരികളും പ്രജകളും തമ്മിലുള്ള അസ്വാരസ്യങ്ങൾകവിയെ വേദനിപ്പിച്ചു. അതൊകൊണ്ടു തന്നെ അദ്ദേഹത്തിന്റെവരികളിൽ തീ പടർന്നു പിടിച്ചു. ഇറാഖിനെപ്പോലെയുള്ള രാജ്യത്ത്‌അദ്ദേഹത്തിൻ കൂടുതൽ കാലം കഴിഞ്ഞു കൂടാൻ സധിച്ചില്ല. അദ്ദേഹം ചെരുപ്പത്തിൽ തന്നെ കുവൈത്തിലേക്ക് കടന്നു. അവിടെ അൽ-കബസ് പത്രത്തിൽ ചേർന്നു. പക്ഷെ അദ്ദേഹത്തിന്റെ വരികൾ പിന്നെയുംഅസ്വസ്ഥത പരത്തി. അങ്ങനെ ആ ധീര യോദ്ധാവ് ഒളിത്താവളങ്ങൾ മാറി മാറി ഒടുക്കംബ്രിട്ടണിലെത്തി. 1986 മുതൽ ലണ്ടനിലാണ് സ്ഥിര താമസം. സാമ്രാജ്യത്വ ശക്തികൾക്കെതിരെയുംവർത്തമാന അറേബ്യൻ ഭരണകൂടത്തിനെതിരെയും അദ്ദേഹം നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു.
ലാഫിതാത് /banners "ചുവരെഴുത്തുകൾ" എന്ന സീരീസിൽ എഴുതിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെകവിതകളധികവും.
ഒരാമുഖവും 27 കവിതകളുമടങ്ങുന്ന ഒരു സമാഹാരമാണ് ചുവരെഴുത്തുകൾ - ഒന്ന്. (ഇത് അടുത്തലക്കങ്ങളിൽ പ്രസിദ്ധീകരിക്കും - ഇൻഷാ അല്ലാഹ്.)
സെന്‍സര്‍ ബോർഡിനായി ഒരു കവിത
അഹമദ് മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
-----------------------------------
സെന്‍സര്‍ ബോർഡ് അംഗങ്ങളുടെ
സമയം പാഴാക്കാത്ത,
ഭരണാധികാരികളുടെ
മനസ്സു നോവിക്കാത്ത,
എല്ലാ വാർത്താ മാധ്യമങ്ങളും
നിർഭയം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്ന
എല്ലാ വായനക്കാർക്കും
സുരക്ഷിതമായി കൊണ്ടു നടക്കാവുന്ന
ഒരു കവിതയെഴുതാൻ
ഞാൻ തീരുമാനിച്ചു.
അതിനു വേണ്ടി തൂലികയെടുത്തു
കടലാസ് മുമ്പിൽ വച്ചു
ആശയങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തി
അവസാനം പൂർണ്ണമായ പട്ടാളച്ചിട്ടയോടെ
കടലാസിന്റെ അടിയിൽ
ഒപ്പു വെക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ
ഞെട്ടിപ്പോയി.
ശുഭ്ര വർണ്ണങ്ങളല്ലാതെ
കടലാസിൽ ഒന്നും കാണാനില്ല
വാക്കുകളെല്ലാം ഞാൻ
സസൂക്ഷ്മം നിരീക്ഷിച്ചു
കണ്ടമാനം സ്ഖലിതങ്ങൾ!!
ഞാൻ കടലാസിന്റെ വെള്ളനിറം
ചുരണ്ടിക്കളഞ്ഞു
അവസാനം ഒപ്പു വെക്കേണ്ടെന്നു തീരുമാനിച്ചു.
-------------------------------------------
ശവം
അഹമദ് മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
ചണ്ടിക്കൂനയിൽ
അറബിയുടേതെന്ന്
തോന്നിക്കുന്ന
ഒരു ശവം കണ്ടു
ചുറ്റും കഴുകന്മാരും
ഈച്ചകളും പൊതിഞ്ഞിട്ടുണ്ട്
ശവത്തിനു മുകളിൽ
ഒരു ചിഹ്നം കാണുന്നുണ്ട്
അതു പറയുകയാണ്
"ഇവന്റെ പഴയ പേര്
"പ്രതാപം" എന്നായിരുന്നു" എന്ന്.
-----------------------------------
Sunday, August 31, 2008
നിസാർ ഖബ്ബാനി
നിസാർ ഖബ്ബാനി,സിറിയൻ കവി, നയതന്ത്രജ്ഞന്‍ , പ്രസാധകൻ.
ജനനം: 1923 ഏപ്രിൽ 30 നു ഡമാസ്കസിൽ, മരണംപ്രേമം, സ്ത്രീ, അറബ് ദേശീയത, എന്നിവഇഷ്ട വിഷയങ്ങളാണ്.
1945-ൽ ഡമാസ്കസ് യൂണിവർസിറ്റിയിൽ നിന്നുംനിയമ ബിരുധം നേടി. ബൈറൂത്, കൈറോ, ഇസ്താൻബൂൾ, മദ്രിഡ്, ലണ്ടൻ, ചൈനഎന്നിവിടങ്ങളിൽ സിറിയൻ പ്രതിനിധിയായി ജോലിചെയതിട്ടുണ്ട്.
ഖബ്ബാനിക്ക് 15 വയസ്സയ സമയം 25 വയസ്സുള്ളഅദ്ദേഹത്തിന്റെ സഹോദരി സ്നേഹിച്ച യുവാവിനെ വിവാഹം കഴിക്കാൻ കഴിയാത്ത നൈരാശ്യം മൂലംആത്മഹത്യ ചെയ്തു. ഈ സംഭവം ഖബ്ബാനിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ തൂലിക ഫെമിമിസ്റ്റ് ആശയങ്ങൾക്കു വേണ്ടി ഉഴിഞ്ഞു വെച്ചത്.
അദ്ദേഹം ഒരിക്കൽ പറഞ്ഞു.
"അറബ് ലോകത്ത് സ്നേഹം ഒരു തടവു പുള്ളിയെപ്പോലെയാണ്. എന്റെ കവിതകൾ കൊണ്ട്‌അറേബ്യന്‍ ആത്മ്മാവിനേയും, ബോധത്തെയും, ശരീരത്തെയും എനിക്ക് മോചിപ്പിക്കണം. 1998.
------------------------------------------------------------------------------------
Saturday, August 30, 2008
മഹ്മൂട് ദർവിശ്

മഹ്മൂദ് ദർവിശ്
അറബ് ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി ആരാകുന്നു എന്ന്‍ ചോദിച്ചാല്‍ ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതു വരെ നമുക്ക് പറയാനുണ്ടായിരുന്നത് മഹ്മൂദ് ദര്‍വീഷ് എന്നായിരുന്നു. സാമ്രാജ്യ്ത്വത്ത്തിന്നെതിരെയും അധിനിവേശത്തിനെതിരേയും നിരന്തരമായി പോരാടിയ ഈ പാലസ്തീന്‍ കവി തന്റെ അരുപത്തിയെഴാം വയസ്സില്‍ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന്‍ അന്തരിച്ചു.
അദ്ദേഹത്തിന്‍റെ പ്രശസ്തമായ കവിത "ആശികും മിന്‍ പാലസ്തീന്‍ / പാലസ്തീനില്‍ നിന്നും ഒരു കാമുകന്‍ " താഴെ കൊടുക്കുന്നു.
പാലസ്തീനിൽ നിന്നും ഒരു കാമുകൻ
മഹ്മൂട് ദർവിശ്
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്.
---------------------------
എന്റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന
മുള്ളുകളാകുന്നു നിന്റെ കണ്ണുകൾ
ഞാനവയെ പൂജിക്കുന്നു
കാറ്റു കൊള്ളാതെ സംരക്ഷിക്കുന്നു,
നോവുകളുകളുടെയും
ഇരവുകളുടെയും പിന്നിൽ
ഞാനവയെ മൂടി വെക്കുന്നു.
അവയുടെ മുറിവുകൾ വിളക്കുകളുടെ
ജ്വാലകൾക്ക് വെളിച്ചം നൽകുന്നു
എന്റെ ഇന്നുകളെ നാളെകളാക്കി മാറ്റുന്നു.
എന്റെ ആത്മാവിനേക്കാൽ
നീ എനിക്കു പ്രിയപ്പെട്ടവൾ
വാതിലുകൾക്കു പിന്നിൽ പണ്ട്
നാം രണ്ടു പേരായിരുന്നു എന്ന കാര്യം
പരസ്പരം കണ്ടു മുട്ടുമ്പോൾ
ഞാൻ മറന്നു പോകുന്നു.
നിന്റെ വാക്കുകൾ സംഗീതമാകുന്നു
ഞാനവയെ പാടാൻ ശ്രമിക്കുന്നു
പക്ഷെ വസന്തത്തെ ശൈത്യം കീഴടക്കിക്കളയുകയാണ്.
നിന്റെ വാക്കുകൾ കുരുവിയെപ്പോലെ
എന്റെ വീട്ടിൽ നിന്നും പറന്നു പോയി
ഞങ്ങളുടെ വീടിന്റെ കവാടവും
മഞ്ഞുവീണ പൂമുഖപ്പടിയും കടന്ന്
നിനക്കു പിന്നാലെ അതിനിഷ്ടപ്പെട്ട വഴിയേ
എങ്ങോട്ടേക്കോ പാറിപ്പോയി.
ഞങ്ങളുടെ കണ്ണാടികൾ ഉടഞ്ഞു പോയി
ദു:ഖം കരകവിഞ്ഞൊഴുകി
ചിതറിപ്പോയ ശബ്ദങ്ങൾ
ഞങ്ങൾ ഒരുമിച്ചു കൂട്ടി
എന്നിട്ടും ഫലമുണ്ടായില്ല.
ഞങ്ങൾക്കെല്ലാം മറന്നു പോയി.
സ്വന്തം നാടിന്റെ ചരമഗീതങ്ങളല്ലാതെ
ഞങ്ങൾക്കൊന്നും വഴങ്ങുന്നില്ല.
ഗിറ്റാറിന്റെ മാറിടത്തിൽ
അവ ഞങ്ങൾ വിതയ്ക്കും
ഞങ്ങളുടെ ദുരന്തങ്ങളുടെ
മേൽക്കൂരകളിൽ കയറി നിന്ന്
അംഗ ഭംഗം വന്ന ചന്ദ്രികക്കു മുമ്പിലും
ശിലകൾക്കു മുമ്പിലും വെച്ച്
ഞങ്ങളവയെ ആലപിക്കും
എന്നിട്ടും ചില മറവികൾ
എന്നെ അലട്ടുന്നു.
ശബ്ദങ്ങൾ നഷ്ടപ്പെട്ടവനേ,
നിന്റെ വേർപാടാണോ
അതോ എന്റെ നിശബ്ദതയാണോ
ഗിറ്റാറുകളെ തുരുമ്പ് പിടിപ്പിച്ചതു?
ഇന്നലെ നിന്നെ ഞാൻ
തുറമുഖത്ത് വെച്ച് കണ്ടിരുന്നു
കൂടെ ആരും ഉണ്ടായിരുന്നില്ല
കയ്യിൽ പൊതിച്ചോറു പോലും കണ്ടില്ലല്ലോ
അനാഥനെപ്പോലെ ഞാൻ
നിന്റെയടുത്തേക്ക് ഓടി വന്നു
മുത്തച്ഛന്റെ വാത്സല്യത്തോടെ
ഞാൻ നിന്നോട് ചോദിച്ചു:
എന്തിനാണ്
ഹരിതവർണ്ണങ്ങൾ പേറി നിൽക്കുന്ന
ഓർക്കിട് ചെടികളെ
അവർ തടവറകളിലേക്കും
അഭയാർത്ഥിക്കേമ്പുകളിലേക്കും,
തുറമുഖങ്ങളിലേക്കും
തെളിച്ചു കൊണ്ടു പോകുന്നത്?
ഈ പ്രതികൂല സാഹചര്യത്തിലും
എന്തു കൊണ്ടാണ് നിന്റെ പച്ചപ്പ്
ഇപ്പോഴും ഇങ്ങനെ നില നിൽക്കുന്നത്?
ഞാനെന്റെ ഡയറിയിലെഴുതി:
മധുര നാരങ്ങയെ
ഞാൻ ഇഷ്ടപ്പെടുന്നു
തുറമുഖങ്ങളെ ഞാൻ വെറുക്കുന്നു
ഇതും കൂടി ഞാൻ എഴുതി:
തുറമുഖത്ത് ഞാൻ നിന്നു
ശിശിരത്തിലെ തെളിനീരുകൾ ഭൂമിയ്ക്ക്
നാരങ്ങയുടെ തൊലികൾ മാത്രം ഞങ്ങൾക്കും
എന്റെ പിന്നിൽ അനന്തമായ മരുഭൂമിയും
മുള്ളുകൾ നിറഞ്ഞ മലമുകളിലേക്കും
വിജനമായ പ്രദേശങ്ങലേക്കും
ആടുകളില്ലാത്ത ഇടയനായി
നിന്നെ ആട്ടിയോടിക്കപ്പെട്ടത് ഞാൻ കണ്ടു.
നീ എന്റെ പൂവാടിയായിരുന്നു
ഞാനൊരു പരദേശിയും
കരളേ,
ഞാൻ നിന്റെ വാതിലിൽ മുട്ടി
വാതിലും ജനാലകളും
സിമന്റും കല്ലും
എന്റെ ഹൃദയത്തിൽ പ്രകമ്പനം തീർത്തു.
ഗോതമ്പും വെള്ളവും നിറച്ച കുഴികളിൽ വീണ്
തകർന്നു തരിപ്പണമായതായി
ഞാൻ നിന്നെ കണ്ടു
നിശാ ക്ലബ്ബുകളിൽ
വേലക്കാരിയായി ജോലി ചെയ്യുന്നതും
ഞാൻ കണ്ടു.
കണ്ണു നീരിന്റെയും
മുറിവുകളുടെയും ജ്വാലകളിലും
നിന്നെ ഞാൻ കണ്ടെത്തി
എന്റെ നെഞ്ചിൻ കൂടിലെ
മറ്റൊരാമാശയമാകുന്നു നീ
നീ എന്റെ ചുണ്ടുകളിലെ
ശബ്ദമാകുന്നു
നീ വെള്ളവും വെളിച്ചവുമാകുന്നു
ഗുഹാ മുഖത്ത് വെച്ച് ഞാൻ നിന്നെ കണ്ടു
തീക്കൂനയ്ക്കടുത്ത്
നിന്റെ മക്കളുടെ വസ്ത്രങ്ങൾ
ഉണങ്ങാൻ കെട്ടിത്തൂക്കിയതും
ഞാൻ ശ്രദ്ധിച്ചു.
അടുപ്പിനടുത്തും
പാതയോരത്തും
കൃഷിയിടങ്ങളിലും
സൂര്യകിരണങ്ങളിലും
അനാഥരുടെയും
അശണരുടെയും സംഗീതങ്ങളിലും
കടലിന്റെ ഉപ്പിലും
മണൽ കാട്ടിലും
നിന്നെ ഞാൻ കണ്ടു.
നീ ഭൂമിയെപ്പോലെ
കുഞ്ഞുങ്ങളെപ്പോലെ
മുല്ലപ്പൂ പോലെ
സുന്ദരിയായിരുന്നു
ഞാൻ ശപഥം ചെയ്യുന്നു
കൺപീലികൾ കൊണ്ട്
ഞാൻ നിനക്കൊരു തൂവാല നെയ്തു തരാം
നിന്റെ മിഴികൾക്കായി
ഞാനതിലൊരു കവിതയെഴുതാം
-
രക്തസാക്ഷികളേക്കാളും
ചുംബനങ്ങളേക്കാളും
വിലപിടിച്ച ഒരു വാക്യവും
ഞാനതിൽ കൊത്തിവെയ്ക്കാം
"നീ പണ്ടും പാലസ്തീനായിരുന്നു
ഇനിയെന്നും പാലസ്തീൻ തന്നെയായിരിക്കും'
കൊടുങ്കാറ്റുകളടിച്ചു വീശുന്ന ഒരു രാത്രി
ജാലകം തുറന്ന് ഞാൻ പുറത്തേക്ക് നോക്കിയപ്പോൽ
നിശയിൽ ക്രൂശിക്കപ്പെട്ട
ചന്ദ്രികയെ കണ്ടു.
ഞാൻ രാവിനോടു പറഞ്ഞു
"ഇന്ന് എന്റെ ഊഴം"
മതിലുകൾക്കും രാവുകൾക്കുമപ്പുറം
വെളിച്ചങ്ങൾക്കും വാക്കുകൾക്കുമൊപ്പം
നമുക്കിടയിൽ ചില കരാറുകളുണ്ടായിരുന്നു.
നിത്യ കന്യകയായ നീ
എന്റെ പൂങ്കാവനമാകുന്നു
ഞങ്ങളുടെ സംഗീതങ്ങൾ
ഖഠ്ഗങ്ങളായി മാറുമ്പോഴെല്ലാം
നീ കോതമ്പു മണി പോലെ പരിശുദ്ധയായിരുന്നു
ഞങ്ങളുടെ സംഗീതങ്ങൾ
കൃഷിയ്ക്കായുള്ള വളമാകുമ്പോൾ
നീ ഹൃദയത്തിൽ
ഒരീത്തപ്പനയായി നിലകൊണ്ടിരുന്നു
ഒരു കോടാലിക്കും
ഒരു മഴുവിനും
നിന്നെ മുറിച്ചുവീഴ്ത്താൻ കഴിഞ്ഞില്ല
കാനനങ്ങളുടെയും
മരുഭൂമികളുടെയും
കരാള ഹസ്തങ്ങൾക്ക്
നിന്റെ ശിഖരങ്ങളെ
അടർത്താൻ കഴിഞ്ഞില്ല
പക്ഷേ ഞാൻ
ഈ മതിലുകൾക്കും
കവാടങ്ങൾക്കും പിന്നിൽ
ഒറ്റപ്പെട്ടു കഴിയുകയാണ്
എന്നെ നിന്റെ കൺപീലികൾക്കിടയിലൊളിപ്പിക്കാമോ?
നീ പോകുന്നിടത്തേക്കെല്ലം
എന്നെയും കൊണ്ടു പോകാമോ?
മുഖശ്രീയും
ശരീര കാന്തിയും
ഹൃദയത്തിന്റെ പ്രകാശവും
കണ്ണിന്റെ വെളിച്ചവും
റൊട്ടിയുടെയും
ഇശലുകളുടെയും ഉപ്പുരസവും
ഭൂമിയുടെയും
നാടിന്റെയും രുചിയും
എനിക്കു തിരിച്ചു തരാമോ,
നിന്റെ കണ്ണിമകളിൽ രാപ്പാർക്കാൻ
എന്നെ നിനക്കു സ്വീകരിച്ചാലെന്താണ്?.
നഷ്ടങ്ങളുടെ കൂരകളിൽ
സ്മാരകശിലയായി എന്നെ സഥാപിക്കുക
ദുരന്തങ്ങളുടെ പദയാത്രകളിൽ
ഒരു നോക്കു കുത്തിയായി എന്നെ
പ്രതിഷ്ഠിക്കുക.
ഒരു കളിപ്പാട്ടമായി
തലമുറകൾക്ക്
സ്വന്തം ഗൃഹങ്ങളിലേക്ക് വഴി കാണിക്കുന്ന
വിശുദ്ധ ഗേഹത്തിലെ
ഒരു ശിലയായി
എന്നെ നീ തിരഞ്ഞെടുത്താലും.!
നിന്റെ മിഴിയിണകൾ പാലസ്തീനാകുന്നു
നിന്റെ പേരും
നിന്റെ സ്വപ്നങ്ങളും
നിന്റെ ദുഃഖങ്ങളും
നിന്റെ തൂവാലയും
നിന്റെ പാദങ്ങളും, മേനി മൊത്തവും
നിന്റെ വാക്കുകളും മൗനങ്ങളും
നിന്റെ തുടക്കവും ഒടുക്കവും
എല്ലാം പാലസ്തീനാകുന്നു.
എന്റെ കവിതയുടെ അഗ്നിസ്ഫുലിംഗങ്ങൾ
ഈ പഴയ ഏടുകളിൽ
ഞാനിതാ നിനക്കായി കൊണ്ടു വന്നിരിക്കുന്നു
കൂടെക്കരുത്തിയ പൊതിച്ചോറും
ഇതിൽ വച്ചിട്ടുണ്ട്.
മലഞ്ചെരിവുകളിൽ വെച്ച്
നിനക്കായി ഞാൻ അട്ടഹസിച്ചു
പടനിലങ്ങൾ മാറി മറഞ്ഞാലും
ശത്രുസൈന്യത്തിന്റെ കുളമ്പടികൾ
എനിക്കു നാന്നായി തിരിച്ചറിയാം
സൂക്ഷിക്കുക
എന്റെ സംഗീതങ്ങളിലെ
ഇടിമുഴക്കങ്ങളെ സൂക്ഷിക്കുക
ഞാൻ പരാക്രമിയായ അശ്വ ഭടൻ
വിഗ്രഹ ഭഞ്ജകൻ
ശാമിന്റെ അതിരുകളിൽ ഞാൻ
എന്റെ കാവ്യം വിതച്ചിട്ടുണ്ട്
അവ കഴുകന്മാർക്ക് ജന്മം നൽകും
ശത്രുമധ്യത്തിൽ വെച്ച്
നിന്റെ പേരു ചൊല്ലി ഞാൻ അട്ടഹസിച്ചു
ഞാൻ ഉറങ്ങുമ്പോൾ
പുഴുക്കൾക്ക് എന്റെ മാംസം ഭക്ഷിക്കാം.
പക്ഷേ ഉറുമ്പിന്റെ മുട്ടകൾക്ക്
പരുന്തുകളെ വിരിയിക്കാൻ കഴിയില്ല.
പാമ്പിന്റെ മുട്ടത്തോടിനുള്ളിൽ
സർപ്പങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്
ശത്രുവിന്റെ കുളമ്പടികൾ
എനിക്കു മനസ്സിലാകുന്നുണ്ട്
അതിനോക്കെ മുമ്പ്
ഞാൻ കരുത്തനായ ഒരു യുവാവാണെന്നും
ഒരശ്വ ഭടനാണെന്നും
എനിക്കു നല്ല ബോധ്യവുമുണ്ട്.
----------------------
റീത്തയും തോക്കും.
മഹ്മൂട് ദർവീശ്
വിവ്. മമ്മൂട്ടി കട്ടയാട്.
റീത്തയ്ക്കും
എന്റെ കണ്ണുകൾക്കും ഇടയിൽ
ഒരു തോക്ക് നിലയുറപ്പിച്ചിട്ടുണ്ട്.
റീത്തയെ അറിയുന്നവരെല്ലാം
അവളുടെ തേനൂറും കണ്ണുകളിലെ
പ്രതിഷ്ഠയ്ക്കു മുന്നിൽ
തലകുനിക്കുകയും
നമിക്കുകയും ചെയ്യുന്നു.
ചെറുപ്പത്തിൽ ഞാൻ
റീത്തയെ ചുംബിച്ചിട്ടുണ്ട്.
അവളെങ്ങനെ എന്നോട്
ഒട്ടിച്ചേർന്നുവേന്നും
അവളുടെ കാർകൂന്തലുകൾ
എന്റെ കൈത്തണ്ടകളെ
ചുറ്റിപ്പിണഞ്ഞതെങ്ങനെയെന്നും
ഞാൻ നന്നായി ഓർക്കുന്നു.
കിളികൾ അരുവികളെ
തിരിച്ചറിയുന്നതു പോലെ
ഞാൻ റീത്തയെ ഓർമ്മിച്ചെടുക്കുന്നു
കഷ്ടം!!
ലക്ഷക്കണക്കിന്
കിളികളുടെയും ചിത്രങ്ങളുടെയും
സംഗമങ്ങളുടെയും
ഇടയിൽ വെച്ച്
തോക്ക് അവൾക്കു നേരെ
കാഞ്ചി വലിച്ചു.
റീത്തയുടെ നാമം
എന്റെ ചുണ്ടുകളിലെ ഉത്സവമായിരുന്നു
റീത്തയുടെ മേനി
എന്റെ രക്തത്തിലെ മംഗല്യമായിരുന്നു
പക്ഷേ, റീത്തയെ
എനിക്കു രണ്ടു വർഷമായി
നഷ്ടപ്പെട്ടിരിക്കുകയാണ്.
രണ്ടു വർഷം അവളെന്റെ
കൈത്തണ്ടകളിൽ കിടന്നു മയങ്ങി
മനോഹരമായ ചഷകങ്ങളെ
സാക്ഷി നിർത്തി
ഞങ്ങൾ കരാറുണ്ടാക്കി
ചുണ്ടുകൾക്കിടയിലെ
വീഞ്ഞുകളിൽ
ഞങ്ങൾ കരിഞ്ഞില്ലാതെയായി
അങ്ങനെ ഞങ്ങൾ
ഒരിക്കൽ കൂടി
പുനർജ്ജനിച്ചു
റീത്തയ്ക്കും എനിക്കും
ഇടയിൽ
ഒരു തോക്ക് ഇപ്പോഴും
നിലയുറപ്പിച്ചിട്ടുണ്ട്
--------------------------
Subscribe to:
Posts
(
Atom
)