Thursday, April 14, 2011
അതിരുകളില്ലാത്ത അനുരാഗം (അറബിക്കവിത)
നിസാർ ഖബ്ബാനി (സിറിയ)
1.
സഖീ,
കഴിഞ്ഞ വർഷം വിട പറയുമ്പോൾ
എന്റെ ചരിത്ര പുസ്തകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ നീയായിരുന്നു.
ഈ പുതു വർഷത്തിലും
നിനക്കു തന്നെയാകുന്നു ഒന്നാം സ്ഥാനം.
സമയം കൊണ്ടും കാലം കൊണ്ടും
കണക്കു കൂട്ടാൻ കഴിയാത്ത പെണ്ണാകുന്നു നീ.
കവിതയുടെ കനികൾ കൊണ്ടും
കനക സ്വപ്നങ്ങൾ കൊണ്ടും
നിർമ്മിക്കപ്പെട്ടവളാകുന്നു നീ
കോടി വർഷങ്ങൾക്കു മുമ്പേ
എന്റെ ശരീരത്തിൽ കുടിയിരുന്നവളാകുന്നു നീ
2
സഖീ,
പരുത്തിയും കാർമുഖിലും കൊണ്ട് നെയ്തുണ്ടാക്കിയവളേ,
മാണിക്യങ്ങളുടെ പേമാരിയേ,
നഹാവന്ദിലെ പുഴകളേ,
വെണ്ണക്കൽ കാടുകളേ,
ഹൃദയത്തിന്റെ ജലാശയത്തിൽ വെച്ച്
മീനുകളെപ്പോളെ നാമം ജപിക്കുന്നവളേ,
മാടപ്പിറാവുകളെ പോലെ കണ്ണുകളിൽ കൂടു കൂട്ടിയവളേ,
എന്റെ സ്നേഹത്തെ
എന്റെ സംവേദനങ്ങളെ
എന്റെ ഉണ്മയെ.. എന്റെ വിശ്വാസത്തെ
മാറ്റിമറിക്കാൻ ഒരു ശക്തിക്കും കഴിയില്ല.
ഞാനിപ്പോഴും വിശുദ്ധ മതത്തിൽ ഉറച്ചു തന്നെയിരിക്കുന്നു.
3
സഖീ
സമയ ഗമനമോ വർഷങ്ങളുടെ പേരുകളോ
എനിക്കൊരു പ്രശ്നമല്ല.
എല്ലാ കാലത്തും നീയൊരു സ്ത്രീയായിത്തന്നെയിരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇരുപത്തഞ്ചാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇതുപത്തൊമ്പതാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഞാൻ നിന്നെ സ്നേഹിക്കും
കടലുകൾ വറ്റിവരണ്ടാലും
കാടുകൾ കത്തിച്ചാമ്പലായാലും
ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും.
4
സഖീ,
എല്ലാ കവിതകളുടെയും സത്തയാകുന്നു നീ
എല്ലാ സ്വാതന്ത്ര്യത്തിന്റെയും പൂവും.
ഞാൻ നിന്റെ പേരിൽ കവിത ചൊല്ലാം
അങ്ങനെ കവികളുടെ രാജാവായും
വാക്കുകളുടെ ഫറോവയായും മാറാം.
നിന്നെപ്പോലൊരു തരുണിയെ സ്നേഹിച്ചതിന്റെ പേരിൽ
ചരിത്ര പുസ്തകത്തിൽ കയറിപ്പറ്റാനും
കൊടികളുയർത്തിക്കെട്ടാനും
കഴിയുന്നു എന്നതു തന്നെ എനിക്കു ധാരാളം മതി.
5
സഖീ,
ആഘോഷങ്ങളുടെ കാലത്ത്
ഒരു കിളിയെപ്പോലെ നീയെന്നെ
പിടഞ്ഞു കൊണ്ടിരിക്കാൻ വിടരുത്.
എന്നിലൊരു മാറ്റവും സംഭവിച്ചിട്ടില്ല
സ്നേഹ നദിയുടെ ഒഴുക്ക് നിലച്ചിട്ടില്ല
ഹൃദയമിടിപ്പ് നിശ്ചലമായിട്ടില്ല
കാർകൂന്തൽ ഇപ്പോഴും പാറിക്കളിക്കുന്നുണ്ട്
രാഗം വളർന്നു വലുതായാലും
രാഗിണി ചന്ദ്രികയായി മാറിയാലും
ഈ അനുരാഗം കത്തിക്കരിഞ്ഞ കച്ചയായി മാറുകയില്ല.
6
സഖീ,
ഇവിടെ ഒന്നും എന്റെ കണ്ണുകളെ നിറയ്ക്കുന്നില്ല
ഒരു വെട്ടവും
ഒരു ഭംഗിയും
ഒരു പള്ളിമണിയും
ഒരു കൃസ്തുമസ് ട്രീയും.
ജന്മദിനാശംസയുടെ കാർഡിനു മുകളിലെഴുതാൻ
ഒരു റോഡിന്റെയോ, ഒരു ഗ്രാമത്തിന്റെയോ
ഒരു വാക്കിന്റെ പോലുമോ ആവശ്യം എനിക്കില്ല.
7
സഖീ,
ഞായറാഴ്ചകളിൽ മണിമുഴങ്ങുമ്പോൾ
ഞാൻ കേൾക്കുന്നത് നിന്റെ സ്വരങ്ങളാകുന്നു.
പുൽമേടകളിൽ കിടന്നുറങ്ങുമ്പോൾ
ഞാൻ ശ്വസിക്കുന്നത് നിന്റെ ഗന്ധങ്ങളാകുന്നു.
എന്റെ വസ്ത്രങ്ങളിൽ മഞ്ഞു വീഴുമ്പോൾ
എന്റെ ഓർമ്മയിൽ വരുന്നത് നിന്റെ മുഖമാകുന്നു.
ശിഖരങ്ങളുടെ ചിലമ്പലുകളും ഞാൻ കേൾക്കുണ്ട്.
8
സഖീ,
പുരികങ്ങളുടെ പൂവാടിയിൽ
പേടിച്ചരണ്ട കുരുവിയെപ്പോലെ
ചുരുണ്ടു കൂടിയിരിക്കാനെന്തു സുഖമാണ്!
9
സഖീ,
നീയെനിക്കു സമ്മാനിച്ച തൂലികക്കെന്തൊരു തിളക്കമാണ്?
ഞാനതിനെ കെട്ടിപ്പിടിച്ച്
കൊച്ചു കുട്ടിയെപ്പോലെ സുഖമായുറങ്ങുന്നു.
10
സഖീ,
പരദേശത്തും ഞാൻ സന്തോഷവാനാണ്
ഞാൻ കാവ്യധാരകളൊഴുക്കുന്നു,
പുരോഹിതന്മാരുടെ വീഞ്ഞുകൾ നുകരുന്നു,
സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും
ചങ്ങാതിയായി മാറുമ്പോൾ
എനിക്കെന്തൊരു ശക്തിയാണ്!.
11
സഖീ,
ബോധോദയ യുഗത്തിൽ*,
ഫോട്ടോഗ്രഫി യുഗത്തിൽ,
ആദിവാസി യുഗത്തിൽ
നിന്നെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
ഞാൻ എത്ര വട്ടം ആഗ്രഹിച്ചിരുന്നു!.
ഫ്ലോറൻസയിൽ വെച്ചോ,
കൊർഡോവയിൽ വച്ചോ,
കൂഫയിൽ വച്ചോ
ആലപ്പോയിൽ വച്ചോ
സിറിയയിലെ ഒരു ഗ്രാമീണ ഭവനത്തിൽ വച്ചോ
നിന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ....!.
12.
സഖീ,
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും കുടിയിരിക്കുന്ന,
ഗിറ്റാറുകൾ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.
13.
സഖീ,
വരും കാലത്തെക്കുറിച്ച് എന്നെ ഉത്കണ്ഠയിലാക്കരുത്,
സഖീ,
എന്റെ രോദനം പഴയതിനേക്കാൾ കടുത്തതും
ഭീകരവുമായിത്തീർന്നേക്കാം.
പൂക്കളുടെ ചരിത്രത്തിൽ
കവിതകളുടെ പുരാവൃത്തത്തിൽ
ലില്ലിപ്പൂക്കളുടെയും കാട്ടുതുളസിയുടെയും ഓർമ്മകളിൽ
നീ അപരരില്ലാത്ത സ്ത്രീ ജന്മമാകുന്നു.
14.
ഹേ, ഉലക നാരീ
വരും കാലങ്ങളിൽ എന്നെ അസ്വസ്ഥനാക്കുന്ന
ഒരേ ഒരു സംഗതി
നിന്നോടുള്ള അനുരാഗം മാത്രമാകുന്നു.
നീ എന്റെ ആദ്യത്തെ പെണ്ണ്,
ആദ്യത്തെ മാതാവ്
ആദ്യത്തെ ഗർഭ പാത്രം
ആദ്യത്തെ വികാരം
ആദ്യത്തെ ശൃംഗാരം
പ്രളയങ്ങളുടെ നാളുകളിൽ എന്റെ രക്ഷാ കവചവും നീ തന്നെ.
15.
സഖീ,
ആദികാവ്യത്തിലെ കുമാരീ
നിന്റെ വലത്തെ കൈ ഒന്നു നീട്ടിത്തരൂ..
ഞാനതിൽ ഒളിച്ചിരിക്കട്ടെ.
നിന്റെ ഇടത്തെ കൈ ഒന്നു നീട്ടൂ..
ഞാനതിൽ കുടിൽ കെട്ടിത്താമസിക്കട്ടെ
നീ എനിക്കു പറഞ്ഞു തരാമോ
ഏതു വാക്കു കൊണ്ടാണ്
ആഘോഷം തുടങ്ങേണ്ടതെന്ന്.
----------------------------------
* ബോധോദയ യുഗം: (അസ്‌റുത്തൻവീർ) Age of Enlightenment അല്ലെങ്കിൽ (Age of Reason) എന്നു വിളിക്കുന്ന ഒരു ചിന്താ ധാര ഉരുത്തിരിഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങളിലാണ്. പരമ്പരാഗത മത വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിചിന്തിച്ച് യുക്തിക്കും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന ഈ ചിന്താ സരണിയുടെ പിന്തുടർച്ചയാണത്രെ ആധുനിക ജനാധിപത്യ വിപ്ലവങ്ങളും കമ്മ്യൂണസവുമൊക്കെ.
Subscribe to:
Posts
(
Atom
)