Tuesday, December 29, 2009

പേന _ അഹ്‌മദ്‌ മഥർ.



പേന:

ഡോക്ടർ

എന്റെ ഹൃദയമിടിപ്പ്‌ പരിശോധിച്ചു;

എന്നിട്ട്‌ ചോദിച്ചു:

"ഇവിടെയാണോ, വേദന?"

ഞാൻ പറഞ്ഞു:

"അതെ"


ഉടനെ കത്തിയെടുത്ത്‌

അദ്ദേഹം എന്റെ കോട്ടിന്റെ കീശ കീറി

അതിൽ നിന്നും ഒരു പേന പുറത്തെടുത്തു.


ഡോക്ടർ തലയുയർത്തി;

പിന്നെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:

"ഇതും വെറും പേനയാണല്ലോ?"


ഞാൻ പറഞ്ഞു:

"അതെ സർ,

ഇതാണെന്റെ കൈ,

എന്റെ തിര,

എന്റെ രക്തം,

കാലുകളില്ലാതെ

നടന്നു പോകുന്ന കിംവദന്തിയും".

Tuesday, December 22, 2009

ശിക്ഷ - അഹ്‌മദ്‌ മഥർ



നിയമപരമായ ശിക്ഷ.
അഹ്‌മദ്‌ മഥർ

ഞാൻ പാട്ടു പാടിയപ്പോൾ
ഭരണാധികാരി
എന്റെ നാവ്‌ മുറിച്ചു കളഞ്ഞു.
പാടാനുള്ള ലൈസൻസെടുത്തിട്ടില്ല
എന്നാണ്‌ കാരണം പറഞ്ഞത്‌.
* * *

എല്ലാ സ്ഥലങ്ങിളേക്കും
ഞാനെന്റെ പാട്ടുകളയക്കുന്നുണ്ട്‌ എന്ന
എന്റെ എഴുത്ത്‌ കണ്ടപ്പോൾ
ഭരണാധികാരി എന്റെ കൈകൾ
മുറിച്ചു കളഞ്ഞു.
* * *

എന്റെ നിന്ദ്യതയിൽ വേവലാതിപ്പെട്ട്‌
കൈയും നാവുമില്ലാതെ
നിശബ്ദനായി
ജനങ്ങൾക്കിടയിലൂടെ
ഞാൻ നടക്കുന്നത്‌ കണ്ടപ്പോൾ
ഭരണാധികാരി
എന്റെ കാലുകൾക്ക്‌ ചങ്ങലയിട്ടു.
* * *

ഭരണാധികാരി
നടന്നു പോകുമ്പോൾ
ഞാൻ കൈയ്യടിക്കാതെ,
ആർപ്പു വിളിക്കാതെ
മിണ്ടാതിരുന്നു
എന്ന കാരണത്താൽ
എന്നെ അയാൾ തൂക്കിക്കൊല്ലാൻ വിധിച്ചു.

Tuesday, December 15, 2009

ദുരന്തം - അഹ്‌മദ്‌ മഥർ.



"ദുരന്തം
"
അഹ്‌മദ്‌ മഥർ.


എന്റെ ജയിലിനു
കാവലിരിക്കുന്ന പോലീസുകാരാ,
പറയൂ,
എന്റെ ദുരന്തത്തെക്കുറിച്ച്‌
താങ്കൾക്കെന്താണഭിപ്രായം?

ഞാൻ ഒരു പുണ്യ ദേശത്തിലാണ്‌
വസിക്കുന്നത്‌;

പക്ഷേ,
പിറന്നതു മുതൽ
സ്വപ്നം കാണാനുള്ള അവകാശം
എനിക്കു വിലക്കപ്പെട്ടിരിക്കുന്നു

ഞാനെന്റെ യജമാനാനന്‌
വലതു കൈ കൊണ്ട്‌
മദ്യം പാർന്നു നൽകുന്നു

ഇടതു കൈ കൊണ്ട്‌
അയാളിൽ നിന്നു തന്നെ
വധ ശിക്ഷക്കുള്ള
പ്പനയും സ്വീകരിക്കുന്നു.

Thursday, December 10, 2009

കഴുതയും കർഷകനും



പാലസ്തീൻ പ്രശ്നങ്ങളോടനുബന്ധിച്ചുള്ള ചർച്ചകളെയും സന്ധി സംഭാഷണങ്ങളെയും കളിയാക്കികൊണ്ട്‌ 2009 ന്റെ തുടക്കത്തിലേ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ആക്ഷേപ ഹാസ്യ കവിതയാണിത്‌. രചയിതാവ്‌ ആരെന്നന്വേഷിച്ചിട്ട്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴുതയും കർഷകനും

ഒരിക്കൽ ഒരു കഴുത
ഒരാളുടെ കൃഷിയിടത്തിലിറങ്ങി
അയാൾ കഷ്ടപ്പെട്ട്‌ നട്ടു വളർത്തി വലുതാക്കിയ
അയാളുടെ വിളകൾ ഓരോന്നായി കഴുത തിന്നു തുടങ്ങി,
"കഴുതയെ എങ്ങിനെ കൃഷിയിടത്തിൽ നിന്നു പുറത്താക്കും?"
അയാൾ ആകുല ചിത്തനായി
ഉടനെ വീട്ടിലേക്ക്‌ ഓടിച്ചെന്നു,
പ്രശ്നം ഗുരുതരമാണ്‌
ഉടൻ നടപടിയെടുക്കണം
അയാൾ വലിയൊരു വടിയും
ഒരു ചുറ്റികയും കുറച്ചാണികളും
ഒരു കാർഡ്‌ ബോഡ്‌ ഷീറ്റും സംഘടിപ്പിച്ചു,
എന്നിട്ട്‌ കാർഡ്‌ ബോർഡിൽ ഇങ്ങനെ എഴുതി,
"കഴുത ഉടൻ എന്റെ കൃഷിയിടത്തിൽ നിന്നും
പുറത്തു പോകണം"
ആ ഫലകം അയാൾ വലിയ വടിയിൽ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു,
എന്നിട്ട്‌ അതെടുത്ത്‌ കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത്‌
ഉയരമുള്ള ഒരു സ്ഥലത്ത്‌ കൊണ്ടു പോയി പ്രദർശിപ്പിച്ചു.
രാവിലെ മുതൽ വൈകുന്നേരം വരേ
അതു കഴുതയുടെ മുമ്പിൽ കാണിച്ചിട്ടും കഴുത പുറത്തു പോകാൻ കൂട്ടാക്കിയില്ല.

"കഴുതക്ക്‌ എഴുത്തു വായിക്കാൻ കഴിയുന്നുണ്ടാവില്ല"
കർഷകൻ പരിതപിച്ചു
അയാൾ വീട്ടിലേക്ക്‌ മടങ്ങി
നന്നായി കിടന്നുറങ്ങി
പിറ്റേന്ന് രാവിലെ കുറെയധികം ഫ്ലക്സ്‌ ബോർഡുക
ഉണ്ടാക്കി
കുട്ടികളെയും അയൽവാസികളെയും നാട്ടുകാരെയും കൂട്ടി
ഒരു "പ്രകടനമായി" പാടത്തേക്കു ചെന്ന്
നിരനിരയായി നിന്ന്,
എല്ലാവരും ബോർഡുകൽ കൈകളിലേന്തി ഉറക്കെ ആക്രോഷിച്ചു"
"പുറത്തു പോകൂ.. കഴുത കൃഷിയിടം വിട്ട്‌ പുറത്തു പോകൂ.."
"കഴുത തുലയട്ടെ"
കഴുത മേയുന്ന പാടത്തിനു ചുറ്റും
തടിച്ചു കൂടി വലയം തീർത്ത്‌
അവർ ഉച്ചത്തിൽ ഇങ്ങനെ അലറിക്കൊണ്ടിരുന്നു
"പുറത്തു പോകൂ, കഴുതേ,
പുറത്തു പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌"
കഴുത കഴുതയുടെ ജോലി നിർബാധം തുടർന്നു,
അത്‌ വിളതിന്നു കൊണ്ടേയിരുന്നു,
ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്നമായില്ല.

അന്ന് സൂര്യൻ അസ്തമിച്ചു
ക്ഷീണിച്ചവശരായ ജനക്കൂട്ടം
നിരാശരായി അവരുടെ വീടുകളിലേക്ക്‌ തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവർ പുതിയ പോംവഴിയെക്കുറിച്ച്‌ ആലോചിച്ചു,
കൃഷിയിടത്തിന്റെ ഉടമ
അയാളുടെ വീട്ടിൽ ചിന്താനിമഗ്നനായി
പുതിയ പദ്ധതിയെക്കുറിച്ച്‌ ചിന്തിച്ച്‌ കൊണ്ടിരുന്നു
അപ്പോഴേക്കും വിളവുകൾ മുക്കാൽ ഭാഗവും കഴുത തിന്നു തീർത്തിരുന്നു
അയാൾ പുതിയ ഐഡിയ പുറത്തെടുത്തു,
കഴുതയുടെ ഒരു കോലം ഉണ്ടാക്കി
അതിനെ കഴുതയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി
അതിൽ പെട്രോളൊഴിച്ച്‌ തീ കൊടുത്ത്‌ കത്തിച്ചു
കത്തുന്ന കോലത്തിലേക്ക്‌ ഒരു വട്ടം നോക്കിയ ശേഷം
കഴുത വീണ്ടു തന്റെ തീറ്റ തുടർന്നു

"എന്തൊരു ധിക്കാരം!!
കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത്‌?"
അവർ ആശ്ചര്യപ്പെട്ടു.
"കഴുതയുമായി ചർച്ച ചെയ്യാൻ നമുക്ക്‌ ഒരു നിവേദക സംഘത്തെ അയക്കാം"
അവർ ഒന്നിച്ചഭിപ്രായപ്പെട്ടു.
അങ്ങനെ അവർ കഴുതയെ സമീപിച്ചു
അവർ കഴുതയോട്‌ പറഞ്ഞു:
"ഈ കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു,
ന്യായം അയാളുടെ പക്കലാണ്‌,
നീ എന്തായാലും ഇവിടം വിട്ടു പോകണം"
കഴുത അവരെ നോക്കി
വീണ്ടും വിള തിന്നാനാരംഭിച്ചു

നിരന്തരമായ ശ്രമങ്ങൾ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല,
ഒടുവിൽ ഉടമസ്ഥൻ ഒരു മധ്യസ്ഥൻ മുഖേന
ഇങ്ങനെ ഒരു നിർദ്ദേശം കഴുതയെ അറിയിച്ചു
"കൃഷിയിടത്തിന്റെ ഉടമ
കൃഷി നിലത്തിന്റെ ചില ഭാഗം
വിട്ടു കൊടുത്ത്‌ ഒരു നീക്കു പോക്കിന്‌ തയ്യാറാണ്‌"
കഴുത മറുപടിയൊന്നും പറഞ്ഞില്ല
ഉടമ ചോദിച്ചു:
"മൂന്നിലൊന്ന്?"
കഴുത മിണ്ടാൻ കൂട്ടാക്കിയില്ല
അയാൾ ചോദിച്ചു
"പകുതി?"
കഴുത അപ്പോഴും നിശബ്ദത പാലിച്ചു
"ശരി.. എങ്കിൽ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ...
എന്നാലും അധികമാകരുത്‌"

കഴുത തല ഉയർത്തി
അപ്പോഴേക്കും അതിന്റെ വയർ നന്നായി നിറഞ്ഞിരുന്നു
അത്‌ മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു
എന്നിട്ട്‌ എല്ലാവരെയുമായി നോക്കി.
ജനങ്ങൾ സന്തോഷിച്ചു
"അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു"
അവർ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ
കുറെ കുറ്റികൾ കൊണ്ടു വന്ന്
കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച്‌
ഒരു ഭാഗം കഴുതക്കു നൽകി.
മറ്റേ ഭാഗം അയാളുമെടുത്തു.

പിറ്റേന്നു രാവിലെ കർഷകൻ വന്നു നോക്കിയപ്പോൾ
കഴുത തന്റെ ഭാഗം ഒഴിവാക്കി
കർഷകന്റെ ഭാഗത്തിൽ കടന്ന്
വിളവു തിന്നുന്നതാണു കണ്ടത്‌.

നമ്മുടെ കർഷക സഹോദരങ്ങൾ വീണ്ടും
പ്രകടങ്ങളും പ്ലക്കാർഡുകളുമായി
വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി
പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവർ ഭയന്നു.
ഇത്‌ നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും
മറ്റെവിടെ നിന്നോ വന്നതാണെന്നും
അതാണിതിനു മനസ്സിലാകാത്തതെന്നും അവർ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച്‌
വേറെ നാട്ടിലേക്ക്‌ പോകാനുള്ള വഴികൾ ആലോചിച്ചു.
പക്ഷെ ഹതാശയരായ മുഴുവൻ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട്‌
അപ്പോൾ അവരുടെ ഇടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാടി വന്ന്
ഒരു വടിയെടുത്ത്‌
പാടത്തേക്കിറങ്ങിച്ചെന്ന്
കഴുതയുടെ മുതുകത്ത്‌ നാല്‌ വീക്കു വെച്ചു കൊണ്ടുത്തു
അടികൊണ്ട്‌ പുളഞ്ഞ കഴുത
നിലവിളിച്ചു കൃഷിയിടത്തിനു
പുറത്തേക്ക്‌ ഓടിപ്പോയി.
"ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ?"
അതോ ഇതു മാന്ത്രിക വിദ്യയോ?"
അവർ വിളിച്ചു പറഞ്ഞു
"ഈ കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു
ആളുകൾ ഇനി നമ്മെ പരിഹസിക്കും"
ഉടനെ അവർ സംഘം ചേർന്ന്
ആ ചെറുപ്പക്കാരനെ കൊന്നു കളയുകയും
ആളുകൾക്കിടയിൽ തലയുയർത്തി നടക്കാൻ
കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു.
പിന്നീടവർ ആ
ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.

Wednesday, December 9, 2009

അമൽ ദൻഖൽ (ഈജിപ്ത്‌)


അമൽ ദൻഖൽ (ഈജിപ്ത്‌)
1940- ഈജിപ്തിലെ അൽ ഖൽഅ: ഗ്രാമത്തിൽ ജനിച്ചു.
അൽ അസ്‌ഹർ യൂണിവേർസിറ്റിയിലെ പ്രശസ്തനായ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെപിതാവിന്‌ "ഇജാസതുൽ ആലമിയ്യ" എന്ന വിശിഷ്ട ബിരുദം ലഭിച്ച വർഷം ജനിച്ച തന്റെ മകന്‌അതിനോടുള്ള ആദര സൂചകമായി അമൽ (അഭിലാഷ്‌) എന്ന പേരു നൽകി.
പക്ഷേ അമലിന്‌ പത്തു വയസ്സായപ്പോഴേക്കും പിതാവ്‌ മരണപ്പെട്ടു. മാതാവിന്റെയുംസഹോദരങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിലായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം കൈറോവിൽ സാഹിത്യ ബിരുദ പഠനത്തിനു ചേർന്നു. പക്ഷെ ഒന്നാം വർഷം തന്നെ പഠനംനിർത്തി "ഖന" യിലെ കോടതിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. പിന്നീട്‌ സൂയസ്‌ ഇസ്കന്ദരിയകസ്റ്റംസ്‌ ഓഫ്ഫീസുകളിലും ആഫ്രോ ഏഷ്യൻ സോസൈറ്റിയിലും ഗുമസ്തനായി ജോലി നോക്കി. പക്ഷേ ഉദ്യോഗങ്ങളിൽ ഒരിക്കലും അദ്ദേഹത്തിൻ ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല. എപ്പോഴും അദ്ദേഹംകവിതകളുടെ പിന്നാലെ കൂടി. അമ്പതുകളിൽ ആധിപത്യമുണ്ടായിരുന്ന ഗ്രീക്‌-പാശ്ചാത്യൻമിത്തോജിയിൽ നിന്നും വ്യതിരക്തനായി അറബികളുടെ പൈതൃകം വീണ്ടെടുക്കുന്നതിലും രാഷ്ട്രീയപ്രാധാന്യമുള്ള കവിതകളെഴുതി അറബി സാഹിത്യത്തെ ആധുനിക വൽക്കരിക്കുന്നതിലും അമൽശ്രദ്ധ ചെലുത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്‌ താഴെ കൊടുത്തത്‌.
"ലാ തസ്വാലുഹ്‌ - ചർച്ചകൾ വേണ്ട" എന്ന അദ്ദേഹത്തിന്റെ കവിതയും പ്രസിദ്ധമാണ്‌.
മൂന്നു വർഷത്തോളം അർബുത രോഗത്തോട്‌ മല്ലിട്ട്‌ 1983 മേയിൽ അദ്ദേഹം കൈറോവിൽ അന്തരിച്ചു.

സർഖാഉൽ യമാമയുടെ മുമ്പിൽ ഒരു രോദനം.
- അമൽ ദൻഖൽ.
(അപാരമായ കാഴ്ച ശക്തി കൊണ്ട്‌ പ്രസിദ്ധയായ ഒരു സ്ത്രീയാണ്‌ സർഖാഉൽ യമാമ. അറേബ്യയിലെ യമാമ ഗോത്ര സമൂഹത്തിലൊന്നിൽ ജീവിച്ചിരുന്ന ഈ സ്ത്രീക്ക്‌ മൂന്നു ദിവസം വഴിദൂരമുള്ള പ്രദേശം വരേ, രാപകൽ വ്യത്യാസമില്ലാതെ നഗ്ന നേത്രം കൊണ്ട്‌ കാണാൻ കഴിയുമായിരുന്നത്രെ. ദൂരെ നിന്നു വരുന്ന ശത്രു സൈന്യങ്ങളെ നിരീക്ഷിച്ച്‌ അവർ മുന്നറിയിപ്പു കൊടുക്കാറുണ്ടായിരുന്നു. ഈ വിവരം അറിയാവുന്ന ഒരു സൈന്യം സേനാ നായകന്റെ നിർദ്ദേശപ്രകാരം വലിയ മരത്തിന്റെ കൊമ്പുകൾ മുറിച്ച്‌ മുന്നിൽ പിടിച്ച്‌ അവരെ സമീപിച്ചു. പതിവു പോലെ സർഖാഇന്റെ ആളുകൾ അവളോട്‌ വല്ലതും കാണുന്നുണ്ടോ എന്ന് ആരാഞ്ഞു. അവർ നോക്കിയിട്ട്‌ കുറച്ചു മരങ്ങൾ നടന്നു വരുന്നത്‌ കാണുന്നുവെന്ന് പറഞ്ഞു: ഇതു കേട്ടപ്പോൾ അവരെല്ലാം അവളെ കളിയാക്കി. ഒടുവിൽ ശത്രു സൈന്യം വരികയും അവരെ ആക്രമിച്ച്‌ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് സർഖാഇനെ പിടിച്ച്‌ അവരുടെ കണ്ണുകൾ അവർ ചൂഴ്‌ന്നെടുത്തു കളഞ്ഞു. അവളുടെ കണ്ണുകളിലെ കറുത്ത ഞരമ്പുകൾ കണ്ട്‌ അതെന്താണെന്ന് അവർ ചോദിച്ചപ്പോൾ അത്‌ അഞ്ഞനം കൊണ്ട്‌ എന്നും കണ്ണെഴുതുന്നത്‌ കൊണ്ടാണെന്ന് അവൾ മറുപടി പറയുകയും ചെയ്തത്രെ. പിന്നീട്‌ അധികം താമസിയാതെ അവൾ മരിച്ചു പോവുകയും ചെയ്തു എന്നാണ്‌ കഥ. അമ്പത്തിയേഴിലെ ഇസ്രയേൽ യുദ്ധത്തിൽ ഈജിപ്ത്‌ ദയനീയമായി പരാജയപ്പെട്ട പാശ്ചാത്തലത്തിൽ എഴുതിയ ഈ കവിതയിൽ മുന്നറിയുപ്പുകളെല്ലാം അവഗണിച്ച്‌ അപമാനിതരായ തങ്ങളുടെ സ്വന്തം നിസ്സഹായത കവി അമൽ ഇവിടെ മനോഹരമായി വർണ്ണിക്കുന്നു.)

ഓ, വിശുദ്ധയായ വിദൂഷക സഹോദരീ,
കുത്തുകളേറ്റ്‌ രക്തത്തിൽ കുളിച്ച്‌
ക്ഷീണിച്ചവശയായി
ഞാനിതാ നിന്റെയടുത്ത്‌ വന്നു നിൽക്കുന്നു;
നെറ്റിയ്‌ ഉം അവയവങ്ങളും മണ്ണു പുരണ്ട്‌,
വാളുകൾ ഒടിഞ്ഞ്‌,
പാവനമായ ശവങ്ങൾക്കു മുകളിലൂടെ,
കൊല്ലപ്പെട്ടവരുടെ കരിമ്പടവും പുതച്ച്‌
ഇഴഞ്ഞു കൊണ്ടാണ്‌ ഞാൻ നിന്നെ സമീപിച്ചത്‌.

ഓ, സർഖാ,
നിന്റെ മരതക വദനങ്ങളെക്കുറിച്ച്‌,
നിന്റെ കന്യാവചങ്ങളെക്കുറിച്ച്‌,
മറിഞ്ഞു വീണിട്ടും കൊടിയിൽ മുറുകെപ്പിടിച്ചിരിക്കുന്ന
മുറിഞ്ഞു പോയ എന്റെ കൈകളെക്കുറിച്ച്‌,
മരുഭൂമിയിൽ തെറിച്ചു വീണ
പടത്തൊപ്പിയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളെക്കുറിച്ച്‌,
വെള്ളം നനക്കുന്നതിനിടെ
തലയിൽ തുളച്ചു കയറിയ
വെടിയുണ്ടയേറ്റ്‌ പിടഞ്ഞു വീണ
എന്റെ അയൽ വാസിപ്പെൺകൊടിയെക്കുറിച്ച്‌,
മണ്ണും ചോരയും കുത്തിനിറച്ച വായകളെക്കുറിച്ച്‌
ഞാൻ നിന്നോട്‌ ചോദിക്കട്ടെ.

വാളിന്റെയും മതിലിന്റെയും ഇടയിൽ
നിസ്സഹായനായി നിൽക്കേണ്ടി വന്ന എന്റെ അവസ്ഥയെക്കുറിച്ചും
പിടിച്ചു കെട്ടുന്നതിനും
കുതറിയോടുന്നതിനുമിടയിൽ
അട്ടഹസിക്കുന്ന സ്ത്രീകളുടെ നിലവിളിയെക്കുറിച്ചും
സർഖാ, ഞാൻ നിന്നോട്‌ ചോദിക്കട്ടെ,

എങ്ങനെയാണ്‌ എനിക്കീ അപമാനങ്ങളൊക്കെയും
സഹിക്കാൻ കഴിഞ്ഞത്‌?
ഞാൻ എന്നെത്തന്നെ കൊല്ലാതെ,
ആത്മഹത്യക്കു ശ്രമിക്കാതെ,
അവിശുദ്ധമായ പൊടിമണ്ണിൽ
എന്റെ മാംസങ്ങൾ ഉതിർന്നു വീഴാതെ
ഞാനെങ്ങനെ നടന്നു പോയി
എന്നും നീ എന്നോട്‌ പറഞ്ഞു തരൂ..

ദൈവത്തെ ഓർത്ത്‌ നീ വാ തുറക്കൂ-
പിശാച്‌ ശപിക്കപ്പെടട്ടെ-
നീ നിന്റെ കണ്ണുകൾ ചിമ്മരുത്‌,
എലികൾ വന്ന് എന്റെ ചോര
സൂപ്പുകൾ പോലെ നക്കിക്കുടിച്ചു കളയും
എനിക്കൊരിക്കലുമത്‌ തിരിച്ചു കിട്ടുകയുമില്ല.

നീ എന്തെങ്കിലും പറയൂ,
ഞാനെത്ര ഭീകരമായി അവമാനിക്കപ്പെട്ടു?
രാത്രികൾ എന്റെ നഗ്നത മറച്ചു പിടിച്ചില്ല,
മതിലുകൾ പോലും മറ തീർത്തില്ല.
ഞാൻ മുറുകെപ്പിടിച്ച പത്രങ്ങൾ എനിക്കൊളിത്താവളമൊരുക്കിയില്ല,
സിഗരറ്റിന്റെ പുക പടലങ്ങൾ എന്റെ തണുപ്പകറ്റിയില്ല,
വലിയ കണ്ണുകളുള്ള പെൺകുട്ടി
എന്റെ ചുറ്റും നൃത്തം വെക്കുന്നുണ്ടായിരുന്നു
മധുരമുള്ള കലമ്പലുകളിൽ
അവൾ നിന്നെക്കുറിച്ച്‌ പറഞ്ഞു.
ഞങ്ങൾ കുഴികളിൽ ഒളിച്ചിരിക്കുകയായിരുന്നു,
ഞങ്ങൾ മെല്ലെ മറനീക്കി,
തോക്കുകളിൽ ചാരിനിന്നു,
മരുഭൂമിയിൽ ദാഹം കൊണ്ട്‌ ജീവശ്ശവമായി മറിഞ്ഞു വീണപ്പോൾ
വരണ്ട ചുണ്ടുകളിൽ
നിന്റെ പേരു കൊണ്ട്‌ നനച്ചു കൊടുത്തു,
കണ്ണുകൾ താനെ കൂമ്പിപ്പോയി)

ആരോപണ വിധേയയും നിന്ദ്യവുമായ
എന്റെ മുഖം ഞാനെവിടെയാണ്‌ മറച്ചു വെക്കേണ്ടത്‌?

* * *
വിശുദ്ധയായ വിദൂഷക സഹോദരീ,
നീ മൗനം പാലിക്കരുത്‌
വിശുദ്ധമായ സുരക്ഷിതത്തിനു വേണ്ടി
ഞാൻ ഓരോ വർഷവും മൗനത്തിലായിരുന്നു,
"മിണ്ടിപ്പോകരുത്‌" എന്ന് എപ്പോഴും എന്നോട്‌ പറയപ്പെട്ടു.
അങ്ങനെ ഞാൻ മൂകനും അന്ധനുമായി,