Monday, August 2, 2010

അടിമത്തം - ജുബ്രാൻ ഖലീൽ ജുബ്രാൻ.


ജിബ്രാന്റെ തന്നെ ഒരു പെയ്ന്റിങ്ങ്

അടിമത്തം.

ജുബ്രാൻ ഖലീൽ ജുബ്രാൻ.
(അൽ ആസ്വിഫ എന്ന അറബി ഗ്രന്ഥത്തിലെ രണ്ടാം അ
ധ്യായം)

കട്ടായമായും ജനങ്ങൾ
ജീവിതത്തിന്റെ അടിമകളാണ്‌;
അവരുടെ പകലുകളെ നിന്ദ്യതയും വിധേയത്വവും കൊണ്ട് വലയം തീർത്തതും
അവരുടെ രാവുകളെ ചോരയിലും കണ്ണീരിലും മുക്കിക്കളഞ്ഞതും
ആ അടിമത്തമാകുന്നു.

ഇതാ... ഞാൻ ജന്മം കൊണ്ടിട്ട് ഇന്നേക്ക്
ഏഴായിരം വർഷം തികയുന്നു;
ഇപ്പോഴും ഞാൻ കണ്ടു മുട്ടുന്നത്
കീഴടങ്ങിയ അടിമകളെയും ചങ്ങലയ്ക്കിട്ട തടവുകാരെയുമാണ്‌.

ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഞാൻ വലയം വെച്ചു,
ജീവിതത്തിന്റെ നിഴലിലും പ്രകാശത്തിലും ഞാൻ പ്രദക്ഷിണം ചെയ്തു,
മാളങ്ങളിൽ നിന്നും അംബര ചുംബികളിലേക്ക് പദയാത്ര നടത്തുന്ന
സമുദായങ്ങളെയും ജനതകളെയും കണ്ടു;
പക്ഷേ ഇന്നു വരേ
ഭാരങ്ങൾ കൊണ്ടു കുനിഞ്ഞു പോയ ശിരസ്സുകളെയും
തുടലുകൾ കൊണ്ട് ബന്ധിക്കപ്പെട്ട കൈകളെയും
വിഗ്രഹങ്ങൾക്കു മുമ്പിൽ മുട്ടുകുത്തിയ കാലുകളുമല്ലാതെ
മറ്റാരെയും അവരുടെയിടയിൽ എനിക്കു കാണ്ടെത്താൻ കഴിഞ്ഞില്ല.

ബാബിലോണിയയിൽ നിന്ന് പാരീസ് വരേ,
നീനവാ താഴ്വരയിൽ നിന്നും ന്യൂയോർക്ക് വരേ ഞാൻ മനുഷ്യനെ പിന്തുടർന്നു;
അവരുടെ കാല്പ്പാടുകൾക്കടുത്തു തന്നെ മണലിൽ അവരുടെ ചങ്ങലകളുടെ പാടുകളും ഞാൻ കണ്ടു,

മലഞ്ചെരുവുകളിലും
വനാന്തർഭാഗങ്ങളിലും
തലമുറകളുടെയും നൂറ്റാണ്ടുകളുടെയും രോദനങ്ങളുടെ തുടർച്ചയായ മാറ്റൊലിയും ഞാൻ കേട്ടു.

കൊട്ടാരങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും
ഞാൻ
കയറിച്ചെന്നു.
സിംഹാസനങ്ങളുടെയും കശാപ്പു ശാലകളുടെയും പ്രസംഗപീഠങ്ങളുടേയും
മുമ്പിൽ
ചെന്നു നിന്നു
അവിടെ ഞാൻ ദർശിച്ചതിതാണ്‌:

തൊഴിലാളി വ്യാപാരിയുടെ അടിമ!
വ്യാപാരി പട്ടാളക്കാരന്റെ അടിമ!
പട്ടാളക്കാരൻ ഗവർണറുടെ അടിമ!
ഗവർണർ രാജാവിന്റെ അടിമ!
രാജാവ് ജ്യോൽസ്യന്റെ അടിമ!
ജ്യോൽസ്യൻ വിഗ്രഹത്തിന്റെ അടിമ!
വിഗ്രഹമോ ചെകുത്താന്മാർ കൊണ്ടു വന്ന മണ്ണിൽ നിന്നുണ്ടാക്കി പരേതരുടെ തലയോട്ടികൾ കൂട്ടിയിട്ട കുന്നിൽ മുകളിൽ സ്ഥാപിച്ചതും!!.

കുബേരൻമാരുടെയും ഉശിരന്മാരുടെയും ഭവനങ്ങളിലും
ദരിദ്രരുടെയും ദുർബ്ബലരുടെയും കൂരകളിലും ഞാൻ കടന്നു ചെന്നു
പൊന്നിൻ തകിടുകളും ആനക്കൊമ്പുകളും കൊണ്ടലങ്കരിച്ച ഉറക്കറകളിലും
മൃത്യുവിന്റെ നിശ്വാസങ്ങളും നൈരാശ്യത്തിന്റെ രക്ഷസ്സുകളും
നിറഞ്ഞ
അഭയ കേന്ദ്രങ്ങളിലും ഞാൻ ചെന്നു.

മുലപ്പാലിനൊപ്പം അടിമത്തത്തെയും കൂടി നുണയുന്ന കുഞ്ഞുങ്ങളെയും
അക്ഷരമാലകൾക്കൊപ്പം വിധേയത്തവും പാടിപ്പഠിക്കുന്ന ബാലന്മാരെയും
കീഴടങ്ങലും താഴ്ന്നു കൊടുക്കലും കുത്തിനിറച്ച
ഉടുപ്പുകളിട്ട യുവാക്കളെയും
അനുസരണയുടെയും അനുരോധനത്തിന്റെയും നാഭിയിൽ
പള്ളിയുറങ്ങുന്ന പെണ്ണുങ്ങളെയുമാണ്‌ അവിടെയെല്ലാം ഞാൻ ദർശിച്ചത്.

ഗംഗാ തീരത്തു നിന്നും യൂപ്രട്ടീസ് തടങ്ങൾ വരേ,
നൈലിന്റെ ഉറവിടങ്ങളിൽ നിന്നും സീന പർവ്വതം വരേ,
അതീനയുടെ മുറ്റത്തു നിന്നും റോമൻ ചർച്ചു വരേ,
കോൻസ്റ്റാന്റിനോപ്പിളിന്റെ ഇടവഴികളിൽ നിന്നും ലണ്ടനിലെ കെട്ടിടങ്ങൾ വരേ
ഓരോ തലമുറകളെയും ഞാൻ പിന്തുടർന്നു;
സ്വന്തം കശാപ്പു ശാലകളിലേക്ക് ജാഥ നടത്തുന്ന അടിമത്തത്തെ
എല്ലാ
സ്ഥലത്തും ഞാൻ കണ്ടു;

അവരതിനെ
ദൈവം എന്നു വിളിക്കുകുന്നു
പിന്നീടതിന്റെ രണ്ടു പാദങ്ങളിലും അവർ വീഞ്ഞും സുഗന്ധ ദ്രവ്യവും
പാരുകയും
ചെയ്യുന്നു;
അതിനെയവർ രാജാവ് എന്നും വിളിക്കുന്നു.

പിന്നെ ആ പ്രതിമകളുടെ മുമ്പിൽ അവർ കുന്തിരിക്കം പുകയിക്കുന്നു.
ശേഷം അവരതിനെ പ്രവാചകൻ എന്നു വിളിക്കുന്നു.

പിന്നീട്
അവരെല്ലാം അതിന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നു
അപ്പോളതിന്റെ പേര്‌ മതം എന്നാകുന്നു.

പിന്നീടവർ പോരാടുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു.
അപ്പോൾ അതിന്റെ പേര്‌ ദേശസ്നേഹം എന്നാകുന്നു.

പിന്നീടവർ
തരം പോലെ കീഴടങ്ങുന്നു
അപ്പോളതിനെ അവർ ഭൂമിയിലെ ദൈവത്തിന്റെ നിഴൽ എന്നു വാഴ്ത്തുന്നു.

തുടർന്ന്
അതിന്റെ ഇച്ഛശക്തിയുടെ ബലത്തിൽ അവരുടെ വീടുകളും കെട്ടിടങ്ങളും പൊളിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്നു.
അപ്പോൾ അത് സാഹോദര്യം സമത്വം എന്നറിയപ്പെടുന്നു.

മാർഗ്ഗത്തിൽ അവർ പിന്നീട് കഷ്ടപ്പെട്ടദ്ധ്വാനിച്ചു ചിലതു നേടുന്നു
അതിനവർ സമ്പത്തെന്നും വ്യാപാരമെന്നും നാമകരണം ചെയ്യുന്നു.

പല
പേരിലറിയപ്പെടുന്നെങ്കിലും
യഥാർത്ഥത്തിൽ അതെല്ലാം ഒരു സത്തയുടെ വിവിധ ഭാവ ഭേദങ്ങളാകുന്നു.
മാത്രമല്ല പല ലക്ഷ്യങ്ങളുമായി കടന്നു വരുന്ന ആ പഴയ മഹാ മാരി തന്നെയാകുന്നു അത്.
ജീവന്റെ കണങ്ങൾ പോലെ പിതാക്കന്മാരിൽ നിന്നും മക്കളിലേക്ക് പൈതൃകമായി ലഭിക്കുന്ന വ്രണങ്ങളുമാകുന്നു അവ.
ഋതുക്കൾ വിതയ്ക്കുന്നത് ഋതുക്കൾ ഉപഭോഗം ചെയ്യുന്നതു പോലെ
കാലങ്ങൾ അവയുടെ വിത്തുകൾ യുഗങ്ങളുടെ മണ്ണിൽ പാകി വെക്കുകയും ചെയ്യുന്നു.

അന്ധമായ അടിമത്തം:
ഞാൻ കണ്ട അടിമത്തത്തിൽ ഏറ്റവും വിചിത്രമായത് അന്ധമായ അടിമത്തമാകുന്നു. അത് ജനങ്ങളുടെ വർത്തമാനത്തെ അവരുടെ തന്തമാരുടെ ഭൂതകാലവുമായി കെട്ടി ബന്ധിക്കുന്നു. എന്നിട്ട് അവർ പിതാമഹന്മാരോടുള്ള അനുകരണത്തിനു മുമ്പിൽ സ്വയം അട്ടഹസിക്കുന്നു. അങ്ങനെ പുരാതനമായ ആത്മാവുകൾക്ക് പുത്തൻ ജഢം നല്കുകയും നുരുമ്പിപ്പോയ എല്ലുകൾക്ക് വെള്ള പൂശിയ കുഴിമാടം തീർക്കുകയും ചെയ്യുന്നു.

മൂകമായ അടിമത്തം:
പുരുഷന്മാരുടെ ദിവസങ്ങളെ ഇഷ്ടമില്ലാത്ത ഭാര്യമാരുടെ വാലിൽ കെട്ടിത്തൂക്കാൻ വിധിക്കപ്പെടുകയും സ്ത്രീകളുടെ ശരീരത്തെ അവർ വെറുക്കുന്ന ഭർത്താക്കന്മാരുടെ കിടപ്പറയിൽ ഒട്ടിച്ചു നിർത്താൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന അടിമത്തമാകുന്നു ഇത്. ചെരിപ്പും കാലും തമ്മിലുള്ള ഒരു സ്ഥാനമാവും ഈ അവസ്ഥ ഫലത്തിൽ അവർക്കു രണ്ടു പേർക്കും സമ്മാനിക്കുക.

ബധിരമായ അടിമത്തം:
ആളുകളെ നിലവിലുള്ള ശാപ്പുകളെ പിന്തുടരാനും അവിടുത്തെ അഭിരുചികൾ മാത്രം രുചിക്കാനും അവിടുത്തെ ഫാഷൻ മാത്രം അണിയാനും നിർബന്ധിക്കുന്ന അടിമത്തമാണിത്, അങ്ങനെ അവരുടെ ശബ്ദങ്ങൾ പ്രതിധ്വനികളായും അവരുടെ ദേഹങ്ങൾ മായകളായും മാറുന്നു.

നരച്ച അടിമത്തം:
വിശാലമായ ആകാശത്തു നിന്നും കുഞ്ഞുങ്ങളുടെ ആത്മാവുകൾ പരാജിതരുടെ ഭവങ്ങളിലേക്ക് ഉരുണ്ടു വീഴാൻ കാരണമായ അടിമത്തം. അപ്പോൾ ആവശ്യങ്ങൾ അല്പ്പത്വത്തിന്റെ കൂടെയും വിധേയത്വം നൈരാശ്യത്തിന്റെ കൂടെയും പൊറുക്കാൻ വിധിക്കപ്പെടുന്നു. അങ്ങനെ അവർ അസന്തുഷ്ടരായി വളരുന്നു. കുറ്റവാളികളായി ജീവിക്കുന്നു. തിരസ്ക്കരിക്കപ്പെട്ടവരായി മരിക്കുകയും ചെയ്യുന്നു.

ഇരുണ്ട അടിമത്തം:
വസ്തുക്കളെ അവയുടെ വിലയിലും കുറച്ചു വിൽപ്പന നടത്താനും സംഗതികളെ പേരു മാറ്റി വിളിക്കപ്പെടാനും പ്രേരിപ്പിക്കുന്ന അടിമത്തം. അങ്ങനെ വരുമ്പോൾ കുതന്ത്രത്തിനു ബുദ്ധിശക്തിയെന്നും നർമ്മത്തിന്‌ വിജ്ഞാനമെന്നും ദൗർബ്ബല്യത്തിന്‌ എളിമയെന്നും, ഭീരുത്വത്തിന്‌ പിതൃത്വം എന്നും പേരു വീഴുന്നു.

വളഞ്ഞ അടിമത്തം:
തങ്ങൾക്ക് അവർക്കറിയാത്ത സംഗതികൾ പറയിക്കാൻ ദുർബ്ബലരുടെ നാവുകളെ ചലിപ്പിക്കുന്ന അടിമത്തമാകുന്നു അത്. അപ്പോൾ അവർ പുറത്തു പറയുന്നത് ഉള്ളിൽ ഒളിപ്പിച്ചു വെച്ചതായിരിക്കില്ല. പാവപ്പെട്ടവരുടെ ഇടയിൽ അങ്ങനെ അവർ ചുരുട്ടി വലിച്ചെറിയപ്പെട്ട തുണി പോലെയായി മാറുന്നു.

കൂനൻ അടിമത്തം.
ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന്റെ വ്യവസ്ഥിതി നയിക്കുന്ന അടിമത്തമാകുന്നു അത്.

ചൊറിപിടിച്ച അടിമത്തം:
രാജാക്കന്മാരുടെ മക്കളെ ദാസന്മാരാക്കുന്ന അടിമത്തമാകുന്നു അത്.

കറുത്ത അടിമത്തം:
കുറ്റവാളികളുടെ നിരപരാധികളായ മക്കളെ അപമാനം കൊണ്ട് വിമലീകരിക്കുന്ന അടിമത്തം.

ഒരു അടിമത്തം മറ്റൊരടിമത്തത്തിന്റെ നിലനില്പ്പിന്‌ കരുത്ത് പകരുന്നു.

ഞാൻ തലമുറകളെ പിന്തുടർന്ന് ക്ഷീണിക്കുകയും സമൂഹങ്ങളുടെയും ജനങ്ങളുടെയും പദയാത്രകൾ കണ്ട് മടുക്കുകയും ചെയ്തപ്പോൾ പിശാചുക്കളുടെ താഴ്വരയിൽ ഏകാന്തനായി ഇരുന്നു.
അവിടെ ഭാവി കാലത്തിന്റെ ആത്മാവുകൾ ഇഴഞ്ഞു വരികയും ഭൂത കാലത്തിന്റെ പ്രേതങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ടായിരുന്നു.

പെട്ടെന്ന്, സൂര്യന്റെ മുഖത്തേക്കു നോക്കി നടന്നു പോകുന്ന
മെലിഞ്ഞ
ഒരു പ്രേതം അവിടെ പ്രത്യക്ഷപ്പെട്ടു.

ഞാൻ
ചോദിച്ചു:
“നിങ്ങളാരാണ്‌?, എന്താണു നിങ്ങളുടെ പേര്‌?
ആ രൂപം പറഞ്ഞു:
“എന്റെ പേര്‌ സ്വാതന്ത്ര്യം എന്നാകുന്നു”
“എവിടെ നിങ്ങളുടെ മക്കൾ?”
“ഒരുത്തൻ ക്രൂശിക്കപ്പെട്ടു. ഒരുത്തൻ ഭ്രാന്തു പിടിച്ചു മരിച്ചു,
മൂന്നാമത്തവനെ
ഇതു വരെ പ്രസവിക്കപ്പെട്ടിട്ടില്ല”.

പത്തുക്കെപ്പതുക്കെ ആ രൂപം എന്റെ കണ്ണിൽ നിന്നും മറഞ്ഞ്
മേഘങ്ങൾക്കിടയിലേക്ക്
അപ്രത്യക്ഷമായി.

No comments :

Post a Comment